കേരളത്തിൽ റേഷന്‍ വിതരണം നിലച്ചിട്ട് 19 ദിവസം!

കഴിഞ്ഞ 49 ദിവസത്തോളമായി റേഷന്‍ മേഖല കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞമാസം 60 ശതമാനം എപിഎല്‍ കുടുംബങ്ങള്‍ക്ക് അരി ലഭിച്ചില്ലായിരുന്നു. 19 ദിവസമായി ബിപിഎല്‍ കുടുംബങ്ങള്‍ക്കും അരിയും ഗോതമ്പുമില്ല.

കേരളത്തിൽ റേഷന്‍ വിതരണം നിലച്ചിട്ട് 19 ദിവസം!

കോഴിക്കോട്: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ ദൂഷ്യംപേറുന്ന സാധാരണക്കാരന് ഇരുട്ടടി നല്‍കി റേഷന്‍ വിതരണവും പൂര്‍ണ്ണമായും നിലച്ചു. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള സാങ്കേതിക കുരുക്കുകളാണ് ഉപഭോക്താക്കള്‍ക്കും റേഷന്‍ വ്യാപാരികള്‍ക്കും ഒരുപോലെ പ്രഹരമായത്. അരി, ഗോതമ്പ് വിതരണം ഏറെക്കുറെ എല്ലാ റേഷന്‍ കടകളിലും പൂര്‍ണ്ണമായും നിലച്ചിട്ടുണ്ട്.

കഴിഞ്ഞ 49 ദിവസത്തോളമായി റേഷന്‍ മേഖല കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞമാസം 60 ശതമാനം എപിഎല്‍ കുടുംബങ്ങള്‍ക്ക് അരി ലഭിച്ചില്ലായിരുന്നു. 19 ദിവസമായി ബിപിഎല്‍ കുടുംബങ്ങള്‍ക്കും അരിയും ഗോതമ്പുമില്ല.


ഓരോ കിലോ അരിക്കും സംസ്ഥാന സര്‍ക്കാര്‍ മൂന്ന് രൂപ വീതം എഫ്‌സിഐ(ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ)യില്‍ അടയ്ക്കണം. സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി തുക അടയ്ക്കാത്തതാണ് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.

സംസ്ഥാനത്ത് 82 ലക്ഷം കാര്‍ഡുമകളാണുള്ളത്. ഇവിടെയുള്ള 14,268 റേഷന്‍ കടകളിലും ആവശ്യസാധനങ്ങളായ അരിയും ഗോതമ്പുമില്ല. ആവശ്യ വസ്തുക്കള്‍ ഉടന്‍ എത്തിക്കുമെന്ന് സിവില്‍ സ്‌പ്ലൈസ് അധികൃതര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും പ്രതിസന്ധി തുടരുകയാണ്. നോട്ട് പ്രതിസന്ധികൂടി വന്നതോടെ ഉപഭോക്താക്കള്‍ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.

റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ ഇനത്തില്‍ മാത്രം 100 കോടി രൂപയാണ് സര്‍ക്കാറില്‍ നിന്ന് ഇതുവരെ ലഭിക്കാനുള്ളത്. എട്ടുമാസമായി റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ ലഭിക്കുന്നില്ല. മാത്രമല്ല കയ്യില്‍ സൂക്ഷിച്ചിട്ടുള്ള 500, 1000 നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ദിവസങ്ങളായി ഇവരും നെട്ടോട്ടത്തിലാണ്.

ഇടനിലക്കാരില്ലാതെ എഫ്‌സിഐയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ സാധനങ്ങള്‍ വാങ്ങി റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. ഭക്ഷ്യസുരക്ഷാ പദ്ധതിയിലെ പട്ടികയില്‍ കേരളവും ഇടംനേടിയതോടെ പ്രയോറിറ്റി പട്ടികയില്‍ വരുന്ന 34 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി അരി വിതരണം ചെയ്യണം.

ഇന്ന് മുതല്‍ അരിയെത്തിയേക്കുമെന്നാണ് ലഭിച്ച വിവരമെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി മുഹമ്മദലി നാരദാ ന്യൂസിനോട് പറഞ്ഞു.

ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കിയാലേ അരിയും ഗോതമ്പും നല്‍കുകയുള്ളുവെന്ന കേന്ദ്രസര്‍ക്കാറിന്റെ കടുംപിടുത്തമാണ് റേഷന്‍ സാധനങ്ങളുടെ ക്ഷാമത്തിന് കാരണമായത്. ഇതേത്തുടര്‍ന്ന് 2016 നവംബര്‍ 14 മുതലാണ് ഭക്ഷ്യസുരക്ഷാ പദ്ധതി സംസ്ഥാനത്ത് തിരക്കിട്ട് നടപ്പാക്കിയത്. എന്നാല്‍ മതിയായ മുന്നൊരുക്കങ്ങള്‍ നടത്താത്ത സാഹചര്യത്തില്‍ 2017 ഏപ്രില്‍ മുതല്‍ മാത്രമേ ഇത് പൂര്‍ണ്ണമായ തോതില്‍ കേരളത്തില്‍ നടപ്പാക്കാനാകൂ എന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്നതിനിടെയാണ് റേഷന്‍ വിതരണവും നിലച്ചിരിക്കുന്നത്.

Read More >>