ബിജു ആന്റണി ആളൂര്‍ വക്കീലായത് ഇങ്ങനെ; വക്കീല്‍ പണി കാരണം വിവാഹം പോലും കഴിച്ചില്ല; രാഷ്ട്രീയക്കാരില്‍ ഇഷ്ടം വി എസിനോട് മാത്രം

''ഞാന്‍ നേരിട്ട് കേസ് ഏറ്റെടുക്കുകയാണെങ്കില്‍ എനിക്കാവശ്യമായ ഫീസ് തരണം എന്നു പറയും. കേസിനെ ആശ്രയിച്ചാണ് പൈസ ആവശ്യപ്പെടുക. മിനിമം ഒരു സംഖ്യ വേണം. ലക്ഷങ്ങളും ആളൂര്‍ വക്കീലുമുണ്ടെങ്കില്‍ ആര്‍ക്കും ആരെയും കൊല്ലാം. ആയിരം രൂപയും മള്ളൂര്‍ വക്കീലും അല്ല ഇപ്പോള്‍. ആ ചരിത്രം മാറി''-

ബിജു ആന്റണി ആളൂര്‍ വക്കീലായത് ഇങ്ങനെ; വക്കീല്‍ പണി കാരണം വിവാഹം പോലും കഴിച്ചില്ല; രാഷ്ട്രീയക്കാരില്‍ ഇഷ്ടം വി എസിനോട് മാത്രം

തൃശ്ശൂര്‍ ജില്ലയില്‍ എരുമപ്പെട്ടിയിലെ ആളൂര്‍ കുടുംബത്തിലാണ് അഡ്വ. ബി എ ആളൂരിന്റെ ജനനം. പിതാവ് എ സി ആന്റണി, അമ്മ റോസി. അഞ്ച് സഹോദരന്മാരും ഒരു സഹോദരിയും. എസ്എസ്എല്‍സി കഴിഞ്ഞ് തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ പ്രീഡിഗ്രി ചെയ്തു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പ്രൈവറ്റായി പഠിച്ച് ഡിഗ്രി പാസായി. കാര്‍ഷിക കുടുംബമായതിനാല്‍ കൃഷിപ്പണിയും മറ്റ് ജോലികളും ചെയ്തായിരുന്നു പഠനം. സഹോദരങ്ങള്‍ പൂനെയില്‍ ആയതുകൊണ്ട് അവിടേക്ക് പോയി. എല്‍എല്‍ബി കഴിഞ്ഞത് പൂനെയില്‍. 43 വയസ്സുള്ള ആളൂര്‍ വക്കീലിന്റെ സ്ഥിരതാമസം മുംബൈയില്‍. സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി മുംബൈയില്‍ നിന്ന് കേസ് വാദിക്കാനെത്തിയപ്പോള്‍ അഡ്വ. ആളൂര്‍ 'ദുരൂഹത' നിറഞ്ഞയാളും 'അധോലോക' ബന്ധമുള്ളയാളുമായി അറിയപ്പെടാന്‍ തുടങ്ങി.  ഇനിയിപ്പോള്‍ വിവാദമായ ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിനു വേണ്ടിയും ആളൂര്‍ കോടതിയിലെത്തും. അതെക്കുറിച്ചെല്ലാം അഡ്വ ബിജു ആന്റണി ആളൂര്‍ പറഞ്ഞു തുടങ്ങുകയാണ്...


ഭാര്യയേയും മക്കളേയും കുറിച്ച് മാത്രം പറഞ്ഞില്ലല്ലോ?

അതിന് ഭാര്യയും മക്കളും ഇല്ലല്ലോ. ഞാന്‍ കല്ല്യാണം കഴിച്ചിട്ടില്ലല്ലോ. പ്രൊഫഷണനോടുള്ള കമ്മിറ്റ്‌മെന്റ് കൊണ്ടാണ് വിവാഹത്തെക്കുറിച്ച് ചിന്തിക്കാതിരുന്നത്. എനിക്ക് ചിന്ത ഇത് മാത്രമാണ്. സുപ്രീം കോടതിയിലടക്കമുള്ള എന്റെ അടുത്ത അഞ്ച് സുഹൃത്തുക്കളില്‍ നാല് പേരും വിവാഹം കഴിച്ചിട്ടില്ല.

