'രക്തവും മൂത്രവും കുടിച്ച് ദാഹമടക്കി, ആണിപ്പഴുതിലൂടെ ശ്വാസമെടുത്തു'; വാഗണ്‍ ട്രാജഡിയുടെ ഞെട്ടിക്കുന്ന അനുഭവങ്ങള്‍

സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലീങ്ങളുടെ പങ്ക് സംഘപരിവാര്‍ സംഘടനകള്‍ നിരന്തരമായി ചോദ്യം ചെയ്യുന്ന കാലത്ത് വാഗണ്‍ ട്രാജഡിയിലെ ഒരു അനുഭവം കേള്‍ക്കുന്നത് നന്നാവും.

സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലീങ്ങളുടെ പങ്ക് സംഘപരിവാര്‍ സംഘടനകള്‍ നിരന്തരമായി ചോദ്യം ചെയ്യുന്ന കാലത്തു വാഗണ്‍ ട്രാജഡിയിലെ ഒരു അനുഭവം കേള്‍ക്കുന്നതു നന്നാവും. 1921ലെ മാപ്പിള ലഹളയെത്തുടര്‍ന്നു നവംബര്‍ 10ന് ബ്രിട്ടീഷ് പട്ടാളം തിരൂരില്‍ നിന്നും കോയമ്പത്തൂര്‍ ജയിലിലടയ്ക്കാന്‍ റെയില്‍വേയുടെ ചരക്കു വാഗണില്‍ കുത്തിനിറച്ചു കൊണ്ടുപോയ 64 തടവുകാര്‍ ശ്വാസം മുട്ടി മരിച്ച സംഭവമാണു വാഗണ്‍ ട്രാജഡി. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ മലബാറിലെ മുസ്ലീങ്ങള്‍ നടത്തിയ സമരമായിരുന്നു പിന്നീട് വാഗണ്‍ ട്രാജഡിക്കു കാരണമായത്.


അസീബ് സഫര്‍ എന്ന ഫെയ്‌സ്ബുക്ക് ഉപയോക്താവാണ് ഇതുസംബന്ധിച്ചുള്ള പോസ്റ്റിട്ടത്. അന്നു വാഗണ്‍ ദുരന്തത്തില്‍ നിന്നും ഭാഗ്യം കൊണ്ടു രക്ഷപ്പെട്ട പരേതനായ മലപ്പുറം കോട്ടപ്പടിയിലെ കൊന്നോള അഹമ്മദ് ഹാജിയുടെ വാക്കുകള്‍ എന്ന പേരിലാണ് അസീബ് സംഭവം വിവരിക്കുന്നത്.
'നവംബര്‍ നാലാം തിയതി എന്നെയും ജ്യേഷ്ഠന്‍ യൂസഫിനെയും ഇംഗ്ലീഷ് പോലിസ് പിടിച്ചു കൊണ്ട് പോയി. മൂത്ത ഇക്കാക്ക മൊയ്ദീന്‍ കുട്ടി ഖിലാഫത്ത് സെക്രട്ടറി ആയിരുന്നതിനാല്‍ അറസ്റ്റു ചെയ്യുമെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാല്‍ ഞങ്ങളെ പിടിക്കുമെന്ന് വിചാരിച്ചിരുന്നില്ല. എം.എസ്.പി ക്യാമ്പിലായിരുന്നു ആദ്യം കൊണ്ടു പോയത്. ജീവിതത്തില്‍ കണ്ടിട്ടുപോലുമില്ലാത്ത പുലാമന്തോള്‍പാലം പൊളിച്ചുവെന്നതായിരുന്നു കുറ്റം. ദിവസത്തില്‍ ഒരു നേരം ഉപ്പിടാത്ത ചോറാണ് തന്നിരുന്നത്. ഇടയ്ക്കിടെ ബൈണറ്റ് മുനകള്‍ കൊണ്ട് പട്ടാളക്കാര്‍ മര്‍ദ്ദിക്കും. അങ്ങനെ ഹേഗ് ബാരക്കില്‍ ഒരാഴ്ച കഴിഞ്ഞു.

നവംബര്‍ 20നു രാവിലെ നാലുപേരെ വീതം കൂട്ടിക്കെട്ടി. കഴുത വണ്ടിയും കാളവണ്ടിയും തയ്യാറായി നിന്നിരുന്നു. പട്ടാളം ആയുധങ്ങളുമായി ഇവയില്‍ കയറി. ഓരോ വണ്ടിക്കും ഇടവിട്ട് ഞങ്ങളെ നിര്‍ത്തി വണ്ടികള്‍ ഓട്ടം തുടങ്ങി.പിന്നാലെ ഞങ്ങളും. കിതച്ചും ചുമച്ചും കൊണ്ടുള്ള നെട്ടോട്ടം. വേഗത കുറഞ്ഞാല്‍ പട്ടാളക്കാര്‍ ബൈണറ്റ് കൊണ്ട് ആഞ്ഞടിക്കും. കുത്തും. ശരീരത്തില്‍ മുറിവുകള്‍. കുന്നും കുഴിയും മലയും വയലും താണ്ടി തിരൂരെത്തി. എല്ലാവരെയും പ്ലാറ്റ്‌ഫോമിലിരുത്തി. ഞങ്ങള്‍ ഇരിക്കുകയല്ല. വീഴുകയായിരുന്നു. പലരും തളര്‍ന്ന് ഉറങ്ങിപ്പോയി. ഒരു സിഗരറ്റ് ടിന്നില് നാല് വറ്റ് ചോറാണ് ആ ദിവസം ആകെ തിന്നാന്‍ തന്നത്.

