സിപിഐഎം ഭൂസമരങ്ങളെ മാനം കെടുത്തി നേതാവിന്റെ പണപ്പിരിവ്; ചോദ്യം ചെയ്തതിനു മർദ്ദനം

വയനാട്ടിലെ താഴെ അരപ്പറ്റ ഭൂസമരകേന്ദ്രത്തില്‍ കുടില്‍കെട്ടി പാർപ്പുറപ്പിച്ചവരിൽ നിന്ന് സിപിഐഎം നേതാവിന്റെ മുൻ കയ്യിൽ നടന്ന അനധികൃത പണപ്പിരിവും അതിക്രമങ്ങളും നാരദാ ന്യൂസ് പുറത്തുവിടുന്നു. ജില്ലാ നേതൃത്വത്തിന്റെ അറിവില്ലാതെ നടക്കുന്ന ലോക്കൽ ഗുണ്ടാപ്പിരിവിനെക്കുറിച്ച് സിപിഐഎം പ്രവർത്തകർതന്നെ വെളിപ്പെടുത്തുന്നു.

സിപിഐഎം ഭൂസമരങ്ങളെ മാനം കെടുത്തി നേതാവിന്റെ പണപ്പിരിവ്; ചോദ്യം ചെയ്തതിനു മർദ്ദനം

കല്‍പറ്റ: വയനാട്ടിലെ മേപ്പാടിക്കടുത്ത് താഴെ അരപ്പറ്റ ഭൂസമരകേന്ദ്രത്തില്‍ കുടില്‍കെട്ടിയ നിര്‍ധന കുടുംബങ്ങളില്‍ നിന്ന് പല ആവശ്യങ്ങള്‍ പറഞ്ഞ് സിപിഐഎം നേതാവ് വൻതുക പിരിച്ചെടുത്തുവെന്ന് വെളിപ്പെടുത്തൽ. ഈ നേതാവിനെതിരെ പലകുറി ആക്ഷേപമുയർന്നിട്ടും പാർട്ടി ജില്ലാ നേതൃത്വം പ്രശ്നം ഗൗരവത്തിലെടുത്തില്ലെന്നും വ്യക്തമായി.

ഇരുപത് ആദിവാസി കുടുംബങ്ങൾകൂടി പാർക്കുന്ന സമരഭൂമിയിലെ അന്തേവാസികളിൽ നിന്ന് കറണ്ട് കണക്ഷനെന്നും കേസിനെന്നും വീട്ടുനമ്പർ കിട്ടാനെന്നും പല പേരിലാണ് രശീതിയൊന്നും നൽകാതെ പണം പിരിച്ചത്. അനധികൃത പിരിവിനോട് പ്രതികരിച്ചതിന് ഒരാളെ കായികമായി കൈകാര്യം ചെയ്തതും പുറത്തുവന്നു.


കൽപ്പറ്റ ഏരിയാ കമ്മിറ്റി അംഗവും മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ പി സി ഹരിദാസിനെതിരെയാണ് കേരളത്തിൽ സിപിഐഎം നേതൃത്വത്തിൽ നടക്കുന്ന ഭൂസമരങ്ങൾക്കു മുഴുവൻ അപമാനകരമായ വെളിപ്പെടുത്തൽ. വെളിപ്പെടുത്തലുകളടങ്ങുന്ന വീഡിയോ കാണൂ:

https://www.youtube.com/watch?v=S8DpUkJ4Ans&feature=youtu.be

സിപിഐഎം പ്രവർത്തകരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലം

2012 ലാണ് ഹാരിസണ്‍ മലയാളത്തിന്റെ പാട്ടക്കലാവാധി കഴിഞ്ഞ ഭൂമിയില്‍ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ 104 ഭൂരഹിതരായ കുടുംബങ്ങള്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്. സിപിഐഎം നിയന്ത്രണത്തിലുള്ള കെഎസ്‌കെടിയുവിന്റെ നേതൃത്വത്തിലാണ് ഇവിടെ കുടില്‍കെട്ടിയത്. ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ പ്ലാന്റേഷനോട് ചേര്‍ന്ന് അരപ്പറ്റയിലുള്ള  കുന്നിന്റെ ചരിവിലും മുകളിലുമാണ് ആളുകള്‍ കുടില്‍കെട്ടിയിരിക്കുന്നത്.

