മലപ്പുറത്തെ മുസ്ലീങ്ങളെ പന്നികളോടുപമിച്ച ഗോപാലകൃഷ്ണനെതിരെ കേസ് എടുക്കുംവരെ നിയമസഭയിൽ ധർണ്ണയിരിക്കാൻ മുസ്ലീം ലീഗിനു ധൈര്യമുണ്ടോ?

പൂജാവധിക്ക് സഭ പിരിഞ്ഞപ്പോൾ പൊടിയും തട്ടി എണീറ്റുപോയ സ്വാശ്രയ സത്യഗ്രഹികളെ പോലെയാകരുത് മുസ്ലീം ലീഗ്. അതിനേക്കാൾ ഗുരുതരമായ പ്രശ്നമാണിത്. ഒരു ജനവിഭാഗം മുഴുക്കെ, ഒരു പ്രദേശത്ത്, പന്നി പെറ്റുകൂട്ടുംപോലെ മക്കളെ പെറ്റുകൂട്ടുകയാണെന്ന പെരുംനുണ ഒരാൾ പരസ്യമായി പറയുമ്പോൾ അങ്ങനെയല്ല കാര്യങ്ങൾ എന്നു ജനത്തെ ബോധ്യപ്പെടുത്തേണ്ടത് ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ കക്ഷിയുടെ കടമയാണ്. പ്രാദേശികമായി ഏറ്റവുമധികം വേരോട്ടമുള്ള കക്ഷി ഇവിടെ മുസ്ലീം ലീഗാണ്. അതുകൊണ്ടുതന്നെ ആ കടമയിൽ നിന്നു മാറിനിൽക്കാൻ മുസ്ലീം ലീഗിനാവില്ല.

മലപ്പുറത്തെ മുസ്ലീങ്ങളെ പന്നികളോടുപമിച്ച ഗോപാലകൃഷ്ണനെതിരെ കേസ് എടുക്കുംവരെ നിയമസഭയിൽ ധർണ്ണയിരിക്കാൻ മുസ്ലീം ലീഗിനു ധൈര്യമുണ്ടോ?

പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടിയെ പുലിക്കുട്ടിയെന്നാണ് ലീഗ് അണികൾ വിശേഷിപ്പിക്കാറ്. സിംഹങ്ങൾ സംഘംചേർന്നു വേട്ടയാടുമ്പോൾ പുലി ഒറ്റയ്ക്ക് വേട്ടയാടുമെന്നാണു പറയാറ്. അണികൾ പറയുന്നതിൽ തരിമ്പെങ്കിലും വാസ്തവമുണ്ടെങ്കിൽ മുസ്ലീം ലീഗ് നിയമസഭാ കക്ഷി നേതാവായ പികെ കുഞ്ഞാലിക്കുട്ടി ഇന്ന് ഒരു തീരുമാനം പ്രഖ്യാപിക്കണം. മലപ്പുറത്തെയും അവിടുത്തെ മുസ്ലീം ജനസാമാന്യത്തേയും ഏറ്റവും നികൃഷ്ടമായ ഭാഷയിൽ പന്നികളോടുപമിച്ച വിദ്വേഷ പ്രാസംഗികൻ എൻ ഗോപാലകൃഷ്ണനെതിരെ എഫ്ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്യും വരെ നിയമസഭാ കവാടത്തിൽ സത്യഗ്രഹം ഇരിക്കുമെന്ന്. അതിനുള്ള ധൈര്യം മുസ്ലീം ലീഗിനുണ്ടോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.


