എഎഫ്സി കപ്പ് ഫൈനലിൽ ബംഗളൂരുവിന് തോൽവി

അൽക്യൂവ അൽ ജാവിയ ക്ലബ്ബിന്റെ വിജയം ഏകപക്ഷീയമായ ഒരു ഗോളിന്

എഎഫ്സി കപ്പ് ഫൈനലിൽ ബംഗളൂരുവിന് തോൽവി

ദോഹ: ചരിത്രത്തിലാദ്യമായി എഎഫ്സി കപ്പ് ഫുട്‌ബോൾ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ ക്ലബ്ബെന്ന അംഗീകാരത്തോടെ ഖത്തർ സ്‌പോർട്‌സ് കോംപ്ലക്‌സ് സ്‌റ്റേഡിയത്തിൽ കലാശക്കളിക്ക് ഇറങ്ങിയ ബംഗളൂരു എഫ്സിക്ക് ഇറാഖ് എയർഫോഴ്‌സ് ക്ലബ് എന്നറിയപ്പെടുന്ന അൽക്യുവ അൽ ജാവിയ ക്ലബ്ബിനെതിരെ തോൽവി. ഇറാഖി സ്‌ട്രൈക്കർ ഹമ്മദി അഹമ്മദ് കളിയുടെ 71-ആം മിനുറ്റിൽ നേടിയ ഏക ഗോളിന്റെ പിൻബലത്തിലാണ് 1-0ത്തിന് ഇറാഖിയൻ എയർഫോഴ്‌സ് ക്ലബ് കപ്പിൽ മുത്തമിട്ടത്.