ദുരൂഹത നിറഞ്ഞയാള്‍, അധോലോകബന്ധം എന്നൊക്കെ അഡ്വ ആളൂരിനെക്കുറിച്ച് പറഞ്ഞു കേള്‍ക്കുന്നുണ്ട്...


സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാനെത്തിയപ്പോള്‍ പറഞ്ഞു കേട്ടതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും മുംബൈയില്‍ നിന്ന് അഭിഭാഷകനെത്തുന്നു എന്നാണല്ലോ...മുംബൈയില്‍ നിന്നാണ് വരുന്നതെങ്കിലും ഈ പറഞ്ഞു കേട്ടതെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണ്. ജോലിയോട് കൂറു പുലര്‍ത്തിയപ്പോഴും , പ്രതിയുടെ ഭാഗം ചേര്‍ന്നു നിന്നപ്പോഴും വിമര്‍ശനങ്ങള്‍ വരുന്നു. അല്ലാതെ ദുരൂഹതയൊന്നുമില്ല.

ഗോവിന്ദച്ചാമിക്കുവേണ്ടി ലഹരിമാഫിയ പണം തന്നുവെന്നു വക്കീല്‍ തന്നെ പറഞ്ഞിരുന്നു. ഇതൊക്കെ ദുരൂഹതയല്ലേ?എത്ര പണം ഫീസായി മേടിച്ചെന്നൊന്നും പറയുന്നില്ലല്ലോ...

govindaലഹരിമാഫിയ എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. പിടിച്ചുപറിക്കാരും ലഹരിവസ്തുക്കളും വില്‍ക്കുന്നവരുമായി ബന്ധപ്പെട്ട ആളുകള്‍ എന്നാണ് മാതൃഭൂമി ചാനലില്‍ പറഞ്ഞത്. ക്രിമിനല്‍ കേസുകളില്‍ ക്രിമിനലുകള്‍ തന്നെയാണ് അഭിഭാഷകനെ കേസ് ഏല്‍പ്പിക്കുന്നത്. അല്ലാതെ പള്ളീലച്ചനും മുക്രിയും പൂജാരിയുമൊന്നും വരില്ലല്ലോ. റേപ്പ്-മര്‍ഡര്‍ കേസുകള്‍ ആണ് അധികവും ഏറ്റെടുത്തിട്ടുള്ളത്. അതുകൊണ്ട് ഇത്തരം ആളുകള്‍ വരുന്നു. ഗോവിന്ദച്ചാമിക്ക് പൈസ കിട്ടിയതെവിടെ നിന്നെന്നും എനിക്കെത്ര തന്നുവെന്നും പറയാന്‍ കഴിയില്ല

പണത്തിന്റെ സ്രോതസ് സംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ടല്ലോ. അവര്‍ ചോദിച്ചാല്‍ പറയേണ്ടി വരില്ലേ?

കക്ഷികള്‍ എത്ര പണം തന്നുവെന്നും എവിടെ നിന്ന് ഇത്രയും പണം കിട്ടുന്നുവെന്നും ആരോടും പറയേണ്ട ബാധ്യത ഇല്ല. അന്വേഷിക്കേണ്ട കാര്യവും ഇല്ലെന്നാണ് കരുതുന്നത്. ഇത്തരം അന്വേഷണങ്ങള്‍ക്കൊന്നും യാതൊരു അടിസ്ഥാനവുമില്ല.

ഇങ്ങനെയൊരു കേസില്‍ എത്ര ഫീസ് വാങ്ങാറുണ്ട്?

ഞാന്‍ നേരിട്ട് കേസ് ഏറ്റെടുക്കുകയാണെങ്കില്‍ എനിക്കാവശ്യമായ ഫീസ് തരണം എന്നു പറയും. ആവശ്യപ്പെടുന്ന പൈസ തരാന്‍ തയ്യാറാകണം എന്നാണ് കക്ഷികളോട് പറയുക. കേസിനെ ആശ്രയിച്ചാണ് പൈസ ആവശ്യപ്പെടുക. മിനിമം ഒരു സംഖ്യ വേണം. ലക്ഷങ്ങളും ആളൂര്‍ വക്കീലുമുണ്ടെങ്കില്‍ ആര്‍ക്കും ആരെയും കൊല്ലാം. ആയിരം രൂപയും മള്ളൂര്‍ വക്കീലും അല്ല ഇപ്പോള്‍. ആ ചരിത്രം മാറി. ഞാന്‍ ബോംബെയിലാണ്. അവിടുന്ന് ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്‌തൊക്കെ വരേണ്ടി വരും .അതിനൊക്കെ ഫീസ് തരാന്‍ തയ്യാറാകണം.

