കാണാതെ പോയ ഒരു പൂച്ചയെ കേരളത്തിലാരും ഇങ്ങനെ കണ്ടെത്തിയിട്ടുണ്ടാവില്ല

ഒമ്പതു നാള്‍ നീണ്ട അന്വേഷണ വഴിയിലൂടെ തന്റെ പൂച്ചയെ കണ്ടെത്തിയ വീട്ടമ്മയുടെ കഥ. മണിച്ചിത്രത്താഴില്‍ ഡോക്ടര്‍ സണ്ണി നകുലനോടു പറയുന്ന പോലെ, മറ്റൊരാളും സഞ്ചരിക്കാത്ത വഴികളിലൂടെ ഞാന്‍ സഞ്ചരിക്കും, ഒരു ഭ്രാന്തനെ പോലെ... കാണാതെ പോയ പൂച്ചകളിലെ മൂന്നാമനെ തേടി അഡ്വക്കേറ്റ് പദ്മകുമാരിയും ഭര്‍ത്താവ് മോഹനനും നടന്ന വഴികളിലൂടെ...

കാണാതെ പോയ ഒരു പൂച്ചയെ കേരളത്തിലാരും ഇങ്ങനെ കണ്ടെത്തിയിട്ടുണ്ടാവില്ല

അഡ്വക്കേറ്റ് പദ്മകുമാരിക്കും ഭർത്താവ് മോഹനും മൂന്ന് പൂച്ചകളുണ്ട്. മൂത്തവനായ ചിഞ്ചുവിനു പതിമൂന്നു വയസ്സാണു പ്രായം. രണ്ടാമത്തെ ചിക്കുവുവിനും ചിന്നുവിനും പത്തു വയസു വീതം. വർഷങ്ങൾക്കു മുമ്പ് മോഹനന്റെ ഒരു സുഹൃത്തു സമ്മാനിച്ചതാണു മൂന്നുപേരെയും. സാധാരണയിൽ കവിഞ്ഞു വലിപ്പമുള്ള ചിക്കു ജനലിന്റെയും വാതിലിന്റെയും കുറ്റിവരെ തട്ടിക്കളയും. മറ്റു രണ്ടുപേരും പാവങ്ങളാണ്. ഏറ്റവും ഇളയ ചിക്കുവിനാകാട്ടെ കാലിൽ മുടന്തുണ്ട്. ഇവർ പദ്മകുമാരിയോടും മോഹനനോടുമല്ലാതെ മറ്റാരോടും അടുക്കുക പോലുമില്ല. കാറ്റ് ഫുഡും ബീഫും അയലയുമാണു പൂച്ചക്കുട്ടികളുടെ ഇഷ്ടഭക്ഷണം.


catരാവിലെ ഭക്ഷണം കഴിച്ചാൽ പിന്നെ രാത്രി മതി. അതിനിടയ്ക്കു മറ്റു ശല്യങ്ങളില്ല. ആ വീട്ടിൽ പൂച്ചകളുടെ അത്രയും വിഐപി പരിഗണന മറ്റാർക്കും കിട്ടില്ല. പദ്മകുമാരിയും ഭർത്താവും ഓഫീസിൽ പോകുമ്പോഴും പൂച്ചകൾക്കു വേണ്ടി വീട്ടിൽ എല്ലാമുറികളിലും ഫാൻ ഇട്ടിട്ടാണു പോകാറുള്ളത്. രാത്രി കിടപ്പ് പദ്മകുമാരിയുടേയും ഭർത്താവിന്റെയും കിടപ്പുമുറിയിലും. പൂച്ചകൾക്ക് ഏസി ഇല്ലാതെ ഉറങ്ങാൻ പറ്റില്ല. സാധാരണ രാത്രി ജനൽ തുറന്നു പുറത്തു പോകുന്ന പൂച്ചകൾ രാത്രി തന്നെ തിരിച്ചെത്താറുണ്ട്.

