കള്ളൻ കുറ്റമേറ്റാൽ കേസ് അലിഞ്ഞു പോവുമോ? കോടിയേരിയും സെക്രട്ടേറിയറ്റും തീർക്കേണ്ടതല്ല ഈ കേസ് ; അണികൾ പ്രതീക്ഷിക്കുന്നത് ഉൾപ്പാർട്ടി നടപടി

കെ കരുണാകരനെ പാമോലിൻ കേസിലും ആർ ബാലകൃഷ്ണപിള്ളയെ ഗ്രാഫൈറ്റ് കേസിലും വിടാതെ പിടികൂടിയ പാർട്ടിയാണിത്. ഇപ്പാർട്ടിക്ക് ഇതിനുമുമ്പും സ്വന്തം മന്ത്രിമാർക്കെതിരായ ആരോപണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നത് വാസ്തവം. പക്ഷെ അതിലൊന്നും ആരോപണവിധേയർ കുറ്റക്കാരാണെന്നോ പാർട്ടിഘടകത്തിൽ തെറ്റ് സമ്മതിച്ചിട്ടുണ്ടെന്നോ പാർട്ടിക്ക് സമ്മതിക്കേണ്ടി വന്നിട്ടില്ല. അഴിമതിയുടെ സ്വഭാവം വ്യത്യസ്തമാണെന്ന ന്യായമൊന്നും ഫലിക്കുന്നതുമല്ല. പാർട്ടി വിശ്വസിക്കുന്നതു പ്രകാരം കമ്യൂണിസ്റ്റുകാരിൽ പൊടിക്കുപോലും ഇത്തരം തെറ്റ് വരാവുന്നതുമല്ല. പിള്ളക്കും കരുണാകരനും നേരിടേണ്ടി വന്ന അന്വേഷണക്കുരുക്കുകളൊന്നും ഇ. പി. ജയരാജനെ മാത്രമായി തൊടാതെ പോവാൻ പറ്റില്ല.

കള്ളൻ കുറ്റമേറ്റാൽ കേസ് അലിഞ്ഞു പോവുമോ? കോടിയേരിയും സെക്രട്ടേറിയറ്റും തീർക്കേണ്ടതല്ല ഈ കേസ് ; അണികൾ പ്രതീക്ഷിക്കുന്നത് ഉൾപ്പാർട്ടി നടപടി

ഇ. പി. ജയരാജൻ സിപിഐഎം സെക്രട്ടേറിയറ്റിൽ തെറ്റേറ്റു പറഞ്ഞതുകൊണ്ട് തീരുന്നതല്ല മന്ത്രിയെന്ന നിലയിൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റകൃത്യം. മന്ത്രിസ്ഥാനം രാജിവെപ്പിക്കാനുള്ള പാർട്ടി സെക്രട്ടേറിയറ്റിന്റെ തീരുമാനം കൊണ്ടും കുറ്റം അലിഞ്ഞില്ലാതാവില്ല. നിയമം നിയമത്തിന്റെ വഴിക്ക് ജയരാജൻ ചെയ്ത ഭരണഘടനാ ലംഘനങ്ങളെ പിന്തുടരുമ്പോൾ പാർട്ടിയും സർക്കാരും അതിലെന്തു നിലപാടെടുക്കുമെന്നാണ് പൊതുജനവും പാർട്ടി അണികളും ഉറ്റുനോക്കുന്നത്.


പാർട്ടി വേറെയും നീതിന്യായസംവിധാനം വേറെയുമാണ്. നീതിന്യായ സംവിധാനത്തിന്റെ ഭാഗമായി അഴിമതിക്കേസുകളിൽ ഇ. പി. ജയരാജൻ സ്വഭാവികമായും പ്രതിയാവും. പ്രഥമദൃഷ്ട്യാ തന്നെ കുറ്റം വ്യക്തമായതു കൊണ്ടാണ് പാർട്ടി മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വാങ്ങിയതെന്നു വ്യക്തമാണ്. ആരോപണങ്ങൾ പാർട്ടി അന്വേഷിച്ച ശേഷം നടപടി എന്ന ഔപചാരികതകൾക്കൊന്നും പാർട്ടി നിന്നിട്ടില്ല.