3

ഒരേ സമയം സമാനമായ പല കേസുകളുമുണ്ടാകും. അതൊക്കെ ഒഴിവാക്കുന്നത് നഷ്ടമല്ലേ. അപ്പോള്‍ ചിലത് ജൂനിയേഴ്‌സിനെയോ സുഹൃത്തുക്കളേയോ ഏല്‍പ്പിക്കും. അവര്‍ക്ക് കൂടി നല്‍കാനുള്ള തുകയാണ് ആവശ്യപ്പെടുക. സുഹൃത്തുക്കള്‍ക്കോ മറ്റോ വരുന്ന കേസാണെങ്കില്‍ ഫീസ് കുറഞ്ഞാലും പ്രധാനപ്പെട്ട സാക്ഷികളെയൊക്കെ വിസ്തരിക്കാന്‍ പോകാറുണ്ട്.

വിവാദമായ ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനു വേണ്ടി വക്കാലത്ത് ഒപ്പിട്ടു കഴിഞ്ഞു. ആളൂരിനെ താങ്ങാന്‍ അമീറുള്‍ ഇസ്ലാമിനു കഴിയുമോ?

പൈസ ചെലവാക്കേണ്ടി വരും, അതിന് തയ്യാറാണോ എന്ന് ഞാന്‍ അമീറിനോട് ചോദിച്ചു. തരാന്‍ അമീറുള്‍ തയ്യാറാണ്. എവിടുന്ന് പൈസ വരുന്നു എന്ന് ഞാന്‍ അറിയേണ്ടേ. വാദിക്കാനുള്ള ഫീസ് എനിക്കാവശ്യമാണ്. ഇനി ചോദിച്ച ഫീസ് തരാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രധാനപ്പെട്ട സാക്ഷികളെ മാത്രമേ ഞാന്‍ വിസ്തരിക്കൂ എന്ന് ഞാന്‍ പറയും. മറ്റുള്ള ജോലികള്‍ സുഹൃത്തുക്കളേയോ ജൂനിയേഴ്‌സിനെയോ ഏല്‍പ്പിക്കും.

അമീറുള്ളിനെ കണ്ടേപ്പോള്‍ എന്താണ് പറഞ്ഞത്?

അയാള്‍ക്ക് കേരളത്തിലെ അഭിഭാഷകരെ വിശ്വാസമില്ല. എഴുത്ത് മുഖേനയാണ് എന്നെ അറിയിച്ചത്. കഴിഞ്ഞ ദിവസം ഞാന്‍ നേരില്‍ കണ്ടു. അയാള്‍ കുറ്റം ചെയ്തിട്ടില്ലെന്ന് എനിക്ക് മനസ്സിലായി. ആരോഗ്യമില്ലാത്ത ചെറിയ പയ്യനാണ് അമീറുള്‍. ഇയാള്‍ ആരോഗ്യമുള്ള പെണ്‍കുട്ടിയെ കീഴ്‌പ്പെടുത്തി, മല്‍പ്പിടുത്തം നടത്തി, അതിന് ശേഷം ബലാത്സംഗം ചെയ്ത് കൊന്നുവെന്ന് വിശ്വസിക്കാന്‍ കഴിയില്ല. ചാര്‍ജ്ജ് ഷീറ്റ് ഞാന്‍ വായിച്ചു നോക്കിയിട്ടില്ല.

aloor

ഈ കേസ് നടത്താന്‍ അഡ്വ. ആളൂരിന് വരാന്‍ കഴിഞ്ഞില്ലെങ്കില്‍ വേരെ അഭിഭാഷകനെ ഏല്‍പ്പിക്കില്ലെന്ന് അമീറുള്‍ പറഞ്ഞു. ഇതാണ് പ്രതിയുടെ അപ്രോച്ച്. ഇതാണ് ബി എ ആളൂര്‍ എന്ന് ഇന്നെനിക്ക് പറയാന്‍ സാധിക്കും.

