എല്ലാ യുദ്ധങ്ങളും ബാങ്കുകളുടെ യുദ്ധങ്ങളാണ്

ലോകത്തെ യുദ്ധങ്ങൾക്ക് പുറകിൽ വെറും രാഷ്ട്രീയ കാരണങ്ങൾ മാത്രമാണെന്ന് നമ്മുടെയൊക്കെ മനസ്സിൽ ഊട്ടിയുറപ്പിക്കപ്പെട്ടിരിക്കുന്ന പൊതുബോധം. എന്നാൽ ലോകത്ത് നടന്ന ഒട്ടുമിക്ക യുദ്ധങ്ങളുടെയും പുറകിൽ വമ്പൻ ബാങ്കുകൾക്ക് വലിയ പങ്കുണ്ടായിരുന്നു എന്ന കാര്യം വിചിത്രകരമായി തോന്നാമെങ്കിലും അതാണ്‌ സത്യം- നസറുദ്ദീൻ മണ്ണാർക്കാട് എഴുതുന്നു

എല്ലാ യുദ്ധങ്ങളും ബാങ്കുകളുടെ യുദ്ധങ്ങളാണ്

നസറുദ്ദീന്‍ മണ്ണാര്‍ക്കാട്

തങ്ങളുടെ കോളനി രാജ്യങ്ങൾ Bank of England ന്റെ ബാങ്ക് നോട്ടുകൾ മാത്രമേ വാണിജ്യാവശ്യത്തിന് ഉപയോഗിക്കാവൂ എന്ന കറൻസി നിയമമാണ് അമേരിക്കൻ വിപ്ലവത്തിലേക്ക് നയിച്ചത്. തങ്ങളുടെ കോളനികളുടെ വ്യാപാര വ്യവഹാരങ്ങളെ ഒരു കടലാസ് കഷ്ണം കൊണ്ട് നിയന്ത്രിക്കുകയും അതോടൊപ്പം പലിശയിനത്തിൽ അതിന്റെ ലാഭം ബ്രിട്ടനിലെ ബാങ്കുകൾക്ക് നേടിയെടുക്കുകയും ചെയ്യാൻ വേണ്ടിയായിരുന്നു അതുവരെ ബാങ്ക് നോട്ടുകൾ ഉപയോഗിക്കപ്പെട്ടിരുന്നത്. ബ്രിട്ടന്റെ ബാങ്ക് അടിച്ചിറക്കുന്ന ബാങ്ക് നോട്ടുകൾ വായ്പയായി വാങ്ങി അത് കൊണ്ട് വ്യാപാരം നടത്തി ആ ബാങ്ക് നോട്ടിന്റെ പലിശ ബാങ്കിന് തന്നെ തിരിച്ചടച്ച്‌ ബ്രിട്ടനെ സമ്പന്നമാക്കുന്ന ഈ സമ്പ്രദായം ബാങ്കുകൾക്ക് സ്വർണ്ണം വിളയുന്ന ബിസിനസ് മേഖലയായിരുന്നു അക്കാലത്ത്. ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനവിഭാഗം അന്ന് ബാങ്കർമാരായിരുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ?


വിപ്ലവാനന്തരം ബാങ്ക് നോട്ടുകൾക്ക് പകരമായി മൂല്യാധിഷ്ടിത കറൻസികൾ പുറത്തിറക്കാനുള്ള സർക്കാർ നീക്കത്തെ അമേരിക്കയിലെ ബാങ്കുകൾ എങ്ങനെ എതിർത്തുവന്നത് ചരിത്രമാണ്. പലിശയിലൂടെ ജനങ്ങളെ ചൂഷണം ചെയ്യുന്ന ബാങ്ക് നോട്ടുകൾക്ക് പകരമായി സർക്കാർ മൂല്യാധിഷ്ടിത കറൻസി പുറത്തിറക്കുന്നത് അന്നത്തെ ബാങ്കുകൾക്ക് ഒരിക്കലും അനുവദിക്കാൻ കഴിയുമായിരുന്നില്ല. രാജ്യത്തിന്റെ സമ്പദ് ഘടനയെ ചൂഷണം ചെയ്യാൻ തങ്ങൾക്കുണ്ടായിരുന്ന തുറന്ന അവസരം നഷ്ടപ്പെടുത്താൻ അവരൊരുക്കമല്ലായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും സർക്കാരിൽ കയറിപറ്റാനും സ്വാധീനം ചൊലുത്താനും അവർ ശ്രമിച്ചു കൊണ്ടിരുന്നു.