മുസ്ലീം ഭൂരിപക്ഷ ജില്ലയാണ് മലപ്പുറം. ഒരുപക്ഷെ കേരളത്തിൽ മുസ്ലീങ്ങൾക്ക് ഭൂരിപക്ഷമുള്ള ഒരേയൊരു ജില്ല. മറ്റു പതിമ്മൂന്നു ജില്ലകളും ഹിന്ദു ഭൂരിപക്ഷ ജില്ലകളാണ്. അതിലാർക്കും ഒരു കുണ്ഠിതവുമില്ല. എന്നാൽ കേരളത്തിലെ ഒരു ഭൂഭാഗത്തിൽ ഇസ്ലാം മതവിശ്വാസികളുടെ എണ്ണം ഇതരമതവിശ്വാസികളുടേതിനേക്കാൾ അധികമാണ് എന്ന യാഥാർത്ഥ്യം പല ഗോപാലകൃഷ്ണന്മാരുടെയും ശശികലമാരുടെയും ഉറക്കം കെടുത്താൻ തുടങ്ങിയിട്ടു കുറേയായി. പരശുരാമൻ മഴുവെറിഞ്ഞു സൃഷ്ടിച്ചതല്ല കേരളമെന്നും സഹ്യനിപ്പുറത്തു മലയാളം സംസാരിക്കുന്ന ഒരു പ്രദേശത്തെ ഒരുമിച്ച് ഒരു സംസ്ഥാനമായി പ്രഖ്യാപിച്ചത് ജനായത്ത ഭരണമാണെന്നും ഇനിയും മനസ്സിലാക്കാൻ കൂട്ടാക്കാത്ത വർഗ്ഗീയക്കോമരങ്ങളാണവർ. നാടിനെ വർഗ്ഗീയാടിസ്ഥാനത്തിൽ വിഭജിക്കാൻ തക്കം പാർത്തിരിക്കുന്ന ഇത്തരക്കാർക്കെതിരെ നടപടിയെടുക്കേണ്ടത് കേരളത്തിന്റെ പൊതുവായ ആവശ്യമാണ്.

പൊതു ആവശ്യത്തിനു വേണ്ടി എന്തിനാണ് ലീഗിനോടു പ്രത്യേകമായൊരു ചോദ്യം എന്ന സംശയം ഉണരാം. കോഴിക്കോട്, പാലക്കാട് ജില്ലകളെ വിഭജിച്ചുകൊണ്ടുള്ള മലപ്പുറം ജില്ലാ രൂപീകരണം 1969ലെ ഇഎംഎസ് സർക്കാരിന്റെ തീരുമാനമായിരുന്നെങ്കിലും അതു തങ്ങളുടെ പ്രയത്നഫലമാണെന്നു പേർത്തും പേർത്തും പറയുന്നവരാണ് മുസ്ലീം ലീഗുകാർ. മലപ്പുറം ജില്ല വേണമെന്ന ആവശ്യം നിയമസഭയിൽ ആദ്യമായുയർത്തുന്നത് മങ്കട എംഎൽഎ ആയിരുന്ന പി അബ്ദുൾ മജീദ് ആണ്. 1960 ജൂലായ് 7നായിരുന്നു, റവന്യൂ വകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്ത് ഈ മുസ്ലീം ലീഗ് അംഗം ഇങ്ങനെയൊരാവശ്യം ഉന്നയിക്കുന്നത്. മലബാറിലെ ജില്ലകളുടെ വലിപ്പം വളരെയധികമായതിനാൽ ഭരണസൗകര്യാർത്ഥവും ജനങ്ങളുടെ ദൈനംദിനാവശ്യങ്ങളും പരാതികളും വേഗത്തിൽ തീർപ്പാക്കുന്നതിനും വേണ്ടി പുതിയ ജില്ല ആവശ്യമാണെന്ന വാദമാണ് അന്ന് അദ്ദേഹമുയർത്തിയത്. എന്നാൽ പിന്നീട് അതിൽ നിന്നുമാറി, ജില്ലാ രൂപീകരണം എന്ന ആവശ്യത്തിൽ മതം കലർത്തിയതും അതേ മുസ്ലീം ലീഗാണ്. ഇന്ന് സംഘപരിവാർ അനുഭാവികൾക്ക് വിദ്വേഷപ്രചാരണം നടത്താനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുന്നതിൽ ലീഗിന്റെ ഈ നടപടിയും കാരണമായിട്ടുണ്ട്.

മുസ്ലീം ലീഗിന് ഏറ്റവും കൂടുതൽ എംഎൽഎമാരെ നൽകുന്ന ജില്ലയാണു മലപ്പുറം. തങ്ങളുടെ കൂടി സമരത്തിന്റെ ഫലമായി അനുവദിച്ചു കിട്ടിയ മലപ്പുറം ജില്ലയെ മൊത്തത്തിലാണ് ഗോപാലകൃഷ്ണൻ അപഹസിക്കുന്നത്. ജില്ലയിൽ ഭൂരിപക്ഷമായ മുസ്ലീം സമുദായത്തെ അപമാനിച്ച, മുസ്ലീങ്ങൾ ഏറ്റവും വെറുക്കുന്ന പന്നിയുമായി അവരെ ഉപമിച്ച, ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് (ഐഐഎസ്എച്ച്) സ്ഥാപകൻ എൻ ഗോപാലകൃഷ്ണൻ എന്ന മതവിദ്വേഷ പ്രചാരകനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെടേണ്ട ചരിത്രപരമായ ബാധ്യതയും മുസ്ലീം ലീഗിനുണ്ട്.

