വയനാട്ടിലെ ആനവേട്ട സംഘത്തെ വനം വകുപ്പ് പിടികൂടിയത് സാഹസിക ഓപ്പറേഷനിലൂടെ

ആനവേട്ട സംഘത്തെ പിടികൂടിയ ശേഷം വനം വകുപ്പിന് നേരെ നിരന്തര ഭീഷണിയും ആക്രമണവും വിവിധ ഭാഗത്തു നിന്നുമുണ്ടാകുന്നുണ്ട്. ആഴ്ച്ചകള്‍ക്ക് മുമ്പ് ബൈക്കിലെത്തിയ സംഘം വനപാലകർക്കു നേരെ ആക്രമണം നടത്തിയിരുന്നു.

വയനാട്ടിലെ ആനവേട്ട സംഘത്തെ വനം വകുപ്പ് പിടികൂടിയത് സാഹസിക ഓപ്പറേഷനിലൂടെ

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ ബത്തേരിക്കടുത്ത് വന്യജീവിസങ്കേതത്തില്‍ കാട്ടാനയെ വെടിവെച്ച് കൊന്ന സംഘത്തെ വനംവകുപ്പ് പിടികൂടിയത് അതിസാഹസികമായ ഓപ്പറേഷനിലൂടെ. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ.  ജൂലൈ 27ന് പുലര്‍ച്ചെ വനാന്തര്‍ഭാഗത്ത് വേട്ടക്കിറങ്ങിയ ആറംഗ സംഘത്തെ വനപാലകര്‍ അതിസാഹസികമായി കീഴ്‌പ്പെടുത്തുകയും പിന്നീട് സംഘം താമസിച്ചിരുന്ന നൂല്‍പ്പുഴയിലെ ജംഗിള്‍ ഡെയ്‌സ് റിസോര്‍ട്ട് വളയുകയുമായിരുന്നു. ഇവരിൽ നിന്നും അനധികൃ തോക്കുകളും തിരകളും വാഹനങ്ങളും വനംവകുപ്പ് കണ്ടെത്തി. വേട്ടസംഘത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആനവേട്ടയിലെ  പ്രധാനപ്രതിയായ പുല്‍പ്പള്ളി കുളത്തിങ്കല്‍ ഷാജിയിലേക്ക് അന്വേഷണമെത്തിച്ചേര്‍ന്നത്.


വൈല്‍ഡ് ലൈഫ് വാര്‍ഡനെ കൂടാതെ മുത്തങ്ങ റെയ്ഞ്ചര്‍ ഹീരലാല്‍, ഡെപ്യൂട്ടി റെയ്ഞ്ചര്‍ അബ്ദുല്ല തുടങ്ങിയവർ ഓപ്പറേഷന്റെ ഭാഗമായിരുന്നു. വേട്ടസംഘത്തിലെ ഒരാളെപ്പോലും രക്ഷപ്പെടാന്‍ അനുവദിക്കാതെ സൂക്ഷ്മവും കൃത്യതയുമാര്‍ന്ന ഓപ്പറേഷനായിരുന്നു ധനേഷും കൂട്ടരും നടത്തിയത്.

[caption id="attachment_53902" align="alignleft" width="282"]dhanesh-kumar ധനേഷ് കുമാർ[/caption]

