കേരളമേ നന്ദി; വിദ്യാധരന്‍ എന്ന മരത്തെ... അല്ല പോലീസിനെ തന്നതിന്!

60 വയസെത്തിയ കേരളത്തോട് നന്ദിയും പരാതിയും പറയാനേറെയുണ്ട്. വിദ്യാധരനെന്ന കാക്കിയിട്ട മരത്തെ തന്നതിന് എന്തായാലും കേരളത്തിന് സല്യൂട്ട്. ഇതുമാണ് ആക്ഷന്‍ ഹീറോയിസം!

കേരളമേ നന്ദി; വിദ്യാധരന്‍ എന്ന മരത്തെ... അല്ല പോലീസിനെ തന്നതിന്!

ആലപ്പുഴ ഇന്റലിജന്‍സ് എസ്.ഐ എന്ന പദവിയും വഹിച്ചു സി.വി.വിദ്യാധരന്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ഒരു പാഴ്‌വേലയാണ് എന്ന് കരുതുന്നവരുണ്ട് - പ്രകൃതി സംരക്ഷണം! അങ്ങനെയാണ് നാട്ടുകാരില്‍ ചിലര്‍ അദ്ദേഹത്തെ ഭ്രാന്തന്‍ എന്ന് വിളിക്കുന്നത്. 'മരം നടുന്ന പോലീസുകാരന്‍' എന്നും, പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നുമെല്ലാം ടിയാന് വിശേഷണങ്ങള്‍ ഉണ്ട്.

ആകാശംമുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന കുന്നിന്‍ മുകളിലേക്ക് തന്റെ മന്തുള്ള കാലും വലിച്ചു ഒരു വലിയ പാറക്കല്ലും ഉരുട്ടി കയറ്റിയ ഒരു മനുഷ്യനെ നാട്ടുകാര്‍ അന്ന് ഭ്രാന്തന്‍ എന്നു വിളിച്ചു. പാഴാകും എന്നുറപ്പുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ ഭ്രാന്തന്‍ എന്നല്ലാതെ മറ്റെന്താണ് വിളിക്കുക എന്ന അവരുടെ ചോദ്യം ന്യായവുമാണ്.

ആലപ്പുഴ-എറണാകുളം ഹൈവേയില്‍ വഴിയോരം ചേര്‍ന്നു ഭൂമിക്കു കുടപിടിക്കുന്ന പല മരങ്ങള്‍ക്കും ഈ ഭ്രാന്തിനെ സാക്ഷിക്കാനുണ്ടാകും. പുതിയതായി നിര്‍മ്മിക്കുന്ന വീതി കുറഞ്ഞ റോഡുകള്‍ക്കരികില്‍ രാമച്ചം നട്ടും കടല്‍ എടുക്കുന്ന തീരങ്ങളില്‍ കണ്ടല്‍ നട്ടും ഈ പോലീസുകാരന്‍ തന്റെ പാഴ്‌വേല ഇന്നും തുടരുന്നു.

പൊതുസ്ഥലങ്ങളില്‍ മരം നടുന്നത് പ്രശസ്തിക്ക് വേണ്ടിയല്ല, ചില ചിന്തകള്‍ ചര്‍ച്ചചെയ്യപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും ഇദ്ദേഹം പറയുന്നു. ഒരു ശരാശരി മനുഷ്യന്റെ വൈജ്ഞാനിക ബോധത്തിലിരുന്ന് ഈ ചിന്തകള്‍ക്കു ശ്രോതാവായാല്‍ അറിയാതെ ആരും ചോദിച്ചു പോകും - ശരിക്കും ആരാണ് ഭ്രാന്തന്‍?

