പ്രവാസികള്‍ക്ക് 'ഡോളര്‍' നിരക്കില്‍ പ്രത്യേക അയ്യപ്പദർശനം; ദേവസ്വം ബോർഡ് തീരുമാനം വിവാദത്തില്‍

തിരക്ക് സമയത്ത് ശബരിമലയില്‍ ദർശനത്തിനെത്തുന്ന പ്രവാസികളായ അയ്യപ്പഭക്തരില്‍ നിന്നും 25 ഡോളർ കൈപ്പറ്റി ഓൺലൈനിലൂടെ പ്രത്യേക കൂപ്പൺ നല്‍കാനാണ് ദേവസ്വംബോർഡ് തീരുമാനിച്ചിരിക്കുന്നത്

പ്രവാസികള്‍ക്ക്

തിരുവനന്തപുരം: പ്രവാസികളായ അയ്യപ്പഭക്തരില്‍ നിന്നും കൂടുതല്‍ പണം വാങ്ങി പ്രത്യേക അയ്യപ്പദർശനം ഒരുക്കാനുള്ള തിരുവതാംകൂർ ദേവസ്വം ബോർഡ് തീരുമാനം വിവാദമാകുന്നു.

തിരക്ക് സമയത്ത് ശബരിമലയില്‍ ദർശനത്തിനെത്തുന്ന പ്രവാസികളായ അയ്യപ്പഭക്തരില്‍ നിന്നും  25 ഡോളർ കൈപ്പറ്റി ഓൺലൈനിലൂടെ പ്രത്യേക കൂപ്പൺ നല്‍കാനാണ് ദേവസ്വംബോർഡ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍  സർക്കാരിനോട് ആലോചിക്കാതെയാണ് ബോര്‍ഡ് ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയതോട് കൂടി സംഭവം കൂടുതല്‍ വിവാദമാവുകയാണ്.


എൻആർഐ ഫെസിലിറ്റി കൂപ്പൺ എന്ന പേരില്‍ പ്രവാസികള്‍ക്ക് പ്രത്യേക നിരക്കില്‍ പ്രത്യേക അയ്യപ്പദർശനം ഒരുക്കി കൂടുതല്‍ ഫണ്ട് കണ്ടെത്താനാണ്‌ ബോര്‍ഡ് ശ്രമിക്കുന്നത്.  കൂപ്പൺ എടുക്കുന്നവർക്ക് പമ്പമുതല്‍ സന്നിധാനം വരെ ക്യൂ നില്‍ക്കാതെ  എത്താൻ കഴിയുമെന്നും ദേവസ്വം ബോർഡ് അധികൃതർ പറയുന്നു.

മുഖ്യമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗത്തില്‍ പ്രത്യേക കൂപ്പൺ നല്‍കി തിരുപ്പതി മോഡല്‍ ദർശനം അനുവദിക്കണമെന്നു പറഞ്ഞപ്പോള്‍ എതിർത്തവരാണ് ഡോളർവാങ്ങി ദർശനം നല്‍കാൻ നീക്കം തുടങ്ങിയിരിക്കുന്നത്.

ദർശനത്തിന് കൂപ്പൺ അനുവദിക്കുന്നതിന് എതിരെയും വഴിപാടുകള്‍ക്കും പ്രസാദങ്ങള്‍ക്കും നിരക്ക് വർദ്ധിപ്പിച്ചതിനും എതിരെ കോടതിയെ സമീപിക്കാനാണ് ഹിന്ദുഐക്യവേദി ഉള്‍പ്പടെയുള്ള സംഘടനകളുടെ തിരുമാനം.

Read More >>