നോട്ടുനിരോധനത്തില്‍ നിങ്ങള്‍ക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ? ജനങ്ങളെ ആപ്പിലാക്കുന്ന ചോദ്യങ്ങളുമായി മോദി ആപ്പ്

നോട്ടുനിരോധനം രാജ്യത്ത് മറ്റൊരു സാമ്പത്തിക അടിയന്തിരാവസ്ഥ സൃഷ്ടിച്ച സാഹചര്യത്തിലാണ് വിവിധ ചോദ്യങ്ങളുന്നയിച്ച് മോദി ആപ്പുമായി പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. നരേന്ദ്രമോദി എന്ന ഔദ്യോഗിക ആപ്പിലാണ് ജനങ്ങളുടെ അഭിപ്രായം തേടാന്‍ 10 ചോദ്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

നോട്ടുനിരോധനത്തില്‍ നിങ്ങള്‍ക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ? ജനങ്ങളെ ആപ്പിലാക്കുന്ന ചോദ്യങ്ങളുമായി മോദി ആപ്പ്

രാജ്യത്ത് അസാധുവാക്കിയ നോട്ടുകള്‍ മാറാന്‍ ബാങ്കുകളില്‍ ജനം ക്യൂ നിന്ന് വലയുമ്പോള്‍ 'നോട്ടുനിരോധനം നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയോ' എന്ന ചോദ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആപ്പ്. നോട്ടുനിരോധനം രാജ്യത്ത് മറ്റൊരു സാമ്പത്തിക അടിയന്തിരാവസ്ഥ സൃഷ്ടിച്ച സാഹചര്യത്തിലാണ് വിവിധ ചോദ്യങ്ങളുന്നയിച്ച് മോദി ആപ്പുമായി പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. നരേന്ദ്രമോദി എന്ന ഔദ്യോഗിക ആപ്പിലാണ് ജനങ്ങളുടെ അഭിപ്രായം തേടാന്‍ 10 ചോദ്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.


രാജ്യത്ത് കളളപ്പണം നിലനില്‍ക്കുന്നതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എന്നു തുടങ്ങി മോദിയുമായി പങ്കുവെയ്ക്കാന്‍ നിര്‍ദ്ദേശങ്ങളോ അഭിപ്രയങ്ങളോ നിങ്ങള്‍ക്കുണ്ടോ എന്നു പറഞ്ഞാണ് ചോദ്യങ്ങള്‍ അവസാനിക്കുന്നത്. അഴിമതിക്കാശും കള്ളപ്പണവും കൊണ്ടാണ് രാജ്യത്തെ അഴിമതിവിരുദ്ധ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നതെന്ന വിചിത്രമായ ആരോപണം ഉള്‍പ്പെടുത്തിയുള്ള ചോദ്യവും മോദി ആപ്പിലുണ്ട്. നോട്ടുകള്‍ പിന്‍വലിച്ച തീരുമാനത്തെക്കുറിച്ച് ഓണ്‍ലൈന്‍ വഴി മാര്‍ക്കിടണമെന്ന സാരോപദേശം നേരത്തെ തന്നെ പ്രധാനമന്ത്രി നല്‍കിയിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് പുതിയ ചോദ്യപരിപാടി. എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത സാധാരണക്കാര്‍ എങ്ങനെ ഓണ്‍ലൈന്‍ മാര്‍ക്കിടല്‍ നടത്തുമെന്ന ചോദ്യമാണ് ജനങ്ങളില്‍ നിന്നുയരുന്നത്.

ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങള്‍ ഇവയാണ്

1, രാജ്യത്ത് കളളപ്പണം നിലനില്‍ക്കുന്നതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ?

2, കള്ളപ്പണവും അഴിമതിയും രാജ്യത്ത് നിന്ന് തുടച്ചു നീക്കണോ ?

3, കള്ളപ്പണത്തെ നേരിടാന്‍ ഗവണ്‍മെന്റ് എടുത്ത നീക്കത്തെ നിങ്ങള്‍ എങ്ങനെ നോക്കികാണുന്നു ?