ഇനി തുറക്കാൻ പോകുന്നത് നിയമത്തിന്റെ വഴികളാണ്. പാർട്ടി ഇപ്പോഴെടുത്ത നടപടി സത്യസന്ധമാണെങ്കിൽ ബന്ധുനിയമനങ്ങളിലെ സ്വജനപക്ഷപാതം, മറ്റ് അഴിമതി നടന്നിട്ടുണ്ടെങ്കിൽ അവ എല്ലാം മുഖ്യമന്ത്രിക്കു കീഴിലുള്ള വിജിലൻസ് അന്വേഷിക്കണം. തെറ്റ് മനസ്സിലായി മന്ത്രി സ്ഥാനത്തു നിന്നു പാർട്ടി നീക്കിയതിനു സമാനമായൊരു നടപടി സ്വാഭാവികമായും നീതിന്യായസംവിധാനത്തിൽ നിന്നും ഉണ്ടാകാതെ വയ്യ. വിജിലൻസാവും ഇക്കാര്യത്തിൽ ഭരണഘടനാനുസാരിയായ നീതി നടപ്പാക്കാൻ ബാധ്യതപ്പെട്ട ആദ്യത്തെ സംവിധാനം.

വിജിലൻസ് അന്വേഷണത്തിലും ഉണ്ടായിവരാനിടയുള്ള മറ്റ് നിയമ യുദ്ധങ്ങളിലും, മന്ത്രിയെ പുറത്താക്കാൻ പാർട്ടിയും മുഖ്യമന്ത്രിയും ഇപ്പോൾ കാണിച്ച ജാഗ്രത നടപ്പാവുമോ എന്നതാണ് ഉയരുന്ന ഒന്നാമത്തെ ചോദ്യം. കെ കരുണാകരനെ പാമോലിൻ കേസിലും ആർ ബാലകൃഷ്ണപിള്ളയെ ഗ്രാഫൈറ്റ് കേസിലും വിടാതെ പിടികൂടിയ പാർട്ടിയാണിത്. ഈ പാർട്ടിക്ക് ഇതിനുമുമ്പും സ്വന്തം മന്ത്രിമാർക്കെതിരായ ആരോപണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നത് വാസ്തവം. പക്ഷെ അതിലൊന്നും ആരോപണവിധേയർ കുറ്റക്കാരാണെന്നോ പാർട്ടിഘടകത്തിൽ തെറ്റ് സമ്മതിച്ചിട്ടുണ്ടെന്നോ പാർട്ടിക്ക് സമ്മതിക്കേണ്ടി വന്നിട്ടില്ല. അഴിമതിയുടെ സ്വഭാവം വ്യത്യസ്തമാണെന്ന ന്യായമൊന്നും ഫലിക്കുന്നതുമല്ല. പാർട്ടി വിശ്വസിക്കുന്നതു പ്രകാരം കമ്യൂണിസ്റ്റുകാരിൽ പൊടിക്കുപോലും ഇത്തരം തെറ്റ് വരാവുന്നതുമല്ല. പിള്ളക്കും കരുണാകരനും നേരിടേണ്ടി വന്ന അന്വേഷണക്കുരുക്കുകളൊന്നും ഇ. പി. ജയരാജനെ മാത്രമായി തൊടാതെ പോവാൻ പറ്റില്ല.

അതു ചെയ്യേണ്ടത് ഒന്നാം ഘട്ടത്തിൽ വിജിലൻസാണ്. പാർട്ടിക്കും മുഖ്യമന്ത്രിക്കും തെറ്റ് ബോധ്യപ്പെട്ടുവെന്നത് വാസ്തവമാണെങ്കിൽ വിജിലൻസ് അന്വേഷണത്തിലോ മറ്റ് നിയമനടപടികളിലോ പാർട്ടി സംവിധാനമോ സർക്കാർ സംവിധാനമോ ഇ. പി. ജയരാജനെ രക്ഷിച്ചെടുക്കാൻ ഉണ്ടാവരുത്. ഉപ്പുതിന്നവർ വെള്ളം കുടിക്കണമെന്ന പാർട്ടിയുടെ വിശ്രുത സിദ്ധാന്തം പാർട്ടിയും മുഖ്യമന്ത്രിയും സത്യസന്ധമായി നിറവേറ്റണം. അതു നടക്കുമോ എന്ന് പ്രശ്നം ഇവ്വിധം ചർച്ച ചെയ്തെത്തിച്ച പാർട്ടിയണികളുൾപ്പെട്ട ജനം ഉറ്റുനോക്കുന്നു.