ഇടിയും മഴയുമുള്ള കഴിഞ്ഞ തിങ്കളാഴ്ച രാത്രി ചിഞ്ചു ജനൽ വാതിലിന്റെ കുറ്റി തട്ടി പുറത്തിറങ്ങി. കൂടെ ചിന്നുവും ചിക്കുവും ഇറങ്ങി. ഇടിയും പടക്കം പൊട്ടിക്കലുമൊക്കെ പൂച്ചകൾക്കു പേടിയാണ്. അങ്ങനെയുള്ള ദിവസങ്ങളിൽ പദ്മകകുമാരി അലമാരികൾ തുറന്നു വയ്ക്കാറുണ്ട്, പൂച്ചകൾക്ക് ഒളിക്കുന്നതിനായി. അന്നത്തെ രാത്രിയിൽ പദ്മകുമാരിയും ഭർത്താവും കിടന്നുറങ്ങിപ്പോയി. നേരം വെളുത്തു. വാതിൽ തുറന്നു പുറത്തു പോയ ചിഞ്ചു മാത്രം വീട്ടിലുണ്ട്; മറ്റു രണ്ടുപേരെ കാണുന്നില്ല.

പദ്മകുമാരിയും ഭർത്താവും പൂച്ചയെ അന്വേഷിച്ചു നടപ്പു തുടങ്ങി. ജോലിയുടെ ആവശ്യത്തിനു കോഴിക്കോടു പോകേണ്ട മോഹൻ ഉച്ചവരെ പൂച്ചയെ തേടി നടന്നു. വീടുവീടാന്തരം കയറിയിറങ്ങി ഫോട്ടോ കാണിച്ചും വിസിറ്റിങ് കാർഡ് നൽകിയും അന്വേഷണം തുടർന്നു. പൂച്ചകൾ വീടുവിട്ടാൽ അവരുടെ പഴയ താമസസ്ഥലം തേടിച്ചെല്ലുമെന്ന് ഒരു പറച്ചിലുണ്ടെന്ന് ആരോ പറഞ്ഞു. പദ്മകുമാരിയും ഭർത്താവും തങ്ങൾ പണ്ടു താമസിച്ചിരുന്ന ആർഎംവി റോഡിലെ പഴയ വാടക വീടിന്റെ മുന്നിലേക്കു പോയി. അവിടെ എല്ലാവർക്കും പദ്മകുമാരിയുടെ പൂച്ചകളെ അറിയാം.

അന്നു പകൽ മുഴുവൻ ആ പരിസരത്ത് അന്വേഷിച്ചു നടന്നു. കണ്ടില്ല. പിറ്റേന്നു രാവിലെ വീണ്ടും ആർഎംവി റോഡിൽ ചെന്നപ്പോൾ രണ്ടാമൻ ചിഞ്ചു പഴയ വാടക വീടിനു മുന്നിലിരുന്നു കരയുന്നു. പദ്മകുമാരിയെ കണ്ടപാടെ ചിഞ്ചുവോടി വന്നു. അവനെ പദ്മകുമാരിയും ഭർത്താവും വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരുമ്പോഴും ചിക്കുവിനെക്കുറിച്ചു യാതൊരു വിവരങ്ങളുമില്ല. കാണാതെ പോയ മൂന്നാമനു വേണ്ടി ഉറക്കമില്ലാത്ത രണ്ടു രാത്രികൾക്കു ശേഷമാണ്, പത്രത്തിൽ പരസ്യം ചെയ്യുവാൻ പദ്മകുമാരി തീരുമാനിച്ചത്.

cat

എളമക്കരയിലെ മുഴുവൻ വീടുകളും കയറിയുള്ള അന്വേഷണത്തിനു ശേഷമാണ്, വെള്ളിയാഴ്ച ആറു ലോക്കൽ പേജുകളിലായി പരസ്യം കൊടുക്കുന്നത്. കാണാതെ പോകുന്ന പൂച്ചകൾ അഞ്ചുകിലോമീറ്റർ ചുറ്റളവിനുള്ളിൽ കാണുമെന്ന വിദഗ്ദ്ധോപദേശം മൃഗഡോക്ടറിൽ നിന്നു ലഭിച്ചതിനാൽ എറണാകുളം പേജുകളിലാണു പരസ്യം നൽകിയത്. ശനിയാഴ്ച രാവിലെ ഒരു സ്ത്രീ വിളിച്ചു. എയർപോർട്ടിൽ നിന്നു വരുന്ന വഴിക്ക് ഒരു പൂച്ച വണ്ടിയിടിച്ചു ചത്തുകിടക്കുന്നതു കണ്ടുവെന്നായിരുന്നു കോൾ. മോഹനൻ വണ്ടിയുമായി ഓടി മുൻസിപ്പാലിറ്റിയിൽ പോയി പൂച്ചയുടെ മൃതദേഹം കണ്ടു. അത് വേറൊരു പൂച്ചയായിരുന്നു.