ഒരുവേള അവരുടെ എജന്റ്റ് അലക്സാണ്ടർ ഹാമിൽട്ടൻ ജോർജ് വാഷിംഗ്ടണ്ണിന്റെ കാബിനെറ്റിൽ ട്രഷറി സെക്രട്ടറിയായി നിയമിതനാവുകയും 1791 ൽ ജോർജ് വാഷിംഗ്റ്റന്നിനെ സ്വാധീനിച്ചു കൊണ്ട് 'Bank of United states' സ്ഥാപിക്കുകയും ചെയ്തു. പേരിൽ മാത്രം അമേരിക്കയുടെ ബാങ്കായിരുന്നുവെങ്കിലും സത്യത്തിലത് ബാങ്കർമാരുടെ ബാങ്കായിരുന്നു. എന്നാൽ 1811 ൽ അമേരിക്കൻ കോണ്‍ഗ്രസ്‌ ഈ പദ്ധതി വോട്ടിനിട്ട് തള്ളി. എന്നാൽ ബാങ്കുകൾ അടങ്ങിയിരുന്നില്ല. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ അമേരിക്കയെ വീണ്ടും ബ്രിട്ടന്റെ കോളനിയാക്കാനുള്ള ശ്രമങ്ങളിൽ അവർ വ്യാപൃതരായി. ഗൂഡാലോചനയുടെ ഭാഗമായി , ഒന്നുകിൽ ബാങ്കുകളുടെ പുതിയ ചാർട്ടർ അംഗീകരിക്കുക അല്ലെങ്കിൽ അമേരിക്ക വലിയ ഒരു യുദ്ധം നേരിടുക തന്നെ ചെയ്യുമെന്നാണ്

ബാങ്ക് ഓഫ് ഇംഗ്ലണ്ട് അമേരിക്കയ്ക്ക് നല്‍കിയ അന്ത്യശാസന. അങ്ങനെയാണ് 1812 ൽ അമേരിക്കയും ബ്രിട്ടനും പരസ്പരം ഏറ്റുമുട്ടിയ യുദ്ധമുണ്ടാവുന്നത്. സത്യത്തിൽ ആ യുദ്ധം സ്പോണ്‍സര്‍ ചെയ്തത് ബാങ്കുകൾ ആയിരുന്നു. തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ യുദ്ധങ്ങൾ ആസൂത്രണം ചെയ്യുകയും സർക്കാരുകളുടെമേൽ അതടിച്ചേൽപ്പിക്കുകയും ചെയ്യുന്ന ഇന്നും തുടരുന്ന ബാങ്കുകളുടെ യുദ്ധം അവിടെ ആരംഭിക്കുകയായിരുന്നു.