4, നാളിതുവരെയായി അഴിമതികള്‍ക്കെതിരായി മോദി ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളെപ്പറ്റി എന്ത് തോന്നുന്നു?

5, 500, 1000 നോട്ടുകള്‍ പിന്‍വലിച്ച മോദി സര്‍ക്കാര്‍ നീക്കത്തോട് എന്ത് തോന്നുന്നു?

6, നോട്ടുനിരോധനം തീവ്രവാദത്തെയും കള്ളപ്പണത്തെയും അഴിമതിയെയും ഉന്മൂലനം ചെയ്യുമെന്ന് വിചാരിക്കുന്നുണ്ടോ ?

7, നോട്ടുനിരോധനം മൂലം ഭൂമി ക്രയവിക്രയങ്ങളും ഉന്നത വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും സാധാരണക്കാരന്റെ പരിധിയിലേക്ക് എത്തിച്ചേരുമെന്ന് വിചാരിക്കുന്നുണ്ടോ

8, അഴിമതിയും കള്ളപ്പണവും തുടച്ചുനീക്കാനുള്ള ഞങ്ങളുടെ യുദ്ധത്തില്‍ നിങ്ങള്‍ക്കെന്തെങ്കിലും ബുദ്ധിമുട്ടു നേരിട്ടിട്ടുണ്ടോ ?

9, അഴിമതിയുടേയും കള്ളപ്പണത്തിന്റെയും തീവ്രവാദത്തിന്റെയും ചുവടുപിടിച്ചാണ് ചില അഴിമതി വിരുദ്ധപ്രവര്‍ത്തകര്‍ പോരാട്ടം നടത്തുന്നതെന്ന് തോന്നലുന്നുണ്ടോ?

10, മോദിയുമായി പങ്കുവെയ്ക്കാന്‍ നിര്‍ദ്ദേശങ്ങളോ അഭിപ്രയങ്ങളോ നിങ്ങള്‍ക്കുണ്ടോ ?

നോട്ടുനിരോധനം സാധാരണ ജനങ്ങളെ അങ്ങേയറ്റം ദുരിതത്തിലാക്കിയ പശ്ചാത്തലത്തില്‍ ചത്തവനെ വീണ്ടും കൊല്ലുകയാണ് കുരിക്കിലാക്കുന്ന ചോദ്യങ്ങളിലൂടെ. ഓണ്‍ലെന്‍ വഴി മാര്‍ക്കിടണമെന്ന പറയുന്ന അതേ വെബ്‌സൈറ്റിലാണ് കര്‍ഷകരെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നത്.

അതേസമയം, ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍ ജില്ലയിലെ സ്റ്റേറ്റ് ബാങ്കില്‍ പണം മാറ്റിയെടുക്കാന്‍ നിന്നവരെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന ദ്യശ്യങ്ങള്‍ രാജ്യമൊട്ടാകെ പ്രചരിക്കുമ്പോഴാണ് അവര്‍ക്കിടയിലേക്ക് ഇങ്ങനൊരു ആപ്പുമായി പ്രധാനമന്ത്രി രംഗപ്രവേശം ചെയ്യുന്നത്. ഇതിനോടകം, ഗുജറാത്തിലുള്‍പ്പെടെ രാജ്യവ്യാപകമായി സഹകരണബാങ്ക് ജീവനക്കാരും കര്‍ഷകരും പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിട്ടുണ്ട്. മാത്രമല്ല, നോട്ടുനിരോധനം ഇല്ലാതാക്കിയത് 55 പേരുടെ ജീവനാണ്. ഇതൊന്നും അറിയാതെയാണോ അഭിപ്രായം ആരായാനുള്ള ഓണ്‍ലൈന്‍ മാര്‍ക്കിടലുമായി പ്രധാനമന്ത്രി മുന്നോട്ടുവന്നിരിക്കുന്നതെന്നാണ് സാധാരണക്കാരന്റെ ചോദ്യം.

Read More >>