എങ്ങനെയാണിത്‌ മന്‍മോഹന്‍ ബംഗ്ലാവായത്? തോമസ്‌ ഐസക്ക് ചോദിക്കുന്നു

ന്ത്രി സ്ഥാനം ഏറ്റെടുത്തു ഔദ്യോഗിക വസതിയിലേക്ക് താമസം മാറ്റിയ നാള്‍ മുതല്‍ അദ്ദേഹത്തെ ഈ സംശയം വിടാതെ പിന്തുടരുകയാണ്.

എങ്ങനെയാണിത്‌ മന്‍മോഹന്‍ ബംഗ്ലാവായത്? തോമസ്‌ ഐസക്ക് ചോദിക്കുന്നു

തിരുവനന്തപുരം: ധനകാര്യ മന്ത്രി തോമസ്‌ ഐസക്കിന് ഒരു സംശയം. തന്റെ ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവിനു എങ്ങനെയാണ് ആ പേര് ലഭിച്ചതെന്ന അന്വേഷണത്തിലാണ് അദ്ദേഹം ഇപ്പോള്‍. മന്ത്രി സ്ഥാനം ഏറ്റെടുത്തു ഔദ്യോഗിക വസതിയിലേക്ക് താമസം മാറ്റിയ നാള്‍ മുതല്‍ അദ്ദേഹത്തെ ഈ സംശയം വിടാതെ പിന്തുടരുകയാണ്. പലരോടും പലപ്പോഴായി അദ്ദേഹം ഈ ചോദ്യം ചോദിച്ചുവെങ്കിലും ആര്‍ക്കും ഇതേപറ്റി വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ല. ഒടുവില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് അതിന്റെ ഉത്തരം കിട്ടി, അല്ലെങ്കില്‍ ഉത്തരത്തിലേക്ക് നയിക്കുന്ന ചില സൂചികകള്‍ ലഭിച്ചു.


"ചരിത്രകാരന്‍ ഡോ. മൈക്കിള്‍ തരകന്‍ രണ്ടു ദിവസം എന്‍റെ വീട്ടില്‍ താമസത്തിന് എത്തിയത്. ചോദിക്കേണ്ട താമസമേ ഉണ്ടായുള്ളൂ മൈക്കിളിന്‍റെ ഉത്തരത്തിന്. മനോമണിയം സുന്ദരനാര്‍ എന്ന പേരില്‍ തെക്കേ ഇന്ത്യ മുഴുവന്‍ പ്രസിദ്ധനായ തത്വചിന്തകനും പുരാരേഖ വിദഗ്ദ്ധനുമായിരുന്ന സുന്ദരംപിള്ള 19 -ാം നൂറ്റാണ്ടിന്‍റെ അവസാനം പണി കഴിപ്പിച്ചതാണത്രേ ഈ ബംഗ്ലാവ്. 
ആലപ്പുഴയില്‍ കണക്ക് എഴുതുന്നതിന് സുന്ദരംപിള്ളയുടെ കുടുംബത്തെ ദിവാന്‍ മാധവറാവു തമിഴ്നാട്ടില്‍ നിന്നു കൊണ്ടുവന്നതാണ്. അവിടെ ജനിച്ച സുന്ദരംപിള്ള ഉന്നതവിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്ത് വരികയും ഇവിടെ മഹാരാജാസ് കോളേജില്‍ ഫിലോസഫി പ്രൊഫസര്‍ ആകുകയും ചെയ്തു. മനോമണിയം എന്ന ഒറ്റ തമിഴ് ഗ്രന്ഥത്തിലൂടെ തമിഴകത്തു മുഴുവന്‍ പ്രസിദ്ധനായി. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്‍റെ അടുത്ത സുഹൃത്തെന്ന നിലയില്‍ ലഭിച്ചതാണത്രേ കവടിയാറിലെ പുരയിടം. ഇന്നു കേരളത്തില്‍ ആരും മനോമണിയം സുന്ദരനാറിനെ ഓര്‍ക്കുന്നുണ്ടാവില്ല. പക്ഷേ തമിഴ്നാട്ടുകാര്‍ അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്കായി തിരുനെല്‍വേലിയിലെ
സര്‍വ്വകലാശാല
തന്നെ സമര്‍പ്പിച്ചിട്ടുണ്ട്. ഇങ്ങനെയൊരു ആലപ്പുഴക്കാരന്‍ ഉണ്ടായിരുന്നൂവെന്നുള്ളത് എനിക്കും പുതിയൊരു അറിവായിരുന്നു." തോമസ്‌ ഐസക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഡോ. മൈക്കിള്‍ തരകന്‍ പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തോമസ്‌ ഐസക്ക് വിഷയത്തില്‍ കൂടുതല്‍ ഗവേഷണം നടത്തി.
 മനോമണിയം സുന്ദരനാറിന്‍റെ മകനായിരുന്നു തിരുകൊച്ചിയിലെ ധനകാര്യ മന്ത്രിയായിരുന്ന ശ്രീ. നടരാജപിള്ള. അദ്ദേഹത്തിന്‍റെ പിന്‍ഗാമികളിലൊരാളായിരുന്ന ഉള്ളൂര്‍ പ്രശാന്ത്നഗറിലെ സുബ്രഹ്മണ്യത്തെ മൈക്കിള്‍ ബന്ധപ്പെട്ടു. അദ്ദേഹം മൈക്കിളിന്‍റെ ഓര്‍മ്മയെ ശരിവച്ചു.
ഈ ബംഗ്ലാവിന് മനോമണിയം ഇട്ട പേര് മനോമോഹനം എന്നായിരുന്നുവെന്നും അത് അദ്ദേഹത്തിന്‍റെ മൂത്ത അനന്തിരവളുടെ പേര് ആയിരുന്നൂവെന്നും അവര്‍ക്ക് അറിയാന്‍ കഴിഞ്ഞു.


വിഷയത്തില്‍ അല്‍പ്പം വ്യക്തതയൊക്കെ ലഭിച്ചുവെങ്കിലും രണ്ടാമതൊന്നു കൂടി അന്വേഷിച്ച തോമസ്‌ ഐസക്കിന് ലഭിച്ചത് വ്യത്യസ്തമായൊരു ഉത്തരമാണ്. തിരുവനന്തപുരത്തിന്‍റെ ആസ്ഥാന ചരിത്രകാരന്‍ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍റെ വാക്കുകള്‍ പ്രകാരം മനോമണിയം പണികഴിപ്പിച്ച വീടിന് അദ്ദേഹം തന്‍റെ ഗുരുനാഥനായ പ്രൊഫ. ഹാര്‍വിയുടെ സ്മരണക്കായി ഹാര്‍വിപുരം എന്നാണത്രേ പേരിട്ടത്.


സംശയം കൂടുതല്‍ സങ്കീര്‍ണ്ണമായതോടെ  തന്റെ ചോദ്യങ്ങള്‍ക്ക് ആര്‍ക്കെങ്കിലും എന്തെങ്കിലും ഉത്തരങ്ങള്‍ തരാന്‍ കഴിയുമോയെന്നു ചോദിച്ചാണ് തോമസ്‌ ഐസക്ക് തന്റെ എഫ്ബി പോസ്റ്റ്‌ അവസാനിപിക്കുന്നത്.

Read More >>