ഈ യുദ്ധത്തിനു പുറകിൽ നിരവധി ബാങ്കുകളെ നിയന്ത്രിച്ചിരുന്ന Rothschild കുടുംബത്തിന്റെ കരങ്ങൾ നന്നായി പ്രവർത്തിച്ചിരുന്നു. അക്കാലത്ത് ലോകത്തെ ഏറ്റവും സമ്പന്നരായ കുടുംബം അവരായിരുന്നല്ലോ? Rothschild പദ്ധതിപ്രകാരം പുതിയ രാഷ്ട്രമായ അമേരിക്കയുടെ മേൽ യുദ്ധം അടിച്ചേൽപ്പിക്കപ്പെട്ടാൽ അമേരിക്ക സാമ്പത്തിക പ്രയാസം നേരിടുമെന്നും ബാങ്കുകളുടെ സഹായം തേടുമെന്നും അതുവഴി തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ സാധ്യമാവുന്ന വിധം വിലപേശൽ നടത്താൻ കഴിയുമെന്നും അവർ കരുതി. ഈ പദ്ധതിയിൽ ബാങ്കുകൾ വിജയിച്ചു. 1816 ൽ അമേരിക്കൻ കോണ്‍ഗ്രസ് ബാങ്കുകളുടെ പുതിയ ചാർട്ടർ അംഗീകരിച്ചു.ഫെഡറല്‍ റിസർവ് ബാങ്ക് ഇന്നും ഒരു സ്വതന്ത്ര സ്ഥാപനമാണ്‌.

ഏതാണ്ട് അരനൂറ്റാണ്ട് കാലം ബാങ്കുകളുടെ നിയന്ത്രണത്തിൽ തന്നെ അമേരിക്കൻ സാമ്പത്തിക രംഗം മുന്നോട്ടു പോയി. 1860 ൽ എബ്രഹാം ലിങ്കണ്1 കൊണ്ടുവന്ന ചരിത്രപ്രധാനമായ അടിമത്ത നിരോധനത്തെ തുടർന്ന് അമേരിക്കയിൽ അഭ്യന്തര കലാപമുണ്ടാവും നിരോധനത്തെ അംഗീകരിക്കാത്ത 11 തെക്കൻ സ്റ്റേറ്റുകൾ യൂണിയനിൽ നിന്ന് വിഘടിച്ചു പോവാൻ ശ്രമിക്കുകയും ചെയ്തു. രാജ്യം വൻ സാമ്പത്തിക പ്രതിസന്ധി നേരിട്ട ഈ ഘട്ടത്തിൽ ബാങ്കുകളിൽ നിന്ന് വലിയ പലിശയ്ക്ക് വായ്പയെടുക്കാൻ പലരും ലിങ്കനെ പ്രേരിപ്പിച്ചുവെങ്കിലും ഈ ചൂഷണത്തെ അംഗീകരിക്കാൻ തയ്യാറാവാതിരുന്ന അദ്ദേഹം ട്രെഷറി നോട്ടുകൾ അടിച്ചിറക്കി സൈന്യത്തിന് വേതനം നല്കുകയും പ്രതിസന്ധിയെ അതിജീവിക്കുകയും ചെയ്തു. യുദ്ധത്തിന്റെ ഒരു ഘട്ടത്തിൽ ലിങ്കൻ ഇപ്രകാരം പ്രഖ്യാപിച്ചു:
"എന്റെ മുന്നിൽ രണ്ടു ശത്രുക്കളാണ്. ഒന്ന് തെക്കൻ ആർമിയും രണ്ടു ബാങ്കുകളും"

ബാങ്കുകളുടെ മുഖത്തേറ്റ വലിയ പ്രഹരമായിരുന്നുവത്. ഇങ്ങനെയൊരു നീക്കം അവർ പ്രതീക്ഷിച്ചിരുന്നില്ല.യുദ്ധം അവസാനിച്ചാൽ ബാങ്കുകളുടെ മുഷ്ക് അവസാനിപ്പിക്കാനായിരുന്നു ലിങ്കന്റെ പ്ലാൻ. എന്നാൽ 1865 ൽ യുദ്ധം അവസാനിച്ചതിന് തൊട്ടു പുറകെ ലിങ്കൻ ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെടുകയാണ് ഉണ്ടായത്.

