ലോകകപ്പ് യോഗ്യതാ റൗണ്ട്: അര്‍ജന്റീനയ്ക്ക് പരാഗ്വെയോട് തോല്‍വി, ബ്രസീലിന് ജയം

നാട്ടിലെ മത്സരത്തില്‍ പരാജയപ്പെട്ടതോടെ അര്‍ജന്റീന യോഗ്യതാ റൗണ്ടില്‍ അഞ്ചാം സ്ഥാനത്തായി. ആദ്യ നാലു സ്ഥാനക്കാര്‍ക്ക് മാത്രമാണ് ലോകകപ്പിന് നേരിട്ട് പ്രവേശനം ലഭിക്കുക.

ലോകകപ്പ് യോഗ്യതാ റൗണ്ട്: അര്‍ജന്റീനയ്ക്ക് പരാഗ്വെയോട് തോല്‍വി, ബ്രസീലിന് ജയം

നിരഞ്ജന്‍-

കോര്‍ഡോബ: ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ വെനിസ്വേലയ്ക്കെതിരെ സൂപ്പര്‍ താരം നെയ്മറില്ലാതെ ഇറങ്ങിയ ബ്രസീലിന് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം. ഗബ്രിയേല്‍ ജീസസിന്റെയും വില്വയ്ന്റെയും ഗോളിലാണ് മഞ്ഞപ്പടയുടെ ജയം. ഇതേസമയം, പരിക്കേറ്റ ലയണല്‍ മെസിയില്ലാതെ പരാഗ്വെയ്ക്കെതിരെ കളിച്ച അര്‍ജന്റീനയ്ക്ക് പരാജയം പിണഞ്ഞു. പരാഗ്വെന്‍ ഫോര്‍വേഡ് ഡെര്‍ലിസ് ഗോണ്‍സാലെസ് 18-ആം മിനുറ്റില്‍ നേടിയ ഗോളിലാണ് അര്‍ജന്റീനയുടെ തോല്‍വി.


argpara_getty

47-ആം മിനുറ്റില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി ഒരു പെനാല്‍റ്റി ലഭിച്ചെങ്കിലും കിക്കെടുത്ത സെര്‍ജിയോ അഗ്വിറോയ്ക്ക് വലയ്ക്കുള്ളിലെത്തിക്കാനായില്ല. ബോക്സില്‍ വച്ച് ഹെഡ് ചെയ്ത ഹിഗ്വയ്ന്റെ ഷോട്ട് പ്രതിരോധിക്കുന്നതിനിടെ പരാഗ്വെന്‍ ഡിഫന്‍ഡര്‍ ഡാ സില്‍വയുടെ കൈകളില്‍ പന്തു തട്ടി. ഇതേത്തുടര്‍ന്നാണ് അര്‍ജന്റീനയ്ക്ക് സ്പോട്ട് കിക്ക് ലഭിച്ചത്. എന്നാല്‍ അഗ്വിറോയുടെ ഷോട്ട് 39 കാരനായ പരാഗ്വെന്‍ ഗോളി വില്ലര്‍ തടഞ്ഞിട്ടു.

മിന്നല്‍ വേഗത്തിലുള്ള പ്രത്യാക്രമണത്തിലൂടെയാണ് പരാഗ്വെ കളിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടിയത്. പെറുവിനെതിരെ സമനിലയിലായ മത്സരത്തില്‍ കളിച്ച അര്‍ജന്റൈന്‍ ടീമില്‍ മൂന്നു മാറ്റങ്ങളോടെയാണ് കോച്ച് എഡ്ഗാര്‍ഡോ ബോസ പരാഗ്വെയ്ക്കെതിരെ കളത്തിലിറക്കിയത്. എന്നാല്‍ പ്രതിരോധനിരയിലെ വേഗക്കുറവും പാളിച്ചയും ലോകകപ്പ് റണ്ണറപ്പുകള്‍ക്ക് പരാജയം സമ്മാനിച്ചു.

