നടി രേഖ മോഹന്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

തൃശൂരിലെ ശോഭാ സിറ്റിയിലെ ഫ്ളാറ്റിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മേശയില്‍ ചാരിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.

നടി രേഖ മോഹന്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

തൃശൂര്‍: സിനിമ സീരിയല്‍ നടി രേഖ മോഹനെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ തൃശൂരിലെ ശോഭാ സിറ്റിയിലെ ഫ്്ളാറ്റിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മേശയില്‍ ചാരിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിയ്യൂര്‍ പൊലീസ് പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

രണ്ടുദിവസമായി രേഖയെ പുറത്ത് കണ്ടിരുന്നില്ലെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. രണ്ടു ദിവസമായി രേഖയെക്കുറിച്ച് വിവരങ്ങളൊന്നുമില്ലാത്തതിനാല്‍ വിദേശത്തുള്ള ഭര്‍ത്താവ് ആവശ്യപ്പെട്ടതനുസരിച്ച് സെക്യൂരിറ്റി മുറിയിലെത്തിയപ്പോഴാണ് മരിച്ച വിവരം പുറത്തറിയുന്നത്.


വ്യക്തിപരമായി കാരണങ്ങളെ തുടര്‍ന്ന് അഭിനയരംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു രേഖ. 2009 ല്‍ മാധവം എന്ന സീരിയലിലാണ് അവസാനം അഭിനയിച്ചത്. ഇതിന് ശേഷം ഭര്‍ത്താവുമൊത്ത് മലേഷ്യയില്‍ ബിസിനസ് ചെയ്തു. കഴിഞ്ഞ മാസമാണ് രേഖ കേരളത്തില്‍ തിരിച്ചെത്തിയത്.

ആറു വര്‍ഷത്തോളമായി രേഖ ശോഭാ സിറ്റിയില്‍ ഫ്ളാറ്റ് വാങ്ങിയിട്ട്. ബിസിനസുകാരനായ മോഹനകൃഷ്ണനാണ് ഭര്‍ത്താവ്. കൊടകര സ്വദേശിയായ രേഖ ഒരു കാലത്ത് സിനിമ സീരിയില്‍ രംഗത്ത് തിളങ്ങി നിന്ന അഭിനേത്രിയാണ്.

ഉദ്യാനപാലകൻ, നീ വരുവോളം, യാത്രാമൊഴി തുടങ്ങിയ ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്