നാലര വര്‍ഷമായാണ് പാർട്ടി നേതൃത്വം പോലുമറിയാതെ കൊള്ളപ്പിരിവ് തുടരുന്നത്. മൂപ്പൈനാട് പഞ്ചായത്തംഗം കൂടിയായപി.സി. ഹരിദാസിനൊപ്പം അബ്ദു, ഹാജറ, റഹീം എന്നിവർക്കെതിരെക്കൂടിയാണ് ആക്ഷേപം.

കയ്യേറ്റ ഭൂമിയായതിനാല്‍ ഭൂസമരകേന്ദ്രങ്ങളിൽ വീട്ടുനമ്പര്‍ നല്‍കാന്‍ കഴിയില്ലെന്ന് പഞ്ചായത്ത് വ്യക്തമാക്കിയിരുന്നു. 5000 രൂപ മുതല്‍ 20,000 രൂപ വരെ പലപ്പോഴായി ഹരിദാസിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ഓരോ കുടുംബത്തിൽ നിന്നും പിരിച്ചെടുത്തിട്ടുണ്ടെന്നാണ് വെളിപ്പെടുത്തലിൽ വ്യക്തമാവുന്നത്. വൈദ്യുതി കണക്ഷന്റെ പേരിലും പണം വാങ്ങിയെങ്കിലും ഹാരിസണിന്റെ കൈവശത്തിലുള്ള ഭൂമിയായതിനാല്‍ വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിനെതിരെ കമ്പനി സ്റ്റേ വാങ്ങിയെന്ന് പിന്നീടവർ ഭൂസമരകേന്ദ്രത്തിലുള്ളവരെ അറിയിച്ചു. എന്നിട്ടും തുക തിരിച്ചുനല്‍കിയില്ല.

ആദിവാസികൾക്കു പുറമെ, ഭൂരഹിതരായ ദളിത്-മുസ്ലിം വിഭാഗങ്ങളും അടങ്ങുന്നവരാണ് ഇവിടെ കുടില്‍കെട്ടി കഴിയുന്നവർ. വീട്ടുജോലിക്ക് പോയും ഇതര കൂലിപ്പണിയെടുത്തുമാണ് സ്ത്രീകളുള്‍പ്പെടെയുള്ള ഇവിടത്തെ അന്തേവാസികൾ ജീവിക്കുന്നത്. ഭൂസമരകേന്ദ്രത്തില്‍ നിന്ന് പല കാരണങ്ങളാല്‍ ഒഴിഞ്ഞുപോകുന്നവരുടെ കുടിലുകള്‍ വില്‍പ്പന നടത്തിയും ഈ സംഘം പണം തട്ടുന്നതായി കുടില്‍കെട്ടിയ കുടുംബങ്ങള്‍ നാരദാ ന്യൂസിനോട് വെളിപ്പെടുത്തി.

വെളിപ്പെടുത്തലിന്റെ പൂർണ്ണരൂപം

(1)

റിപ്പോര്‍ട്ടര്‍: വീട് നമ്പര്‍ വാങ്ങിച്ചുതാരാമെന്ന് പറഞ്ഞ് പണം നല്‍കിയിട്ടുണ്ടോ?

=200 രൂപ നല്‍കിയിട്ടുണ്ട്

വെള്ളത്തിന് വേണ്ടി എത്ര കൊടുത്തു?

=2500 രൂപ അവര്‍ വാങ്ങിച്ചിരുന്നു.

വൈദ്യുതി കണക്ഷനോ?

=5000 രൂപ വൈദ്യുതി കണക്ഷന് കൊടുത്തിട്ടുണ്ട്. പലിശയ്ക്ക് പണം വാങ്ങിയാണ് 5000 രൂപ കൊടുത്തത്. പലിശയടക്കാനാവാതെ വന്നതോടെ എന്റെ വീടിന് മുന്നിലെ കുംട്ടി (പെട്ടിക്കട) ആറായിരം രൂപയ്ക്ക് വിറ്റാണ് കടംവീട്ടിയത്. ഇപ്പോള്‍ വീട്ടുപണിക്ക് പോകുന്ന ഭാര്യയുടെ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്.  12 പേർ അയ്യായിരം രൂപ വച്ച് 30,000 ഉടന്‍ കെട്ടിയാല്‍ വൈദ്യുതി കിട്ടുമെന്ന് പറഞ്ഞിരുന്നു.

