ബിജെപി അതിക്രമിച്ചു കൈവശപ്പെടുത്തിയ രാഷ്ട്രീയ മണ്ഡലം സ്വാശ്രയ സമരത്തിലൂടെ തിരിച്ചു പിടിച്ച് യുഡിഎഫ്; പരമാവധി പ്രകോപനത്തിലൂടെ പ്രോത്സാഹനം നൽകി പിണറായിയും...

കോൺഗ്രസിനെ അപ്രസക്തമാക്കി മുഖ്യപ്രതിപക്ഷ കക്ഷി എന്ന നിലയിലേയ്ക്ക് ബിജെപി ഉയർന്നുവന്നു എന്നതായിരുന്നു, സർക്കാരിന്റെ ആദ്യ നൂറു ദിവസങ്ങളിലുണ്ടായ പ്രധാന രാഷ്ട്രീയ പ്രതിഭാസം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെക്കാൾ ഉച്ചത്തിലും ശക്തിയിലും സർക്കാരിനെ ആക്രമിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മുന്നിലുണ്ടായിരുന്നു

ബിജെപി അതിക്രമിച്ചു കൈവശപ്പെടുത്തിയ രാഷ്ട്രീയ മണ്ഡലം സ്വാശ്രയ സമരത്തിലൂടെ തിരിച്ചു പിടിച്ച് യുഡിഎഫ്; പരമാവധി പ്രകോപനത്തിലൂടെ പ്രോത്സാഹനം നൽകി പിണറായിയും...

യുഡിഎഫ് ആസൂത്രണം ചെയ്ത സ്വാശ്രയ സമരത്തിന്റെ ലക്ഷ്യമെന്താണ്? വർദ്ധിപ്പിച്ച ഫീസു കുറച്ചുകൊണ്ട് ഒരു ഒത്തുതീർപ്പിന് പിണറായി വിജയൻ തയ്യാറാകുമെന്ന് കോൺഗ്രസ് ബുദ്ധികേന്ദ്രങ്ങൾ സ്വപ്നത്തിൽപ്പോലും കരുതുന്നില്ല. സ്വാശ്രയഭൂതത്തെ കുപ്പിയിൽ നിന്നും തുറന്നു വിടുകയും സ്വാശ്രയ മാനേജ്‌മെന്റുകളുമായി അടുത്ത വ്യക്തിബന്ധം സൂക്ഷിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കൾ പ്രതിപക്ഷത്ത് ഉണ്ടെന്നിരിക്കെ അവരിൽ നിന്ന് ഗൗരവമായ ഒരിടപെടൽ ആരും പ്രതീക്ഷിക്കുന്നുമില്ല. പിന്നെന്താണ് ഈ സമരത്തിന്റെ ലക്ഷ്യം?


നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയവും ആദ്യ 100 ദിനങ്ങൾക്കുളളിൽ പിണറായി സർക്കാരിനു ലഭിച്ച അഭിനന്ദനങ്ങളും സംസ്ഥാനത്ത് ഒരു പ്രതിപക്ഷത്തിന്റെ സാന്നിധ്യം അപ്രസക്തമാക്കിയിരുന്നു. ആദ്യ 100 ദിനങ്ങളിൽ കോൺഗ്രസിനോ പ്രതിപക്ഷത്തിനോ കേരള രാഷ്ട്രീയത്തിൽ ഒരു റോളുമില്ലായിരുന്നു. അവർക്ക് ആകെ പറയാൻ ഉണ്ടായിരുന്നത് കുട്ടിമാക്കൂലിലെ ദളിത് പെൺകുട്ടികളെ കൈക്കുഞ്ഞിനൊപ്പം ജയിലിലടച്ച സംഭവത്തിൽ നടത്തിയ സമരം മാത്രമായിരുന്നു. പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും വിജിലൻസിന്റെ വേട്ടകളും കോൺഗ്രസിനെ പിന്നോട്ടടിപ്പിച്ചു. ആ സ്പേസ് ബിജെപി കരസ്ഥമാക്കി. സംസ്ഥാനത്ത് കോൺഗ്രസിനെ അപ്രസക്തമാക്കി മുഖ്യപ്രതിപക്ഷ കക്ഷി എന്ന നിലയിലേയ്ക്ക് ബിജെപി ഉയർന്നുവന്നു എന്നതായിരുന്നു, സർക്കാരിന്റെ ആദ്യ നൂറു ദിവസങ്ങളിലുണ്ടായ പ്രധാന രാഷ്ട്രീയ പ്രതിഭാസം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെക്കാൾ ഉച്ചത്തിലും ശക്തിയിലും സർക്കാരിനെ ആക്രമിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മുന്നിലുണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെയും സിപിഐഎം നേതൃത്വത്തിന്റെയും അഭിപ്രായങ്ങൾക്കും തീരുമാനങ്ങൾക്കും മറുപടി തേടി മാധ്യമലോകം സമീപിച്ചത് കുമ്മനത്തിനെയാണ്. സർക്കാരിനെ ഒരു പരിധിവരെ പ്രതിസന്ധിയിലാക്കിയ എംകെ ദാമോദരൻ വിവാദത്തിൽ പോലും കോൺഗ്രസ് നിഷ്ക്രിയമായപ്പോൾ കുമ്മനം സ്‌കോർ ചെയ്തു. എംകെ ദാമോദരനെതിരെ നിയമപ്പോരാട്ടവുമായി കുമ്മനം ഹൈക്കോടതിയിലെത്തുകയും ആ കേസ് പരിഗണിച്ച ആദ്യദിവസം എം കെ ദാമോദരന് തന്ത്രപരമായി പിൻവലിയുക കൂടി ചെയ്യേണ്ടി വന്നതോടെ കേരളത്തിന്റെ അനൗദ്യോഗിക പ്രതിപക്ഷ നേതാവായി കുമ്മനം മാറി.