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ബസ് കാത്തുനില്‍ക്കുന്നിടത്ത് നല്ല വെയില്‍! അടുത്ത ദിവസം തന്നെ വിദ്യാധരന്‍ വീട്ടില്‍ നിന്നും ഒരു പ്ലാവിന്റെ തൈ കൊണ്ടു വന്ന് അവിടെ നട്ടു. വൈകിട്ട് തിരിച്ചെത്തിയപ്പോള്‍ അവ പിഴുതുമാറ്റിയിരിക്കുന്നതു വിദ്യാധരന്‍ കണ്ടു. അതേതോ ബാങ്കിന്റെ സ്ഥലമായിരുന്നു പോലും! ബാങ്കിന്റെ സ്ഥലം കയ്യേറാതെ തന്നെ വീണ്ടും അവിടെത്തന്നെ ഒരു മരം കൂടി നട്ടാണ് വിദ്യാധരന്‍ അവര്‍ക്കു മറുപടി നല്‍കിയത് - ഭൂമിയുടെ അവകാശികള്‍ക്കു തണലിനും അവകാശമുണ്ട്!

[caption id="attachment_55078" align="alignleft" width="366"]14889710_10205533539856332_204313819132110532_o താന്‍ നട്ടമരങ്ങള്‍ക്കൊപ്പം വിദ്യാധരന്‍[/caption]

ചെടികള്‍ക്ക് വെള്ളം നനയ്ക്കാന്‍ അല്‍പ്പമെങ്കിലും സൗകര്യം ലഭിക്കുന്ന പൊതുസ്ഥലങ്ങളില്‍ എല്ലാം ഈ പോലീസുകാരന്‍ മരം നടും. എന്നു മാത്രമല്ല, അവ സ്വയമായി വെള്ളവും വളവും ശേഖരിക്കുവാന്‍ തുടങ്ങുന്നത് വരെയും പരിപാലിക്കുകയും ചെയ്യും. അതിനായി തന്റെ വാഹനത്തിനുള്ളില്‍ അത്യാവശ്യം വകുപ്പൊക്കെ വിദ്യാധരന്‍ കരുതിയിട്ടുമുണ്ട്. ചെറിയ ഒരു മണ്‍വെട്ടി, വെട്ടുകത്തി, കമ്പിപ്പാര, ബക്കറ്റ് എന്നിവ എപ്പോഴും ആ വാഹനത്തിന്റെ ഡിക്കിയിലുണ്ടാകും. പോലീസുകാരനായതു കൊണ്ട് ഇങ്ങനെ ആയുധങ്ങള്‍ സൂക്ഷിക്കുന്നതില്‍ കുഴപ്പമില്ല, ഇല്ലെങ്കില്‍ എപ്പോഴേ മാവോയിസ്റ്റ് ആയി മുദ്രകുത്തി പോയേനെ എന്ന തമാശയില്‍ പങ്കു ചേര്‍ന്ന് വിദ്യാധരന്‍ ഒരു സംഭവം ഓര്‍മ്മിക്കുന്നു.

മരം നടുന്ന സ്ഥലത്തിനടുത്തായി എവിടെയെങ്കിലും ഇവയ്‌ക്കൊഴിക്കാന്‍ വേണ്ടിയുള്ള വെള്ളവും താന്‍ ക്രമീകരിക്കാറുണ്ട്. ആലപ്പുഴ പട്ടണത്തിലെ ഒരു ഇക്കയുടെ ചായക്കടയിലും ഇങ്ങനെയൊരു ക്രമീകരണം ചെയ്തിരുന്നു. അവിടെ പാത്രം കഴുകുന്ന വെള്ളം ശേഖരിച്ചു വയ്ക്കാനുള്ള ബക്കറ്റും നല്‍കിയിട്ടുണ്ട്. ജോലിക്കിടെ കിട്ടുന്ന ചെറിയ ഒഴിവുകള്‍ക്കിടയിലാണ് ഓടി വന്നു നേരിട്ട് ആ ചെറിയ അടുക്കളയിലേക്ക് കയറി വെള്ളമെടുത്ത് ചെടികള്‍ക്ക് ഒഴിച്ചിട്ടു പോകുന്നത്. അതിന് എന്നും ഇക്കയോട് അനുമതി തേടേണ്ടിയിരുന്നില്ല. ഒരു ദിവസം നട്ടുച്ചയോടെ അടുക്കാറായപ്പോഴാണ് തനിക്ക് സമയം കിട്ടിയത്, അതും എവിടെയ്‌ക്കോ പോകും വഴി! ഒരു മിനിറ്റ് എന്നു സഹപ്രവര്‍ത്തകരോട് പറഞ്ഞ് ഓടിച്ചെന്ന് അടുക്കളയിലേക്കു കയറിയതും, അവിടെ അന്നുണ്ടായിരുന്നത് ഇത്തയായിരുന്നു. അപ്രതീക്ഷിതമായി ഒരു പോലീസുകാരനെ അടുക്കളയില്‍ കണ്ട ഇത്ത ഒറ്റ നിലവിളി. ഭയന്നു പോയത് താനാണ് എന്ന് വിദ്യാധരന്‍ പറയുന്നു. നാട്ടുകാര്‍ക്ക് നല്ലൊരു കഥയ്ക്കുള്ള വകുപ്പ് മെനയാന്‍ ഏറ്റവും നല്ല അവസരമാണ്. ഏതായാലും കാര്യങ്ങള്‍ കൈവിട്ടു പോയില്ല. ഓ... ഇത് നമ്മുടെ വിദ്യാധരന്‍ സാറല്ലേ എന്ന ചോദ്യത്തില്‍ ഗുരുതരമായേക്കാമായിരുന്ന പ്രശ്‌നം അവസാനിച്ചു.

