നാളെ പുലർച്ചെയാണ് ആ പോരാട്ടം....അർജന്റീനയും ബ്രസീലും നേർക്കു നേർ

അയൽക്കാരും കാൽപ്പന്തുകളിലെ ബദ്ധവൈരികളുമായ അർജന്റീനയും ബ്രസീലും നാളെ പുലർച്ചെ ഇന്ത്യൻ സമയം 5.15ന് പോരാടാനുറച്ച് കളത്തിലിറങ്ങും. ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്.

നാളെ പുലർച്ചെയാണ് ആ പോരാട്ടം....അർജന്റീനയും ബ്രസീലും നേർക്കു നേർ

ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോഴും ആഷസ് പരമ്പരകളിൽ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും കൊമ്പുകോർക്കുമ്പോഴും ഉണ്ടാകുന്ന ആവേശത്തേക്കാളും ലോക കായിക ഭൂപടത്തിൽ ആവേശം പടർത്തുന്നതെന്താണ് ? നിസംശയം പറയാം... കായിക പ്രേമികൾ, പ്രത്യേകിച്ച് ലോകമെങ്ങുമുള്ള കാൽപ്പന്തുകളിയുടെ ആരാധകർ എല്ലായ്‌പ്പോഴും കാണാൻ ആഗ്രഹിക്കുന്ന പോരാട്ടം ലാറ്റിനമേരിക്കയിലെ അയൽക്കാരുടെ തന്നെ.
അയൽക്കാരും കാൽപ്പന്തുകളിലെ ബദ്ധവൈരികളുമായ അർജന്റീനയും ബ്രസീലും നാളെ പുലർച്ചെ ഇന്ത്യൻ സമയം 5.15ന് പോരാടാനുറച്ച് കളത്തിലിറങ്ങും. ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്.

കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളാണെങ്കിലും ഇത്തവണ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീനയുടെ കാര്യം അതിദയനീയമാണ്. പത്തുകളികളിൽ നാലു മത്സരം മാത്രമാണ് അവർക്ക് വിജയിക്കാനായത്. നാലു മത്സരങ്ങൾ സമനിലയിൽ കലാശിച്ചപ്പോൾ രണ്ടു മത്സരങ്ങളിൽ തോൽവി പിണയുകയും ചെയ്തു. പട്ടികയിലെ ആറാം സ്ഥാനക്കാരാണ് സാക്ഷാൽ ലയണൽ മെസിയുടെ ടീം.
എന്നാൽ നാട്ടിൽ നടന്ന ലോകകപ്പിലെ പുറത്താകലിന് ശേഷം എല്ലാവരും എഴുതിത്തള്ളിയ ബ്രസീൽ യുവനിര ഉണർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്. പത്തു മത്സരങ്ങളിൽ ആറെണ്ണം ജയിക്കുകയും മൂന്നെണ്ണം സമനിലയിലാകുകയും ചെയ്ത ടീം ഒരു മത്സരത്തിൽ മാത്രമാണ് പരാജയം അറിഞ്ഞത്.
പട്ടികയിൽ ഉറുഗ്വെ രണ്ടാം സ്ഥാനത്തും ഇക്വഡോർ മൂന്നാം സ്ഥാനത്തും കൊളംബിയ നാലാം സ്ഥാനത്തും ചിലി അഞ്ചാം സ്ഥാനത്തുമാണ്. ആറാം സ്ഥാനത്തുള്ള അർജന്റീനയ്ക്ക് പിറകിൽ പെറു, ബൊളീവിയ, വെനിസ്വേല ടീമുകൾ മാത്രമാണ് യഥാക്രമം പട്ടികയിൽ.
അർജന്റീനയെയും മെസിയെയും പൂട്ടാൻ എല്ലാ ക്രമീകരണങ്ങളും ശക്തമാണെന്ന് ബ്രസീൽ കോച്ച് സെലഷ്യോ പറയുന്നു. സെർജിയോ അഗ്വിറോയെ പുറത്തിരുത്തി ഹിഗ്വയ്ൻ - മെസി ജോഡിയെ ആക്രമണച്ചുമതല ഏൽപ്പിക്കാനാണ് അർജന്റൈൻ കോച്ച് എഡ്ഗാർഡോയുടെ തീരുമാനമെന്നാണ് സൂചനകൾ. എന്തു തന്നെയായാലും അയൽക്കാർ തമ്മിലുള്ള പോരാട്ടത്തിൽ തീപാറുമെന്നുറപ്പ്.