ചെഗുവേരയെ കാസ്ട്രോ ചതിച്ചു; ആരോപണങ്ങളുമുണ്ട് നിറയെ

വധിക്കപ്പെടുന്നതിന് മുമ്പ് ചെഗുവേരയെ കാസ്‌ട്രോ ചതിച്ചതായി ക്യൂബന്‍ മാധ്യമപ്രവര്‍ത്തകന്‍ ആല്‍ബര്‍ട്ടോ മുള്ളര്‍ ആരോപിച്ചിരുന്നു- ഫിദല്‍ കാസ്ട്രോയുടെ വിമര്‍ശകര്‍ക്കുമുണ്ട് കഥകളേറെ പറയാന്‍.

ചെഗുവേരയെ കാസ്ട്രോ ചതിച്ചു; ആരോപണങ്ങളുമുണ്ട് നിറയെ

അന്തരിച്ച മുന്‍ ക്യൂബന്‍ പ്രധാനമന്ത്രിയും ലോക വിപ്ലവകാരിയുമായ ഫിദല്‍ കാസ്‌ട്രോയ്‌ക്കെതിരെ എക്കാലത്തും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. നിരവധി പോരാട്ടങ്ങളുടെ ചരിത്രമുള്ള കാസ്‌ട്രോയെ 'ഏകാധിപത്യ'ത്തിന്റെ പേരിലാണ് വിമര്‍ശകര്‍ ഏറ്റവുമധികം ആക്രമിച്ചിട്ടുള്ളത്. ഒപ്പം വ്യക്തിജീവിതത്തിലെ ചില കാര്യങ്ങളും വിമര്‍ശന വിധേയമായിട്ടുണ്ട്. അഞ്ചു പതിറ്റാണ്ട് ക്യൂബയുടെ പ്രധാനമന്ത്രിയായിരുന്ന കാസ്‌ട്രോ അട്ടിമറിയിലൂടെയാണ് ഏകാധിപതിയായ തന്റെ മുന്‍ഗാമി ഫുള്‍ഗെന്‍ഷ്യോ ബാറ്റിസ്റ്റയെ മറിച്ചിട്ടത്. പിന്നീടു രാജ്യത്ത് മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് ശൈലി സ്വീകരിച്ച് സോഷ്യലിസ്റ്റ് ഭരണകൂടം സ്ഥാപിച്ച കാസ്‌ട്രോയ്‌ക്കെതിരെ എല്ലാക്കാലത്തും ഉയര്‍ന്ന ആരോപണം അദ്ദേഹം ഏകാധിപതിയായിരുന്നു എന്നതാണ്. അമ്പതോളം വര്‍ഷം ക്യൂബയെ ഭരിച്ച കാസ്‌ട്രോ കടുത്ത മനുഷ്യാവകാശ ലംഘനം നടത്തിയ വ്യക്തിയായിരുന്നുവെന്നും ആരോപണങ്ങളുണ്ട്.


ക്യൂബന്‍ വിപ്ലവത്തിനു ശേഷം നടന്ന വിചാരണകളും വധശിക്ഷകളുമാണ് ഇതിന് തെളിവായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. കാസ്‌ട്രോയെ ഭയന്ന് ക്യൂബയില്‍ നിന്ന് പലായനം ചെയ്തവരും കാസ്‌ട്രോ തന്നെ പുറത്താക്കിയവരുമായ നിരവധിപ്പേര്‍ അമേരിക്കയിലെ ഫ്‌ളോറിഡയില്‍ കുടിയേറിയിരുന്നു. ഇവരാണ് പ്രധാനമായും കാസ്‌ട്രോയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. 49 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചത് തന്നെ കാസ്‌ട്രോയുടെ ഏകാധിപത്യ സ്വഭാവമാണ് വെളിവാക്കുന്നതെന്ന വിമര്‍ശനമാണു മറ്റൊന്ന്. 2008ല്‍ ആരോഗ്യ കാരണങ്ങളാല്‍ സഹോദരന്‍ റൗള്‍ കാസ്‌ട്രോയ്ക്ക് പ്രധാനമന്ത്രിപദം കൈമാറുന്നതുവരെ അദ്ദേഹം മറ്റാര്‍ക്കും അവസരം നല്‍കിയിരുന്നില്ല. സഹോദരന് അധികാരം കൈമാറിയതിലൂടെ അദ്ദേഹം കുടുംബവാഴ്ച നിലനിര്‍ത്തുകയായിരുന്നുവെന്നതാണ് മറ്റൊരാരോപണം.

