അരനൂറ്റാണ്ടിനു ശേഷം ഒരു അമേരിക്കന്‍ സിനിമ ക്യൂബയില്‍

ക്യൂബയില്‍ അരനൂറ്റാണ്ടിനു ശേഷം ഒരു അമേരിക്കന്‍ സിനിമ ചിത്രീകരിച്ചു- പപ്പ. സിനിമയെ കുറിച്ച് അറിയാതെ പോകരുത്, പ്രത്യേകിച്ച് കാസ്‌ട്രോയുടെ വിയോഗത്തിനു ശേഷം സിനിമ കാഴ്ചയിലേയ്‌ക്കെത്തുമ്പോള്‍...

അരനൂറ്റാണ്ടിനു ശേഷം ഒരു അമേരിക്കന്‍ സിനിമ  ക്യൂബയില്‍

റെനീഷ് പി.എന്‍.

അകത്തളങ്ങളില്‍ തളം കെട്ടി നിന്നിരുന്ന അധികാരോന്മാദം ജനകീയ വിപ്ലവത്തിനു മുന്നില്‍ വഴി മാറിക്കൊടുത്ത ഓള്‍ഡ് ഹവാനയിലെ ഇന്നത്തെ ക്യൂബന്‍ വിപ്ലവ മ്യൂസിയം 1950 കളിലെ ഒരു മദ്ധ്യാഹ്നത്തിലെക്ക് തിരിച്ചു പോയിരിക്കുന്നു. 1920 കളില്‍ മരിയോ ഗാര്‍ഷ്യാ മെനോക്കാല്‍ മുതല്‍ 1959 ല്‍ ഫുല്‍ജെന്‍സിയൊ ബതീസ്ത വരെയുള്ള ഭരണ വര്‍ഗ്ഗം വിപ്ലവപൂര്‍വ ക്യൂബയെ അടക്കിവാണ ചരിത്ര പ്രസിദ്ധമായ പ്രസിഡന്‍ഷ്യല്‍ കൊട്ടാരം അഞ്ചര പതീറ്റാണ്ടിനപ്പുറത്തെ ഉന്മാദ കാലത്തിന്റെ ശേഷിപ്പുകളിലേക്ക് തിരിച്ചു പോയിരിക്കുന്നു. സോഷ്യലിസ്റ്റ് ക്യൂബയുടെ പേരില്‍ അഭിമാനിച്ചിരുന്ന ഏതൊരാളുടെയും നെറ്റി ചുളിപ്പിച്ചുകൊണ്ട് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെ അവസാന താമസക്കാരനായി വിപ്ലവാനന്തര ക്യൂബ രേഖപ്പെടുത്തിയ ഫുല്‍ജെന്‍സിയൊ ബതീസ്തയെന്ന ഏകാധിപതി വീണ്ടും അവിടെ താമസക്കാരനായി തിരിച്ചെത്തിയിരിക്കുന്നു.


https://www.youtube.com/watch?v=EC130UBgtfk

പ്രശാന്തതയുടെ ആവരണവുമായി മാനം മുട്ടെ തലയുയര്‍ത്തി നില്‍ക്കുന്ന പ്രസിഡന്‍ഷ്യല്‍ കൊട്ടാരമെന്ന അധികാരസൗധത്തിന്റേയും അതിനുള്ളില്‍ നിന്നും വമിക്കുന്ന അതിരുകടന്ന അധികാരഹുങ്കിന്റെയും വേരറുക്കല്‍ സ്വപ്നം കണ്ട്, പ്രശാന്തതയെ ഭേദിച്ചു കൊണ്ട്, ചുളിഞ്ഞ നെറ്റികള്‍ക്കു താഴെ അന്ധാളിപ്പിന്റെ നിഴല്‍ പരത്തിക്കൊണ്ടു കൊട്ടാരത്തിനരികിലെ തെരുവിലെ ദൈന്യതയുടെയും ദുരിതത്തിന്റെയും ഭാവങ്ങള്‍ കുടികൊള്ളുന്ന ഫിദലിനോട് അനുഭാവം പുലര്‍ത്തുന്ന ആയുധമേന്തിയ വിപ്ലവകാരികളുടെ ഒരു ചെറു സംഘം പൊടുന്നനെ കൊട്ടാരത്തിലേക്ക് ഇരച്ചു കയറാന്‍ ശ്രമിക്കുന്നു.