എന്നിട്ട് വൈദ്യുതി കണക്ഷന്‍ കിട്ടിയോ?

=ഇല്ല. ഈയടുത്ത ദിവസമാണ് വൈദ്യുതി കണക്ഷന് അപേക്ഷ പോലും കൊടുത്തത്.

വേറെ എന്തെല്ലാം കാര്യങ്ങള്‍ക്ക് പണം പിരിച്ചു?  കേസിന് വേണ്ടി പിരിവുണ്ടായിരുന്നോ?

=ഒരുപാട് പ്രാവശ്യം പിരിച്ചിട്ടുണ്ട്. കേസിന് പോകാനാണെന്നു പറഞ്ഞു  മൂന്നാലാഴ്ച മുമ്പും 200 രൂപവച്ച് പിരിച്ചിരുന്നു. തിരുവനന്തപുരത്ത് പോകാനാണെന്ന് പറഞ്ഞു.

ആരാണ് പണം പിരിക്കാറ്?

=അബ്ദു, ഹാജറ, റഹീം എന്നിവരാണ് പിരിച്ചിരുന്നത്. ഒരു ശിഹാബും ഉണ്ടായിരുന്നു. ശിഹാബിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നൊക്കെ കേള്‍ക്കുന്നു. സത്യമാണോ എന്നറിയില്ല. ബാക്കി കാര്യങ്ങള്‍ ചെയ്യുന്നത് ഹരിദാസാണ്.

നിങ്ങള്‍ ഇവിടെയെത്തിയിട്ട് എത്രകാലമായി?

=നാലു വര്‍ഷം കഴിഞ്ഞു.

ഇത്രയും കാലത്തിനിടെ നിങ്ങള്‍ എത്ര രൂപ പിരിവ് നല്‍കി?

=9500 രൂപ കൊടുത്തിട്ടുണ്ട്. 13,500, 14000 എന്നിങ്ങനെ തുടങ്ങി 20,000 വരെ കൊടുത്തവര്‍ ഇവിടുണ്ട്. താമസിക്കുന്നവര്‍ കുറെ ഒഴിവായിപ്പോയി. നാലായിരഞ്ഞൂറേ കൊടുത്തുള്ളുവെന്ന് പറഞ്ഞു നിരവധി ആദിവാസി കുടുംബങ്ങളെ ഇവിടെ നിന്ന് പറഞ്ഞുവിട്ടിരുന്നു. വൈത്തിരിയില്‍ നിന്ന് ഗഗാറിന്‍ സഖാവ് പറഞ്ഞിട്ട് വന്നവരായിരുന്നിത്.

(സിപിഐഎം നേതാവ് ഗഗാറിനോട് ഈ ആരോപണത്തിന്റെ നിജസ്ഥിതി നാരദാ ന്യൂസ് തിരക്കി. അങ്ങനെയൊന്നുണ്ടായിട്ടില്ലെന്ന് ഗഗാറിൻ പറയുന്നു)

സി കെ ശശീന്ദ്രനെപ്പോലുള്ളവര്‍ക്കൊന്നും ഇതറിയില്ലെ?

=ഇല്ല. ഞാന്‍ ഈ കാര്യം ഒരിക്കല്‍ ശശിയേട്ടനോട് പറഞ്ഞു. പുള്ളി ഹരിദാസനെ വിളിച്ചുചോദിച്ചു 7000 രൂപവച്ച് എന്തിനാണെന്ന് പിരിക്കുന്നതെന്നൊക്കെ. അങ്ങനെയല്ല സഖാവെ ഇങ്ങനെയല്ല സഖാവെ എന്നൊക്കെ പറഞ്ഞ് ഹരിദാസൻ ഒഴിഞ്ഞുമാറി. ഒരു കുടുംബത്തില്‍ നിന്നു രജിസ്‌ട്രേഷന്‍ ഫീ ആയി 100 രൂപയേ വാങ്ങിക്കാവുവെന്നും പത്തു രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് രശീത് കൊടുക്കണമെന്നും ഹരിദാസനോട് ശശിയേട്ടന്‍ പറഞ്ഞിരുന്നു. ഇതു ഹരിദാസനോട് ഞാന്‍ ചോദിച്ചിരുന്നു. അത് നിങ്ങളല്ല, ഞങ്ങളാണ് തീരുമാനിക്കുകയെന്നാണ് അയാള്‍ പറഞ്ഞത്.

