സഭ ചേരുമ്പോൾ ഇ പി ജയരാജന്റെ കസേര ആർക്കായിരിക്കും... അഥവാ ആരായിരിക്കും രണ്ടാമൻ?

സഭയിലെ സീറ്റു നിശ്ചയിക്കുന്നതിന് കൃത്യമായ മാനദണ്ഡമുണ്ട്. ഭരണകക്ഷി അംഗങ്ങളുടെ സീറ്റു നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ്. അദ്ദേഹം എഴുതിക്കൊടുക്കുന്ന മുറയ്ക്കാണ് സീറ്റു വിതരണം.

സഭ ചേരുമ്പോൾ ഇ പി ജയരാജന്റെ കസേര ആർക്കായിരിക്കും... അഥവാ ആരായിരിക്കും രണ്ടാമൻ?

പിണറായി മന്ത്രിസഭയിലെ രണ്ടാമനാര് എന്ന സന്ദേഹത്തിന് നിയമസഭയിൽ തിങ്കളാഴ്ച ഉത്തരം കിട്ടും. മുഖ്യമന്ത്രിയുടെ കസേരയ്ക്കടുത്ത് ഇരിക്കുന്ന ആളാണ് 'രണ്ടാമൻ'. നിലവിൽ ആ സീറ്റിൽ ഇ പി ജയരാജനായിരുന്നു. ജയരാജൻ രാജിവെച്ചപ്പോൾ ഒഴിവുവന്ന കസേര തോമസ് ഐസക്കിനു ലഭിക്കുമോ എന്ന് ഉറ്റുനോക്കുന്നവരുണ്ട്.

സഭയിലെ സീറ്റു നിശ്ചയിക്കുന്നതിന് കൃത്യമായ മാനദണ്ഡമുണ്ട്. ഭരണകക്ഷി അംഗങ്ങളുടെ സീറ്റു നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ്. അദ്ദേഹം എഴുതിക്കൊടുക്കുന്ന മുറയ്ക്കാണ് സീറ്റു വിതരണം. മുഖ്യമന്ത്രി നൽകിയ പട്ടികയിൽ രണ്ടാംപേര് ഇ പി ജയരാജന്റേതായിരുന്നു. സിപിഐയുടെ നിയമസഭാ കക്ഷി നേതാവ് ഇ ചന്ദ്രശേഖരന്റെ പേര് മൂന്നാമത്. മറ്റു കക്ഷിനേതാക്കൾ പിന്നാലെ. സിപിഐഎമ്മിൽ നിന്ന് തൊട്ടടുത്തു വരുന്നത് തോമസ് ഐസക്കാണ്. അതായത്, നിലവിൽ മുഖ്യമന്ത്രി നൽകിയ പട്ടിക അനുസരിച്ച് സിപിഎമ്മിലെ മൂന്നാമൻ ഐസക്കാണ്.


പ്രതിപക്ഷാംഗങ്ങളുടെ സീറ്റു നിശ്ചയിക്കുന്ന കാര്യത്തിലും ഇതുതന്നെയാണ് മാനദണ്ഡം. പ്രതിപക്ഷ നേതാവ് നൽകുന്ന പട്ടിക പ്രകാരം സ്പീക്കർ അംഗങ്ങളുടെ സീറ്റു നിശ്ചയിക്കും. ഭരണപക്ഷത്തും പ്രതിപക്ഷത്തും കക്ഷി നേതാക്കൾ കഴിഞ്ഞ് അതതു പാർടിയിലെ സീനിയോറിറ്റി പരിഗണിക്കുന്ന ശീലമാണ് യുഡിഎഫിന്.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദന്റെ തൊട്ടടുത്ത സീറ്റിൽ പിബി അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണനായിരുന്നു. എൽഡിഎഫ് പ്രതിപക്ഷത്തായിരുന്നപ്പോൾ സഭാ ഉപനേതാവ് എന്ന നിലയിലും കോടിയേരിയ്ക്ക് മുൻനിരയിൽ പ്രതിപക്ഷ നേതാവിന്റെ തൊട്ടടുത്തു തന്നെയായിരുന്നു ഇരിപ്പിടം. പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും രണ്ടു സിപിഎം നേതാക്കൾക്കു ശേഷമേ ഘടകകക്ഷി നേതാവിനെ പരിഗണിക്കാറുളളൂ.

സ്പീക്കറുടെ വിവേചനാധികാരമുപയോഗിച്ചാണ് മുൻമുഖ്യമന്ത്രിമാരെന്ന നിലയിൽ വിഎസിനും ഉമ്മൻചാണ്ടിയ്ക്കും മുൻനിരയിൽ സീറ്റ് അനുവദിച്ചത്. അംഗങ്ങളിൽ മുൻ സ്പീക്കർമാരുണ്ടെങ്കിൽ അവർക്കും മുൻനിരയിൽ സീറ്റു നൽകാൻ സ്പീക്കർക്ക് അധികാരമുണ്ട്.

കേന്ദ്രക്കമ്മിറ്റിയിലെ മുൻഗണന കഴിഞ്ഞാൽ സിപിഎമ്മിൽ സീറ്റു വിഭജനം പാർടി സംസ്ഥാന കമ്മിറ്റിയിലെ സീനിയോറി പ്രകാരമാണ്. സംസ്ഥാന കമ്മിറ്റി അംഗമായ പൊതുമരാമത്തു മന്ത്രി ജി സുധാകരൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണനെക്കാൾ മുന്നിലായതിനു കാരണം ഇതാണ്.

സീറ്റിനെച്ചൊല്ലി പ്രതിപക്ഷത്തും ചില പ്രതിഷേധങ്ങളുണ്ട്. പ്രതിഷേധവും ആശയക്കുഴപ്പവും കാരണം ഒരു സെഷൻ കഴിഞ്ഞാണ് പ്രതിപക്ഷ നേതാവ് പട്ടിക നൽകിയതു തന്നെ. കോൺഗ്രസിൽത്തന്നെ ഗ്രൂപ്പിലെ സീനിയോറിറ്റിയും പ്രധാനമാണ്. മുന്നിലിരിക്കേണ്ടത് ആര് എന്നതിനെച്ചൊല്ലി എ ഗ്രൂപ്പിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ സി ജോസഫും തമ്മിൽ തർക്കമുണ്ടായിരുന്നു. ഐ ഗ്രൂപ്പിൽ വി എസ് ശിവകുമാറും വി ഡി സതീശനും തമ്മിലും.

കെ സി ജോസഫിനു വേണ്ടി തിരുവഞ്ചൂർ പിന്നിലേയ്ക്കിറങ്ങേണ്ടി വന്നു. സതീശനെക്കാൾ ഒരക്കം മുകളിലാണ് വി എസ് ശിവകുമാർ. ഇതിലൊക്കെ ചില പ്രതിഷേധങ്ങളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

പക്ഷേ, കണ്ണുകളെല്ലാം ഇ പി ജയരാജൻ ഇരുന്ന കസേരയിലേയ്ക്കാണ്. ആ കസേര ആർക്കു ലഭിച്ചാലും അതിലൊരു സന്ദേശമുണ്ട്.

Read More >>