ലിങ്കന്റെ 'ഗ്രീൻബാക്ക്' കാർഡുകൾക്ക് ശേഷം ഒരു അമേരിക്കൻ പ്രസിഡന്റ്റ്‌ പോലും പലിശ രഹിത പണം കൊണ്ടുവരാൻ ഇന്നുവരെ ധൈര്യപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ബാങ്കുകളെ നിയന്ത്രിക്കാൻ ശ്രമിച്ച പ്രസിഡന്റുമാരായിരുന്ന James Garfield, McKinley എന്നിവര്‍ക്ക്അ അരാജകത്വവാദികളുടെ വെടിയേല്‍ക്കേണ്ടി വന്നത് വെറും സ്വാഭാവിക സംഭവമായി മാത്രം നമുക്ക് ഇനിയും വിശ്വസിക്കാൻ കഴിയുമോ? യുനൈറ്റഡ സ്റേറ്റ്സ് നോട്ട്സ്‌ കൊണ്ടുവന്ന കെന്നഡിയും കൊല്ലപ്പെട്ടത് വളരെ ആകസ്മികമാവാനിടയില്ല. കെന്നഡിക്ക് ശേഷം ആ നോട്ട് സർക്കാർ പിൻവലിച്ചതും ചേർത്ത് വായിക്കുക. ഒരു സർക്കാറിനെ ബാങ്കുകൾ നിയന്ത്രിക്കുന്നത് ഈ വിധത്തിലാണ്.

യുദ്ധങ്ങൾക്ക് പുറകിൽ വെറും രാഷ്ട്രീയ കാരണങ്ങളോ?

ലോകത്തെ യുദ്ധങ്ങൾക്ക് പുറകിൽ വെറും രാഷ്ട്രീയ കാരണങ്ങൾ മാത്രമാണെന്ന് നമ്മുടെയൊക്കെ മനസ്സിൽ ഊട്ടിയുറപ്പിക്കപ്പെട്ടിരിക്കുന്ന പൊതുബോധം. എന്നാൽ ലോകത്ത് നടന്ന ഒട്ടുമിക്ക യുദ്ധങ്ങളുടെയും പുറകിൽ വമ്പൻ ബാങ്കുകൾക്ക് വലിയ പങ്കുണ്ടായിരുന്നു എന്ന കാര്യം വിചിത്രകരമായി തോന്നാമെങ്കിലും അതാണ്‌ സത്യം. ഒന്നും രണ്ടും മഹായുദ്ധങ്ങളും ശീതയുദ്ധവും ഗൾഫ് യുദ്ധങ്ങളുമെല്ലാം ആരംഭിക്കുന്നത് വ്യക്തമായ സാമ്പത്തിക ലക്ഷ്യത്തോടെയും രാഷ്ട്രീയേതര ലക്ഷ്യങ്ങളോടെയുമാണ്‌.

ലണ്ടൻ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ബാങ്കർമാർ മറ്റു രാജ്യങ്ങളെ ദുർബലമാക്കാനും അതോടൊപ്പം തങ്ങളുടെ സ്വാധീന മേഖലകൾ വികസിപ്പിക്കാനും യുദ്ധങ്ങൾ ആസൂത്രണം ചെയ്തിരുന്നു.1913 ൽ ഫെഡറൽ റിസർവ് ആക്റ്റ് പാസ്സായതോടെ അമേരിക്കയുടെ പണ വിതരണം നിയന്ത്രിക്കാനുള്ള സ്വതന്ത്രാധികാരം Rothschild, Rockefeller, the Morgans, Warburgs തുടങ്ങിയ ബാങ്കിംഗ് കുടുംബങ്ങൾക്ക് കൈവന്നു. നിലവിലുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യം മുതലെടുത്ത്‌ കൊണ്ട് ബ്രിട്ടനെ ജർമ്മനിയുമായി യുദ്ധത്തിനു പ്രേരിപ്പിച്ചതിന് പിന്നിൽ ഈ കുടുംബങ്ങളുടെ പങ്കു വളരെ വലുതാണ്‌. മോർഗൻ ബാങ്കാണ് ഒന്നാം ലോക മഹായുദ്ധത്തിൽ ബ്രിട്ടനും കൂട്ടാളികൾക്കും വേണ്ടി 75% ഫണ്ടിങ്ങും നടത്തിയത്. അതേ കാലയളവിൽ തന്നെ പൊതുജന വികാരം ജര്‍മ്മനിയ്ക്ക് എതിരാക്കി മാറ്റാൻ യു എസ് മാധ്യമങ്ങളെയും ഈ ബാങ്കുകൾ വിലയ്ക്ക് വാങ്ങി.

