മണിയാശാൻ എന്ന ഇടുക്കി ബോൾഡിനെ കുറിച്ചു നാട്ടുകാരുടെ എട്ടുകൂട്ടം പാട്ട്...

എം.എം മണി ഇന്ന് വൈകിട്ട് കേരളത്തിന്റെ വൈദ്യുതി മന്ത്രിയായി ചുമതലയേല്‍ക്കും. ജനാധിപത്യം മണ്ണില്‍ നിന്നും വളര്‍ന്ന ഒരു ജനപ്രതിനിധിയെ അംഗീകരിക്കുന്ന നിമിഷം- അദ്ദേഹത്തെക്കുറിച്ച് നാട്ടില്‍ നിന്നറിഞ്ഞ എട്ടു കാര്യങ്ങള്‍

മണിയാശാൻ എന്ന ഇടുക്കി ബോൾഡിനെ കുറിച്ചു നാട്ടുകാരുടെ എട്ടുകൂട്ടം പാട്ട്...

മണിയാശാനെ തേടി കുഞ്ചിത്തണ്ണിയിലേയ്ക്ക് നാരദ പോകുമ്പോള്‍ ചോദ്യങ്ങളേറെയുണ്ടായിരുന്നു. അനീതിക്കെതിരെ പോരാടുകയും അക്രമിക്കപ്പെടുകയും  തിരിച്ചടിക്കുകയും പാര്‍ട്ടി സംഘടിപ്പിക്കുകയും ചെയ്‌തൊരാള്‍ മന്ത്രിസഭയിലെത്തുമ്പോള്‍ അഞ്ചാം ക്ലാസ് യോഗ്യത മതി മന്ത്രിയാകാനെന്ന, രാഷ്ട്രീയ പ്രവര്‍ത്തകരോടുള്ള പുച്ഛമാണ് ആദ്യം പുറഞ്ചാടിയത്.

കറുത്ത നിറമുള്ള, സാധാരണക്കാര മനുഷ്യനോടുള്ള അസഹിഷ്ണുതയായിരുന്നു അത്.  ആ പുച്ഛം പുറത്തു പറയാതെ അടക്കിപ്പിടിച്ചിരിക്കുന്നവർ വേറെയുമുണ്ടാകും. അവർക്കു വേണ്ടി, മണിയാശാനെ പറ്റി അന്നാട്ടുകാർക്കു പറയാനുളളതു പങ്കുവെച്ച്, ഞങ്ങള്‍ മലയിറങ്ങുന്നു.


ഇടുക്കിയുടെ ആദ്യത്തെ മന്ത്രിയാണ് എം.എം മണി എന്നതാണ് യാഥാര്‍ത്ഥ്യം- അദ്ദേഹം ഇനിയെന്ത് ചെയ്യുമെന്ന് കണ്ടറിയേണ്ടതാണ്.

ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി പോലുള്ളവയോട് അദ്ദേഹത്തിന്റെ നിലപാട് എന്തായിരിക്കും? കാടിനോട് കൂറുള്ളവരല്ല കുടിയേറ്റക്കാരെന്നും അവര്‍ കയ്യേറ്റക്കാര്‍ മാത്രമാണെന്നുമുള്ള വിമര്‍ശനങ്ങളെ മണിയാശാന്‍ നേരിടേണ്ടി വരും. എന്തായാലും മണിയാശാനെ പോലുള്ള മണ്ണിലെ മനുഷ്യര്‍ക്ക് മന്ത്രിയാകാനാവുന്ന ജനാധിപത്യം അവശേഷിക്കുന്നുവെന്ന അഭിമാനം ഈ മലയിറക്കത്തില്‍ കൂടെയുണ്ട്.

മലയുടെ കൊടും വളവുകള്‍ക്കപ്പുറത്തു നിന്നും പാഞ്ഞു വന്നു കയറിയേക്കാവുന്ന വിവാദങ്ങളോട് മണിയാശാന്റെ പ്രതികരണങ്ങള്‍ക്ക് കാതോര്‍ക്കുന്നു. മന്ത്രിയായ മണിയാശാനെ കുറിച്ചുയരുന്ന പൊതുബോധ ചോദ്യങ്ങള്‍ക്കായി ചില ഉത്തരങ്ങളിതാ:

1. എന്തുകൊണ്ട് പഠനം അഞ്ചില്‍ നിന്നു?

കിടങ്ങൂരില്‍ നിന്നും ജീവിതം തേടി മലകയറിയ പൂതംകുഴിയില്‍ ഇട്ടിയാതി പാപ്പനാണ് ബൈസണ്‍വാലിയിൽ  ആദ്യമെത്തിയത്. പിന്നാലെ ബന്ധുക്കളും. മണിയാശാന്റെ അച്ഛന്‍ എം.കെ മാധവനെ പോലെ ധാരാളം പേര്‍.

