ലോകകപ്പ് യോഗ്യതാ റൗണ്ട് : നെതര്‍ലന്‍ഡ്‌സിനെതിരെ ഫ്രാൻസിന് എതിരില്ലാത്ത ഒരു ഗോളിന്റെ ജയം

എതിരാളികളെയും ഗാലറിയെയും സ്തംഭിപ്പിച്ച പോഗ്ബയുടെ ലോങ് റേഞ്ച് ഗോളിലൂടെയാണ് ഫ്രാന്‍സ് വിജയം നേടിയത്

ലോകകപ്പ് യോഗ്യതാ റൗണ്ട് : നെതര്‍ലന്‍ഡ്‌സിനെതിരെ ഫ്രാൻസിന് എതിരില്ലാത്ത ഒരു ഗോളിന്റെ ജയം

നിരഞ്ജന്‍

ആംസ്റ്റർഡാം: എതിരാളികളെയും ഗാലറിയെയും സ്തംഭിപ്പിച്ച പോഗ്ബയുടെ ലോങ് റേഞ്ച് ഗോളിൽ നെതര്‍ലന്‍ഡ്‌സിനെതിരായ നിർണ്ണായക മത്സരത്തിൽ ഫ്രാൻസിന് എതിരില്ലാത്ത ഒരു ഗോളിന്റെ ജയം.

30-ആം മിനിറ്റിൽ ബോക്‌സിന് പുറത്ത് 30 വാര അകലെ നിന്നും പോഗ്ബ തൊടുത്ത പന്ത് തടയാൻ, നെതർലൻഡ് ഗോളി സ്‌റ്റെകെലൻബർഗ് പോസ്റ്റിന്റെ വലതുവശത്തേക്ക് ഡൈവ് ചെയ്‌തെങ്കിലും പ്രതിരോധിക്കാനായില്ല. കൈകളിൽ തട്ടി പന്ത് വലയ്ക്കുള്ളിലേക്ക് തന്നെ കയറി. ഇതോടെ ആദ്യ അരമണിക്കൂറിനുള്ളിൽ തന്നെ ഫ്രാൻസ് മുന്നിലെത്തി. ദിമിത്രി പായെറ്റ് നൽകിയ പാസിലായിരുന്നു പോൾ പോഗ്ബയുടെ ഗോൾ.


വെസ്ലി സ്‌നൈഡറില്ലാതെ ഇറങ്ങിയ നെതർലൻഡ്‌സിന് കളിയുടെ തുടക്കത്തിൽ തന്നെ ക്വിൻസി പ്രോമെസിനെ പരിക്കുമൂലം പിൻവലിക്കേണ്ടി വന്നു. ഇതിനാൽ ആക്രമിക്കാനുള്ള സന്നാഹം കുറവായിരുന്നു ഡച്ചുകാർക്ക്. പരിക്കേറ്റ് 16-ആം മിനിറ്റിൽ പുറത്തുപോയ പ്രോമെസിന് പകരം ഡീപെയാണ് മുൻനിരയിലെത്തിയത്.

ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ പായെറ്റിൽ നിന്നും ലഭിച്ച പന്ത്, നെതർലൻഡ്‌സ് മുന്നേറ്റ താരം വിൻസെന്റ് ജാൻസന്‍ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തെങ്കിലും ഫ്രഞ്ച് പ്രതിരോധ താരം കോഷ്യൻലിയുടെ കൈകളിൽ തട്ടി മടങ്ങി. ബോക്‌സിൽ വച്ച് കൈകളിൽ തട്ടിയതിന് പെനാൽറ്റിക്ക് നെതർലൻഡ്‌സ് താരങ്ങൾ അവകാശവാദം ഉന്നയിച്ചെങ്കിലും റഫറി ദമിർ സ്‌കോമിന അത് മനപ്പൂർവ്വമല്ലെന്ന് കണ്ട് നിഷേധിച്ചു.