യുദ്ധാനന്തരം തങ്ങളുടെ താല്പര്യങ്ങൾക്ക് അനുസൃതമായ ഒരു ലോക ക്രമുണ്ടാക്കാൻ ഈ ബാങ്കുകൾക്ക് കഴിഞ്ഞു. മാത്രമല്ല യുദ്ധകാലത്ത് വാർ ബോണ്ടുകൾ വാങ്ങാൻ പൊതുജനങ്ങളെ പ്രേരിപ്പിച്ചു കൊണ്ട് വലിയ സമ്പാദ്യം നേടുവാനും ഇവര്‍ക്ക് കഴിഞ്ഞു. ഇന്നത്തെ മൂല്യമനുസരിച്ച് 155 ബില്ല്യൻ ഡോളറിന്റെ വാർ ബോണ്ടുകൾ ആണ് ഈ ചുരുങ്ങിയ കാലയളവിൽ വിറ്റഴിച്ചത്. ഫെഡറൽ റിസർവ് ബാങ്കിന്റെ രാശി തെളിയുന്നത് ഈ യുദ്ധത്തോടെയാണ്.യുദ്ധം മുതൽ മുടക്കുള്ള എന്നാൽ വമ്പിച്ച ലാഭം കൊയ്യാവുന്ന ബിസിനസ് ആണെന്ന് തെളിയുകയാണിവിടെ

ഒന്നാം ലോക മഹായുദ്ധം തുടങ്ങി വെച്ചത് ജർമ്മനിയല്ലെങ്കിൽ പോലും യുദ്ധാനന്തരം യുദ്ധത്തിന്റെ എല്ലാ ചെലവുകളും ജർമ്മനി വഹിക്കണമെന്ന് ധാരണയുണ്ടായി. ജർമ്മനിയുടെ വ്യാവസായിക വളർച്ച ബ്രിട്ടന് ഒരു ഭീഷണിയായി തോന്നി എന്ന കാരണം കൊണ്ട് മാത്രം ഓസ്ട്രിയയും ഹംഗറിയും തുടങ്ങി വെച്ച യുദ്ധത്തിന്റെ മുഴുവൻ പാപഭാരവും ജർമ്മനിയ്ക്ക് പേറേണ്ടി വന്നു. ജർമ്മനിയുടെ മൊത്തം വിലയുടെ മൂന്നിരട്ടിയിലധികം വരുമായിരുന്നു ഈ തുക.

ജർമ്മനിയെയും ജർമ്മനിയിലെ ധനകാര്യ സ്ഥാപനങ്ങളെയും വലിയ കടത്തിലേക്ക് തള്ളിവിട്ട തീരുമാനമായിരുന്നു അത്. യുദ്ധത്തിന്റെ പ്രധാന ഉത്തരവാദി ജർമ്മനിയാണ് എന്ന് എഴുതി ഫലിപ്പിച്ചതിൽ അന്നത്തെ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്‌. ഇന്നും ഓരോ യുദ്ധങ്ങളും ആരംഭിക്കുന്നത് മാധ്യമങ്ങളിലൂടെയാണല്ലോ? വൻ ശക്തികളുടെ എതിരാളികളുടെ പ്രതിച്ഛായ മോശമാക്കുക എന്ന മിനിമം അജണ്ട നടപ്പാക്കൽ മാത്രമാണ് അന്നും ഇന്നും കുഴലൂത്ത് മാധ്യമങ്ങളുടെ പണി.