[caption id="" align="aligncenter" width="630"]Image result for Papa Hemingway in Cuba ഏണസ്റ്റ് ഹെമിംഗ് വേ ക്യൂബയില്‍[/caption]

നിമിഷങ്ങള്‍ക്കുള്ളില്‍ വിപ്ലവകാരികളെ പ്രതിരോധിച്ചു കൊണ്ട് ബതീസ്തയുടെ കൂലി പട്ടാളം തുരുതുരാ വെടിയുതിര്‍്ക്കുന്നു. വെടിയൊച്ചകള്‍ പശ്ചാത്തല സംഗീതമൊരുക്കിയ അന്തരീക്ഷത്തില്‍, ചീറിപ്പായുന്ന വെടിയുണ്ടകളില്‍ നിന്നും തെന്നിമാറി, ഇരുപക്ഷത്തു നിന്നുമുള്ള കനത്ത ആക്രമണത്തിനിടയില്‍ നിന്നും രക്ഷതേടി വിധിയെ പ്രതിരോധിക്കാന്‍ സാന്റിയാഗോയെന്ന വൃദ്ധനിലൂടെ ലോകത്തെ പഠിപ്പിച്ച വിശ്വസാഹിത്യകാരന്‍ ഏണസ്റ്റ് ഹെമിംഗ് വേയും അദ്ധേഹത്തിന്റെ പത്രപ്രവര്‍ത്തക സുഹൃത്തും സമീപത്തു നിര്‍ത്തിയിട്ടിരിക്കുന്ന ഒരു കാറിനു പുറകില്‍ അഭയം തേടുന്നു. മണിക്കൂറുകളോളം ശ്വാസം അടക്കിപ്പിടിച്ചു ഇരുവരും അതേ നിലയില്‍ തുടരുന്നു.

കട്ട്....

വിശ്വവിഖ്യാത എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന ഏര്‍ണസ്റ്റ് ഹെമിംഗ് വേയുടെ ക്യൂബന്‍ ജീവിത കാലയളവില്‍, അദ്ദേഹവും അമേരിക്കന്‍ യുദ്ധകാര്യ ലേഖകന്‍ ഡെന്‍ ബാര്‍ട്ട് പെറ്റിറ്റ്‌ക്ലെര്‍ക്കുമായി ഉടലെടുത്ത സൗഹൃദ ബന്ധത്തിന്റെ കഥ പറയുന്നതും ഈ വര്‍ഷം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതുമായ ക്യൂബന്‍ - ഹോളിവൂഡ് നിര്‍മ്മാണ സംരംഭമായ ''പപ്പാ'' എന്ന ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കാന്‍ സാധ്യതയുള്ള ഒരു രംഗമാണ് മേല്‍ സൂചിപ്പിച്ചത്. എന്തുകൊണ്ട് ഈയൊരു സിനിമയും അതില്‍ ചിത്രീകരിക്കാന്‍ സാധ്യതയുള്ള കേവലം ഒരു സീനും ഇത്രമാത്രം പ്രസക്തമാകുന്നു എന്ന സംശയത്തിനു ഉത്തരമായി മുന്നില്‍ നില്‍ക്കുന്നത് കഴിഞ്ഞ അഞ്ചര പതിറ്റാണ്ടായി ഹോളിവുഡ് നിര്‍മ്മാണത്തില്‍ ഒരു സിനിമ പോലും ക്യൂബയില്‍ ചിത്രീകരിക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ്. അമേരിക്കന്‍ പൗരന് ക്യൂബയിലേക്ക് സഞ്ചരിക്കാനും ഒരു അമേരിക്കന്‍ ഡോളര്‍ പോലും ക്യൂബയില്‍ ചിലവഴിക്കാനും സാധിക്കാതിരുന്ന രാഷ്ട്രീയാവസ്ഥയില്‍ നിന്നും പാപ്പാ എന്നൊരു അമേരിക്കന്‍ മൂലധനത്തിലുള്ള സിനിമയ്ക്ക് ക്യൂബന്‍ മണ്ണില്‍ പിറവിയെടുക്കാന്‍ കഴിയുന്ന രാഷ്ട്രീയത്തിലേക്ക് പടിഞ്ഞാറിന്റെ രാഷ്ട്രീയം ഇപ്പോള്‍ മാറാന്‍ തുടങ്ങിയിരിക്കുന്നു.