അതുനടന്നാലും തീരില്ല പാർട്ടിക്കുള്ള ധാർമ്മിക ഉത്തരവാദിത്തം. ധാർമ്മിക ഉത്തരവാദിത്തം മാത്രമല്ല, ഇന്ത്യൻ ഭരണഘടനക്ക് കീഴ്പെട്ടു പ്രവർത്തിക്കുന്ന അംഗീകൃത പാർട്ടിയെന്ന നിലക്ക് നിയമപരമായിക്കൂടി പാർട്ടിക്കുള്ള ഉത്തരവാദിത്തമാണത്. പാർട്ടി അവരുടെ ഉന്നതസ്ഥാനത്തു പ്രവർത്തിക്കുന്ന സീനിയറായൊരു നേതാവിന്റെ കൃത്രിമം കയ്യോടെ പിടികൂടിയിരിക്കുന്നു. ആദ്യഘട്ട അച്ചടക്കനടപടിയും വന്നിരിക്കുന്നു. മന്ത്രിസ്ഥാനത്തുനിന്ന് ഒരു കേന്ദ്ര കമ്മറ്റിയംഗത്തെ നീക്കുകയെന്നത് അച്ചടക്കനടപടിതന്നെയാണല്ലോ.

എന്നാലിത് പൊതുജനസമക്ഷമുള്ള അച്ചടക്കനടപടി മാത്രമാണ്. ജനങ്ങളുടെ നൈതിക-ധാർമ്മിക ബോധത്തെക്കാൾ ഉയർന്ന നിലയിൽ പ്രവർത്തിക്കുന്നവരെന്നാണ് പാർട്ടിയെക്കുറിച്ചുള്ള മാർക്സിസ്റ്റ് - ലെനിനിസ്റ്റ് തത്ത്വം. അത് ലംഘിക്കുന്നവർക്ക്  രാജ്യത്തെ ഭരണഘടന അനുശാസിക്കുന്ന ശിക്ഷയിൽനിന്നു വേറിട്ട ശിക്ഷ നൽകിയാണ് പാർട്ടി സംവിധാനം സ്വന്തം നൈതിക-ധാർമ്മിക പെരുമ പ്രവർത്തകരിൽ നിലനിർത്തിപ്പോരുന്നത്.

പാർട്ടിയെ ഇത്തോതിൽ യശസ്സിടിച്ചു കളഞ്ഞ കുറ്റകൃത്യം ഉന്നത ഘടകത്തിനു ബോധ്യപ്പെട്ട സ്ഥിതിക്ക് പാർട്ടിയുടെതായ ഉൾപ്പാർട്ടി ശിക്ഷാനടപടി ഇ. പി. ജയരാജനെതിരെ പ്രഖ്യാപിക്കാനും അവർ ബാധ്യസ്ഥരാണ്. പാർട്ടി ഭരണഘടന ഇക്കാര്യത്തിൽ സംശയരഹിതമായ വ്യവസ്ഥകളുള്ളതാണ്‌. 'പാർട്ടിയുടെ യശസ്സിനു കളങ്കം വരുത്തുന്ന പ്രവർത്തനത്തിലേർപ്പെട്ടതിന് ഇന്നയാളെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കുന്നു' എന്നതാണ് പാർട്ടി ജില്ലാ ഘടകങ്ങൾ പുറത്തിറക്കാറുള്ള പതിവു പ്രസ്താവന.

ഇ. പി. ജയരാജന്റെ കാര്യത്തിൽ അങ്ങനെയൊരു നടപടി പ്രഖ്യാപിക്കേണ്ടി വരിക ജില്ലാഘടകമാവില്ലെന്ന വ്യത്യാസമേയുള്ളൂ. അതൊരു സാങ്കേതിക വ്യത്യാസം മാത്രമാണ്. ഉചിതമായൊരു ഘടകത്തിൽ നിന്ന് അങ്ങനൊരു പത്രക്കുറിപ്പ് പുറത്തിറങ്ങേണ്ടതാണ്‌. അതുണ്ടായില്ലെങ്കിൽ അതിനൊരൊറ്റ കാരണമേയുള്ളൂ. എല്ലാവരും സമന്മാരാണ് പാർട്ടിയിലെങ്കിലും ചിലർ കൂടുതൽ സമന്മാരാണെന്ന കാരണം മാത്രം.

Read More >>