ഈ ചാരത്തിൽ നിന്നാണ് ജർമ്മനി വീണ്ടും കുതിച്ചുയരുന്നത്. ആര്യൻ വംശീയതയിൽ അഭിമാനം കൊണ്ട് ജൂതരെ കൂട്ടക്കൊല ചെയ്ത് ജർമ്മനി ലോകത്തെ വെല്ലു വിളിച്ചത് കൊണ്ട് മാത്രമാണ് രണ്ടാം ലോക മഹായുദ്ധം പൊട്ടി പുറപ്പെട്ടത് എന്ന് നാം ഇപ്പോഴും വിശ്വസിക്കുന്നുണ്ടെങ്കിൽ ആ ധാരണകൾ തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സത്യത്തിൽ ജർമ്മനി അന്നത്തെ സാമ്പത്തിക ശക്തികളെ വെല്ലുവിളിച്ചത് സാമ്പത്തികമായി തന്നെയാണ്. ജൂത വിരോധവും വംശീയ ഔന്നിത്യ ബോധവും മാറ്റി വെച്ചാൽ ഹിറ്റ്‌ലര്‍ ഇഛാക്തിയുള്ള നേതാവായിരുന്നുവെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. വ്യാവസായിക വളർച്ച ത്വരിതപ്പെടുത്തി, ബാങ്കുകളെ പുനർ നിർമ്മിച്ച്‌ ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ ജർമ്മനി തിരിച്ചു വന്നു. ഫോക്സ്വാഗണ്‍, ബിഎംഡബ്ലിയു ഉൾപ്പടെയുള്ള കാറുകൾ ഹിറ്റ്‌ലറുടെ അർപ്പണ ബോധത്തിന്റെ ഉദാഹരണങ്ങളാണ്. എന്തിനധികം, 1938 ൽ ടൈംസ് മാഗസിന്റെ പേർസണ്‍ ഓഫ് ദി ഇയർ പുരസ്കാരം നേടിയത് ഹിറ്റ്‌ലർ ആയിരുന്നു. അക്കാലയളവിൽ തൊഴിലില്ലായ്മ ഏറെക്കുറെ ഇല്ലാതായെന്നു മാത്രമല്ല, 10% വളർച്ചാ നിരക്കും ജർമ്മനിക്കുണ്ടായിരുന്നു. മറ്റു സോഷ്യലിസ്റ്റു പാർട്ടികളിൽ നിന്നും ചിന്താ ധാരകളിൽ നിന്നും വ്യത്യസ്തമായിരുന്നുവെങ്കിലും ഹിറ്റ്‌ലറും തന്റെ സാമ്പത്തിക ശാസ്ത്രം സോഷ്യലിസം ആണെന്ന് വാദിച്ചിരുന്നു. ജനങ്ങൾക്ക് ഭക്ഷിക്കാൻ വിഭവങ്ങളുണ്ടാവുകയും അവർ സന്തുഷ്ടരാവുകയും ചെയ്‌താൽ അത് തന്നെയാണ് സോഷ്യലിസം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മുതലാളിത്തത്തിനും കമ്യൂണിസത്തിനും മദ്ധ്യേ പ്രായോഗികമായ ഒരു സാമ്പത്തിക വ്യവസ്ഥിതിയാണ് ഹിറ്റ്‌ലര്‍ ലക്ഷ്യമിട്ടത്. അക്കാര്യത്തിൽ ഹിറ്റ്‌ലര്‍ വിജയിക്കുകയും ചെയ്തിരുന്നുവെന്ന് നിക്ഷ്പക്ഷമായി പഠിച്ചാൽ മനസ്സിലാവും.