[caption id="" align="alignleft" width="340"] fulgencio batista[/caption]

വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വിപണിയൊരുക്കുന്ന രാജ്യാന്തരവ്യപാരികള്‍ രാജ്യ നേതൃത്വങ്ങള്‍ കയ്യടക്കികൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തില്‍, മൂന്നാമതൊരു ലോകമഹായുദ്ധമെന്ന ഭാവിയിലേക്കാണോ വര്‍ത്തമാനലോകം നടന്നു കയറുന്നത് എന്ന് ഇരു ലോകയുദ്ധങ്ങളുടെയും ദുരന്തം പേറുന്ന ഇനിയും മരിച്ചിട്ടില്ലാത്ത മനുഷ്യത്വം ആശങ്കപ്പെടുന്ന ഇക്കാലഘട്ടത്തില്‍, ക്യൂബയില്‍ നിന്നും പ്രത്യാശകളുടെ ചിറകുകള്‍ ലോകത്തിന് മുന്നില്‍ വിരിയുന്ന ഇക്കാലഘട്ടത്തില്‍, ഫിഡല്‍ കാസ്‌ട്രോയെന്ന സാമ്രാജ്യത്വ വിരുദ്ധ ചെറുത്തു നില്‍പ്പിന്റെ വിയോഗം ലോകത്തിത്ത് ബാക്കിയാക്കുന്നത് തീരാനഷ്ടം തന്നെയാണ്.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടുകൂടിയാണ് ക്യൂബ തങ്ങളുടെ കാലങ്ങളായുള്ള സ്വാന്തന്ത്ര്യമോഹം സാക്ഷാത്കരിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ തുടങ്ങിയത്. അതിനവര്‍ക്ക് സ്പാനിഷ് അധിനിവേശമെന്ന പാതകത്തെ സ്വന്തം മണ്ണില്‍ നിന്നും തുരത്തണമായിരുന്നു. കരീബിയന്‍ കടലിലെ കുഞ്ഞു ക്യൂബയെ സംബന്ധിച്ച് അത് ഒറ്റയ്ക്ക് സാധ്യമാക്കാന്‍ കഴിയുന്നതിനുമപ്പുറമായിരുന്നു. അത്രകണ്ട് സ്പാനിഷ് അടിവേരുകള്‍ ആഴ്ന്നിറങ്ങിയിരുന്നു ആ കരീബിയന്‍ ദ്വീപിനു മേല്‍.

സ്‌പെയിനെ തുരത്താന്‍ അമേരിക്ക നീട്ടിയ ആ മൃതഹസ്തത്തിനു നേരെ കൊടുത്താല്‍ തിരിച്ചു കിട്ടാത്തതാണ് എന്നറിഞ്ഞിട്ടും രണ്ടാമതൊന്ന് ആലോചിക്കാതെ ക്യൂബയ്ക്ക് കൈ നീട്ടേണ്ടി വന്നതും അതുകൊണ്ടാണ്. ശേഷം തുടര്‍ന്നുള്ള അഞ്ചു പതിറ്റാണ്ടുകള്‍ ക്യൂബന്‍ ഭരണാധികാരികള്‍ അന്നാടിനെ അമേരിക്കന്‍ ഇംഗിതങ്ങള്‍ക്കനുസരിച്ച് ഭരിച്ചു പോന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടുകൂടി കാസ്‌ട്രോയും സഖാക്കളും ചേര്‍ന്ന് വിപ്ലവത്തിലൂടെ ആ കരീബിയന്‍ ദ്വീപിനെ സോഷ്യലിസ്റ്റ് പാതയിലേക്ക് പരിവര്‍ത്തനം ചെയ്യും വരെ അന്നാട്ടില്‍ അമേരിക്കന്‍ ചൂഷണം തുടര്‍ന്നു വന്നു. ഫിഡലിന്റെ നേതൃത്ത്വത്തില്‍ പിറവിയെടുത്ത വിപ്ലവാനന്തര സോഷ്യലിസ്റ്റ് സര്‍ക്കാര്‍ ദേശസാത്കരണം വഴി അര നൂറ്റാണ്ടു കാലം തുടര്‍ന്ന് വന്ന അമേരിക്കന്‍ ചൂഷണങ്ങളെയെല്ലാം ക്യൂബന്‍ വരുതിയില്‍ വരുത്തി.ബതീസ്തയെന്ന ഏകാധിപതിയുടെ കിരാത ഭരണത്തിന് സര്‍വ്വ സഹായങ്ങളും നല്‍കി പോറ്റിപ്പോരാന്‍ അമേരിക്കയെ പ്രേരിപ്പിച്ച, ക്യൂബ സ്വന്തം കൈപ്പിടിയില്‍ നിന്നുമകലുമോയെന്ന ഇന്നലകളുടെ ഭീതി, ഇന്നിന്റെ യാഥാര്‍ത്യമായി അമേരിക്ക അനുഭവിച്ചറിയാന്‍ തുടങ്ങിയതോടെ ഫിഡലിന്റെ ക്യൂബയെ പാഠം പഠിപ്പിച്ചു 'നേര്‍വഴിക്ക്' നയിക്കാനെന്നവണ്ണം പ്രതികാര നടപടികളുമായി മുന്നോട്ടു പോകാന്‍ അമേരിക്കയെ ഇത് പ്രേരിപ്പിച്ചു. ഇത് മറ്റുലോക രാജ്യങ്ങളുമായി സമാനതകളില്ലാത്തവണ്ണം അമേരിക്കന്‍ - ക്യൂബന്‍ ബന്ധം സങ്കീര്‍ണ്ണമാക്കി. ആദ്യമവര്‍ ക്യൂബക്കെതിരെ വ്യാപാര ബന്ധം വിച്ഛേദിച്ചു, തുടര്‍ന്നവര്‍ നയതന്ത്ര ബന്ധവും വിച്ഛേദിച്ചു.