ഭൂമിയെ നശിപ്പിക്കുന്ന പ്രകൃതിസ്‌നേഹികള്‍:

ആലപ്പുഴ ചേര്‍ത്തലക്കടുത്തു കടപ്പുറത്തെ സുനാമി ബാധിത പ്രദേശത്ത് ഒരിക്കല്‍ താന്‍ കണ്ടല്‍ ചെടികള്‍ വച്ചുപിടിപ്പിച്ച കഥയും വിദ്യാധരന്‍ ഓര്‍മ്മിക്കുന്നു. അടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ കൂടി അതില്‍ സഹായിക്കുമെന്ന് പറഞ്ഞ് അവിടുത്തെ ഒരു അധ്യാപകന്‍ കുറച്ചു കുട്ടികളെ കൂടി അവിടെയെത്തിച്ചു. ക്ലാസ് മുറിയില്‍ നിന്നും രക്ഷപെട്ട കുട്ടികള്‍ മണ്ണ് വാരി കളിച്ചതല്ലാതെ യാതൊരു സഹായവും ചെയ്തില്ല. ഇടയ്ക്ക് ഒരു അധ്യാപകന്‍ വന്നു ഫോട്ടോ എടുക്കുന്നതും കണ്ടു.

അടുത്ത ദിവസം മനോരമയുടെ പ്രാദേശിക പേജില്‍ ഫോട്ടോ സഹിതം ഒരു വാര്‍ത്ത വന്നു. മലയാള മനോരമയുടെ നല്ല പാഠം പദ്ധതി പ്രകാരം ഇന്ന കടപ്പുറത്ത് കണ്ടല്‍ ചെടികള്‍ നട്ടു. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.വി. വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു എന്നായിരുന്നു വാര്‍ത്ത. അല്‍പസമയം കഴിഞ്ഞപ്പോള്‍ മാതൃഭൂമിയില്‍ നിന്നും വിദ്യാധരന് ഒരു ഫോണ്‍ കോള്‍ എത്തി. പരിചയം ഉള്ള ഒരു ജേര്‍ണലിസ്റ്റാണ്. "എന്തു പണിയാണ് സര്‍ കാണിച്ചത്. ആ കടപ്പുറം ഞങ്ങളുടെ സീഡ് പദ്ധതി പ്രദേശമാണ് എന്നറിഞ്ഞു കൂടെ?'' കേരളത്തിനു ഇത്ര കി.മീ ദൂരമുള്ള കടപ്പുറം ഉണ്ട്. ഇതില്‍ വളരെ ചുരുക്കം സ്ഥലം മാത്രമാണ് ഞാന്‍ കണ്ടല്‍ നട്ടത്. പക്ഷെ അത് അവരുടെ പദ്ധതി പ്രദേശമായതാണ് പ്രശ്‌നം.