രണ്ട് മഞ്ഞക്കാർഡ് കണ്ട അമരീന്ദർ സിങ്ങിന് പകരം ലാൽത്വമാനിയ റാൽറ്റെയെ പരീക്ഷിച്ച ഒരു മാറ്റത്തോടെയായിരുന്നു കോച്ച് ആൽബെർട്ട് റോക്ക ബംഗളൂരുവിനെ ഫൈനലിൽ കളത്തിലിറക്കിയത്. കളിഞ്ഞ കളിയിലെ 4-3-3 എന്ന ശൈലിക്ക് മാറ്റം വരുത്തി 4-2-3-1 എന്ന ഫോർമേഷനും ബംഗളൂരു കൊണ്ടുവന്നു. അൽ ക്യുവ അൽ ജാവിയ ക്ലബ്ബിനെ കോച്ച് ബാഷിം ക്വാസിം കളത്തിലിറക്കിയതും ഇതേ ശൈലിയിൽ തന്നെയായിരുന്നു.
കളിയുടെ തുടക്കത്തിൽ ഇറാഖി ക്ലബിന്റെ ഫോർവേഡുകൾ നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിന് ബദലായി ബംഗളൂരുവിന് തിരിച്ചടി നൽകാനായത് 13-ആം മിനുറ്റിലാണ്. വലതു വിങിലൂടെ റിനോ ആന്റോ കയറ്റിയ പന്ത് പോസ്റ്റിന് അകലെയായി നിന്ന സുനിൽ ഛേത്രിക്ക് ഒരു ക്രോസിലൂടെ നൽകിയെങ്കിലും ഇറാഖി ക്ലബ്ബിന്റെ സമേഹ് സയിദ് തലകൊണ്ട് കുത്തിയകറ്റി അപകടം ഒഴിവാക്കി.
കളിയുടെ ആദ്യ പകുതിയിൽ ഹമ്മദിയും അഹമ്മദ് ഖാദിമും ഉൾപ്പെടെയുള്ള താരങ്ങൾ ബംഗളൂരുവിന്റെ ഗോൾമുഖത്ത് ആക്രമണത്തിന് തുനിഞ്ഞു. എന്നാൽ കരുത്തോടെ നിന്ന റാൽറ്റെയും പ്രതിരോധനിരയും എല്ലാം തച്ചുടച്ചു. ഇതോടെ ആദ്യപകുതി ഗോൾരഹിതമായി സമാപിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇറാഖി ക്ലബ്ബിന്റെ മുന്നേറ്റമാണ് മൈതാനത്ത് നടന്നത്. സയിദ് നൽകിയ ക്രോസ് രാധി പോസ്റ്റിലേക്ക് പായിക്കുന്നതിനിടെ റിനോ ആന്റോ ഒരിക്കൽ കൂടി രക്ഷകനായി. ഇതേസമയം മറുവശത്ത് ബംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രിയെ ഇറാഖി ക്ലബ്ബിന്റെ പ്രതിരോധവും പൂട്ടുന്നുണ്ടായിരുന്നു. കളി പുരോഗമിക്കുന്നതിനിടെ വിരസമായപ്പോൾ ആക്രമണത്തിന് മൂർച്ഛ കൂട്ടാൻ ആൽബെർട്ട് റോക്ക രണ്ടു മാറ്റങ്ങൾ വരുത്തി. നിഷുവിനെയും ആൽവിൻ ജോർജിനെയും പിൻവലിച്ച് സെമിന്റൻ ഡൗങ്കലിനെയും ഉദാന്ത സിങിനെയും ഇറക്കി. 3-5-2 എന്ന നിലയിൽ കേളീശൈലിക്കും മാറ്റംവരുത്തി.
പിന്നീട് 71-ആം മിനുറ്റിലാണ് നിർണ്ണായകമായ ഗോൾ പിറന്നത്. ഇറാഖി മിഡ്ഫീൽഡർ കാദിം, ഫോർവേഡ് രാധിക്ക് കൈമാറിയ പന്ത് ലെഫ്റ്റ് വിങ്ങിലൂടെ മുന്നോട്ടു കയറ്റി. ആൽവരോയെയും ജോൺസനെയും വെട്ടിച്ചുകയറിയ രാധിയിൽ നിന്നും പന്ത് കൈപ്പിടിയിലൊതുക്കാൻ ഇന്ത്യൻ ഗോളി റാൽറ്റെ ഓടിയടുത്തെങ്കിലും ആ പന്ത് പോസ്റ്റ് മുൻപിൽ നിന്ന ഹമ്മദിക്ക് കൈമാറി. ടൂർണമെന്റിലെ ടോപ് സ്‌കോററായ ഹമ്മദി അഹമ്മദിന് പന്ത് വലയിലാക്കാൻ പണിപ്പെടേണ്ടിവന്നില്ല. ഇതോടെ ഇറാഖി എയർഫോഴ്‌സ് ക്ലബ് ഒരു ഗോളിന് മുന്നിൽ.
പിന്നീട് രണ്ടു മിനുറ്റിനകം ഒരിക്കൽ കൂടി ഇറാഖി ക്ലബ് ഇന്ത്യൻ വലയിൽ വീണ്ടും പന്തെത്തിച്ചെങ്കിലും ഓഫ് സൈഡ് ഫ്‌ളാഗ് ഉയർന്നു. ഒരു ഗോൾ വീണ ശേഷം ഇന്ത്യൻ ക്ലബ് ഉണർന്നുകളിച്ചെങ്കിലും ഗോൾ നേടുന്നതിൽ പരാജയപ്പെട്ടു. അതോടെ ചരിത്രവിജയം പ്രതീക്ഷിച്ച് സ്റ്റേഡിയത്തിൽ എത്തിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരും നിരാശരായി മടങ്ങി. ഇന്ന് നമ്മുടെ ദിവസമായിരുന്നില്ലെന്നും പ്രതീക്ഷിച്ചത് സംഭവിച്ചില്ലെന്നും കളി കാണാനെത്തിയ ആരാധകരോട് നന്ദി പറയുന്നതായും മത്സരശേഷം മലയാളി താരമായ റിനോ ആന്റോ നാരദ ന്യൂസിനോട് പ്രതികരിച്ചു.

Read More >>