[caption id="" align="alignnone" width="784"] ക്യൂബ[/caption]

അമേരിക്കന്‍ പ്രതികാരങ്ങളെയും സമ്മര്‍ദ്ദങ്ങളേയും ധിക്കാരങ്ങളെയുമെല്ലാം അതേ നിലയില്‍ തന്നെ വെല്ലുവിളിച്ചും ചെറുത്ത് തോല്‍പ്പിച്ചും ത്യാഗങ്ങള്‍ സഹിച്ചു കൊണ്ടും ഫിദലെന്ന പോരാളിക്ക് കീഴില്‍ ക്യൂബന്‍ ജനത മുന്നോട്ടു പോകാന്‍ തുടങ്ങിയിട്ട് അഞ്ചര പതീറ്റാണ്ടിലധികം കഴിഞ്ഞിരിക്കുന്നു. ഇതിനകം പത്തിലധികം നേതൃമാറ്റം അമേരിക്കന്‍ പക്ഷത്ത് വന്നിട്ടും ക്യൂബയോടുള്ള കിരാത നിലപാടുകളില്‍നിന്നുമുള്ള നയപരമായ പിന്മാറ്റത്തിനുള്ള യാതൊരു വിദൂര സാധ്യതപോലും തെളിഞ്ഞു വന്നില്ലായെന്നുമാത്രമല്ല, കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനേ ആ നേതൃത്വങ്ങളെല്ലാം തന്നെയും ശ്രമിച്ചുള്ളൂ എന്നതും ശ്രദ്ധേയമാണ്.