രശീത് തരാറില്ലേ പിരിവിനൊന്നും ഇതുവരെ?

=ഇല്ല ഒന്നിനും രശീത് തന്നിട്ടില്ല.

രശീതില്ലാതെ പണം നല്‍കില്ലെന്നു പറഞ്ഞുകൂടേ? എതിർപ്പു പറഞ്ഞാൽ അതിക്രമത്തിന് മുതിരാറുണ്ടോ?

=ബാപ്പു എന്നയാളെ പിടിച്ചടിച്ചിരുന്നു. എന്താ സംഭവം എന്നറിയില്ല. നേതാക്കന്‍മാരെ ചീത്തവിളിച്ചതുകൊണ്ടാണ് അടിച്ചതെന്നൊക്കെ പറയുന്നത് കേട്ടു. നിങ്ങൾ ചോദിക്കുമ്പോഴൊക്കെ പണംനല്‍കാന്‍ പറ്റില്ലെന്ന് ബാപ്പു ഫോണിലൂടെ പറഞ്ഞതിനാണ് അടിച്ചതെന്നൊക്കെ പറഞ്ഞുകേട്ടു.

ഇതിനെല്ലാം പിന്നിലാരാണ്?

=പി. സി. (ഹരിദാസ്) തന്നെയാണ്.

പി സി ഹരിദാസ് തന്നെയാണോ?

=ഹരിദാസനറിയാത്തൊരു കേസും ഇവിടെ നടക്കില്ല.

(2)

എന്തിനാ നിങ്ങളോട് പണം വാങ്ങിയത്?

=സ്ഥലം കിട്ടുന്ന് വിചാരിച്ച് ഞാന്‍ ഇവരെ പിന്നാലെ കുറേ നടന്നു. ഇടിഞ്ഞ സ്ഥലമായതുകൊണ്ട് മാറ്റിത്തരാമെന്ന് പറഞ്ഞിരുന്നു. ഇന്നുതരാം നാളെത്തരാം മറ്റന്നാള്‍ തരാമെന്നൊക്കെ പറയാന്‍ തുടങ്ങിയിട്ട് ആറുമാസായി. എട്ടൊമ്പതിനായിരുറുപ്പിയെങ്കിലും ഓരോരുത്തരുടെ കയ്യില്‍ നിന്നും വാങ്ങിയിട്ടുണ്ട്. പലകാരണങ്ങള്‍ പറഞ്ഞ് വാങ്ങിയിട്ടുണ്ട്. വെള്ളത്തിനായും കറണ്ടിനായും ആ പിരിവെന്നും ഈ പിരിവെന്നും അവിടെ കേസ് ഇവിടെ കേസ് എന്നൊക്കെ പറഞ്ഞ് വാങ്ങിയിട്ടുണ്ട്.

ഒമ്പതിനായിരമൊക്കെ വാങ്ങിയിട്ടുണ്ടോ?

=ഉണ്ട്. 7000 രൂപ കൊടുക്കാത്തവര്‍ക്ക് അവിടെ നിക്കാന്‍തന്നെ പറ്റില്ല. കുറച്ച് സാമര്‍ഥ്യക്കാര് പണം കൊടുക്കാതെ നില്‍ക്കുന്നുമുണ്ട്. ങ്ങള് അവടെ പോയി അന്വേഷിച്ചാലറിയാം. എല്ലാവരും പണം കൊടുത്തവര് തന്നെയാണ്.

ആദ്യം രണ്ടായിരം രൂപ കറണ്ടിനെന്നുപറഞ്ഞ് പിരിച്ചു.  ആദ്യം കറണ്ട് കൊടുത്തത് സ്‌റ്റേ ആയെന്നും കാല്‍ ഇടണമെന്നൊക്കെ പറഞ്ഞു. പിന്നെ വെള്ളത്തിന് വേണ്ടിയാരുന്നു. താഴെന്ന് മേലോട്ട് വെള്ളമെത്തിക്കാന്‍ കുറച്ച് പൈസ വേണ്ടിവരുമെന്ന് പറഞ്ഞാണ് എല്ലാരോടും പിരിച്ചത്.

