പനിയുമായി വന്ന പതിമൂന്നുകാരനെ ചികിത്സിച്ചത് മരിച്ച വൃക്കരോഗിയുടെ ചാര്‍ട്ട് നോക്കി; പ്രതിഷേധം ശക്തമാകുന്നു

പനിയുമായി വന്ന പതിമൂന്നുകാരനെ ആലുവ ജില്ലാ ആശുപത്രിയില്‍ ചാര്‍ട്ടു മാറി ചികിത്സിച്ച നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ആലുവ സ്വദേശി ഉമര്‍ ഫാറൂഖിനെയാണ്(13) രണ്ട് മാസം മുന്‍പ് വ്യക്കരോഗം മൂലം മരിച്ച 39 കാരന്റെ ചാര്‍ട്ട് നോക്കി പരിശോധിച്ചത്.

പനിയുമായി വന്ന പതിമൂന്നുകാരനെ ചികിത്സിച്ചത് മരിച്ച വൃക്കരോഗിയുടെ ചാര്‍ട്ട് നോക്കി; പ്രതിഷേധം ശക്തമാകുന്നു

കൊച്ചി: പനിയുമായി വന്ന പതിമൂന്നുകാരനെ ആലുവ ജനറല്‍ ആശുപത്രിയില്‍ ചാര്‍ട്ടു മാറി ചികിത്സിച്ച നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ആലുവ നഗരസഭ പൈപ്പ് ലൈന്‍ റോഡില്‍ പുറമ്പോക്കില്‍ കഴിയുന്ന മഠത്തിപ്പറമ്പില്‍ മുംതാസിന്റെ രണ്ടാമത്തെ മകന്‍ ഉമര്‍ ഫാറൂഖിനെയാണ്(13) രണ്ട് മാസം മുന്‍പ് വൃക്കരോഗം മൂലം മരിച്ച 39 കാരന്റെ ചാര്‍ട്ട് നോക്കി പരിശോധിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആശുപത്രി അധികൃതര്‍ ഉറപ്പു നല്‍കിയെങ്കിലും പേരിനു പോലും അന്വേഷണം ഉണ്ടായില്ല. സാമ്പത്തിക പരാധീനതയെ തുടര്‍ന്ന് വീട്ടില്‍ തന്നെ കഴിയുകയായിരുന്ന ഉമറിനെ പെരിയാര്‍ വാലി റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസം എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ആലുവ എസ്എന്‍ഡിപി ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഉമര്‍ ഫാറുഖ് കഴിഞ്ഞ മാസം വരെ സ്‌കൂളില്‍ പോയിരുന്നു. എന്നാൽ  ചികിത്സയെ തുടര്‍ന്ന് ഉമർ പൂർണമായും കിടപ്പിലായെന്ന് അമ്മ മുംതാസ് പറയുന്നു. സംഭവമറിഞ്ഞ് രാഷ്ട്രീയ സംഘടനകളടക്കം നിരവധി പേര്‍ പ്രതിഷേധവുമായി ആശുപത്രിയില്‍ എത്തിയിരുന്നുവെന്നുവെങ്കിലും പിന്നീട് ഇവരാരും തന്നെ കുട്ടിയുടെ കാര്യത്തില്‍ ഇടപെട്ടില്ലെന്നും മുംതാസ് ആരോപിക്കുന്നു. ആശുപത്രിയുടെ നടത്തിപ്പുകാരായ ജില്ലാ പഞ്ചായത്തും ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണെന്നും ഉമറിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.