[caption id="attachment_55084" align="alignright" width="449"]14937440_10205533557576775_5605870384159825749_n താന്‍ നട്ടമരങ്ങള്‍ക്കൊപ്പം വിദ്യാധരന്‍[/caption]

തന്റെ വീടിനു ചുറ്റുമുള്ള സസ്യജാലങ്ങളില്‍ പ്രകൃതിദത്തമായ പരാഗണം നടക്കണം എന്നു ചിന്തിച്ചു വീട്ടില്‍ ഒരു പെട്ടി തേനീച്ചക്കൂടും വിദ്യാധരന്‍ സ്ഥാപിച്ചിട്ടുണ്ട്. 40 കി.മി ചുറ്റളവിലുള്ള സസ്യ-വൃക്ഷാദികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും എന്നും ഇദ്ദേഹം പറയന്നു. വീട്ടില്‍ ഒരു നാടന്‍ പശുവുണ്ട്, താന്‍ ജീവിക്കുന്ന മണ്ണില്‍ ജീവാണുക്കള്‍ ഉണ്ടാകാന്‍ വേണ്ടിയാണിത്.

തണല്‍ മരം എന്ന പ്രയോഗം ശരിയാണോ?

വഴിയോരത്തു വിദ്യാധരന്‍ നട്ടു പിടിപ്പിച്ചു വളര്‍ത്തുന്നതു പ്ലാവും മാവുമൊക്കെയാണ്. 'തണല്‍മരം' എന്ന ആധുനിക സങ്കല്‍പ്പത്തോടു ടിയാന് അത്ര മമതയില്ല.
ഏതു മരമാണ് തണല്‍ തരാത്തത്? പ്ലാവ് ഒരു തണല്‍ മരമാണോ എന്നു നിങ്ങള്‍ ഒരുപക്ഷെ ചോദിക്കും. ഞാന്‍ പറയും അതേ! നമ്മുടെ നാടിന് അനുയോജ്യമായ മരങ്ങള്‍ തണല്‍ തരികയും ഒപ്പം കായ്ഫലം പുറപ്പെടുവിച്ച് അടുത്ത തലമുറയെ സൃഷ്ടിക്കുകയും ചെയ്യും. നമ്മുടെ ഭൂമിയെ വന്ധീകരിക്കുന്ന മരങ്ങള്‍ ഇനിയും നട്ടുപിടിപ്പിക്കേണ്ടതുണ്ടോ? ചക്ക വീണു മുയല്‍ ചത്തു എന്നുള്ളത് സര്‍വ്വസാധാരണമായ ഒരു സാങ്കല്‍പ്പിക കഥ മാത്രമാണ്. മനുഷ്യന്‍ മറ്റെല്ലാ കാര്യങ്ങള്‍ക്കും പ്രകടിപ്പിക്കുന്ന ജാഗ്രത ഇവിടെയും ശീലിച്ചാല്‍ നമ്മുടെ മണ്ണിനെ സ്‌നേഹിക്കുന്ന മരങ്ങളെ നമുക്കു തിരിച്ചു കൊണ്ടുവരാം.

വന്ധ്യത നമ്മള്‍ വില കൊടുത്തു വാങ്ങുന്നത്:

'ബീജവും അണ്ഡവും സംയോജിച്ചു ഭ്രൂണമാകുന്നു, അത് ഒരു ജീവനായി ഉടലെടുക്കുന്നു' എന്നെല്ലാം പഠിച്ചും പഠിപ്പിച്ചും ശാസ്ത്രത്തെ നമ്മള്‍ മനപാഠമാക്കിയിരിക്കുന്നു. പക്ഷെ ഒരു സംശയം- മനുഷ്യശരീരത്തില്‍ എവിടെ നിന്നാണു ബീജവും അണ്ഡവും ഉത്പാദിപ്പിക്കപ്പെടുവാനുള്ള അംശം ലഭിക്കുന്നത്? അതും പ്രകൃതി തന്നെ നമുക്കു തരേണ്ടതാണ്.