അമേരിക്കന്‍ ഇംഗിതങ്ങളെയെല്ലാം വെല്ലുവിളിച്ചു കൊണ്ട് തൊണ്ണൂറ് മൈലുകള്‍ക്കപ്പുറമുള്ള ഒരു ചെറുരാജ്യത്തിന്റെ ചെറുത്തു നില്‍പ്പിന്റെ സ്വാധീനം ലാറ്റിനമേരിക്കന്‍ അയല്‍ രാജ്യങ്ങളിലേക്ക് കടന്നുചെല്ലുകയുണ്ടായി. അതിന്റെ പ്രതിഫലനമാണ് വെനസ്വേലയില്‍ യൂഗോ ഷാവേസും, ഉറുഗ്വേയില്‍ താബാരെ വാസ്‌ക്വേസും, ബൊളീവിയയില്‍ ഈവോ മൊറാലസും, ബ്രസീലില്‍ ലുലാ ഡാ സില്‍വയും, അര്‍ജന്റീനയില്‍ നെസ്റ്റര്‍ കെഷ്‌നറും തുടങ്ങിയ ഇടതുപക്ഷ സര്‍ക്കാറുകള്‍ ലാറ്റിനമേരിക്കയില്‍ ഉയര്‍ന്നു വന്നത്. തുടര്‍ന്ന് പെറുവിലും നിക്വരാഗ്വേയിലും മെക്‌സിക്കോയിലും ഇടതുപക്ഷം വലിയൊരു ശക്തിയായി ഉയര്‍ന്നു വരുകയുണ്ടായി. ഈയൊരു മാറ്റം മേഖലയില്‍ അമേരിക്കക്കുണ്ടായ സ്വാധീനം പാടേ നഷ്ടമാക്കിയെന്ന് മാത്രമല്ല കാസ്‌ട്രോയുടെ നേതൃത്വത്തില്‍ പൊതുശത്രുവിനെതിരെ സഹകരണത്തിന്റെയും സഹവര്‍ത്തിത്തത്തിന്റേയും ശക്തമായ ഇടതുപക്ഷ കൂട്ടായ്മ രൂപപ്പെടുകയും ചെയ്തു.ഈയൊരു സാഹചര്യത്തില്‍ നിന്ന് കൊണ്ടാണ് അമേരിക്കയുടെ നാല്‍പ്പത്തി നാലാമത്തെ പ്രസിഡന്റ് ബാരാക്ക് ഒബാമ അമേരിക്കയുടെ ക്യൂബന്‍ നയത്തില്‍ മാറ്റം വരുത്തിക്കൊണ്ട് അല്ലെങ്കില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതനായി കൊണ്ട് വ്യത്യസ്ഥനാകുന്നത്. ഉദാരതകളുടെ മറവില്‍ രാഷ്ട്രീയമായും, സാമ്പത്തികമായും, സൈനികമായും, സാംസ്‌കാരികമായുള്ള തങ്ങളുടെ ആജ്ഞാപനങ്ങള്‍ അന്യനാടുകളിലേക്ക് ഒളിച്ചു കടത്തി അവയ്ക്ക് മുന്നില്‍ അനുസരണയോടെ ചെവിയോര്‍ത്ത് നില്‍ക്കുന്ന സാമന്തരാഷ്ട്രങ്ങളെ സൃഷ്ട്ടിച്ചുകൊണ്ട് ലോകത്താകമാനം തങ്ങളുടെ മാനമൊരുക്കുന്ന ഇമ്പീരിയലിസ്റ്റ് മനോനിലകളുടെ ചരിത്രം പേറുന്ന അമേരിക്കയെ സംബന്ധിച്ച് ഇക്കാലമത്രയും തങ്ങളുടെ ചെയ്തികളുടെ പേരില്‍ സംശയത്തോടെ നോക്കിക്കോണ്ടിരുന്ന ലോക മനസ്സാക്ഷിയ്ക്ക് മേല്‍ മാറ്റത്തിന്റെ തിരികൊളുത്തുന്നതിനും, ക്യൂബയ്ക്ക് നേരെ വീണ്ടുമൊരു അമേരിക്കന്‍ ഹസ്തദാനതിന്റെ സാധ്യത തെളിയിച്ചതോടെ ഒബാമയുടെ നേതൃത്വത്തിന് കഴിഞ്ഞിരിക്കുന്നു.

[caption id="" align="aligncenter" width="736"] ഒബാമയുടെ ക്യൂബൻ സന്ദർശനം[/caption]

ക്യൂബയുടെ രാഷ്ട്രീയമായും സാമ്പത്തികമായുമുള്ള സകല സ്വാതന്ത്ര്യങ്ങളെയും അംഗീകരിച്ചു കൊണ്ട് കേവലമൊരു ഹസ്തദാനത്തിനപ്പുറം അമേരിക്കക്ക് എത്രകണ്ട് മുന്നോട്ട് പോകാന്‍ കഴിയും എന്ന സംശയത്തിനു പോലും അല്‍പ്പായുസ്സ് നല്‍കിക്കൊണ്ടാണ് തുടര്‍ന്നങ്ങോട്ടുള്ള അമേരിക്കന്‍ ചുവടുവയ്പ്പുകള്‍. അന്‍പത് വര്‍ഷക്കാലത്തെ തങ്ങളുടെ ശത്രുരാജ്യത്തിന്റെ പതാകകള്‍ സ്വന്തം നാട്ടില്‍ ഉയര്‍ത്തിക്കൊണ്ട് ഇരു രാജ്യങ്ങളും നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കുകയും വാണിജ്യ, സാമ്പത്തിക, നയതന്ത്ര, സഞ്ചാര, കറന്‍സി വിനിമയ ബഹിഷ്‌കരണങ്ങള്‍ ഒന്നൊന്നായ് മരവിപ്പിച്ചു കൊണ്ടും സാമ്പത്തികമായും രാഷ്ട്രീയമായും സഹകരിച്ചുകൊണ്ടും ഇരു രാജ്യങ്ങളും മുന്നേറുന്നതാണ് തുടര്‍ന്നങ്ങോട്ടുള്ള ലോകത്തിന് കാണാന്‍ കഴിഞ്ഞത്.കലുഷിതവും സങ്കീര്‍ണ്ണവുമായ രാഷ്ട്രീയാവസ്ഥകളില്‍ നിന്നും വഴിമാറി ഇരു രാജ്യങ്ങളും ശുഭകരവും സമാധാനപൂര്‍ണ്ണവുമായ ഈയൊരവസ്ഥയിലെത്തി നില്‍ക്കുന്നിടത്ത് നിന്നുമാണ് അമേരിക്കന്‍ നേതൃമാറ്റവും ക്യൂബയുടെ മാര്‍ഗ്ഗദര്‍ശ്ശി ലോകത്തെ വിട്ടൊഴിയുന്നതു മുണ്ടാകുന്നത്.