സെപ്തംബര്‍ അവസാനത്തോടെയാണ് ഉമറിന് പനി പിടിച്ചത്. രോഗം മൂർച്ഛിച്ചതോടെ സ്വകാര്യ ആശുപത്രിയിലെ ശിശു രോഗ വിദഗ്ധനെ കാണിച്ചു. ഡോക്ടറുടെ ഫീസും മരുന്നിന്റെ വിലയും താങ്ങാനുളള സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ ഒക്ടോബര്‍ അഞ്ചാം തീയതിയാണ് ഉമറിനെ ആലുവാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിക്ക് ടൈഫോയിഡ് ഉളളതായി സംശയിക്കുന്നതായി ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞതായി മുംതാസ് പറയുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്‌കാനിങ്ങും യൂറിന്‍ കള്‍ച്ചറും അടക്കമുളള പരിശോധനകള്‍ നടത്തി കുട്ടിയുടെ വൃക്കയില്‍ നിര്‍ക്കെട്ട് ഉണ്ടെന്നും വയര്‍ തുളച്ച് ട്യൂബ് ഇടണമെന്നും ഡോക്ടര്‍ പറഞ്ഞു. ഇതിനിടെ കുട്ടിയുടെ ചാര്‍ട്ടില്‍ വച്ചിരുന്ന പരിശോധനാഫലത്തില്‍ മറ്റൊരാളുടെ പേര് കണ്ട് സംശയം തോന്നിയതോടെ നടത്തിയ അന്വേഷണത്തിലാണ് രണ്ടു മാസം മുന്‍പേ വൃക്ക രോഗത്തിനു ചികിത്സയിലായിരിക്കേ മരിച്ച ബിജു(39) എന്നയാളിന്റെ പരിശോധന ഫലമാണെന്ന് മനസിലായത്.
ഇയാള്‍ കിടന്നിരുന്ന അതേ കട്ടിലില്‍ തന്നെയാണ് ഉമറിനെയും കിടത്തിയിരുന്നത്. സംഭവം അറിഞ്ഞതോടെ നാട്ടുകാരും രാഷ്ട്രീയക്കാരും ഇടപെട്ടു. ആശുപത്രിയില്‍ ബഹളമായതിനെ തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഉപരോധം പിന്‍വലിച്ചത്. തുടര്‍ന്ന് അന്വേഷണം പോലും ഉണ്ടായില്ല. ചികിത്സിച്ച ഡോക്ടര്‍ തനിക്ക് ഒരു അബദ്ധം പറ്റിയതാണെന്നും കൂടുതല്‍ പ്രശ്‌നം ഉണ്ടാക്കരുതെന്നും ചികിത്സാ ചിലവ് നല്‍കാമെന്നും നേരിട്ടു പറഞ്ഞിരുന്നു. പിന്നീട് ആശുപത്രിയോ ഡോക്ടറോ തങ്ങളുടെ കാര്യത്തില്‍ ഇടപെട്ടില്ലെന്നും മുംതാസ് പറയുന്നു.

എന്നാൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍. വൃക്കരോഗി കിടന്ന കട്ടിലാണ് ഉമറിനെ കിടത്തിയിരുന്നതെന്ന്.  ആ രോഗി മരിച്ചിട്ട് മാസങ്ങളായെങ്കിലു കടിക്കയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന പരിശോധന ഫലം എടുത്തുമാറ്റിയിരുന്നില്ലെന്നായിരുന്നു ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. ആ കുറിപ്പ് അനുസരിച്ച് കുട്ടിക്ക് മരുന്നുകള്‍ നല്‍കിയിട്ടില്ലെന്നും കുറിപ്പില്‍ മറ്റൊരാളുടെ പേര് കണ്ടെത്തിയത് കുട്ടിയുടെ അമ്മയല്ല ഡോക്ടര്‍ തന്നെയായിരുന്നുവെന്നും ആശുപത്രി സുപ്രണ്ട് ഡോ. പിഎസ് റോസമ്മ പറയുന്നു. രണ്ടു മാസമായി ആശുപത്രിയിലെ കിടക്ക വൃത്തിയാക്കിയില്ലെന്ന് പറയുന്നത് തന്നെ ആശുപത്രി അധികൃതരുടെ കൃത്യവിലോപത്തിന് ഉദാഹരണമാണെന്ന് പെരിയാര്‍വാലി റെസിഡന്റ് അസോസിയേഷന്‍ സെക്രട്ടറി ജോസ് അക്കരക്കാരന്‍ പറഞ്ഞു.ഇതിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം നാരദാ ന്യൂസിനോട് പറഞ്ഞു.

ഭര്‍ത്താവ് ഉപേക്ഷിച്ച മുംതാസ് വീടുകളില്‍ ജോലിക്ക് പോയാണ് ആറംഗ കുടുംബത്തെ പുലര്‍ത്തിയിരുന്നത്. മൂത്തമകന്‍ പതിനഞ്ചുകാരനായ യാസറിന് അടുത്തിടെ ശസ്ത്രക്രിയയക്ക് വിധേയനായിരുന്നു. മുംതാസിന്റെ  മാതാപിതാക്കളും രോഗികളാണ്. ഇവരുടെ മൂത്തസഹോദരി ജോലി തേടി 13 വര്‍ഷം മുന്‍പ് ഗള്‍ഫില്‍ പോയിരുന്നുവെങ്കിലും അവരെ കുറിച്ച് യാതോരു വിവരവും ഇല്ല. ഇവരുടെ മകനും മുംതാസിന്റെ സംരക്ഷണിയിലാണ്. ശരീരം തളര്‍ന്ന് കുറച്ചു കാലം കിടപ്പിലായ മുംതാസ് കുറച്ചു നാളുകള്‍ക്കു മുന്‍പാണ് വീട്ടു ജോലിക്കിറങ്ങിയത്.

ഉമർ ഫാറൂഖിനെ സാമ്പത്തികമായി സഹായിക്കാൻ


Mumthas. M H

Account No:05620100011686

Bank Of Baroda Aluva

(ഈ അക്കൗണ്ടുമായി നാരദാ ന്യൂസിന് ഒരു ബന്ധവുമില്ല. )

Read More >>