അഞ്ച് ആണും മൂന്ന് പെണ്ണുമാണ് മാധവനു മക്കള്‍. മൂത്തയാളാണ് മണിയാശാന്‍. പത്തു വയസുകഴിഞ്ഞ, അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മണിയാശാന്‍ അച്ഛനൊപ്പം മലകയറുകയാണ്.

അന്ന് ഹൈറേഞ്ചില്‍ സ്‌കൂളുകളില്ല. 15 കിലോമീറ്ററിലേറെ നടന്നു പോയാല്‍ മൂന്നാറാണ് ഏക സ്‌കൂള്‍. അതോടെ മണിയാശാനടക്കം ആ പ്രായത്തിലുള്ള കുട്ടികളുടെ പഠനം നിലച്ചു- സ്‌കൂള്‍ ഇല്ലാതിരുന്നതിനാലാണ് ആ മനുഷ്യന് പഠിക്കാനാവാതിരുന്നത്. സ്‌കൂള്‍ ഇല്ലാത്തതിനാല്‍ പഠിക്കാനാവാതെ പോയ തലമുറയുടെ പ്രതിനിധിയാണ് അദ്ദേഹം. നേരെ  മണ്ണിലേയ്ക്കിറങ്ങിയ മനുഷ്യൻ.  ചെറിയ പ്രായത്തില്‍ ഏലത്തോട്ടങ്ങളില്‍ പണിക്കാരനായി.

mm-mani-old

2. മണിയാശാന്‍ എന്ന് പരിഹസിച്ച് വിളിക്കുന്നതല്ലേ?


അല്ല. ഇരുപത് ഏക്കറെന്ന അദ്ദേഹത്തിന്റെ നാട്ടില്‍ എല്ലാവരും അദ്ദേഹത്തെ മണിയാശാന്‍ എന്നു വിളിക്കുന്നു. എല്ലാ പ്രായക്കാരും. ചിലര്‍ മണിച്ചേട്ടനെന്നും. ഇടുക്കി മുഴുവനും മണിയാശാനെന്ന് വിളിക്കുന്നു.

3. മണിയാശാന്റെ ജാതിയെന്ത്?

കുടിയേറ്റക്കാര്‍ എന്നാല്‍ ക്രിസ്ത്യാനികള്‍ മാത്രമാണ് എന്നത് തെറ്റിദ്ധാരണയാണ്. ഇടുക്കിയിലും കണ്ണൂരിലും കുടിയേറിയവരില്‍ ഈഴവരുമുണ്ട്. ഇടുക്കിയില്‍ ഈഴവ കുടിയേറ്റം ശക്തമായ മേഖലയാണ്. ഇട്ടിയാതി പാപ്പനെ പോലെ അനേകരുണ്ട്.  കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നാണ് കുടിയേറ്റമുണ്ടായത്.

മണിയാശാന്റെ അച്ഛന്‍ പൂജാവിധകള്‍ പഠിക്കുകയും ശാന്തിയായി മാറുകയും ചെയ്തു. ഭജനമഠങ്ങളാണ് ആദ്യമുണ്ടായിരുന്നത്. എസ്എന്‍ഡിപിയുടെ ഈ ഭജന മഠങ്ങളില്‍ അക്ഷരം പഠിപ്പിക്കുമായിരുന്നു. സ്‌കൂളില്‍ പോകാനാവാത്ത കുട്ടികള്‍ക്ക് ഇത് ആശ്വാസമായി.

എസ്എന്‍ഡിപിയുടെ പ്രവര്‍ത്തകനായാണ് മണിയാശാനും സാമൂഹ്യപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായതോടെ അദ്ദേഹം സാമുദായിക സംഘടനാ പ്രവര്‍ത്തനം എന്നേയ്ക്കുമായി അവസാനിപ്പിച്ചു. അദ്ദേഹത്തിന്റെ വീട്ടില്‍ ശ്രീനാരായണ ഗുരുവിന്റെ ചിത്രം ചില്ലിട്ട് സൂക്ഷിച്ചിട്ടുണ്ട്.

4. മണിയാശാന്റെ സഹോദരന്‍ രക്തസാക്ഷിയാണോ?

comerade-thankappan
മണിയാശാന്റെ അച്ഛന്‍ കോണ്‍ഗ്രസുകാരനാണ്. ഏലത്തൊഴിലാളിയായിരുന്ന കാലത്താണ് മണിയാശാന്‍ മുതലാളിമാരുടെ വേട്ടയ്‌ക്കെതിരെ തൊഴിലാളികളെ സംഘടിപ്പിച്ചു തുടങ്ങിയത്. ആദ്യം സംഘടിപ്പിച്ചത് സ്വന്തം ബന്ധുക്കളെയും സഹോദരങ്ങളേയും തന്നെ. അതിലൊരാളാണ് കെ.എന്‍ തങ്കപ്പന്‍. ഭാര്യ ലക്ഷ്മിക്കുട്ടിയുടെ സഹോദരന്‍.മണിയാശാന്‍ ജില്ല മുഴുവനായി പ്രവര്‍ത്തനം വ്യാപിപ്പിച്ചപ്പോള്‍ ബൈസണ്‍ വാലിയിലെ നേതൃത്വം തങ്കപ്പനായിരുന്നു. 1992 ഡിസംബര്‍ 22ന് ആര്‍എസ്എസുകാര്‍ അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തി.