[caption id="" align="aligncenter" width="706"] ഷാവേസും ഫിദലും[/caption]

[caption id="" align="alignleft" width="254"] റെനീഷ് പി.എന്‍.[/caption]

ലോകത്ത് മാറി വരുന്നതും, ലോകത്തെ മാറ്റി മറിക്കുന്നതുമായ നയതീരുമാനങ്ങളും അതിലേക്ക് വഴി വെട്ടി തെളിക്കുന്ന അനുകൂലരാഷ്ട്രീയ കാലാവസ്ഥകളുമാണ് ഇത്തരം ഒരു അന്തരീക്ഷത്തിലേക്ക് ക്യൂബയെ നയിച്ചത്. പതീറ്റാണ്ടുകളായി കുടിപ്പകയുടെയും വിദ്വേഷത്തിന്റെയും വിത്ത് പാകി വിളവെടുത്ത്‌കൊണ്ടിരിക്കുന്ന ഇരു രാജ്യങ്ങള്‍ക്കിടയില്‍ സമകാലീന രാഷ്ട്രീയ നേതൃത്വത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മഞ്ഞുരുകല്‍ ആ വിള നിലങ്ങളില്‍ പ്രതീക്ഷയുടെ പുല്‍നാമ്പുകളാണ് മുളപ്പിച്ചതെങ്കില്‍, അമേരിക്കയില്‍ പുതിയൊരു വിദ്വേഷ വ്യാപാരി അധികാരത്തിലെത്തുകയും, ഷാവേസിന് ശേഷമുള്ള വെനസ്വേലയും, ബ്രസീലിലെ ഇംപീച്ച്‌മെന്റും, അര്‍ജന്റീനയിലെ ഭരണമാറ്റവും ദുര്‍ബലമാക്കിയ മേഖലയിലെ ഇടതുപക്ഷ ഐക്യത്തെ കൂടുതല്‍ ആശങ്കയിലാക്കുന്നത് തന്നെയാണ് കാസ്‌ട്രോയുടെ വിയോഗം.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസങ്ങളുടെ ചങ്ങലയിലെ അവസാനത്തെ കണ്ണികളിലൊന്നാണ് സാമ്രാജ്യത്വത്തിനെതിരെ വന്‍ ചെറുത്ത് നില്‍പ്പ് നടത്തി സ്വന്തം ജീവിതത്താല്‍ ഇതിഹാസ ചരിത്രമെഴുതിക്കൊണ്ട് കുഞ്ഞു ക്യൂബയുടെ സ്വാതന്ത്ര്യ മോഹം സാക്ഷാത്കരിച്ച ഫിദല്‍ കാസ്‌ട്രോ. ഫിദല്‍ കാസ്‌ട്രോയുടെ വേര്‍പാടിന് ശേഷം ജീവിതം ചരിത്രത്തിന് സമര്‍പ്പിച്ച ഇനിയൊരു പേര് ഏത്? എന്നൊരു ചോദ്യം മുന്നില്‍ വന്നാല്‍ ഒരുപക്ഷേ മൗനമായിരിക്കും ഏതൊരാള്‍ക്കും ഇനിയങ്ങോട്ട് ഉത്തരമായി നല്‍കേണ്ടി വരിക.