54-ആം മിനിറ്റിൽ ഡച്ച് ഗോളി മാത്രം മുൻപിൽ നിൽക്കെ ഫ്രഞ്ച് ഫോർവേഡ് ഗമീറോയ്ക്ക് അത്യുഗ്രൻ അവസരം കിട്ടിയെങ്കിലും പോസ്റ്റിന് നേർക്ക് വന്ന പന്ത് ഗോളി സ്‌റ്റെകെലൻബർഗ് സാഹസികമായി തടഞ്ഞിട്ടു. പന്ത് റീബൗണ്ട് ചെയ്ത് അന്റോണിയോ ഗ്രീസ്മാന്റെ കാലുകളിൽ എത്തിയെങ്കിലും അദ്ദേഹം തൊടുത്ത പന്ത് വലയ്ക്ക് മുകളിലൂടെ പുറത്തേക്ക് പോയി.

പായെറ്റ് 66-ആം മിനിറ്റിൽ എടുത്ത ഫ്രീ കിക്ക് തലനാരിഴയ്ക്കാണ് ഗോളാകാതെ പോയത്. 71-ആം മിനിറ്റിൽ ഹോളണ്ടിന് ബോക്‌സിന് മുൻപിൽ വച്ച് കിട്ടിയ ഫ്രീ കിക്ക് ഗോളിയുടെ കൈകളിലാണ് വിശ്രമിച്ചത്. 73-ആം മിനിറ്റിൽ സിസോക്കെയിലൂടെ ഫ്രാൻസ് വീണ്ടുമൊരു മുന്നേറ്റം നടത്തിയെങ്കിലും പ്രതിരോധനിര നിഷ്പ്രഭമാക്കി. 88-ആം മിനിറ്റിൽ ഹോളണ്ട് ഗോളെന്ന് ഉറപ്പിച്ചു മുന്നേറ്റം നടത്തിയെങ്കിലും ഗോളി ലോറിസ് തട്ടിയകറ്റി. ജാൻസൺ നൽകിയ പന്ത് ഡീപെ ഒരു ഹാഫ് വോളിയിലൂടെ പോസ്റ്റിന് തൊട്ടടുത്ത് വച്ച് പായിച്ചെങ്കിലും ഗോളി രക്ഷകനായതോടെ മത്സരത്തിൽ ഫ്രാൻസ് ജയത്തിലേക്ക് അടുത്തു. പിന്നീട് ഇൻജ്വറി ടൈമിലും അദ്ഭുതമൊന്നും സംഭവിച്ചില്ല. എതിരില്ലാത്ത ഒരു ഗോളിന് ദിദിയർ ദെഷാംപ്‌സിന്റെ കുട്ടികൾ വിജയത്തിലേക്ക്.

മറ്റു മത്സരങ്ങൾ

ലോകകപ്പ്‌ യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ നടന്ന മറ്റൊരു മത്സരത്തിൽ ഫറോർ ഐലൻഡിനെ യൂറോ കപ്പ് ചാമ്പ്യൻമാരായ പോർച്ചുഗൽ എതിരില്ലാത്ത ആറു ഗോളുകൾക്ക് തോൽപ്പിച്ചു. ആന്ദ്രെ സിൽവ ഹാട്രിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയും മോട്ടിനോയും കാൻസെലോയും ഓരോ ഗോൾ വീതവും നേടിയാണ് ഗോൾവർഷം നടത്തിയത്.

സ്വിറ്റ്‌സർലൻസ്, ആൻഡോറയെയും (2-1) ബോസ്‌നിയ, സിപ്രസിനെയും (2-0) ഗ്രീസ്, എസ്‌റ്റോണിയയെയും (2-0) ബെൽജിയം, ജിബ്രാൾട്ടറിനെയും (6-0) ഹംഗറി, ലാത്വിയയെയും (2-0) സ്വീഡൻ, ബൾഗേറിയയെയും (3-0) യോഗ്യതാ മത്സരങ്ങളിൽ തോൽപ്പിച്ചപ്പോൾ ബെലാറസ് - ലക്‌സെംബർഗ് മത്സരം സമനിലയിൽ (1-1) കലാശിച്ചു.

Story by