ലീഗുകാർ നിരാഹാരമിരിക്കണമെന്നു പറയില്ല. സ്വാശ്രയക്കോളജിലെ ഫീസ് ഘടനയ്ക്കെതിരെ പ്രതിപക്ഷം അനശ്ചിതകാല നിരാഹാരസമരം പ്രഖ്യാപിച്ചപ്പോൾ സമാന്തരമായി ധർണ്ണാ സത്യാഗ്രഹം പ്രഖ്യാപിച്ച ടീംസാണ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് എന്ന മലപ്പുറം ലീഗ്. റമളാൻ നോമ്പിന്റെ കാലത്തല്ലാതെ അവർ പകൽ പോലും പട്ടിണിയിരിക്കില്ല. അത് ആരംഭകാലം മുതലേയുള്ള ആ പാർട്ടിയുടെ നയമാണ്. ആ നയത്തിൽ മാറ്റം വരുത്തുകയേ വേണ്ട. പക്ഷെ അതേ പോലെയല്ല, ഈ സമരപ്രഖ്യാപനം.

യുഡിഎഫ് ഭരിച്ചപ്പോൾ വൺ ടൂ ത്രീ പ്രസംഗത്തിന്റെ പേരിൽ എം എം മണിക്കെതിരെ കേസ് എടുത്ത ചരിത്രമുണ്ട്. കല്ലേറിൽ പരിക്കേറ്റ് ആശുപത്രിയിൽ കിടന്നപ്പോൾ അടുത്ത മുറിയിൽ ചിലർ നടത്തിയ ഗൂഢാലോചന കേട്ടിട്ടും അക്കാര്യം അറിയിച്ചില്ലെന്ന പേരിൽ പി ജയരാജനും ടി വി രാജേഷ് എംഎൽഎയ്ക്കുമെതിരെ കേസ് എടുത്ത ചരിത്രവുമുണ്ട് സമീപകാല കേരളത്തിന്. വർഷങ്ങൾക്കു മുമ്പു നടത്തിയ പ്രസംഗത്തിന്റെ പേരിൽ ഷംസുദ്ദീൻ പാലത്തിനെതിരെ കേസ് എടുത്തത് ഇപ്പോഴത്തെ എൽഡിഎഫ് സർക്കാരാണ്. തിരുവനന്തപുരത്ത് ഒരു ചെറുപ്പക്കാരൻ ഇടാത്ത ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ സ്റ്റേഷനിൽ കയറിയിറങ്ങിയതും അടുത്ത കാലത്താണ്. എന്നിട്ടും ഗോലാപകൃഷ്ണനെ പോലെയുള്ളവർ നടത്തുന്ന അത്യന്തം വിഷലിപ്തമായ പ്രസംഗങ്ങൾക്കെതിരെ എന്തുകൊണ്ടു കേസ് എടുക്കുന്നില്ല എന്ന് സെക്കുലർ സമൂഹത്തോട് എണീറ്റുനിന്നു ചോദിക്കേണ്ട ബാധ്യത മുസ്ലീം ലീഗിനുണ്ട്.

ഗോപാലകൃഷ്ണനെതിരെ യുഎപിഎ ചുമത്തി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ്  മുഖ്യമന്ത്രിക്കു പരാതി അയച്ചിട്ടുണ്ട്. ഇത് ലീഗ് എന്ന പാർടിയുടെ ആവശ്യമാണ് എന്ന് വ്യക്തമാക്കേണ്ട ചുമതലയും അതിന്റെ നേതൃത്വത്തിനുണ്ട്.

പൂജാവധിക്ക് സഭ പിരിഞ്ഞപ്പോൾ പൊടിയും തട്ടി എണീറ്റുപോയ സ്വാശ്രയ സത്യഗ്രഹികളെ പോലെയാകരുത് മുസ്ലീം ലീഗ്. അതിനേക്കാൾ ഗുരുതരമായ പ്രശ്നമാണിത്. ഒരു ജനവിഭാഗം മുഴുക്കെ, ഒരു പ്രദേശത്ത്, പന്നി പെറ്റുകൂട്ടുംപോലെ മക്കളെ പെറ്റുകൂട്ടുകയാണെന്ന പെരുംനുണ ഒരാൾ പരസ്യമായി പറയുമ്പോൾ അങ്ങനെയല്ല കാര്യങ്ങൾ എന്നു ജനത്തെ ബോധ്യപ്പെടുത്തേണ്ടത് ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ കക്ഷിയുടെ കടമയാണ്. പ്രാദേശികമായി ഏറ്റവുമധികം വേരോട്ടമുള്ള കക്ഷി ഇവിടെ മുസ്ലീം ലീഗാണ്. അതുകൊണ്ടുതന്നെ ആ കടമയിൽ നിന്നു മാറിനിൽക്കാൻ മുസ്ലീം ലീഗിനാവില്ല.