ക്യൂബയില്‍ വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിരുന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് സംഭവങ്ങള്‍ ഉദാഹരിച്ച് പറഞ്ഞിരുന്നു. വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം പോലുള്ള മേഖലകളിലെ മുന്നേറ്റത്തിനുള്ള ചില നിയന്ത്രണങ്ങളെയാണ് മനുഷ്യാവകാശ ലംഘനങ്ങളായി മുദ്ര കുത്തിയതെന്നാണ് കാസ്‌ട്രോ ഇതിനോട് പ്രതികരിച്ചത്. കാസ്‌ട്രോ അനധികൃത സ്വത്ത് സമ്പാദിച്ചതായി ഫോബ്‌സ് മാഗസിനില്‍ വന്ന വാര്‍ത്തയില്‍ ആരോപണമുണ്ടായിരുന്നു. ഏതാണ്ട് 550 ദശലക്ഷം ഡോളറാണ് കാസ്‌ട്രോയുടെ സമ്പാദ്യമെന്നും ഇത് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ സമ്പാദ്യത്തേക്കാള്‍ അധികം വരുമെന്നും റിപ്പോര്‍ട്ട് പറഞ്ഞിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിലെ ആരോപണത്തിന് മറുപടിയായി തനിക്ക് ഇത്തരത്തില്‍ ഒരു അമേരിക്കന്‍ ഡോളറെങ്കിലും സമ്പാദ്യമുണ്ടെന്ന് തെളിയിച്ചാല്‍ താന്‍ വഹിക്കുന്ന സ്ഥാനങ്ങളെല്ലാം രാജിവയ്ക്കുമെന്നാണു കാസ്‌ട്രോ പ്രതികരിച്ചത്.

കാസ്‌ട്രോയുടെ വ്യക്തിജീവിതവും പലരും വിമര്‍ശനവിധേയമാക്കിയിട്ടുണ്ട്. കാസ്‌ട്രോയ്ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് ഒരു ആരോപണം. ഒന്നിലധികം വിവാഹം കഴിച്ചിട്ടുള്ള കാസ്‌ട്രോയ്ക്ക് വിവാഹേതര ബന്ധങ്ങളും അവയില്‍ മക്കളും ഉള്ളതായി ആരോപണമുണ്ട്. കാസ്‌ട്രോയുടെ ഇത്തരം പ്രവൃത്തികളില്‍ മനം മടുത്ത് അലീന എന്ന മകള്‍ അമേരിക്കയിലേക്ക് അഭയാര്‍ഥിയായി കുടിയേറ്റം നടത്തിയതായി പറയപ്പെടുന്നു.

ചെഗുവേരയുമായി വളരെ അടുത്ത സൗഹൃദമാണ് ഫിദല്‍ കാസ്‌ട്രോയ്ക്ക് ഉണ്ടായിരുന്നത്. ജൂലൈ 26 മൂവ്‌മെന്റ് പോലുള്ള ചരിത്രപരമായ പോരാട്ടങ്ങളില്‍ ഇരുവരും ഒരുമിച്ചാണ് പങ്കെടുത്തത്. എന്നാല്‍ കാസ്‌ട്രോ ചെഗുവേരയെ ചതിച്ചുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ബൊളീവിയന്‍ കാടുകളില്‍ നിന്നു പിടികൂടി വധിക്കപ്പെടുന്നതിനു മുമ്പ് ചെഗുവേരയെ കാസ്‌ട്രോ ചതിച്ചതായി ക്യൂബന്‍ മാധ്യമപ്രവര്‍ത്തകന്‍ ആല്‍ബര്‍ട്ടോ മുള്ളര്‍ ആരോപിച്ചിരുന്നു. ലാ ഹിഗ്വേരയെന്ന ബൊളീവിയന്‍ ഗ്രാമത്തില്‍ ഒളിച്ചുതാമസിക്കാന്‍ ചെഗുവേരയോടു നിര്‍ദ്ദേശിച്ചത് കാസ്‌ട്രോയാണെന്ന് മുള്ളര്‍ പറയുന്നു. ചെഗുവേരയെ രക്ഷിക്കുന്നതിനു പകരം 'വിധിയെ നേരിടാന്‍' പാകത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഈ മാധ്യമപ്രവര്‍ത്തകന്‍ ആരോപിക്കുന്നു.