ആറന്‍മുള വിമാനത്താവളം: അനുമതിയുമായി ബന്ധപ്പെട്ട മൂന്ന് ഉത്തരവുകളും സര്‍ക്കാര്‍ റദ്ദാക്കി

പദ്ധതി പ്രദേശത്തെ വ്യാവസായിക മേഖലയായി പ്രഖ്യാപിച്ച വിജ്ഞാപനം, വിമാനത്താവള കമ്പനി കെജിഎസിന് നല്‍കിയ എന്‍ഒസി, സര്‍ക്കാര്‍ കെജിഎസ് എസ് ഗ്രൂപ്പുമായി ഏര്‍പ്പെട്ടിരുന്ന ഓഹരി പങ്കാളിത്ത കരാര്‍ എന്നിവയാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം റദ്ദാക്കിയത്.

ആറന്‍മുള വിമാനത്താവളം: അനുമതിയുമായി ബന്ധപ്പെട്ട മൂന്ന് ഉത്തരവുകളും സര്‍ക്കാര്‍ റദ്ദാക്കി

തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതിയുടെ അനുമതിയുമായി ബന്ധപ്പെട്ട മൂന്നു പ്രധാന ഉത്തരവുകള്‍ക്കും സര്‍ക്കാരിന്റെ പൂട്ട്. പദ്ധതി പ്രദേശത്തെ വ്യാവസായിക മേഖലയായി പ്രഖ്യാപിച്ച വിജ്ഞാപനം, വിമാനത്താവള കമ്പനി കെജിഎസിന് നല്‍കിയ എന്‍ഒസി, സര്‍ക്കാര്‍ കെജിഎസ് എസ് ഗ്രൂപ്പുമായി ഏര്‍പ്പെട്ടിരുന്ന ഓഹരി പങ്കാളിത്ത കരാര്‍ എന്നിവയാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം റദ്ദാക്കിയത്. ആറന്മുള വിമാനത്താവളം വേണ്ടെന്നു തീരുമാനിച്ച സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗത്തിന്റെ നടപടി. ഇതോടെ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും കെജിഎസ് ഗ്രൂപ്പും തമ്മിലുള്ള എല്ലാ കരാറുകളും അവസാനിച്ചു.


വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ പ്രത്യേക വ്യവസായ മേഖലയായി പ്രഖ്യാപിച്ചത്. ഒരു അസാധാരണ ഗസറ്റ് വിജ്ഞാപനമിറക്കിയായിരുന്നു ഇത്. അന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ വിജ്ഞാപനം മന്ത്രിസഭ അറിഞ്ഞില്ലെന്നുള്ള വിവാദവും ഉണ്ടായിരുന്നു. 350ഏക്കര്‍ സ്ഥലമാണ് വ്യാവസായിക മേഖലയായി മാറിയത്. ആറന്മുള, മല്ലപ്പുഴശേരി, കിടങ്ങന്നൂര്‍ എന്നീ പ്രദേശങ്ങളുള്‍പ്പെട്ട സ്ഥലം കെജിഎസ് ഗ്രൂപ്പിന്റെ ആവശ്യപ്രകാരമാണ് വ്യാവസായിക മേഖലയാക്കിയത്. ഇതിന്റെയെല്ലാം ചുവടുപിടിച്ചാണ് ആറന്മുള വിമാനത്താവളവുമായി മുന്നോട്ടുപോകാന്‍ യുഡിഎഫ് സര്‍ക്കാരും നിലപാടെടുത്തത്. ഈ ഉത്തരവുള്‍പ്പെടെ മൂന്ന് ഉത്തരവുകളാണ് ഇന്ന് സര്‍ക്കാര്‍ പിന്‍വലിച്ചത്. ആറന്മുള വിമാനത്താവള പദ്ധതി തന്നെ ഉപേക്ഷിച്ചതിനുപിന്നാലെയാണ് ഈ നടപടികളും.

വ്യവസായ മേഖലയായി പ്രഖ്യാപിച്ച നടപടി പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഔദ്യോഗിക തീരുമാനം ഇതുവരെ എടുത്തിരുന്നില്ല. വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയപ്പോള്‍ ഭൂമി ഉപയോഗിക്കുന്നതിന് നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം തടസമായി. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ദിഷ്ട ഭൂമി വ്യവസായ മേഖലയാക്കി ഉത്തരവിറക്കിയത്.

Read More >>