വൈകുന്നേരം ഏഴുമണിയോടെ പടിഞ്ഞാറ് നിന്നും ഒരു വണ്ടി വന്നു. അതില്‍ ഞങ്ങളെ തലക്കാണിയില് (തലയണ) പഞ്ഞിനിറക്കുന്നത് പോലെ കുത്തി കയറ്റി. നൂറു പേര് കയറിയപ്പോഴേക്കും വാതില്‍ അടച്ചു. ഇത്രയും പേര് ഉള്‍ക്കൊള്ളാനുള്ള സ്ഥലം അതിലുണ്ടായിരുന്നില്ല. ഒറ്റക്കാലില്‍ മേല്‍ക്കുമേല്‍ നിലം തൊടാതെ ഞങ്ങള്‍ നിന്നു. ശ്വസംമുട്ടാന്‍ തുടങ്ങി. ദാഹം സഹിക്കാനാകാതെ തൊണ്ട പൊട്ടുമാറ് ആര്‍ത്തുവിളിച്ചു. ഞങ്ങള്‍ വാഗണ്‍ ഭിത്തിയില് ആഞ്ഞടിച്ചു. മൂത്രമൊഴിച്ചു വലിച്ചു കുടിച്ചു ദാഹം തീര്‍ത്തു . അന്യോന്യം മാന്തിപറിക്കാനും കടിച്ചു പറിക്കാനും തുടങ്ങി. രക്തം നക്കി കുടിച്ചു. ഞാനും ഇക്കാക്കയും ചെന്ന് വീണത് വാഗണിന്റെ ഇളകിപ്പോയ ഒരാണിയുടെ പഴുതുള്ള ഭാഗ്യ സ്വര്‍ഗത്തിലായിരുന്നു. ഈ ദ്വാരത്തില് മാറി മാറി മൂക്ക് വെച്ച് ഞങ്ങള്‍ പ്രാണന്‍ പോകാതെ പിടിച്ചു നിന്നു. എന്നിട്ടും കുറെ കഴിഞ്ഞപ്പോള്‍ ബോധം നഷ്ടപ്പെട്ടു.

രാവിലെ നാല് മണിക്കാണ് വണ്ടി തമിഴ്‌നാട്ടിലെ പോത്തന്നൂരില്‍ എത്തിയത്. ബെല്ലാരി ജയിലിലേക്കായിരുന്നു ഞങ്ങളെ കൊണ്ട് പോയിരുന്നത്. പോത്തന്നൂരില്‍ നിന്നും ആ പാപികള്‍ വാതില്‍ തുറന്നു. മുറിക്കുള്ളില്‍ കണ്ട ആ ഭീകര ദൃശ്യം ആ ബ്രിട്ടീഷ് പിശാചുക്കളെ പോലും ഞെട്ടിച്ചു. അറുപത്തിനാല് പേരാണ് കണ്ണ് തുറിച്ചു ഒരു മുഴം നാക്ക് നീട്ടി മരിച്ചു കിടന്നത്. അറുപതു മാപ്പിളമാരും നാല് തിയ്യന്മാരും. മത്തി വറ്റിച്ചത് പോലെ ആയിരുന്നു ആ ദൃശ്യം.

വണ്ടിയിലേക്ക് വെള്ളമടിച്ചു. ജീവന് അവശേഷിക്കുന്നവര്‍ പിടഞ്ഞെഴുന്നേറ്റു. അവരെ കോയമ്പത്തൂര്‍ ആശുപത്രിയില്‍ എത്തിച്ചു. അതിനു മുമ്പേ എട്ടു പേര്‍ കൂടി മരിച്ചിരുന്നു. മരിച്ചവരെ ഏറ്റെടുക്കാന്‍ പോത്തന്നൂര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ തയ്യാറായില്ല. അതിനാല്‍ അവരെ തിരൂരിലേക്ക് തന്നെ മടക്കി കൊണ്ട് വന്നു കോരങ്ങത്തു ജുമാ മസ്ജിദ് ഖബറസ്ഥാനില്‍ മറവുചെയ്തു. കൂടെയുണ്ടായിരുന്ന തിയ്യന്മാരായ നാലുപേരെ മുത്തൂരിലും സംസ്‌കരിച്ചു'