നാടന്‍ പ്രയോഗത്തില്‍ തന്നെയുള്ള ഉദാഹരണം പറയാം -  ഇലവര്‍ഗ്ഗത്തിലുള്ളതു ഭക്ഷിച്ചാല്‍ രക്തമുണ്ടാകും, ഇറച്ചിയും മീനും മുട്ടയും കഴിച്ചാല്‍ മാംസപേശികള്‍ക്കു നല്ല ബലമുണ്ടാകും, അധികം വേവിച്ചാല്‍ ഭക്ഷണത്തിലെ പോഷകങ്ങള്‍ നഷ്ടപ്പെടും തുടങ്ങി പലതും നമ്മള്‍ കേട്ടും അനുസരിച്ചും വരുന്നു. അങ്ങനെയെങ്കില്‍ ഉത്പാദനക്ഷമതയുള്ള ബീജവും അണ്ഡവും നമ്മുടെ ശരീരത്തില്‍ ഉണ്ടാകണം എങ്കില്‍ ഏതു ഭക്ഷണമാണ് നമ്മള്‍ കഴിക്കേണ്ടത്?

പ്രകൃതി അതിനുള്ള മറുപടി നല്‍കിയിരിക്കുന്നതു തന്നിലെ ജീവജാലങ്ങളില്‍ കൂടിയാണ്. ''പൂവന്‍ ചവിട്ടിയ പിട ഇടുന്ന മുട്ട മാത്രമേ അട വയ്ക്കാന്‍ കൊള്ളുകയുള്ളൂ എന്ന പഴമൊഴി ഓര്‍ക്കുമല്ലോ''. ബ്രോയിലര്‍ കോഴിയും ബ്രോയിലര്‍ മുട്ടയും നമ്മുടെ തീന്‍മേശയില്‍ ഇടം പിടിച്ചു. കുരുവില്ലാത്ത മുന്തിരിയും ബഡ് ചെയ്തുണ്ടാക്കിയ മാങ്ങയും രുചികരം തന്നെ! പരാഗണം നടക്കാത്ത ചവറുകള്‍ നമ്മള്‍ ആഢംബരമായി ഭക്ഷിക്കുന്നു. 'പ്രത്യുല്‍പാദനശേഷി' എന്നുള്ളതിനെ നമ്മള്‍ വലിയ വില കൊടുത്തു നശിപ്പിക്കുന്നു. എന്നിട്ട് വന്ധ്യതാനിവാരണ ക്ലിനിക്കുകള്‍ തേടി നെട്ടോട്ടമോടുന്നു. പോകുന്ന വഴിയില്‍ സ്റ്റിക്കര്‍ ഒട്ടിച്ച ഒരു കിലോ ആപ്പിള്‍ വാങ്ങാനും നമ്മള്‍ മറക്കില്ല. അതാണ് നമ്മള്‍!

letter1

സമ്പൂര്‍ണ്ണ ശുചിത്വം എന്ന തട്ടിപ്പ്!

മനുഷ്യന്റെ മാത്രമല്ല, എല്ലാ ജീവജാലങ്ങളുടെയും വിസ്സര്‍ജ്യം ഭൂമിയുടെ മേല്‍ത്തട്ടിലുള്ള മണ്ണിലേക്ക് ചേരണം എന്നാണ് പ്രകൃതി നിയമം. മൃഗങ്ങളുടെ വിസ്സര്‍ജ്ജ്യം ഒരു മാലിന്യപ്രശ്‌നമായിട്ടുണ്ടോ? പക്ഷെ മനുഷ്യന്റെ വിസര്‍ജ്ജനവുമായി സര്‍ക്കാര്‍ നെട്ടോട്ടം ഓടുകയാണ്. മനുഷ്യവിസര്‍ജ്ജനം വര്‍ഷങ്ങള്‍ സൂക്ഷിച്ചു വച്ചു അത് അവന്റെ കുടിവെള്ള സ്രോതസിനരികിലേക്ക് തന്നെ പമ്പ് ചെയ്തു ഇറക്കുന്നതിനെ ശുചിത്വം എന്നു പറയാന്‍ കഴിയുമോ? അത് ഒരുതരം 'ഒളിപ്പിക്കല്‍' മാത്രമാണ്. നമ്മള്‍ കാണുന്നില്ല, അതുകൊണ്ട് എല്ലാം വൃത്തിയായി എന്ന് പറയുന്നത് പോലെയാണ് അത്.

