അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; ഒരു മാസത്തിനുള്ളിൽ മരിച്ചത് മൂന്നു കുഞ്ഞുങ്ങൾ

അഗളി കാരറ ഊരില്‍ ശെല്‍വി -ജയകുമാര്‍ ദമ്പതികളുടെ ഒരു മാസം പ്രായമുള്ള ആണ്‍ കുഞ്ഞ് ഈ മാസം ഒന്നിനാണു മരിച്ചത്. തൂക്കക്കുറവോടെ ജനിച്ച കുഞ്ഞിന് ജനിക്കുമ്പോള്‍ തന്നെ മലദ്വാരം ഇല്ലായിരുന്നു. ശ്വാസകോശത്തിനും തകരാറുണ്ടായിരുന്നു.

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; ഒരു മാസത്തിനുള്ളിൽ മരിച്ചത് മൂന്നു കുഞ്ഞുങ്ങൾ

പാലക്കാട്: അട്ടപ്പാടിയില്‍ ഒരു ആദിവാസി കുഞ്ഞു കൂടി മരിച്ചു. മുക്കാലി കൊട്ടിയൂര്‍ക്കുന്ന് ഊരില്‍ സുനിത- ബിജു ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞ് പത്തു മാസം പ്രായമുള്ള ശക്തി എന്ന ആണ്‍കുട്ടിയാണ് മരിച്ചത്. രാത്രിയോടെ വയറിളക്കവും ഛര്‍ദ്ദിയും തുടങ്ങിയ കുഞ്ഞിനെ കല്‍ക്കണ്ടിയിലുള്ള ഹെല്‍ത്ത് സെന്ററിലെത്തിച്ച് ചികിത്സ  നല്‍കിയിരുന്നു. തുടര്‍ന്ന് നില വഷളയാതിനെ തുടര്‍ന്ന് രാവിലെ എട്ടരയോടെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇതോടെ ഈ മാസം മാത്രം അട്ടപ്പാടിയില്‍ മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം മൂന്നായി.


ഈ മാസം പത്തിനാണ് ഷോളയൂർ ചാവടിയൂർ ഊരിലെ മാരി - മണികണ്ഠൻ ദമ്പതികളുടെ മൂന്നാമത്തെ ആണ്‍കുഞ്ഞ് മരിച്ചത്. ജനിക്കുമ്പോള്‍ കുഞ്ഞിന് 1.4 ആയിരുന്നു തൂക്കം. അന്നനാളം ഉണ്ടായിരുന്നില്ല. ഹൃദയത്തിനും തകരാറുണ്ടായിരുന്നു. ഒക്ടോബര്‍ 31 ന് തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ജനിച്ച കുഞ്ഞ് അവിടെ വച്ചു തന്നെ പത്തു ദിവസത്തിനു ശേഷം മരിച്ചു.

അഗളി കാരറ ഊരില്‍ ശെല്‍വി -ജയകുമാര്‍ ദമ്പതികളുടെ ഒരു മാസം പ്രായമുള്ള ആണ്‍ കുഞ്ഞ് ഈ മാസം ഒന്നിനാണു മരിച്ചത്. തൂക്കക്കുറവോടെ ജനിച്ച കുഞ്ഞിന് ജനിക്കുമ്പോള്‍ തന്നെ മലദ്വാരം ഇല്ലായിരുന്നു. ശ്വാസകോശത്തിനും തകരാറുണ്ടായിരുന്നു. മലദ്വാരം ശരിയാക്കുന്നതിനു വേണ്ടി തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ വച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും പിന്നീട് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ വച്ച് കുഞ്ഞ് മരിച്ചു. സമാനമായ അവസ്ഥയാണ് കഴിഞ്ഞ മാസങ്ങളിലും നടന്നത്.

സര്‍ക്കാര്‍ കണക്കില്‍ ഈ വര്‍ഷത്തെ എട്ടാമത്തെ ശിശുമരണമാണിത്. എന്നാല്‍ തമ്പ് പോലുള്ള സംഘടനകളുടെ കണക്ക് പ്രകാരം മരണ സംഖ്യ പത്താണ്.