സഹായിക്കാന്‍ വന്നവര്‍ക്ക് താത്പര്യം പബ്ലിസിറ്റി: പണമില്ലാത്തതിനാല്‍ 13 കാരന്‍ ആശുപത്രി വിട്ടു

വൃക്കരോഗിയുടെ ചാര്‍ട്ട് നോക്കി ചികിത്സിച്ചതിനാല്‍ ഗുരുതരാവസ്ഥയിലായ പതിമൂന്നുകാരന്‍ പണമില്ലാത്തതിനാല്‍ ആശുപത്രി വിട്ടു. ആലുവ മഠത്തിപ്പറമ്പില്‍ മുംതാസിന്റെ മകന്‍ ഉമര്‍ ഫാറൂഖിന്റെ(13) ചികിത്സയാണ് സാമ്പത്തിക പ്രതിസന്ധിമൂലം മുടങ്ങിയത്.

സഹായിക്കാന്‍ വന്നവര്‍ക്ക് താത്പര്യം പബ്ലിസിറ്റി: പണമില്ലാത്തതിനാല്‍ 13 കാരന്‍ ആശുപത്രി വിട്ടു

കൊച്ചി: വൃക്കരോഗിയുടെ ചാര്‍ട്ട് നോക്കി ചികിത്സിച്ചതിനാല്‍ ഗുരുതരാവസ്ഥയിലായ പതിമൂന്നുകാരന്‍ ചികിത്സയ്ക്ക് പണമില്ലാത്തതിനാല്‍ ആശുപത്രി വിട്ടു. ആലുവ മഠത്തിപ്പറമ്പില്‍ മുംതാസിന്റെ മകന്‍ ഉമര്‍ ഫാറൂഖിന്റെ(13) ചികിത്സയാണ് സാമ്പത്തിക പ്രതിസന്ധിമൂലം മുടങ്ങിയത്. ചികിത്സ ഏറ്റെടുത്ത റസിഡന്റ് അസോസിയേഷന്‍ വാഗ്ദാനം ചെയ്ത സഹായം നല്‍കാതിരുന്നപ്പോഴാണ്  ആശുപത്രി വിടേണ്ടി വന്നത്.  സഹായം വാഗ്ദാനം ചെയ്ത് മുന്നോട്ടു വന്ന അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ ഫോട്ടോ എടുക്കാനും വാര്‍ത്ത നല്‍കാനും മുന്നില്‍ തന്നെ നിന്നുവെങ്കിലും  കാര്യത്തോട് അടുത്തപ്പോള്‍ കൈമലര്‍ത്തുകയായിരുന്നു. ഒരു നേരത്തെ ആഹാരം പോലും ഉമറിന് നല്‍കാന്‍ പണമില്ലാതെയായപ്പോഴാണ് ആശുപത്രി വിടാന്‍ ഉമ്മ മുംതാസ് നിര്‍ബന്ധിതയായത്.


ഇന്നലത്തെ പ്രമുഖ പത്രങ്ങളിലെല്ലാം അവശ നിലയിലായ ഉമറിനെ പെരിയാര്‍വാലി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിന്റെ ചിത്രങ്ങള്‍ സഹിതം വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്ത നല്‍കാനും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി ആളാകാനും മുന്നില്‍ നിന്നവര്‍ ഒരു രൂപ പോലും കുഞ്ഞിനു വേണ്ടി ചിലവാക്കാന്‍ തയ്യാറായില്ലെന്നും ഉമറിന്റെ ഉമ്മ മുംതാസ് പറയുന്നു.

ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് നല്‍കിയ 5000 രൂപ മാത്രമാണ് തന്റെ കൈയ്യില്‍ ഉണ്ടായിരുന്നതെന്നും മുംതാസ് പറയുന്നു. സാമ്പത്തിക സഹായം ആവശ്യമുണ്ടെങ്കില്‍ പത്രത്തില്‍ അക്കൗണ്ട് നമ്പര്‍ നല്‍കി പരസ്യം ചെയ്യാനാണ് അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയും തന്നോട് പറഞ്ഞതെന്നും മുംതാസ് പറഞ്ഞു. പൈസയായി ഒന്നും തരാന്‍ നിവൃത്തിയില്ലെന്നും ഇവര്‍ പറഞ്ഞു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തകരും തന്നെ സഹായിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഉമറിനെ തങ്ങള്‍ ദത്തെടുത്തുവെന്ന നിലയില്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പ്രചാരണം നടത്തിയതോടെ തങ്ങളെ സാമ്പത്തികമായി സഹായിക്കാന്‍ ആരും മുന്നോട്ടു വരുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.

എന്നാല്‍ ഈ കുട്ടിയെ ദത്തെടുത്തിരുന്നില്ലെന്നും അവശനിലയിലായ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുക മാത്രമാണ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ചെയ്തതെന്നും പെരിയാര്‍വാലി അസോസിയേഷന്‍ സെക്രട്ടറി ജോസ് അക്കരക്കാരന്‍ നാരദാ ന്യൂസിനോട് പറഞ്ഞു. ഈ കുട്ടിയെ സാമ്പത്തികമായി സഹായിച്ചിരുന്നോയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ജോസ് അക്കരക്കാരന്‍ നല്‍കിയില്ല. തിരക്കിലാണെന്നും  ഈ കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നുമായിരുന്നു വിശദീകരണം.

ആലുവ എസ്എന്‍ഡിപി ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഉമര്‍ ഫാറൂഖ് കടുത്ത പനിയെ തുടര്‍ന്നാണ് ആലുവ താലുക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്‌കാനിങ്ങും യൂറിന്‍ കള്‍ച്ചറും അടക്കമുളള പരിശോധനകള്‍ നടത്തി. കുട്ടിയുടെ വൃക്കയില്‍ നിര്‍ക്കെട്ട് ഉണ്ടെന്നും വയര്‍ തുളച്ച് ട്യൂബ് ഇടണമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ഇതിനിടെ കുട്ടിയുടെ ചാര്‍ട്ടില്‍ വച്ചിരുന്ന പരിശോധനാഫലത്തില്‍ മറ്റൊരാളുടെ പേര് കണ്ട് സംശയം തോന്നിയതോടെ നടത്തിയ അന്വേഷണത്തിലാണ് രണ്ടു മാസം മുന്‍പേ വൃക്ക രോഗത്തിനു ചികിത്സയിലായിരിക്കേ മരിച്ച ബിജു(39) എന്നയാളിന്റെ പരിശോധന ഫലമാണെന്ന് മനസിലായത്. ഇയാള്‍ കിടന്നിരുന്ന അതേ കട്ടിലില്‍ തന്നെയാണ് ഉമറിനെയും കിടത്തിയിരുന്നത്. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന നിലപാടായിരുന്നു ആശുപത്രി അധികൃതര്‍ക്ക്.

ഭര്‍ത്താവ് ഉപേക്ഷിച്ച മുംതാസ് വീടുകളില്‍ ജോലിക്ക് പോയാണ് ആറംഗ കുടുംബത്തെ പുലര്‍ത്തിയിരുന്നത്. മൂത്തമകന്‍ പതിനഞ്ചുകാരനായ യാസര്‍ അടുത്തിടെ ശസ്ത്രക്രിയയക്ക് വിധേയനായിരുന്നു. മുംതാസിന്റെ  മാതാപിതാക്കളും രോഗികളാണ്. ഇവരുടെ മൂത്തസഹോദരി ജോലി തേടി 13 വര്‍ഷം മുന്‍പ് ഗള്‍ഫില്‍ പോയിരുന്നുവെങ്കിലും അവരെ കുറിച്ച് യാതോരു വിവരവും ഇല്ല. ഇവരുടെ മകനും മുംതാസിന്റെ സംരക്ഷണിയിലാണ്. ശരീരം തളര്‍ന്ന് കുറച്ചു കാലം കിടപ്പിലായ മുംതാസ് കുറച്ചു നാളുകള്‍ക്കു മുന്‍പാണ് വീട്ടു ജോലിക്കിറങ്ങിയത്.

Read More >>