അങ്ങനെ വീണ്ടും ജർമ്മനി ബ്രിട്ടന് ഒരു ഭീഷണിയായി മാറി. ജർമ്മനിയെ തകർക്കണമെന്ന് ബ്രിട്ടണ്‍ ആഗ്രഹിച്ചു. നാമെല്ലാം കരുതി പോന്നത് പോലെ ജർമ്മനിയുടെ ജൂത കൂട്ടക്കൊലയിൽ പ്രകോപിതരായി ഫാസിസത്തെ അടിച്ചമർത്താനും ലോകത്തെ രക്ഷിക്കാനും വേണ്ടിയല്ല രണ്ടാം ലോകമഹായുദ്ധം ഉണ്ടായത്. യൂറോപ്പിലെ 109 പ്രദേശങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ജൂതരോട് ഒരു സുപ്രഭാതത്തിൽ യൂറോപ്പിന് ദീനാനുകമ്പ തോന്നി എന്ന് വിശ്വസിക്കുക പ്രയാസമാണ്. ഇക്കാര്യം അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിൻസ്റ്റൻ ചർച്ചിൽ തന്നെ പലതവണ വ്യക്തമാക്കിയതാണ്:
"ഈ യുദ്ധം ഫാസിസത്തെ ഇല്ലായ്മ ചെയ്യാൻ വേണ്ടി മാത്രമല്ല. വാണിജ്യ കമ്പോളങ്ങളെ പിടിച്ചടക്കാൻ വേണ്ടി കൂടിയാണ്. നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഒരു വെടിയുണ്ടപോലും പായിക്കാതെ നമുക്കീ യുദ്ധം ഒഴിവാക്കാമായിരുന്നു. പക്ഷെ നാമത് ആഗ്രഹിച്ചിരുന്നില്ല'' (Winston Churchill- 1946)

"രണ്ടാം ലോക മഹായുദ്ധത്തിനു മുന്‍പ് ജർമ്മനി ചെയ്ത വലിയ തെറ്റ് അതിന്റെ സമ്പദ് ഘടനയെ സ്വതന്ത്രമാക്കാൻ ശ്രമിക്കുകയും തങ്ങളുടേതായ സ്വതന്ത്ര എക്സ്ചെഞ്ച് സിസ്റ്റം ഉണ്ടാക്കിയെന്നതാണ്" (winston charchil - 1960)

ആഗോള കുത്തക ബാങ്കുകൾക്ക് ചൂഷണം ചെയ്യാൻ സാധിക്കാത്ത വിധം തങ്ങളുടേതായ ഒരു സമ്പദ്ഘടന രൂപീകരിക്കാൻ ശ്രമിച്ചുവെന്നതാണ് ജർമ്മനി ചെയ്ത വലിയ തെറ്റ്. ആഗോള ബാങ്കിംഗ് കുത്തകകളുടെ താല്പര്യത്തിനു വഴങ്ങാതെ മൂലാധിഷ്ടിത കറൻസി പുറത്തിറക്കിക്കൊണ്ടാണ് ജർമ്മനി അന്ന് ലോകത്തെ ഞെട്ടിച്ചത്. 1933 ൽ തന്നെ ജർമ്മനിയുടെ സാമ്പത്തിക പരിഷ്കാരങ്ങളെ ബാങ്കുകൾ ആശങ്കയോടെ വീക്ഷിച്ചു തുടങ്ങിയിരുന്നു. ജർമ്മനി അതിന്റെ മുന്നേറ്റം തുടർന്നാൽ സ്വകാര്യ സെൻട്രൽ ബാങ്കുകൾക്ക് തങ്ങളുടെ മേധാവിത്തം നഷ്ടമാവുമെന്നു അവർ ഭയന്നു. ജൂതവിരോധം പോലുള്ള ഹിറ്റ്‌ലറുടെ വിഡ്ഢിത്തം നിറഞ്ഞ ചില നിലപാടുകൾ മുതലെടുത്ത്‌ ജർമ്മനിയെ ബഹിഷ്കരിക്കാൻ ബ്രിട്ടൻ മുൻകൈ എടുത്തു. ഹിറ്റ്‌ലര്‍ - മുസ്സോളിനി കൂട്ടുകെട്ട് തങ്ങൾക്ക് ഗുണകരമാവും എന്നായിരുന്നു ബാങ്കുകൾ അക്കാലമത്രയും കരുതിപ്പോന്നിരുന്നത്. എന്നാൽ ജർമ്മനിയുടെ സ്വതന്ത്ര എക്കണോമി എന്ന ആശയം അവരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി.