cat

ഉച്ചക്കു ചക്കരപ്പറമ്പിൽ നിന്നൊരു കോൾ വന്നു. അവിടെ ഒരു ഒരു കെട്ടിടത്തിന്റെ പോർച്ചിൽ നിന്ന് ചൊവ്വാഴ്ച രാവിലെ മുതൽ ഒരു പൂച്ച കരയുന്നുണ്ട്. ലക്ഷണം കണ്ടിട്ട് നിങ്ങളുടെ പൂച്ചയാകാനാണു സാധ്യതയെന്നാണ് ഉള്ളടക്കം. അന്നു രാത്രി ഏഴു മണി മുതൽ രാത്രി പന്ത്രണ്ടു മണി വരെ ചിക്കു വരുമെന്നു വിചാരിച്ച് മോഹനും പദ്മകുമാരിയും ചക്കരപ്പറമ്പിലെ പോർച്ചിൽ കുത്തിയിരുന്നു. ചിക്കു വന്നില്ല. ശനിയാഴ്ച പുലർച്ചെ മൂന്നുമണിമുതൽ രാവിലെ പത്തുമണി വരെ ക്ഷമയോടെ കാത്തിരുന്നു. നിരാശയായിരുന്നു ഫലം. എളമക്കരയിൽ അന്വേഷണം നിർത്തി ചക്കരപ്പറമ്പിലാക്കി മുഴുവൻ സമയവും. ആരെങ്കിലും എടുത്തുകൊണ്ടു വന്നതാകാമെന്ന നിലപാടിലായിരുന്നു വെറ്റിനറി ഡോക്ടർ.

cat

പൂച്ചയെ കിട്ടാൻ വേണ്ടി പദ്മകുമാരി നേരാത്ത പ്രാർത്ഥനയും കഴിക്കാത്ത വഴിപാടുമില്ലാത്ത അവസ്ഥയായി. ആരോ പറഞ്ഞു, പേരണ്ടൂർ ക്ഷേത്രത്തിൽ നിർമാല്യം തൊഴാമെന്നു നേരാൻ. അതും ചെയ്തു. തിങ്കളാഴ്ച രാവിലെ നിർമാല്യം തൊഴുതിട്ടു തിരിച്ചു വന്ന്, വീണ്ടും ചക്കരപ്പറമ്പിൽ പോയി. അവിടെ വീടുകളിലും ഹോട്ടലുകളിലും കടകളിലുമെല്ലാം ഫോട്ടോ കാണിച്ചു വിസിറ്റിങ് കാർഡും നൽകി അന്വേഷണം നടത്തി. ഒരു രക്ഷയുമില്ല. കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു പദ്മകുമാരി.

അവസാന ശ്രമമെന്ന നിലയിൽ വീണ്ടും ആർഎംവി റോഡിൽ എത്തി അന്വേഷണം തുടങ്ങി. ചേച്ചീ നിങ്ങടെ പൂച്ചയെ ഇന്നലെ കണ്ടുവെന്ന് ഒരു കുഞ്ഞുചെക്കൻ പദ്മകുമാരിയോട് പറഞ്ഞു. ചെക്കൻ നുണ പറഞ്ഞതാകുമെന്നാണ് പദ്മകുമാരി കരുതിയത്. ചക്കരപ്പറമ്പിൽ കിടക്കുന്ന പൂച്ചയെങ്ങനെ എളമക്കരയിൽ വരാൻ. ഉച്ചയായപ്പോൾ മോഹന് വീണ്ടും കോൾ വന്നു. പൂച്ച പോർച്ചിൽ വീണ്ടും വന്നിട്ടുണ്ടെന്ന്. അവിടെ ചെന്നപ്പോൾ അതും വേറൊരു പൂച്ചയായിരുന്നു. വീണ്ടും ആർഎംവി റോഡിൽ തന്നെ അന്വേഷണം കേന്ദ്രീകരിച്ചു. പദ്മകുമാരി പണ്ടത്തെ അയൽവാസിയായ ഒരു ടീച്ചറെ വിളിച്ചു. ടീച്ചർ ചെക്കൻ പറഞ്ഞത് ശരിയാകാൻ സാധ്യതയുണ്ട്, ഇന്നലെ രാത്രി കരച്ചിൽ കേട്ടുവെന്ന് പറഞ്ഞു. വല്ലാത്ത കരച്ചിലായിരുന്നു, ഞങ്ങൾ മൂന്നാലു വീട്ടുകാർ പോയി അന്വേഷിച്ചു, കണ്ടില്ല, പദ്മ വന്ന് ഒന്നൂകൂടെ നോക്കിക്കൂടെയെന്ന് ചോദിച്ചു.