പിന്നീട് സർക്കാർ ഓഫീസിലെ ഓണാഘോഷവുമായി ബന്ധപ്പെട്ടാണ് പൊതു ചർച്ചയും വിവാദവും ഉടലെടുത്തത്. നിലവിളക്കു വിവാദം, ശബരിമലയിലെ സ്ത്രീ പ്രവേശം തുടങ്ങിയ കാര്യങ്ങളിലൊക്കെ നേർക്കുനേർ നിന്നത് ഭരണപക്ഷവും ബിജെപിയുമാണ്. വർഗീയത കലർത്തിത്തന്നെ ബിജെപി ആക്രമണം തൊടുത്തപ്പോൾ കോൺഗ്രസ് ചിത്രത്തിലേ ഉണ്ടായിരുന്നില്ല. ടീം കുമ്മനത്തിന്റെ പെർഫോമൻസിനു മുന്നിൽ ചെന്നിത്തലയും സംഘവും ബി ടീമായി മാറി.

ബിജെപി ദേശീയ കൗൺസിൽ യോഗത്തിന് തങ്ങളെ പരമ്പരാഗതമായി പിന്തുണച്ചിരുന്ന മാധ്യമങ്ങൾ നൽകിയ പ്രാധാന്യം കൂടി കണ്ടപ്പോഴാണ് കളി കൈവിട്ടു തുടങ്ങിയ കാര്യം സംസ്ഥാന കോൺഗ്രസ് നേതൃത്വം മനസ്സിലാക്കിയത്. സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ തരുമാനങ്ങൾ എടുത്തപ്പോഴോ, കൗൺസിലിംഗ് നടന്നപ്പോഴോ, തലവരിപ്പണം സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങളിൽ വന്നപ്പോഴോ നിശ്ശബ്ദരായിരുന്ന പ്രതിപക്ഷം നിയമസഭാ സമ്മേളനത്തിൽ സമരത്തിന് മുന്നിലെത്തി. തെരുവ് സംഘർഷഭരിതമായി.

ബിജെപിയെ സംഘപരിവാറോ സ്വാശ്രയവിഷയം തൊടില്ലെന്ന് കോൺഗ്രസിന് അറിയാമായിരുന്നു. സിപിഐഎമ്മിന് പരിയാരം മെഡിക്കൽ കോളജ് പോലെയോ അതിനു മേലെയോ ആണ് ബിജെപിയ്ക്ക് അമൃതാ കോളജ്. അതുകൊണ്ട് സ്വാശ്രയവിഷയത്തിൽ ഉപരിപ്ലവമായ പ്രതികരണത്തിനു മാത്രമേ ബിജെപി തുനിയൂ എന്നു വ്യക്തം.