'വെളിക്കിറങ്ങുക' എന്നൊരു ക്രിയ പണ്ടുണ്ടായിരുന്നു. അടിവയറിന് സുഖകരമായി തന്നിലെ മാലിന്യം പുറംതള്ളാന്‍ കഴിയും വിധം ഇരുന്നു നമ്മുടെ പൂര്‍വികര്‍ 'കാര്യം' സാധിച്ചു വന്നു. ഈ വിസര്‍ജ്ജനം രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ഭൂമി വളമാക്കി തന്നിലെ മറ്റു ജീവജാലങ്ങള്‍ക്ക് നല്‍കിയിട്ടും ഉണ്ടാകും. ഇപ്പോള്‍ മണ്ണിന്നു കൊടുക്കാതെ അവ കോണ്ക്രീറ്റ് ടാങ്കുകളില്‍ സൂക്ഷിച്ചു ഭൂഗര്‍ഭത്തിലേക്ക് ഒഴുക്കുന്നു. ഇതാണ് ശുചിത്വം എന്ന് വിശ്വസിക്കുകയും ചെയ്യുന്നു.

ഒരു അമ്മയുടെ ശരീരത്തില്‍ അതിന്റെ കുട്ടിക്ക് കുടിക്കുവാന്‍ വേണ്ടിയുള്ള പാല്‍ മാത്രമേ ഉത്പാദിപ്പിക്കപ്പെടുകയുള്ളു. മനുഷ്യസ്ത്രീകളുടെ കാര്യത്തിലും അത് തന്നെയാണ് അവസ്ഥ. പക്ഷെ പശു എന്ന് നമ്മള്‍ ഇപ്പോള്‍ വിളിക്കുന്ന ഈ ജീവി എങ്ങനെയാണ് ലിറ്ററ് കണക്കിനു പാല്‍ ഉത്പാദിപ്പിക്കുന്നത്? അപ്പോള്‍ ഇത് ഒരു പ്രസവത്തില്‍ പല കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ കഴിയുന്ന ഏതോ ഒരു ജീവിയാണ് എന്ന് വിശ്വസിക്കേണ്ടി വരും. നമ്മുടെ അറിവില്‍ അങ്ങനെയൊന്നു പന്നിയാണ്. സങ്കരയിനം ജന്തുക്കളുടെ ചാണകമാണ് നാറ്റം വയ്ക്കുന്നത്.

[caption id="attachment_55086" align="alignright" width="340"]14956052_10205533604217941_57796720951538878_n എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി നിഷാന വിദ്യാധരന് എഴുതിയ കത്ത്‌[/caption]

വിദ്യാധരന്റെ ഭ്രാന്തന്‍ ജല്‍പനങ്ങള്‍ ഇനിയുമേറെയാണ്. പക്ഷെ ഒരു കാര്യം ഉറപ്പ്, വേദിയില്‍ തിളങ്ങാന്‍ വേണ്ടിയോ, എന്നെങ്കിലും തന്റെ ആശയങ്ങള്‍ അംഗീകരിക്കപ്പെടുകയോ ചെയ്യുമെന്ന് കരുതിയല്ല ഈ പോലീസുകാരന്‍ ഇങ്ങനെയെല്ലാം പറയുന്നതും പ്രവര്‍ത്തിക്കുന്നതും.