നാട്ടിലെ മത്സരത്തില്‍ പരാജയപ്പെട്ടതോടെ അര്‍ജന്റീന യോഗ്യതാ റൗണ്ടില്‍ അഞ്ചാം സ്ഥാനത്തായി. ആദ്യ നാലു സ്ഥാനക്കാര്‍ക്ക് മാത്രമാണ് ലോകകപ്പിന് നേരിട്ട് പ്രവേശനം ലഭിക്കുക. എന്നാല്‍ അഞ്ചാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫിലൂടെ യോഗ്യത കണ്ടെത്താനാകും. കളിയിലുടനീളം പന്ത് കൈയടക്കിവയ്ക്കാന്‍ പരാഗ്വെ അര്‍ജന്റീനയെ
അനുവദിച്ചെങ്കിലും ഇടയ്ക്കിടെ ഓസ്‌കാര്‍ റോമെറോയും ഏയ്ഞ്ചല്‍ റോമെറോയും അര്‍ജന്റൈന്‍ ഗോളി സെര്‍ജിയോ റോമെറോയെ ലോങ് റേഞ്ചില്‍ നിന്നും പരീക്ഷിക്കുന്നുണ്ടായിരുന്നു. 47-ആം മിനുറ്റില്‍ പെനാല്‍റ്റി പാഴാക്കിയ തൊട്ടടുത്ത നിമിഷം തന്നെ അഗ്വിറോ മറ്റൊരു മുന്നേറ്റം പരാഗ്വെന്‍ ഗോള്‍മുഖത്തേക്ക് നടത്തിയെങ്കിലും വില്ലര്‍ വീണ്ടും അര്‍ജന്റീനയ്ക്ക് മുന്നില്‍ വില്ലനായി. ഹിഗ്വയ്നില്‍ നിന്നും പകരക്കാരനായെത്തിയ ഡൈബാലയില്‍ നിന്നും മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും പരാഗ്വെന്‍ പ്രതിരോധത്തിലും ഗോളിയിലും തകര്‍ന്നടിഞ്ഞു. ഇതോടെ ആതിഥേയരായ അര്‍ജന്റീനയ്ക്ക് തോല്‍വി ഉറപ്പായി.

ജീസസിന്റെയും വില്വയ്ന്റെയും ഗോളില്‍ ബ്രസീല്‍എട്ടാം മിനുറ്റില്‍ ഗോളി ഡാനി ഹെര്‍ണ്ണാണ്ടസിന്റെ പിഴവ് മുതലെടുത്ത് ഗബ്രിയേല്‍ ജീസസ് നേടിയ ഗോളിന്റെയും 53-ആം മിനുറ്റില്‍ വില്വയ്ന്‍ നേടിയ ഗോളിന്റെയും മികവില്‍ ബ്രസീലിന് വെനിസ്വെലയ്ക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം. ഇതോടെ പത്തു മത്സരങ്ങളില്‍ നിന്നും 21 പോയിന്റോടെ ബ്രസീല്‍ പട്ടികയില്‍ ഒന്നാമതെത്തി. രണ്ടു പോയിന്റ് മാത്രമുള്ള വെനിസ്വേലയാണ് ഏറ്റവും പിന്നില്‍. ദക്ഷിണ അമരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മറ്റു മത്സരങ്ങളില്‍ ചിലി വിജയം കണ്ടപ്പോള്‍ ഉറുഗ്വേ, ബൊളീവിയ തുടങ്ങിയവര്‍ സമനില വഴങ്ങി. പെറുവിനെയാണ് ചിലി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചത്. വിഡലാണ് ചിലിയുടെ രണ്ട് ഗോളുകളും നേടിയത്.

ഉറുഗ്വേ - കൊളംബിയ മത്സരം 2-2 എന്ന നിലയില്‍ സമനിലയിലായി. ബൊളീവിയ - ഇക്വഡോര്‍ മത്സരവും 2-2ന് സമനിലയില്‍ കലാശിച്ചു.

യൂറോപ്യന്‍ മേഖലയില്‍ നിലവിലെ ലോക ചാമ്പ്യന്‍മാരായ ജര്‍മ്മനി ഇന്നലെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വടക്കന്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചു. 13-ആം മിനുറ്റില്‍ യൂലിയാന്‍ ഡ്രാക്സ്ലറും 17-ആം മിനുറ്റില്‍ സമി ഖെദീരയുമാണ് ജര്‍മ്മനിക്ക് വേണ്ടി ഗോള്‍ നേടിയത്. കഴിഞ്ഞ മത്സരത്തില്‍ ചെക്ക് റിപ്പബ്ളിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ജര്‍മ്മനി ഇതോടെ സി ഗ്രൂപ്പില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. മേഖലയിലെ മറ്റൊരു മത്സരത്തില്‍ പോളണ്ട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അര്‍മേനിയയെ തോല്‍പ്പിച്ചു.

Read More >>