സി. കെ. ശശീന്ദ്രനൊന്നും ഇക്കാര്യങ്ങളറിയില്ലെ?

=ഒരിക്കല്‍ ശശിയേട്ടനോട് ആരോ പറഞ്ഞപ്പോ രശീത് ഇല്ലാതെ പണം കൊടുക്കണ്ടാന്ന് മൂപ്പര് പറഞ്ഞിരുന്നു. ഇതേവരെ ഒരുകാര്യത്തിനും രശീത് തന്നിട്ടില്ല. രശീത് ചോദിച്ചാല്‍ എന്ത് രശീത് എന്ന് തിരിച്ചു ചോദിക്കും.

(3)

അവിടെ എന്തോ പൈസേന്റെ വര്‍ത്താനം കേട്ടിരുന്നു. എന്താന്നറിയില്ല. ഞങ്ങൾ മൊത്തം 7000 കൊടുത്തു. അങ്ങനെ ഓരോ വ്യക്തികളും കൊടുത്തിട്ടുണ്ട്. അതില്‍ കൂടുതല്‍ കൊടുത്തവരുണ്ട്. അതെന്തിനൊക്കെയാണന്നറിയില്ല.

രശീത് കിട്ടിയിരുന്നോ?

=ഇല്ല.

നിങ്ങളുടെ കയ്യില്‍ നിന്ന് ആരാ പണം വാങ്ങിയത്?

=സ്ഥലം കാണിച്ചുതന്നെ ആളാണ് വാങ്ങിയത്

നിങ്ങള്‍ക്ക് സ്ഥലം കാണിച്ചുതന്നത് ആരാണ്?

=അബ്ദുക്കാന്ന്  പറഞ്ഞ ആളാണ് വാങ്ങിയത്.

ജില്ലാ കമ്മറ്റിക്കും പരാതി നൽകി

സമരഭൂമിയിലെ ഹസീന ഇത് സംബന്ധിച്ച് സിപിഐ എം ജില്ലാകമ്മിറ്റിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത് ഇപ്രകാരമാണ്:
"മൂന്ന് വര്‍ഷമായി സമരഭൂമിയില്‍ കഴിയുന്ന തങ്ങളെ ഇതിനകം മൂന്ന് സ്ഥലങ്ങളിലായി മാറ്റി താമസിപ്പിച്ചു. അഞ്ചും മൂന്നും ഒന്നും വയസ്സുള്ള കുഞ്ഞുങ്ങളെയുംകൊണ്ട് ഇനി കുന്നിന്‍മുകളിലെ കുടിലിലേക്ക് പോകണമെന്നാണ് പറയുന്നത്. സമരസമിതി കണ്‍വീനറായ പി സി ഹരിദാസും സെക്രട്ടറി ഹാജറയും പറഞ്ഞതനുസരിച്ച് 7000 രൂപ ഞാന്‍ കൊടുത്തിരുന്നു. ഇതിനൊന്നും രശീത് തന്നില്ല.''

അരപ്പറ്റ സമരഭൂമിയില്‍ നടക്കുന്ന അനിയന്ത്രിതമായ പണപ്പിരിവിന്റെ ഗൗരവം ജില്ലയിലെ മുതിർന്ന നേതാക്കളോ, സമരത്തിന് മുൻനിരയിലുണ്ടായ സി.കെ.ശശീന്ദ് രൻ എംഎൽഎ യെപ്പോലുള്ളവരോ നേരിൽ ബോധ്യപ്പെടാൻ ശ്രമിച്ചിട്ടില്ലെന്നാണ് നാരദ ന്യൂസ് മനസ്സിലാക്കുന്നത്. അതേസമയം ജില്ലാക്കമ്മിറ്റിയ്ക്ക് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് മുന്‍ ലോക്കല്‍ സെക്രട്ടറി നൽകിയ പരാതിയും ജില്ലാ കമ്മറ്റി മുമ്പാകെയുണ്ടെന്നറിയുന്നു.

എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നും പാർട്ടി വിരുദ്ധരാണ് ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നതെന്നും പി സി ഹരിദാസ് പറഞ്ഞു.

Read More >>