അതോടെ സ്വാശ്രയ കരാറിൽ കളി പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലായി. പട്ടിണികിടക്കലും പോലീസിൽ നിന്നും അടിവാങ്ങി ചുവപ്പ് ചായം പൂശലും ഒക്കെയായി സമരം കൊഴുത്തു. കോൺഗ്രസിനു മാത്രം പ്രയോഗിക്കാനറിയുന്ന ചെപ്പടിവിദ്യകളിലൂടെ സമരം ജനശ്രദ്ധ നേടി. മാധ്യമങ്ങളിൽ കോൺഗ്രസ്, പ്രതിപക്ഷ നേതാക്കൾ സ്ഥിരം സാന്നിധ്യമായി. കോൺഗ്രസ് നേതാക്കൾ വീണ്ടും ചാനൽ സ്റ്റുഡിയോകളിലെ നിറ സാന്നിധ്യമായി. ബിജെപി നേതാക്കളെ വിളിക്കാതെ സിപിഐഎമ്മിലെയും യൂത്ത് കോൺഗ്രസ്സിലെയും നേതാക്കളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടു ചാനലുകൾ ചർച്ച തുടങ്ങി. ആരോഗ്യമന്ത്രി ശൈലജ ടീച്ചറും മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും തത്സമയചർച്ചകളിൽ നേരിട്ടെത്തി. ബിജെപി പടിക്ക് പുറത്തായി!

ഇത് തന്നെയാവണം കോൺഗ്രസ് ലക്ഷ്യമിട്ടിട്ടുണ്ടാവുക. ഊർജസ്വലരും ആവേശഭരിതരുമായ അണികളുടെ സഹായത്തോടെ പൊതുമണ്ഡലത്തിൽ സജീവമാവുക. മതനിരപേക്ഷമായ, സമാധാനപൂർണമായ ഒരു അന്തരീക്ഷം ഉണ്ടാവാൻ പ്രതിപക്ഷസ്ഥാനത്ത് ബിജെപിയല്ല, കോൺഗ്രസാണ് ആവശ്യം എന്ന് പിണറായി വിജയനെയും ആരും പഠിപ്പിക്കേണ്ടതില്ല. സമരത്തെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന നിലപാട് തന്നെയാണ് മുഖ്യമന്ത്രിയുടെയും ഭാഗത്ത് നിന്ന് ഉണ്ടായത്. മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും പ്രകോപിപ്പിക്കാൻ കിട്ടിയ ഒരവസരവും മുഖ്യമന്ത്രി നഷ്ടപ്പെടുത്തിയില്ല. സ്വാശ്രയവിഷയം കൊഴുത്തു. കോൺഗ്രസ് ഉയർത്തെഴുന്നേറ്റു. എന്നാൽ കരാർ റദ്ദാക്കണമെന്നല്ലാതെ, എന്ത് തുടർനടപടി വേണം എന്ന് ഉറപ്പിച്ച് പറയാൻ കോൺഗ്രസിനും ആവുന്നില്ല.

പരിയാരത്തെ ഫോക്കസ് ചെയ്തുകൊണ്ടാണ് കഴിഞ്ഞ രണ്ടു ദിവസമായി പ്രതിപക്ഷം മുന്നോട്ടു പോകുന്നത്. ഇത്രയേറെ ഒച്ചപ്പാടുണ്ടാക്കിയിട്ടും പരിയാരം കോളജിലേയ്ക്ക് ഒരു പ്രതിഷേധ മാർച്ചു പോലും സംഘടിപ്പിക്കാൻ കണ്ണൂർ ഡിസിസി തയ്യാറായിട്ടില്ല. അക്കാര്യത്തെക്കുറിച്ച് അന്വേഷിച്ച മാധ്യമപ്രവർത്തകർക്ക് വ്യക്തമായ വിശദീകരണം പോലും കണ്ണൂർ ഡിസിസി നൽകുന്നുമില്ല. തലസ്ഥാനത്ത് പ്രദർശന സമരം നടത്താനല്ലാതെ ഒരു ഫലപ്രാപ്തി ലക്ഷ്യമിട്ട് സമരം വ്യാപിപ്പിക്കുക യുഡിഎഫിന്റെയോ കോൺഗ്രസിന്റെയോ അജണ്ടയിലില്ല.

ബാബുവും മാണിയും ബാർ കോഴയും സോളാർ വിഷയവുമൊക്കെയായി പൊതുസമൂഹത്തിൽ നിന്ന് അകന്നു നിന്നിരുന്ന യുഡിഎഫുകാരെ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേയ്ക്കു തിരിച്ചു കൊണ്ടുവരികയാണ് സ്വാശ്രയ സമരം. അത്രത്തോളം ആ സമരം വിജയം തന്നെയാണ്.

Read More >>