നിലമ്പൂര്‍ വനമേഖലയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്നുപേര്‍ കൊല്ലപ്പെട്ടു

മരിച്ചയാള്‍ മാവോയിസ്റ്റുകളുടെ കേന്ദ്ര കമ്മിറ്റി അംഗമാണെന്നും സൂചനയുണ്ട്. 12 അംഗ സംഘമാണ് ഇവിടെയുണ്ടായിരുന്നതെന്നും പ്രദേശത്തുനിന്ന് രക്ഷപെട്ട മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും ഡിഎഫ്ഒ സജി പറഞ്ഞു.

നിലമ്പൂര്‍ വനമേഖലയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്നുപേര്‍ കൊല്ലപ്പെട്ടു

നിലമ്പൂര്‍: നിലമ്പൂര്‍ വന മേഖലയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍.
സംഭവത്തില്‍ ഒരു സ്ത്രീ അടക്കം മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി പോലിസ് പറഞ്ഞു. കരുളായി- പടുക്ക വനമേഖലയിലാണ് സംഭവം. ഇന്നു രാവിലെ മുതല്‍ ഈ വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് കമാന്റോകളടങ്ങിയ പോലീസ് സംഘവും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നുവരുന്നതായാണ് സൂചന. ഇതേതുടര്‍ന്നാണ് മൂന്നുപേര്‍ക്ക് വെടിയേറ്റതെന്നാണ് കരുതുന്നത്.


മരിച്ചയാള്‍ മാവോയിസ്റ്റുകളുടെ കേന്ദ്ര കമ്മിറ്റി അംഗമാണെന്നും സൂചനയുണ്ട്. 12 അംഗ സംഘമാണ് ഇവിടെയുണ്ടായിരുന്നതെന്നും പ്രദേശത്തുനിന്ന് രക്ഷപെട്ട മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും ഡിഎഫ്ഒ സജി പറഞ്ഞു. പല സംഘങ്ങളായി തിരിഞ്ഞ് 150ലധികം പോലീസുകാരാണ് പ്രദേശത്ത് തെരച്ചില്‍ നടത്തുന്നത്.

പ്രദേശത്ത് ഡിഎഫ്ഒ അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സൈലന്റ് വാലി പ്രദേശത്ത് വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞമാസം മുണ്ടക്കടവ് കോളനിയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതിനു ശേഷം ഈ വനമേഖലയില്‍ തുടര്‍ച്ചയായ പരിശോധനകള്‍ നടന്നുവരികയാണ്. നേരത്തെ നടന്ന ഏറ്റമുട്ടലില്‍ മാവോയിസ്റ്റുകള്‍ പരിക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു.

Read More >>