ബല്ലാരിരാജ കേരളത്തിലെത്തി ജനഹൃദയങ്ങള്‍ കീഴടക്കിയിട്ട് 11 വര്‍ഷം; രാജമാണിക്യം മമ്മൂട്ടിയ്ക്ക് ഒരു ഹിറ്റും സുരാജിന് ജീവിതവുമായിരുന്നു

രാജമാണിക്യത്തില്‍ സുരാജ് ഇല്ലെങ്കിലും അദ്ദേഹം ആ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. നായികയയുടെ സഹോദരിയെ ക്ഷേത്രത്തിന് മുന്നില്‍ വച്ച് ശല്യപ്പെടുത്തുന്ന ഒരു പൂവില്‍പ്പനക്കാരന്റെ വേഷമായിരുന്നു അതില്‍ സുരാജിന് ഉണ്ടായിരുന്നത്...

ബല്ലാരിരാജ കേരളത്തിലെത്തി ജനഹൃദയങ്ങള്‍ കീഴടക്കിയിട്ട് 11 വര്‍ഷം; രാജമാണിക്യം മമ്മൂട്ടിയ്ക്ക് ഒരു ഹിറ്റും സുരാജിന് ജീവിതവുമായിരുന്നു

പോത്തുകച്ചവടക്കാരനായ ബല്ലാരിരാജ കേരളത്തിലെത്തി ജനഹൃദയങ്ങള്‍ കീഴടക്കിയിട്ട് 11 വര്‍ഷം. മലയാള സിനിമാ ചരിത്രത്തിലെ വമ്പന്‍ഹിറ്റുകളിലൊന്നായ രാജമാണിക്യത്തിന് മലയാളികള്‍ക്ക് മുന്നില്‍ പ്രത്യേകിച്ച് വിശേഷണങ്ങളുടെ ആവശ്യമൊന്നുമില്ല. നായക കഥാപാത്രത്തിന്റെ സംഭാഷണ ശൈലികൂടി വിജയത്തിനു കാരണമായ ഒരു ചിത്രമാണ് രാജമാണിക്യം. തലസ്ഥാന ജില്ലയിലെ തെക്കന്‍ മേഖലകളില്‍ ഉപയോഗിക്കുന്ന നീട്ടിവലിച്ച തമിഴ് കലര്‍ന്ന മലയാളം നായകനായ മമ്മൂട്ടി സംസാരിച്ചപ്പോള്‍ പ്രേക്ഷകര്‍ അതു രണ്ടുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. അവര്‍ പകരം സമ്മാനിച്ചതോ, ചിത്രത്തിന്റെ തിളക്കമാര്‍ന്ന വിജയവും.


മമ്മൂട്ടി സംസാരിക്കുന്ന തെക്കന്‍ ഭാഷയുടെ ഓരോ വാക്കും യഥാര്‍ത്ഥത്തില്‍ മറ്റൊരു താരത്തിന്റെ കൂടി ഉയര്‍ച്ചയുടെ ആരംഭമായിരുന്നു. മലയാളിയെ മതിവരുവോളം ചിരിപ്പിക്കുകയും പിന്നീട് ദേശീയതലത്തില്‍ മികച്ചനടനായി വിസ്മയിപ്പിക്കുകയും ചെയ്ത സുരാജ് വെഞ്ഞാറമൂടാണ് ആ നടന്‍. ഇന്ന് മലയാള ചലച്ചിത്രരംഗത്തെ നിറസാന്നിദ്ധ്യമായ സുരാജ് തന്റെ തിരക്കേറിയ സിനിമാ ജീവിതത്തിന് അടിസ്ഥാനമിട്ട ചിത്രം കൂടിയാണ് രാജമാണിക്യം. ആ ചിത്രത്തില്‍ ഒരു സീനില്‍പ്പോലും സുരാജ് ഇല്ലെങ്കിലും നായകനായ മമ്മൂട്ടിക്കൊപ്പം പേരും പ്രശസ്തിയും ചിത്രം സുരാജിനും സമ്മാനിച്ചു. മമ്മൂട്ടി സംസാരിക്കുന്ന തെക്കന്‍ തിരുവനന്തപുരം ഭാഷാശൈലി ചിത്രത്തിന് വേണ്ടി രൂപപ്പെടുത്തിയത് സുരാജായിരുന്നുവെന്നുള്ളതാണ് അതിനു കാരണം.