കോടതിക്ക് തെളിവുകളാണ് വേണ്ടത്. ചിലപ്പോൾ സത്യം വേറയാകും. വ്യക്തിയെന്ന നിലയില്‍ ഇരയ്ക്ക് നീതി കിട്ടാതാകുമ്പോള്‍ കുറ്റബോധം ഉണ്ടാകാറില്ലേ...

ഒരിക്കലും കുറ്റബോധം തോന്നിയിട്ടില്ല. കക്ഷി എന്താണ് പറയുന്നത്. അതാണ് ചെയ്തു കൊടുക്കേണ്ടത്, അതിനാണ് അവര്‍ ഫീസ് തരുന്നത്. മറ്റ് കാര്യങ്ങള്‍ ആലോചിച്ച് വേവലാതിപ്പെട്ടാല്‍ കേസ് നടത്താന്‍ കഴിയില്ല. ഇവിടെ വികാരങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. നമ്മള്‍ ചെയ്യുന്നത് നമ്മുടെ ജോലിയാണ്. ഡോക്ടര്‍ ഏത് രോഗി വന്നാലും ശുശ്രൂഷിക്കണം. അഭിഭാഷകന് കക്ഷികള്‍ വരുമ്പോള്‍ വകതിരിവ് പാടില്ല. വികാരങ്ങള്‍ക്ക് അടിമപ്പെട്ടാല്‍ കേസ് ഏറ്റെടുക്കാന്‍ കഴിയില്ല.

വികാരത്തിനടിമപ്പെട്ട് വിധി പറയാനും പാടില്ല. സത്യത്തെ കാണുക എന്നതാണ് കാര്യം. അങ്ങനെ ബോധ്യപ്പെടുത്തണം. ചിലപ്പോള്‍ പ്രതിഭാഗത്തിന് ആരു ഒരു പ്രാധാന്യവും കല്‍പ്പിക്കുന്നില്ലെന്ന് തോന്നും. പ്രതിഭാഗത്തിന് പ്രാധാന്യമില്ലാത്ത കോടതിയില്‍ കേസ് നടത്തുന്നത് ശരിയല്ലെന്ന് ജ.കൃഷ്ണയ്യര്‍ പറഞ്ഞിട്ടുണ്ട്. പ്രതിഭാഗത്തിന് പ്രാധാന്യം നല്‍കാത്ത കോടതിയുണ്ടെങ്കില്‍ അവിടെ വാദിക്കുന്നതിനെക്കാള്‍ നല്ലത് ആത്മഹത്യ ചെയ്യുന്നതാണ്.

[caption id="attachment_48373" align="aligncenter" width="557"]6 സുപ്രീം കോടതിക്ക് മുന്നില്‍ സഹപ്രവര്‍ത്തകരോടൊപ്പം[/caption]

ഞാന്‍ പ്രോസിക്യൂട്ടറാണെങ്കില്‍ പ്രതിയെക്കുറിച്ച് ചിന്തിക്കില്ല. അവന്‍ എത്ര വലിയ ഉന്നതനാണെങ്കിലും പരമാവധി ശിക്ഷ നല്‍കണമെന്നാണ് കരുതുക. അതുപോലെ പ്രതിഭാഗത്ത് നിന്നുകൊണ്ട് ഇരയ്ക്ക് നീതി കിട്ടണമെന്ന് വിചാരിക്കാന്‍ സാധിക്കില്ല. അങ്ങനെയുള്ള ചിന്തയാണ് ഒരു വക്കീലിനുണ്ടാകേണ്ടത്. വക്കീല്‍ ഒരിക്കലും ജഡ്ജിയാകരുത്. ജഡ്ജി ഒരിക്കലും വക്കീലാകരുത്.

ഇത്തരം കേസുകള്‍ ഏറ്റെടുക്കുമ്പോള്‍ കുറ്റപ്പെടുത്തലുകളുണ്ടാകുക സ്വാഭാവികമാണ്. എങ്ങനെ സമ്മര്‍ദ്ദങ്ങളെ മറികടക്കും?

സമ്മര്‍ദ്ദം ഉണ്ടാകാറാണ്ട്. വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും നീരസം പ്രകടിപ്പിക്കാറുണ്ട്. പൊതുജനവും പ്രകടിപ്പിക്കുന്നുണ്ട്. ഒരു പ്രതിക്ക് അഭിഭാഷകന്‍ ദൈവമാണ്. കേസിനെക്കുറിച്ചും നിയമത്തെക്കുറിച്ചും അറിഞ്ഞ ആളുകള്‍ ഒരിക്കലും കുറ്റം പറയില്ല.

