മരണത്തെ തടഞ്ഞു നിര്‍ത്താന്‍ 'തല മാറ്റല്‍' ശസ്ത്രക്രിയയ്ക്കൊരുങ്ങി ഒരു ഡോക്ടര്‍, അപ്രായോഗിക ആശയം എന്ന് വൈദ്യലോകം

നിരുല്‍സാഹജനകമായ പിന്തുണയാണ് ലഭിക്കുന്നത് എങ്കില്‍ പോലും ഡോ:കനാവെറോയുടെ പരീക്ഷണ ശസ്ത്രക്രിയക്ക് വിധേയനാകാന്‍ ഒരു യുവാവും തയ്യാറായിട്ടുണ്ട്. 31വയസ്സുള്ള റഷ്യന്‍ സ്വദേശിയായ വലേറി സ്പിരിദോനോവ് എന്ന കംപ്യുട്ടര്‍ പ്രോഗ്രാമറാണ് ഈ യുവാവ്.

മരണത്തെ തടഞ്ഞു നിര്‍ത്താന്‍

'തല മാറട്ടെ' എന്ന് പറയുമ്പോള്‍ മുന്നില്‍ നില്‍ക്കുന്ന ജീവികളുടെ തലകള്‍ പരസ്പരം വച്ചുമാറുന്ന ഒരു കഥാപാത്രത്തെക്കുറിച്ചു കുട്ടികളുടെ കഥാപുസ്തകത്തില്‍ നമ്മള്‍ വായിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരു വാര്‍ത്ത സമീപഭാവിയില്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ഒരു ഡോക്ടറും അദ്ദേഹത്തെ പൂര്‍ണ്ണമായി വിശ്വസിച്ചു ഒരു രോഗിയും. എതിര്‍പ്പുമായി മറ്റു ഡോക്‌ടറുമാരും

ഇറ്റാലിയന്‍ ന്യൂറോസര്‍ജന്‍ ഡോ.സെര്‍ജിയോ കനാവെറോയാണ് തലമാറ്റല്‍ ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങുന്നത്. ഒരു മനുഷ്യന്‍റെ തല മറ്റൊരു മനുഷ്യന് വച്ചുപിടിപ്പിക്കാന്‍ കഴിയുന്നത്ര ശാസ്ത്രലോകം വികസിച്ചിട്ടുണ്ട് എന്നാണ് ഡോ:കനാവെറോയും ടീമും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നത്.


അമേരിക്കന്‍ അക്കാദമി ഓഫ് ന്യുറോളജിക്കല്‍ ആന്‍ഡ്‌ ഓര്‍ത്തോപീഡിക് സര്‍ജന്മാരുടെ 30 മത് വാര്‍ഷിക സമ്മേളനത്തിലാണ് ഡോ:കനാവെറോ ഇക്കാര്യം അവതരിപ്പിച്ചത്. എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുത്ത മറ്റു സര്‍ജന്മാര്‍ ഇക്കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്തി. 'തലമാറ്റല്‍' ശസ്ത്രക്രിയ ഇപ്പോഴും പ്രായോഗികമായി നടത്താന്‍ കഴിയുന്നതല്ല എന്നു ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
കുരങ്ങിലും നായ്ക്കളിലും തലമാറ്റല്‍ മുന്‍പ് പരീക്ഷിച്ചിട്ടുണ്ട്. അവയൊന്നും വിജയകരമായിരുന്നില്ല. ഇത്തരത്തില്‍ ശസ്ത്രക്രിയ ചെയ്ത മൃഗങ്ങള്‍ക്കൊന്നും പിന്നീട് കണ്ണുകള്‍ ചിമ്മാനും കഴുത്ത് തിരിക്കാനും കഴിയാതെ ആഴ്ചകള്‍ക്കുള്ളില്‍ മരണപ്പെട്ടു എന്നു ഇവര്‍ പറയുന്നു.

നിരുല്‍സാഹജനകമായ പിന്തുണയാണ് ലഭിക്കുന്നത് എങ്കില്‍ പോലും ഡോ:കനാവെറോയുടെ പരീക്ഷണ ശസ്ത്രക്രിയക്ക് വിധേയനാകാന്‍ ഒരു യുവാവും തയ്യാറായിട്ടുണ്ട്. 31വയസ്സുള്ള റഷ്യന്‍ സ്വദേശിയായ വലേറി സ്പിരിദോനോവ് എന്ന കംപ്യുട്ടര്‍ പ്രോഗ്രാമറാണ് ഈ യുവാവ്.

ശരീരത്തിന്‍റെ പേശികളെ ബാധിക്കുന്ന വെര്‍ഡിംഗ് ഹോഫ്മാന്‍ എന്ന രോഗത്തിന് അടിമയാണ് ഈ യുവാവ്. പേശികള്‍ ചുരുങ്ങി ചുരുങ്ങി ഒടുവില്‍ മരണം വരെ സംഭവിക്കുന്ന ഒരു ഗുരുതരരോഗാവസ്ഥയില്‍ കഴിയുന്ന വലേരിക്ക് ഡോ:കനാവെറോയുടെ പരീക്ഷണ ശസ്ത്രക്രിയ ഒരു നവപ്രതീക്ഷയാണ്. ശസ്ത്രക്രിയ വിജയിച്ചാല്‍ ചരിത്രത്തിലേക്ക്, ഇല്ലെങ്കില്‍ മരണത്തിലേക്ക് എന്നാണ് വലേരി വിലയിരുത്തുന്നത്.