എന്നാല്‍ രാജമാണിക്യത്തില്‍ സുരാജ് ഇല്ലെങ്കിലും അദ്ദേഹം ആ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. നായികയയുടെ സഹോദരിയെ ക്ഷേത്രത്തിന് മുന്നില്‍ വച്ച് ശല്യപ്പെടുത്തുന്ന ഒരു പൂവില്‍പ്പനക്കാരന്റെ വേഷമായിരുന്നു അതില്‍ സുരാജിന് ഉണ്ടായിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം ആ സീനിനെ സിനിമയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. വളരെയേറെ സങ്കടം അനുഭവിച്ച ഒരു അവസ്ഥയെന്നാണ് ആ സാഹചര്യത്തെപ്പറ്റി സുരാജ് പിന്നീട് സൂചിപ്പിച്ചത്. പക്ഷേ രാജമാണിക്യം നായകന്റെ സംഭാഷണത്തിലൂടെ തിയേറ്ററില്‍ കത്തിക്കയറി സുരാജിന്റെ വേദനയ്ക്കുള്ള മറുമരുന്നായി മാറുകയായിരുന്നു.

കൈരളി ടിവിയിലെ 'ജഗപൊക' പരിപാടിക്കിടയിലാണ് രാജമാണിക്യത്തിന്റെ ഷൂട്ടിങ്ങുമായി സുരാജിന് സഹകരിക്കാന്‍ അവസരമുണ്ടാകുന്നത്. ഒരുദിവസം കൈരളി ടിവി സ്റ്റുഡിയോയില്‍ വച്ച് സുരാജിനെ കണ്ട മമ്മൂട്ടിയാണ് അതിനു അവസരമുണ്ടാക്കിയത്. സുരാജ് സിനിമയില്‍ സജീവമാകണമെന്ന ആഗ്രഹവുമായി നടക്കുന്ന സമയം കൂടിയായിരുന്നു അത്. മമ്മൂട്ടി 'തിരുവനന്തപുരം ശൈലി' സംസാരിക്കുന്ന ഒരു കഥാപാത്രമാകുന്ന പുതിയ ചിത്രത്തെക്കുറിച്ച് സുരാജിനോട് അന്ന് പറയുകയും അതിന് സഹായം ആവശ്യപ്പെടുകയും ചെയ്തു. എങ്ങനെയെങ്കിലും സിനിമ കൈയെത്തിപ്പിടിക്കണമെന്ന ആഗ്രഹവുമായി നടന്ന സുരാജ് അതിന് സമ്മതവും മൂളി.

പ്രമോദ് പപ്പന്‍ സംവിധാനം ചെയ്ത വജ്രം എന്ന സിനിമയുടെ കാര്യമാണ് മമ്മൂട്ടി അന്ന് സുരാജിനോട് സൂചിപ്പിച്ചത്. ചിത്രത്തിനുവേണ്ടി കുറച്ച് പ്രവര്‍ത്തനങ്ങളൊക്കെ സുരാജ് അന്ന് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പ്രസ്തുത ചിത്രത്തിന്റെ കഥയ്ക്ക് മാറ്റം വന്നു. നായകന്‍ തിരുവനന്തപുരം ശൈലി മാറ്റി സാധാരണ മലയാളം സംസാരിക്കുന്ന രീതിയിലേക്ക് മാറിയതോടെ സുരാജിന്റെ സിനിമാ മോഹവും ബാക്കിയായിക്കിടന്നു. അതിനുശേഷമാണ് ടിഎ ഷാഹിദിന്റെ രചനയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന രാജമാണിക്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വജ്രത്തിനു വേണ്ടി നായകന്‍ സംസാരിക്കുന്ന ശൈലി ഈ ചിത്രത്തില്‍ ഉപയോഗിക്കാന്‍ അണിയറക്കാര്‍ തീരുമാനിക്കുകയായിരുന്നു. ആ തീരുമാനമാണ് സുരാജിന്റെ ജീവിതത്തിന്റെ വഴിത്തിരിവായി മാറിയതും.

പിന്നീട് ചിത്രം സംവിധാനം ചെയ്യുന്നതില്‍ നിന്നും ചില അസൗകര്യങ്ങളാല്‍ രഞ്ജിത്ത് പിന്‍മാറുകയും പകരം അന്‍വര്‍ റഷീദ് എത്തുകയും ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പ്രവര്‍ത്തനങ്ങളില്‍ തന്റെ മറ്റു ചാനല്‍ തിരക്കുകള്‍ മാറ്റിവച്ച് സുരാജുമുണ്ടായിരുന്നു. ഒടുവില്‍ 2005 നവംബര്‍ 3 ന് ചിത്രം റിലീസായി തീയേറ്ററുകളിലെത്തി. അന്നുവരെയുള്ള മമ്മൂട്ടി ചിത്രങ്ങളുടെ റിക്കോര്‍ഡുകള്‍ തകര്‍ത്ത് ചിത്രം തകര്‍ത്തോടുകയായിരുന്നു. അന്നുവരെ അനുഭവിച്ച വേദനകള്‍ക്കും അവഗണനകള്‍ക്കും പരിഹാരമായെന്ന പോലെ ചിത്രത്തിനൊപ്പം തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ സുരാജും മലയാള ചലച്ചിത്രത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരികയും ചെയ്തു.