ശ്രീകൃഷ്ണാ കോളേജിൽ കെഎസ്‌യു പ്രവര്‍ത്തകയ്ക്ക് ക്രൂരമര്‍ദ്ദനം; മുഖത്തടിച്ചെന്നും അടിവയറ്റില്‍ ചവിട്ടിയെന്നും പരാതി

''ഒരു കെഎസ്‌യുകാരിയെ ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന ആക്രോശിച്ച അവര്‍ എന്ന ക്രൂരമായി മര്‍ദ്ദിച്ചു. എന്റെ മുടിക്കുത്തിന് പിടിച്ചു വലിക്കുകയും എന്റെ മുഖം ചുവരില്‍ പിടിച്ച് ഉരക്കുകയും ചെയ്തു. അക്ഷയ് എന്റെ കരണത്തടിച്ചു. ഹാളില്‍ നിന്ന് പുറത്തിറക്കി മര്‍ദ്ദിച്ചു. ചവിട്ടേറ്റ് താഴെ വീണ് എന്റ അടിവയറ്റിലും ചവിട്ടി പരിക്കേല്‍പ്പിച്ചു'' സോഫിയ പറയുന്നു

ശ്രീകൃഷ്ണാ കോളേജിൽ കെഎസ്‌യു പ്രവര്‍ത്തകയ്ക്ക് ക്രൂരമര്‍ദ്ദനം; മുഖത്തടിച്ചെന്നും അടിവയറ്റില്‍ ചവിട്ടിയെന്നും പരാതി

തൃശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ കെഎസ്‌യു പ്രവര്‍ത്തക ക്രൂര മര്‍ദ്ദത്തിന് ഇരയായതായി പരാതി. കോളേജ് തെരഞ്ഞെടുപ്പിന് കെഎസ്‌യു സ്ഥാനാര്‍ത്ഥിയായി നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ച സോഫിയാ ജോസിനെയാണ് എസ്എഫ്‌ഐ പ്രവർത്തകർ  തല്ലിചതച്ചത്. കോളേജ് ക്യാപംസിനുളളില്‍ നടന്ന സംഭവമായതിനാല്‍ പോലീസ് ഇടപെടാന്‍ തയ്യാറായില്ലെന്നും കെഎസ്‌യു പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് കാലകാലങ്ങളായി മാനേജ്‌മെന്റ് കൈകൊളളുന്നുവെന്നാണ് ആരോപണം.


സംഭവത്തെ കുറിച്ച് ഒന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനി സോഫിയ ജോസ് പറയുന്നത് ഇങ്ങനെ

ഇന്നലെ പത്തുമണി മുതല്‍ പന്ത്രണ്ടു മണി വരെയാണ് കോളേജ് തെരഞ്ഞെടുപ്പിന് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട സമയം. അഞ്ചു  കെഎസ്‌യു പ്രവര്‍ത്തകര്‍ക്കൊപ്പം കോളേജില്‍ എത്തി ഇന്നലെ  12 മണിയോടെ ഞാന്‍ നോമിനേഷന്‍ സമര്‍പ്പിച്ചു. ഉച്ചക്ക് രണ്ടു മണിയോടെ സൂക്ഷ്മ പരിശോധനയക്കായി എക്‌ണോമിക്‌സ് ക്ലാസ് മുറിയില്‍ എത്തിയതായിരുന്നു. ഗീത എന്ന അധ്യാപികയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സൂക്ഷമ പരിശോധനയില്‍ നിസാര കാര്യങ്ങള്‍ പറഞ്ഞ് എന്റെ നോമിനേഷന്‍ തളളിക്കളഞ്ഞു. എന്നാല്‍ അഡ്മിഷന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയ അക്ഷയ് എന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ നോമിനേഷന്‍ സമര്‍ദ്ദത്തെ തുടര്‍ന്ന് സ്വീകരിച്ചിരുന്നു. ഇത് ഞാന്‍ ചോദ്യം ചെയ്തതോടെ ഇരുപതോളം വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എന്നെ വളഞ്ഞിട്ടു ആക്രമിക്കുകയായിരുന്നു.
''ഒരു കെഎസ്‌യുകാരിയെ ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന ആക്രോശിച്ച അവര്‍ എന്ന ക്രൂരമായി മര്‍ദ്ദിച്ചു.  എന്റെ മുടിക്കുത്തിന് പിടിച്ചു വലിക്കുകയും എന്റെ മുഖം ചുവരില്‍ പിടിച്ച് ഉരക്കുകയും ചെയ്തു. അക്ഷയ് എന്റെ കരണത്തടിച്ചു. ഹാളില്‍ നിന്ന് പുറത്തിറക്കി മര്‍ദ്ദിച്ചു. ചവിട്ടേറ്റ് താഴെ വീണ് എന്റ അടിവയറ്റിലും ചവിട്ടി പരിക്കേല്‍പ്പിച്ചു''.