അറംഗ സംഘത്തിലെ പ്രധാനി  സഞ്ചു എന്ന സംജാദിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ആനയെ വേട്ടയാടിയ സംഘത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചത്. മാത്രമല്ല കുറിച്യാട് റെയ്ഞ്ചിനു കീഴില്‍ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനതിര്‍ത്തിയില്‍ വന്യജീവികളെ വേട്ടയാടിയ പ്രതികളെക്കുറിച്ചുള്ള സൂചനയും ഇയാളിൽ നിന്നു ലഭിച്ചു. സഞ്ചുവിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ  അന്വേഷണം ചുണ്ടാല്‍ ബേബിയിലെത്തി. തുടര്‍ന്ന് ബേബി വനംവകുപ്പിന്റെ നിരീക്ഷണത്തിലായി. ബേബി വടക്കനാട് ഭാഗത്തെ വനത്തില്‍ പ്രവേശിച്ചതായി വിവരം ലഭിച്ചു. അതനുസരിച്ച് നടത്തിയ തെരച്ചിലിൽ  ഈ മാസം നാലിന് വനത്തിനകത്ത് ചാരായം വാറ്റുതിനുള്ള വാഷ് തയ്യാറാക്കുന്നതിനിടയിൽ ബേബി പിടിയിലായി. തുടര്‍ന്ന് ബേബിയുമൊത്ത് നടത്തിയ പരിശോധനയില്‍ വനമേഖലയില്‍ വന്യമൃഗങ്ങളെ പിടികൂടുന്നതിനായി സ്ഥാപിച്ച  കമ്പിക്കുരുക്ക് വനം വകുപ്പ് കണ്ടെത്തി. സംഘത്തിന്റെ കൈവശം കള്ളത്തോക്കുണ്ടെന്നും അത് പുത്തൻകുടി ഷാജിയുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണെന്നും വനംവകുപ്പിന് വിവരം ലഭിച്ചു.

[caption id="attachment_53102" align="alignleft" width="282"]shaji കുളത്തിങ്കൽ ഷാജി[/caption]

ആനയെ വെടിവച്ചത് ഷാജിയാണെന്നും കള്ളത്തോക്കുപയോഗിച്ചാണ് വെടിവച്ചതെന്നും ബേബി മൊഴി നൽകി. തുടർന്ന് വാർഡ് മെമ്പറുടെയും മുൻ വാർഡ് മെമ്പറുടെയും സാന്നിധ്യത്തിൽ വനം വകുപ്പ് ഷാജിയുടെ വീട്ടിൽ റെയ്ഡ് നടത്തി. വീട്ടിൽ നിന്നു കള്ളത്തോക്ക്,വെടിക്കോപ്പുകൾ, മാൻകൊമ്പ് എന്നിവ പിടിച്ചെടുത്തു.

പിടിയിലായവരെ നിരന്തരം ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആനയെ വെടിവച്ചത് റിസോർട്ട് ഉടമയായ കുളത്തിങ്കൽ ഷാജിയാണെന്ന് വനം വകുപ്പിന് വിവരം ലഭിച്ചത്. തുടർന്ന് ഒളിവിൽ പോയ  ഷാജിയെ മൊബൈൽ ഫോൺ ടവർ ലൊക്കേറ്റ് ചെയ്ത് പിന്തുടർന്നാണ് പിടികൂടിയത്. കഴിഞ്ഞ  24ന് ഷാജി നൂല്‍പ്പുഴ പഞ്ചായത്തിലെത്തിയതായി വിവരം ലഭിച്ചു. അന്വേഷണ സംഘം പിന്തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

വനംകുപ്പ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. വനംവകുപ്പിന് താക്കീത് നൽകാനാണ് വന്യജീവി സങ്കേതത്തിൽ കയറി വേട്ടയാടൽ നടത്തിയതെന്നും ഇയാൾ മൊഴി നൽകി. നിരവധി റിസോർട്ടുകളിൽ ഷാജിയ്ക്ക് ഷെയറുണ്ട്.

വയനാട്ടിലെ അനധികൃത റിസോർട്ട് നിർമ്മാണത്തിനെതിരെ  പി ധനേഷ് കുമാർ കർശന നിലപാടാണ് സ്വീകരിക്കുന്നത്. ഇതാണ് റിസോർട്ട് മാഫിയയെ ചൊടിപ്പിച്ചത്. ആനവേട്ട സംഘത്തെ പിടികൂടിയ ശേഷം വനം വകുപ്പിന് നേരെ നിരന്തര  ഭീഷണിയും ആക്രമണവും വിവിധ ഭാഗത്തു നിന്നുമുണ്ടാകുന്നുണ്ട്. ആഴ്ച്ചകള്‍ക്ക് മുമ്പ് ബൈക്കിലെത്തിയ സംഘം വനപാലകർക്കു നേരെ ആക്രമണം നടത്തിയിരുന്നു.

Read More >>