അദിതി കൊലക്കേസില്‍ പിതാവിനും രണ്ടാനമ്മയ്ക്കും മൂന്നു വർഷം തടവും പിഴയും

അദിതിയെ പ്രതികള്‍ പട്ടിണിക്കിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന പ്രോക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു

അദിതി കൊലക്കേസില്‍ പിതാവിനും രണ്ടാനമ്മയ്ക്കും  മൂന്നു വർഷം തടവും പിഴയും

കോഴിക്കോട്: ഏഴുവയസ്സുകാരിയായ അദിതിയെ ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ട് മര്‍ദ്ദിച്ചുകൊന്ന കേസില്‍ പിതാവ് തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രമണ്യന്‍ നമ്പൂതിരി, രണ്ടാനമ്മ ഷൊര്‍ണൂര്‍ കൊളപ്പുള്ളി പടിഞ്ഞാറെപാട്ട് സ്വദേശി റംല ബീഗം എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇരുവർക്കും മൂന്നു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കോഴിക്കോട് ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ ശങ്കരന്‍ നായരാണ് കേസിന്റെ വിചാരണ നടത്തിയത്. കൊലപാതക കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.


2013 ഏപ്രില്‍ 29നാണ് പിതാവിന്റേയും രണ്ടാനമ്മയുടേയും ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് അദിതി കൊല്ലപ്പെട്ടത്. ബിലാത്തികുളം ശിവക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു സുബ്രഹ്മണ്യം നമ്പൂതിരി. ബിലാത്തികുളം ബി.ഇ.എം യു.പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു അതിദി. കുഞ്ഞിനെ ക്രൂരമായ മര്‍ദ്ദനത്തിനാണ് രക്ഷിതാക്കള്‍ വിധേയരാക്കിയത്. കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിലും ഇടുപ്പിലും തിളച്ചവെള്ളം ഒഴിച്ച് ഇവര്‍ പൊള്ളിക്കുകയും ചെയ്തിരുന്നു. തലയിലുള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുഞ്ഞിന് മര്‍ദ്ദനമേറ്റതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഇടുപ്പിന്റെ ഇടതുഭാഗത്ത് ആഴത്തിലുള്ള ചതവും അണുബാധയുമാണ് മരണകാരണമായതെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അതിദി കൊല്ലപ്പെടുമ്പോള്‍ ആമാശയത്തില്‍ തലേദിവസം കഴിഞ്ഞ മാങ്ങയുടെ അവശിഷ്ടങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.

Read More >>