കേരളത്തില്‍ സൗമ്യവധക്കേസുമായി ബന്ധപ്പെട്ടാണ് അഡ്വ ആളൂരിനെ അറിയാന്‍ തുടങ്ങിയത്. അതിനു മുമ്പോ?

പൂനെയിലാണ് നിയമബിരുദം പൂര്‍ത്തിയാക്കിയതെന്ന് പറഞ്ഞല്ലോ. ട്രെയ്‌നിംഗിനായി 1999 ല്‍ കേരളത്തില്‍ വന്നു. വടക്കാഞ്ചേരി മുന്‍സിഫ് കോടതിയിലും ജില്ലാ കോടതിയിലും സിവില്‍ ക്രിമിനല്‍ കേസുകളില്‍ പ്രാക്ടീസ് ചെയ്തു. 2001 ല്‍ കേരളത്തില്‍ നിന്ന് വീണ്ടും തിരിച്ചുപോയി. 2002 തൊട്ട് സ്വതന്ത്രമായി പ്രാക്ടീസ് ആരംഭിച്ചു. തൊട്ടടുത്ത വര്‍ഷം പൂനെയില്‍ രണ്ട് മലയാളികളും ഒരു തമിഴനും ഒരാളെ കമ്പിപ്പാരയ്ക്ക് അടിച്ചു കൊന്ന സംഭവമുണ്ടായി. ആ കേസിലാണ് ആദ്യം വക്കാലത്ത് എടുക്കുന്നത്. ഇതാണ് ജീവിതത്തിലെ ടേണിംഗ് പോയിന്റ്. 2004 ല്‍ കോടതിക്കു പുറത്ത് ജില്ലയിലെ മുഴുവന്‍ ജഡ്ജിമാരും വിധി കാത്തുനില്‍ക്കുന്ന സമയം. മൂന്ന് പ്രതികളെയും സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിട്ടു. പ്രോസിക്യൂഷന് വേണ്ടത്ര തെളിവ് നല്‍കാനായില്ല.

മൂന്ന് പ്രതികളും പുറത്തിറങ്ങി ജഡ്ജിമാരൊക്കെ കാണ്‍കെ കാലില്‍ വീണ് നമസ്‌ക്കരിച്ചു. അഭിമാനം തോന്നി. ഒരു പ്രതിക്ക് അഭിഭാഷകന്‍ ദൈവമാണ്. പിന്നീടും സമാനമായ കേസുകള്‍ നിരവധി. ബണ്ടി ചോറിനു വേണ്ടി, അതിന്റെ വിചാരണ തുടങ്ങാന്‍ പോകുന്നു. അമിതാഭ് ബച്ചനെതിരെ, അംബാനിക്കെതിരെ. ഛോട്ടാ രാജനുവേണ്ടി അവര്‍ സമീപിച്ചിരുന്നു. അത് എന്താകും എന്നറിയില്ല. കേരളത്തില്‍ ഇനി ജിഷ വധക്കേസില്‍ വിചാരണ തുടങ്ങാന്‍ പോകുന്നു.

ആളൂരിന് രാഷ്ട്രീയമുണ്ടോ?

എനിക്ക് രാഷ്ട്രീയക്കാരെ ഇഷ്ടമല്ല. തെമ്മാടികളുടേയും കാപാലികന്മാരുടേയും ഏറ്റവും അവസാനത്തെ ആശ്രയമാണ് രാഷ്ട്രീയം എന്നാണ് അഭിപ്രായം. രാഷ്ട്രീയത്തോടല്ല, രാഷ്ട്രീയക്കാരോടാണ് വെറുപ്പ്. രാഷ്ട്രത്തെ മെനഞ്ഞെടുക്കുന്നതല്ലേ രാഷ്ട്രീയം. എന്നാല്‍ രാഷ്ട്രീയക്കാര്‍ അങ്ങനെയല്ലല്ലോ. ദേശീയ രാഷ്ട്രീയത്തില്‍ ആരോടും താത്പര്യമില്ല. കേരളത്തില്‍ വിഎസ് അച്യുതാനന്ദനെ മാത്രമാണിഷ്ടം.

Read More >>