തിരൂർ ആസ്ഥാനമായി പുതുതായൊരു ജില്ലയ്ക്ക് വേണ്ടിയുള്ള ആവശ്യം കൂടി ഇപ്പോഴുയരുന്നുണ്ട്. നിലവിലുള്ള മലപ്പുറം ജില്ലയെ വീണ്ടും വിഭജിക്കണം എന്നതാണ് ആവശ്യം. ചെറിയ ജില്ലകളാണ് ഭരണനിർവ്വഹണത്തിന് സൗകര്യപ്രദം എന്നതാണ് ഇതിനു പറയുന്ന യുക്തി. അതിലേക്കു ചർച്ചകൾ നീളുന്ന അവസരത്തിലാണ് നിലവിലുള്ള ജില്ലയെക്കുറിച്ചു പോലും കയറി ഒരടിയടിക്കാമെന്ന ലൈനിൽ ഗോപാലകൃഷ്ണനെ പോലെയുള്ളവർ രംഗത്തു വരുന്നത്.

ഇത് ഇദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള ആദ്യത്തെ പ്രസംഗമല്ല. തനിക്ക് അഞ്ചുവിഷയത്തിൽ പിഎച്ച്ഡി ഉണ്ടെന്നും ബയോടെക്നോളജി രംഗത്തെ അറിയപ്പെടുന്ന ശാസ്ത്രജ്ഞനാണെന്നും അവകാശപ്പെട്ട് സ്വന്തം ഹെജിമണി സ്ഥാപിച്ചുകൊണ്ടാണ് ഇദ്ദേഹം പ്രഭാഷണങ്ങൾ ആരംഭിക്കാറ്. ശേഷം പതിഞ്ഞ താളത്തിൽ തുടങ്ങി പതിയെ മുറുകി, പുരാണങ്ങളെയും ഇതിഹാസങ്ങളെയും കൂട്ടുപിടിച്ച്, കാലണഗണനയും ചരിത്രവസ്തുതകളും തെറ്റിച്ചും കൂട്ടിക്കുഴച്ചും കേട്ടിരിക്കുന്നവർക്ക് അമ്പരപ്പു തോന്നുന്ന വിധത്തിൽ ദേശീയതാ വികാരം ഉണർത്തിയും ഉള്ള പ്രസംഗമാണ് ഗോപാലകൃഷ്ണന്രേത്. ഇദ്ദേഹത്തിന്റെ പ്രസംഗങ്ങളിലെ ഗുരുതരമായ തെറ്റുകളെ വർഷങ്ങൾക്കു മുമ്പു തന്നെ മലയാളം ബ്ലോഗിങ് സമൂഹം പൊളിച്ചുകാട്ടിയിട്ടുണ്ട്. അന്യമതവിദ്വേഷമില്ലാത്ത പ്രസംഗങ്ങൾ അദ്ദേഹത്തിന്റെ വായിൽനിന്നു കേൾക്കുക അപൂർവ്വം. ഇദ്ദേഹത്തിന്റെ ഒട്ടേറെ പ്രഭാഷണങ്ങൾ യുടൂബിലൂടെ പ്രചരിക്കുന്നുമുണ്ട്. ഈ ഒരൊറ്റ പ്രസംഗത്തിന്റെ പേരിലല്ല, ഇദ്ദേഹം സ്ഥിരമായി നടത്തുന്ന വിദ്വേഷപ്രചാരണത്തിന്റെ പേരിൽ ഇദ്ദേഹത്തിനെതിരെ ഇന്നേവരെ ഏതെങ്കിലും കേസ് രജിസ്റ്റർ ചെയ്തതായോ പൊലീസ് അന്വേഷണം നടത്തി നടപടി സ്വീകരിച്ചതായോ അറിവില്ല. അതിനുള്ള തുടക്കമാകട്ടെ, ഈ സത്യഗ്രഹ പ്രഖാപനം.

അപ്പോൾ വീണ്ടും ചോദിക്കട്ടെ. ഡോ. എൻ ഗോപാലകൃഷ്ണനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സഭാകവാടത്തിൽ സത്യഗ്രഹമിരിക്കാൻ മുസ്ലീം ലീഗിന് ധൈര്യമുണ്ടോ?