വിദ്യാഭ്യാസവകുപ്പില്‍ ജോലി ചെയ്യുന്ന സുപ്രിയയാണ് ഭാര്യ. മകള്‍ തെരേസ, മകന്‍ ആഷിക്ക്. ജാതിമതവിഭാഗതീയയോടുള്ള തന്റെ നിലപാട് ഈ പേരുകളിലൂടെ വ്യക്തമാക്കാനാണ് വിദ്യാധരന്‍ ശ്രമിച്ചിട്ടുള്ളത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ മക്കളുടെ ബയോഡാറ്റയില്‍ ജാതിയില്ല എന്ന് എഴുതി ചേര്‍ക്കാനുള്ള ആര്‍ജ്ജവം കൂടിയായിരുന്നു അത്. മകളുടെ കല്യാണത്തിന് അതിഥികളായെത്തിയ ആയിരത്തോളം പേര്‍ക്ക് മരത്തൈകള്‍ സമ്മാനമായി നല്‍കി വിദ്യാധരന്‍ ജീവിതത്തിലും പരിസ്ഥിതി സ്‌നേഹം പ്രതിഫലിപ്പിച്ചു.

ഇനിയാരെങ്കിലും വിദ്യാധരനെ കല്യാണം വിളിച്ചാലോ, പോകുന്നത് നൂറ് സ്റ്റീല്‍ ഗ്ലാസുമായിട്ടാവും. എന്നിട്ടത് പ്ലാസ്റ്റിക്‌
ഗ്ലാസിനു പകരം പന്തിയില്‍ ഉപയോഗിക്കും. മടക്കിക്കൊണ്ടു പോരുമ്പോള്‍ കുറേ സ്റ്റീല്‍ ഗ്ലാസുകള്‍ കുറഞ്ഞിട്ടുണ്ടാകും. കുറവു വരുന്നത് വീണ്ടും വാങ്ങും- ഓരോ നിമിഷവും ഓരോ ഇടപെടലിലും വിദ്യാധരന്റെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ഇഴപിരിക്കാനാവാതെ ആ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നു.

തന്നെ തേടി ധാരാളം അംഗീകാരങ്ങള്‍ എത്തിയിട്ടുണ്ട് എന്ന് ഈ പോലീസുകാരന്‍ പറയുന്നുണ്ടെങ്കിലും അര്‍ഹിക്കുന്നവ ഇനിയും ലഭിച്ചിട്ടുണ്ടോ എന്നു സംശയമാണ്. പരിസ്ഥിതി പ്രവര്‍ത്തനത്തിലൂടെ പോലിസ് സേനയുടെ അഭിമാനമായി മാറിയ ഈ ഉദ്യോഗസ്ഥനെ ആദരിക്കുന്നതിന്റെ ഭാഗമായി 2008 ലെ പരിസ്ഥിതി ദിനത്തില്‍ ആലപ്പുഴ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനിലും നടുന്ന മരങ്ങള്‍ക്ക് 'വിദ്യാധരന്‍ മരം' എന്ന് പേര് നല്‍കണം എന്ന് അന്നുണ്ടായിരുന്ന എസ്.പി.നാഗരാജു സര്‍കുലര്‍ പുറപ്പെടുവിച്ചിരുന്നു. അങ്ങനെ ജില്ലയില്‍ അങ്ങോളമിങ്ങോളമുള്ള പോലീസ് സ്റ്റേഷനില്‍ വിദ്യാധരന്‍ മരങ്ങള്‍ ഭൂമിയെ ചുംബിച്ചു. ഇവ ഒഴിച്ചു നിര്‍ത്തിയാല്‍ വിദ്യാധരന് അര്‍ഹമായ അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്നും സംശയമാണ്.

ഇനിയും കാലം വൈകീയിട്ടില്ല, ആശയപരമായ പാഴ്‌വേലകള്‍ ചെയ്യുന്ന ഈ പോലീസുകാരനെ അംഗീകരിക്കുവാന്‍ ഇപ്പോഴും അവസരങ്ങള്‍ ശേഷിക്കുന്നു. യുഎന്നിന്റെ അടക്കമുള്ള പരിസ്ഥിതി പുരസ്‌ക്കാരങ്ങള്‍ വിദ്യാധരനനു ലഭിക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ശുപാര്‍ശകളാണ് വേണ്ടത്. പുരസ്‌ക്കാരങ്ങള്‍ ലഭിച്ചാലും ഇല്ലെങ്കിലും വിദ്യാധരന്‍ മരങ്ങള്‍ നട്ടുകൊണ്ടേയിരിക്കും.

Story by
Read More >>