അടിയന്തരാവസ്ഥ കാലത്ത് 144 ലംഘിച്ച് മണിയാശാനും മുപ്പതോളം സഖാക്കളും ഇരുപതേക്കറില്‍ ചെണ്ട കൊട്ടി പ്രകടനം നടത്തി. പോലീസ് മണിയാശാനെ തേടി വീടുകളില്‍ വേട്ടയാടല്‍ ആരംഭിച്ചു. അച്ഛനൊപ്പം ശാന്തിപ്പണി ചെയ്തിരുന്ന സഹോദരനായ ഗോവിന്ദനെ പോലീസ് പിടിച്ചു കൊണ്ടു പോയി.

അടിമാലി പോലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കി. തുടര്‍ന്ന് നടുവു തളര്‍ന്ന് ജീവിക്കുന്ന രക്തസാക്ഷിയായി കിടപ്പായി. ഏറെ വേദന സഹിച്ചാണ് ഗോവിന്ദന്‍ മരിക്കുന്നത്. ഗോവിന്ദന്റെ കുടുംബം ഇപ്പോഴും ഇരുപതേക്കറിലുണ്ട്.

5. മണിയാശാന്റെ അച്ഛന്‍ മാധവന്‍ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടല്ലേ?


kunchithanni-temple-jpgkk_

അതെ. നാലിലേറെ ക്ഷേത്രങ്ങളുണ്ട്. മൂന്നെണ്ണം ശിവക്ഷേത്രങ്ങളാണ്. കുഞ്ചിത്തണ്ണി, രാജാക്കാട്, മുട്ടകാട് എന്നിവിടങ്ങളില്‍. ബെയ്‌സണ്‍വാലിയില്‍ സുബ്രഹ്മണ്യക്ഷേത്രമാണ്.

കുഞ്ചിത്തണ്ണി മേഖലയില്‍ ഏറെ അംഗീകാരമുള്ള പുരോഹിതനായിരുന്നു അദ്ദേഹം. എസ്എന്‍ഡിപി ശാഖകളുടെ നേതൃത്വത്തിലുള്ള ക്ഷേത്രങ്ങളെല്ലാം തന്നെ വലിയ പ്രസ്ഥാനങ്ങളായി മാറി കഴിഞ്ഞു.

അടിയന്തരാവസ്ഥ കാലത്ത് മകന്‍ ഗോവിന്ദന്‍ പോലീസ് അക്രമത്തില്‍ തളര്‍ന്നു വീഴുകയും മണിയാശാനെ അറസ്റ്റ് ചെയ്ത് പോലീസ് സ്‌റ്റേഷനിലെ മേശയില്‍ ചങ്ങലയ്ക്ക് കൂച്ചിക്കെട്ടിയിട്ട് അക്രമിക്കുകയും ചെയ്തതോടെ മാധവന്‍ കമ്യൂണിസ്റ്റായി. പിന്നീടദ്ദേഹം കമ്യൂണിസ്റ്റുകാരനായ ശാന്തിയായി.

മണിയാശാന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഏറെ തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള അദ്ദേഹം അവസാനകാലം ക്ഷേത്രങ്ങളിലെ പൂജയൊക്കെ നിര്‍ത്തി. അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് ഇവിടെയുള്ള ശാന്തിമാരിലേറെയും.

6. ബിഷപ്പ് ആനിക്കുഴിക്കാട്ടിലും മണിയാശാനും സുഹൃത്തുക്കളാണല്ലേ?


bishop_anikuzhikkattilഅതെ. കുഞ്ചിത്തണ്ണിയില്‍ ഏതാണ്ട് സമപ്രായക്കാരിയി വളര്‍ന്നവരാണ് ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലും മണിയാശാനും. കുട്ടിക്കാലം മുതലെ സുഹൃത്തുക്കള്‍. കുടിയേറ്റ കുടുംബങ്ങളില്‍ പിറന്നവര്‍.