[caption id="attachment_59140" align="aligncenter" width="466"] ഓപറേഷന് തയ്യാറായ വലേറി സ്പിരിദോനോവ്[/caption]

വീല്‍ചെയറിലാണ് ഇപ്പോള്‍ വലെരിയുടെ ജീവിതം. ആന്തരികവും ബാഹ്യവുമായ അവയവങ്ങള്‍ ചുരുങ്ങി വേദന അനുഭവിച്ചു ക്രമേണ മരണത്തിലേക്ക് നീങ്ങുന്നതിലും പ്രതീക്ഷ ഈ ശസ്ത്രക്രിയ നല്‍കുന്നു എന്ന് വലേരി പറയുന്നു.


36 മണിക്കൂര്‍ നീണ്ടു നില്‍കുന്ന ശസ്ത്രക്രിയയ്ക്ക് 90 ശതമാനം വിജയപ്രതീക്ഷയാണ് ഡോ: കനാവെറോ അവകാശപ്പെടുന്നത്. 150 പേര്‍ അടങ്ങുന്ന മെഡിക്കല്‍ ടീം ആയിരിക്കും ശസ്ത്രക്രിയ നടത്തുന്നതെന്നും ഈ ശസ്ത്രക്രിയ നടത്തുന്നതിനു ഇപ്പോള്‍ 20 മില്യണ്‍ ഡോളര്‍ വേണ്ടി വരുമെന്നും ഡോ:കനാവെറോ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്‍റെ ഈ ഉദ്യമത്തെ പിന്തുണയ്ക്കുന്ന പലരും ഈ തുക സ്പോണ്‍സര്‍ ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്.

ശരീരഭാഗങ്ങള്‍ ഒട്ടിച്ചു ചേര്‍ക്കാന്‍ കഴിയുന്ന ബയോളജിക്കല്‍ പശ ഇപ്പോള്‍ ലഭ്യമാണ് എന്നും അതിനാല്‍ ശസ്ത്രക്രിയയെ കുറിച്ചു ആശങ്കയില്ലെന്നും ഈ ഡോക്ടര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

ശസ്ത്രക്രിയ രണ്ടു ഭാഗങ്ങളായിട്ടായിരിക്കും നടത്തുക. അതിനായി ആദ്യം വലെരിയുടെ ശരീരത്തെ കുറഞ്ഞ താപത്തില്‍ എത്തിച്ചു, ഹൃദയമിടിപ്പ് നിര്‍ത്തലാക്കും. എന്നിട്ട്, മസ്തിഷ്കമരണം സംഭവിച്ച ഒരാളുടെ ശരീരം സീകരിച്ചു അതിലേക്ക് വലെരിയുടെ തല ചേര്‍ത്തു പിടിപ്പിക്കും.

head-transplant_3340531b

ശസ്ത്രക്രിയയെ തുടര്‍ന്ന്, 3 ആഴ്ച വലേരി കോമാ സ്റ്റേജില്‍ ആയിരിക്കും എന്നും ഡോ:കനാവെറൊ പറയുന്നു. മാറ്റി വച്ച തല പുതിയ ശരീരവുമായി അനുരൂപമാകുന്ന സമയമായിരിക്കും ഇത്. ക്രമേണ വലെരിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ കഴിയും എന്നും ഡോ:കനാവെറോ അവകാശപ്പെടുന്നു.

ഇതിനെതിരെ ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും രംഗത്തു വന്നുകഴിഞ്ഞു. വെറുതെ പ്രതീക്ഷ നല്‍കി ഒരു മനുഷ്യന്‍റെ ജീവിതം തന്‍റെ ഭ്രാന്തന്‍ പരീക്ഷണങ്ങള്‍ക്ക് വിലയ്ക്കെടുത്തിരിക്കുകയാണ് ഡോ:കനാവെറോ ചെയ്യുന്നതെന്നും രോഗി മരിച്ചാല്‍ കൊലക്കുറ്റത്തിന് ഇയാള്‍ക്കെതിരെ കേസ് എടുക്കണമെന്നുമാണ് ഇവരുടെ പ്രതികരണം. പ്രശസ്തിക്കുള്ള ഭ്രാന്താണ് അയാള്‍ക്ക്, അതിന് ഒരാളെ കൊല്ലാന്‍ പോലും അയാള്‍ മടിക്കില്ല.

യുറോപ്പിലോ റഷ്യയിലൊ ഈ ശസ്ത്രക്രിയ നടത്താന്‍ തനിക്ക് അനുവാദം ലഭിക്കില്ല എന്ന് മനസിലാക്കിയ ഡോ:കനാവേറൊ  ചൈനയില്‍ വച്ചാണ് ഈ ഓപറേഷന്‍ ചെയ്യാന്‍ ഒരുങ്ങുന്നത്. താന്‍ ചൈനയെക്കുറിച്ചു നല്ലവണ്ണം പഠിച്ചിട്ടുണ്ടെന്നും അവിടെ തനിക്ക് ചരിത്രപരമായ ഈ നേട്ടം തെളിയിക്കാന്‍ കഴിയുമെന്നും ഇദ്ദേഹം പറയുന്നു.

'മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍ കുത്തിയത് പോലെയുള്ള ഒരു നേട്ടമായിരിക്കും അത്. മരണത്തെ പോലും നിഷ്പ്രഭമാക്കുന്ന ഒരു ചരിത്രമായിരിക്കും അതെന്നും ഡോ: സെര്‍ജിയോ കനാവെറോ കരുതുന്നു.