രാജ്യത്ത് 500,1000 രൂപാ നോട്ടുകളുടെ ഇടപാടുകള്‍ മരവിപ്പിച്ചു

ഈ നോട്ടുകളുടെ ക്രയവിക്രയം മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കള്ളപ്പണം തടയുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്.

രാജ്യത്ത് 500,1000 രൂപാ നോട്ടുകളുടെ ഇടപാടുകള്‍ മരവിപ്പിച്ചു

രാജ്യത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ 500, 1000 രൂപാ നോട്ടുകള്‍ക്ക് ഒരു കടലാസിന്റെ വില മാത്രം. ഈ നോട്ടുകളുടെ ക്രയവിക്രയം മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കള്ളപ്പണം തടയുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്.പ്രധാനമന്ത്രിയാണ് ഇത് ദില്ലിയില്‍ പ്രഖ്യാപിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ തീരുമാനം പ്രാബല്ല്യത്തില്‍ വരും.

ഇതു പ്രകാരം ഇപ്പോള്‍ ഈ നോട്ടുകള്‍ കയ്യിലുള്ളവര്‍ക്ക് 50 ദിവസത്തിനുള്ളില്‍ അടുത്തുള്ള പോസ്റ്റ് ഓഫീസിലോ, ബാങ്കിലോ ഈ നോട്ടുകള്‍ മാറ്റാം. ഇതോടൊപ്പം, നാളെയും മാറ്റന്നാളം എടിഎമ്മുകള്‍ അടച്ചിടും. എടിഎമ്മില്‍ നിന്ന് ഈമാസം 11 വരെ പിന്‍വലിക്കാവുന്നത് 2000 രൂപ മാത്രമാണ്. അതേസമയം, സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യ 72 മണിക്കൂര്‍ നേരത്തേക്ക് ഇതില്‍ ഇളവുണ്ട്. ഇവിടെ നവംബര്‍ 11 അര്‍ധരാത്രി വരെ മരവിപ്പിച്ച നോട്ടുകള്‍ സ്വീകരിക്കും. മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നു മരുന്ന് വാങ്ങാന്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോടെ 500, 1000 നോട്ടുകള്‍ ഉപയോഗിക്കാം. കൂടാതെ പെട്രോള്‍ പമ്പുകളും ചില്ലറവ്യാപാര സ്ഥാപനങ്ങളിലും നവംബര്‍ 11 വരെ 500, 1000 രൂപ നോട്ടുകള്‍ നല്‍കാം. എന്നാല്‍ അവര്‍ ഇതിന്റെ കൃത്യമായ റെക്കോഡ് സൂക്ഷിക്കണം. ശ്മശാനങ്ങളും സെമിത്തേരികളും ഈ ദിവസം വരെ ഇതേ പണം സ്വീകരിക്കാം.


ഭീകരര്‍ക്ക് പണം വരുന്നത് പാകിസ്ഥാനില്‍ നിന്നാണെന്നും കള്ളനോട്ട് ഒഴുക്കി പാകിസ്ഥാന്‍ ഇന്ത്യയെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഇത് ഒഴിവാക്കാനാണ് സുപ്രധാന തീരുമാനം. ജനങ്ങള്‍ക്ക് നഷ്ടമുണ്ടാകാതിരിക്കാന്‍ നടപടിയുണ്ടാകും. പണം നഷ്ടപ്പെടുമെന്ന ഭയം വേണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇപ്പോള്‍ കൈയ്യിലുള്ള പണം ഉപയോഗിച്ച് ട്രെയിന്‍ടിക്കറ്റ്, ബസ്ടിക്കറ്റ്, പ്ലെയിന്‍ ടിക്കറ്റ് എന്നിവ എടുക്കാം. അതേസമയം ഇപ്പോള്‍ നിരോധിച്ച് 500 നോട്ടുകള്‍ക്ക് പകരം പുതിയ കളറിലുള്ള നോട്ട് ഇറക്കും. ഒപ്പം പ്രശ്‌നം പരിഹരിക്കാന്‍ 2000ത്തിന്റെ പുതിയ നോട്ട് ഇറക്കുമെന്നുമാണ് പ്രധാനമന്ത്രിയുടെ വിശദീകരണം. ഡിസംബര്‍ 30 നുള്ളില്‍ മാറ്റിയെടുക്കാന്‍ കഴിയാത്തവര്‍ക്കും സഹായം നല്‍കുമെന്നും മോദി അറിയിച്ചു. ഇത്തരക്കാര്‍ക്ക് പ്രാദേശിക ആര്‍ബിഐ ഓഫിസുകളെ സമീപിക്കാം.

Read More >>