ആനിക്കുഴിക്കാട്ടില്‍ പുരോഹിതനായി സേവനം ചെയ്യുന്ന കാലത്ത് പാര്‍ട്ടി നേതാവെന്ന നിലയിലുള്ള ബന്ധം വളര്‍ന്നു. കുടിയേറ്റക്കാര്‍ക്ക് പട്ടയം പോലുള്ള വിഷയങ്ങളില്‍ ഇവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും പള്ളിക്കും ഒരേ അഭിപ്രായമാണെന്നത് ഇരുവരുടേയും അഭിപ്രായ ഐക്യത്തിനു കാരണമായി.

ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതാവ് ആനിക്കുഴിക്കാട്ടിലിന്റെ പ്രതിനിധിയായി പാര്‍ലമെന്റിലേയ്ക്ക് മത്സരിച്ചപ്പോള്‍ പാര്‍ട്ടി പിന്തുണച്ചത് വെറുതെയല്ല- ഇരുവരുടേയും സൗഹൃദമാണ് ആ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ശക്തി.

7. മണിയാശാന്റെ ശൈലി...

ആ ചോദ്യം പൂര്‍ത്തിയാക്കാന്‍ നാട്ടിലാരും സമ്മതിക്കില്ല. അത് നിങ്ങള്‍ മാധ്യമക്കാര്‍ പറയുമ്പോഴാണ് ഞങ്ങള്‍ ശ്രദ്ധിക്കുന്നതു തന്നെ എന്നവര്‍ പറയും. അതാണ് മണിയാശാന്‍. ശാസിക്കാനും വഴക്കു പറയാനും സ്ഥാനമുള്ളയാളായി പാര്‍ട്ടി കരുതുന്നു.

20 വര്‍ഷം, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്നയാളാണ് അദ്ദേഹം. ശൈലി അത്രയ്ക്ക് മോശമായിരുന്നെങ്കില്‍ അത് സാധ്യമാകുമായിരുന്നോ. മരണത്തോടും മനമ്പനി പോലുള്ള മഹാമാരിയോടും പോരാടിയുറച്ച ജീവിതമാണ്.<

'സുശീലാ ഗോപാലനെ റോസാ പൂവിനോടും എതിര്‍ സ്ഥാനാര്‍ത്ഥിയെ തീട്ടക്കണ്ടിയോടും' ഉപമിച്ച് പ്രസംഗിച്ചയാളാണ് വി.എസ് എന്നായിരുന്നല്ലോ അദ്ദേഹം പാര്‍ലമെന്ററി രംഗത്തേയ്ക്ക് കടന്നു വന്നപ്പോഴുണ്ടായ അക്രമണം. വിഎസ് അങ്ങനെ പ്രസംഗിച്ചിട്ടില്ല എന്നതാണ് സത്യം. പിന്നീട് വി.എസ് ശൈലി ജനപ്രിയമായി മാറുകയും ചെയ്തു. ശൈലി മാറ്റുമോ എന്ന ചോദ്യം മണിയാശാനോട് ചോദിക്കാതിരിക്കാം.

8. മക്കളൊക്കയോ...

അഞ്ചു പെണ്‍മക്കളാണുള്ളത്. പെണ്‍മക്കളില്‍ രണ്ടാളും പാര്‍ട്ടി സഖാക്കളാണ്. മൂത്ത മകള്‍ സതിയാണ് ഇപ്പോള്‍ രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ്. രാജകുമാരി പഞ്ചായത്ത് മുന്‍ പ്രസിഡന്റായ മൂന്നാമത്തെ മകള്‍ സുമ പാര്‍ട്ടി ഏരിയാ കമ്മറ്റി അംഗമാണ്.

ബാക്കി മൂന്നു മക്കള്‍- ശ്യാമള, ഗീത, ശ്രീജ. രണ്ടാമത്തെ മോളായ ശ്യാമളയാണ് മണിയാശാനോടൊപ്പം വീട്ടിലുള്ളത്. ശ്യാമളയുടെ മകന്‍ ജ്യോതിഷിനും കുഞ്ഞായി- ജാനകി. കുടുംബത്തിലെ ഏറ്റവും ഇളയയാള്‍.

മണിയാശാന്റെ വീടിരിക്കുന്ന ഇരുപതേക്കറിലെ പാര്‍ട്ടി എല്‍സി സെക്രട്ടറിയും വാര്‍ഡ് അംഗവുമായ അനി ഭാര്യയുടെ സഹോദരിയുടെ മകനാണ്. ഭാര്യാ സഹോദരനായ കെ.എന്‍ രാജുവും എല്‍സി അംഗമാണ്. കെ.എന്‍ രാജുവിന്റെ സഹോദരിയെയാണ് മണിയാശാന്റെ അനുജനും പോലീസ് അക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെടുകയും ചെയ്ത ഗോവിന്ദന്‍ വിവാഹം കഴിച്ചത്. തങ്കപ്പന്‍ രക്തസാക്ഷിയായ അക്രമത്തില്‍ വെട്ടേറ്റയാളാണ് കെ.എന്‍ രാജുവും.

Story by