സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കി യൂസഫ് അറയ്ക്കൽ വിടവാങ്ങി

കേരളം രാജാ രവിവർമ്മ പുരസ്കാരം നൽകി ആദരിച്ചിട്ടുള്ള യൂസഫ് അറയ്ക്കൽ ഇനി ഓർമ്മ. രാജ്യാന്തര തലത്തിൽ അറിയപ്പെടുന്ന ഈ മലയാളി ചിത്രകാരൻ വർഷങ്ങളായി ബംഗളുരുവിലായിരുന്നു താമസം.

സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കി യൂസഫ് അറയ്ക്കൽ വിടവാങ്ങി

ഇന്ത്യൻ കലാകാരന്മാരുടെ പോർട്രെയ്റ്റുകളുടെ പരമ്പര എന്ന അമൂല്യമായ തന്റെ സ്വപ്നപദ്ധതി യാഥാർഥ്യമാക്കി ചിത്രകാരൻ യൂസഫ് അറയ്ക്കൽ വിടവാങ്ങി. രാജ്യാന്തര തലത്തിൽ അറിയപ്പെടുന്ന ഈ മലയാളി ചിത്രകാരൻ വർഷങ്ങളായി ബംഗളുരുവിലായിരുന്നു താമസം. 71 വയസ്സായിരുന്നു.

കേരളം രാജാ രവിവർമ്മ പുരസ്കാരം നൽകി ആദരിച്ചിട്ടുള്ള മഹാനായ ഈ കലാകാരൻ ചാവക്കാട്ടെ പ്രശസ്തമായ അറയ്ക്കൽ കുടുംബാംഗമാണ്. രണ്ടു തവണ കർണ്ണാടക സംസ്ഥാന ലളിതകലാ അക്കാദമി പുരസ്കാരം നേടി. 1983-ൽ ദേശീയ ലളിത കലാ അക്കാദമി പുരസ്കാരവും തേടിയെത്തി.


നന്നേ ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട യൂസഫ് അറയ്ക്കൽ കർണ്ണാടക ചിത്രകലാ പരിഷത്തിലെ ഒന്നാം ബാച്ച് വിദ്യാർഥിയാണ്. രാജാ രവിവർമ്മയുടെ താവഴിയിൽപ്പെട്ട ജയ വർമ്മയിൽ നിന്നാണ് ആദ്യ ശിക്ഷണം നേടിയത്.

ഒട്ടനവധി കലാ പ്രൊജക്ടുകളിൽ വ്യാപൃതനായിരുന്നു അന്ത്യം വരെയും യൂസഫ് അറയ്ക്കൽ. പത്തു വർഷം മുമ്പ് ലണ്ടനിലായിരിക്കെ മനസ്സിൽ പിറവിയെടുത്ത, ഇന്ത്യൻ കലാകാരന്മാരുടെ സ്കെച്ചെന്ന ആശയം അതിലൊന്നായിരുന്നു.

ഏതാനും വർഷം മുമ്പ് ഈ പദ്ധതിയിലേക്ക് യൂസഫ് അറയ്ക്കൽ കാൽ വച്ചു. അമൃതാ ഷെർഗിൽ തൊട്ടു സമകാലികർ വരെ നീളുന്ന ഈ കലാ പദ്ധതിയിൽ 135 പേരെ ഇതിനകംതന്നെ യൂസഫ് അറയ്ക്കൽ ക്യാൻവാസിലാക്കിയിരുന്നു. ജാമിനി റോയ്, കെ.സി.എസ്. പണിക്കർ, ശില്പി രാംകിങ്കർ ബെയ്ഗ്, എം.എഫ്.ഹുസൈൻ, അബനീന്ദ്രനാഥ ടാഗോർ തുടങ്ങിയ വിഖ്യാതരായ ഇന്ത്യൻ കലാകാരന്മാർ സമൂഹത്തിൽ ചെലുത്തിയ സ്വാധീനം കൂടി അടയാളപ്പെടുത്തുന്നതാണീ സീരീസ്. ദക്ഷിണേന്ത്യൻ കലാകാരന്മാരായ അച്ചുതൻ കൂടല്ലൂർ, ഹരിദാസൻ, ആദിമൂലം, സന്താന രാജ് തുടങ്ങിയവരുമുൾപ്പെട്ട പോർട്രെയ്റ്റ് പദ്ധതിയായിരുന്നു യൂസഫ് അറയ്ക്കലിന്റെത്.

ക്യാൻവാസിന്റെ മറുപുറത്ത് പേനയും മഷിയുമുപയോഗിച്ച് വരച്ച ഈ 135 പോർട്രെയ്റ്റുകളും 'സർഗ്ഗാത്മകതയുടെ മുഖങ്ങൾ' എന്ന പേരിൽ അടുത്തിടെ യൂസഫ് അറയ്ക്കൽ പ്രദർശിപ്പിച്ചത് അന്താരാഷ്ട്ര തലത്തിൽത്തന്നെ ശ്രദ്ധ നേടി. ഈ ചിത്രങ്ങളൊന്നാകെ ഒരൊറ്റ വർക്കായി ആർക്കെങ്കിലും വിൽക്കണമെന്ന ആഗ്രഹം സാക്ഷാൽക്കരിക്കാനാവാതെയാണ് യൂസഫ് അറയ്ക്കലിന്റെ വിയോഗം.