പോലീസ് നോക്കുകുത്തി


സംഭവം നടക്കുമ്പോള്‍ പോലീസ് ഹാളിന് പുറത്തുണ്ടായിരുന്നു. എന്നാൽ  പോലീസ് തയ്യാറായില്ല. എസ്‌ഐയെ കണ്ട് പരാതി പറഞ്ഞപ്പോള്‍ മാനേജ്‌മെന്റ്  പരാതി നല്‍കിയിട്ടില്ലെന്നും ക്യാപസിനുളളില്‍ നടക്കുന്ന സംഭവങ്ങളില്‍ പരാതി ഇല്ലാതെ ഇടപെടാന്‍ കഴിയില്ലെന്നുമുള്ള  മറുപടിയാണ് ലഭിച്ചത്. ഒരു സ്ത്രീയെ ചവിട്ടി വീഴ്ത്തിയിട്ട് ഇങ്ങനെയാണോ പ്രതികരിക്കുന്നത് സോഫിയ ചോദിക്കുന്നു. പ്രതികള്‍ക്കൊപ്പമാണ് പോലീസെന്നും സോഫിയാ പറഞ്ഞു.

വേദന അസഹനീയമായപ്പോഴാണ് ചാവക്കാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. പ്രിന്‍സിപ്പലിനും അധ്യാപകര്‍ക്കു പരാതി നല്‍കിയെങ്കിലും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.  എന്നാല്‍ സംഭവത്തില്‍ കണ്ടാലറിയുന്ന ഇരുപതോളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് കണ്ടാണിശേരി എസ്‌ഐ അനില്‍ കുമാര്‍ പ്രതികരിച്ചു. ക്യാംപസിനുളളില്‍ നടന്ന സംഭവത്തില്‍ മാനേജ്‌മെന്റിന് പരാതി ഇല്ലാതിരുന്നതു കൊണ്ടാണ് നടപടിയെടുക്കാതിരുന്നത്. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നാണ് കോളേജ് അധികൃതര്‍ തന്നോട് പറഞ്ഞതെന്നും പോലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാട് എടുത്തുവെന്ന ആരോപണം വസ്തുതയ്ക്ക് നിരക്കുന്നത് അല്ലെന്നും അനില്‍ കുമാര്‍ നാരാദാ ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഭവം നിഷേധിച്ചു. കെട്ടിച്ചമച്ച പരാതിയാണ് ഇത്. ചെറിയ തോതില്‍ വാക്കുതര്‍ക്കമാണ് ഉണ്ടായത്. അപ്പോള്‍ പോലീസ്  പുറത്തുണ്ടായിരുന്നു. നിരവധി അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു സൂക്ഷ്മ പരിശോധന. അടിസ്ഥാനപരമായ ആരോപണമാണ് കെഎസ് യു ഉന്നയിക്കുന്നതെന്നും കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നാരാദാന്യൂസിനോട് പ്രതികരിച്ചു.

Story by
Read More >>