cat

ഭർത്താവും ഭാര്യയും കൂടെ ആർഎംവി റോഡ് അരിച്ചുപെറുക്കി. രണ്ടുമൂന്ന് വീട്ടുകാർ പൂച്ചയെ കണ്ടതായി പറഞ്ഞതോടെ ഇരുവരുടെയും സന്തോഷം കൂടി. വെറുതെയിരിക്കാൻ തോന്നിയില്ല. പൂച്ചയെ കണ്ടുകിട്ടുന്നവർക്ക് പ്രതിഫലം രേഖപ്പെടുത്തി മൂവായിരം നോട്ടീസുകൾ അച്ചടിച്ചു തിങ്കളാഴ്ച പത്രത്തിൽ വച്ചു വിതരണം ചെയ്തു. കുറേ കോളുകൾ വന്നു. തലേന്നു രാവിലെ പൂച്ചയെ ഞെളിയത്തു പറമ്പ് ലൈനിൽ കണ്ടുവെന്നായിരുന്നു കോളുകളിൽ പറഞ്ഞത്. അങ്ങനെ ഞെളിയത്തു പറമ്പ് ലൈനിലായി അന്വേഷണം.

പൂച്ചയെ കുറിച്ച് ഒരു വിവരവുമില്ലാതായപ്പോൾ പദ്മകുമാരി ജ്യോത്സ്യനെ കണ്ടു. മൃത്യുഞ്ജയ ഹോമം കഴിക്കാനായിരുന്നു ജോത്സ്യന്റെ പ്രതിവിധി. ഇന്നലെ രാവിലെ വഴിപാടും കഴിച്ചു വരുന്നവഴിക്ക് എളമക്കര മേഴ്സി ഗാർഡൻസിൽ നിന്നൊരു കോൾ വന്നു, പൂച്ചയെ അവിടെ കണ്ടുവെന്ന്. അവിടെയും പോയി അന്വേഷിച്ചു. കിട്ടിയില്ല. എല്ലാ പ്രതീക്ഷയും പോയി. പൂച്ച പോയതിനു ശേഷം പദ്മകുമാരിയുടെ വീട്ടിൽ ഭക്ഷണം പോലും ഉണ്ടാക്കിയിരുന്നില്ല. കട്ടൻചായ ഉണ്ടാക്കി കുടിച്ച് നിരാശയോടെ കിടന്നുറങ്ങി.

cat

പിറ്റേന്ന് രാവിലെ എളമക്കരയിലെ പൂവമ്പിള്ളി ലൈനിൽ നിന്നൊരു കുട്ടി വിളിച്ചു. നിങ്ങളുടെ പൂച്ചയൊരു ടെറസിൽ നിന്ന് പാരപ്പറ്റിലേക്ക് ചാടിയിട്ടുണ്ട്. താഴേക്കു ചാടാനും മുകളിലേക്ക് കയറാനുമാകാതെ അവനവിടെ കുടുങ്ങിക്കിടക്കുവാണെന്ന് കുട്ടി പറഞ്ഞു. ഓടിപ്പിടിച്ച് അവിടെ ചെന്നപ്പോൾ അതവൻ തന്നെ. അങ്ങനെ പത്തുദിവസത്തെ അന്വേഷണത്തിനും അലച്ചിലിനും ശേഷം പദ്മകുമാരിയും മോഹനനും തങ്ങളുടെ കാണാതെ പോയ മകനെ കണ്ടെത്തി. അയ്യായിരം നോട്ടീസുകൾ എറണാകുളത്തിന്റെ വിവിധ മേഖലകളിൽ വിതരണം ചെയ്യാനിരിക്കെയാണ് ചിക്കുവിന്റെ തിരിച്ചെത്തൽ. മോഹനനും പദ്മകുമാരിയും ഹാപ്പിയാണ്. കാണാതെ പോയ ഇളയമകനെ ഒരുപാട് ദിവസത്തിന് ശേഷം കണ്ടുകിട്ടിയതിന്റെ സന്തോഷത്തിലാണ്.