രണ്ടാം ലോക മഹായുദ്ധാനന്തരം ബാങ്ക് ഓഫ് ഇംഗ്ലണ്ട് ദേശസാത്കരിക്കാൻ ബ്രിട്ടൻ നിർബന്ധിക്കപ്പെടുകയാണ് ഉണ്ടായത്. ബ്രിട്ടീഷ് പൌണ്ടിനെ അപേക്ഷിച്ച് അമേരിക്കൻ ഡോളറിനു വിനിമയ മൂല്യം കൂടി വരുന്നത് ഈ സമയത്താണ്. ഡോളർ റിസർവ്-വിനിമയ കറൻസിയായി രാഷ്ട്രങ്ങൾ അംഗീകരിക്കാൻ ആരംഭിച്ചതും രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ്. കറൻസി പ്രിന്റ്‌ ചെയ്യുന്ന ഫെഡറൽ റിസർവ് ബാങ്ക് സത്യത്തിൽ ഒരു സ്വതന്ത്ര ബാങ്ക് തന്നെയായിരുന്നു. ഉല്‍പ്പന്നങ്ങളുടെ യഥാർത്ഥ മൂല്യത്തേക്കാൾ കൂടുതലായി കറൻസി പ്രിന്റ്‌ ചെയ്യില്ല എന്ന വ്യവസ്ഥയുടെ പുറത്തായിരുന്നു രാഷ്ട്രങ്ങൾ ഡോളറിനെ വിനിമയ കറൻസിയായി അംഗീകരിച്ചത്. 35 ഡോളറിനു തത്തുല്യമായി ഒരു ഔണ്‍സ് സ്വർണ്ണം എന്നായിരുന്നു ധാരണ. എന്നാൽ സ്വകാര്യ സ്ഥാപനമായ ഫെഡറൽ ബാങ്ക് ഈ വ്യവസ്ഥ കാറ്റിൽ പറത്തി കറൻസികൾ അടിച്ചിറക്കി ചൂഷണം ചെയ്തു. സ്വർണ്ണം റിസർവ് വെയ്ക്കാതെ വെറും കടലാസ് കറൻസികൾ അടിച്ചിറക്കി ലോകത്തെ അവർ സമർത്ഥമായി പറ്റിച്ചു പോന്നു. ഒരുവേള ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ കൈവശമുള്ള ഡോളറിനു പകരമായി സ്വർണ്ണം ആവശ്യപ്പെട്ടപ്പോഴാണ് വേണ്ടത്ര കരുതൽ ശേഖരം അമേരിക്കയുടെ കയ്യിലില്ലെന്നു പുറം ലോകമറിഞ്ഞത്. 1971 ൽ പില്ക്കാലത്ത് 'നിക്സണ്‍ ഷോക്ക് ' എന്ന് അറിയപ്പെട്ട പ്രഖ്യാപനം വഴി പ്രതിസന്ധിയെ അതിജീവിക്കാൻ അമേരിക്ക ശ്രമിച്ചതിനെ തുടർന്ന് ലോക രാജ്യങ്ങൾ ഡോളറിനെ കൈവിടാൻ തുടങ്ങി. സ്വർണ്ണവുമായി അമേരിക്കൻ ഡോളറിന്റെ വിനിമയം തല്‍ക്കാലം സസ്പെൻഡ് ചെയ്തു കൊണ്ടാണ് പ്രസിഡന്റ്‌ നിക്സൻ അന്ന് ലോകത്തെ ഞെട്ടിച്ചത്. ബാങ്കുകൾ എങ്ങനെയാണ് ലോകത്തെ സമർത്ഥമായി കബളിപ്പിച്ചത് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. അമേരിക്കയ്ക്ക് പോലും ഇക്കാര്യത്തിൽ നിയന്ത്രണാധികാരം ഇല്ലെന്നു സാരം.

അമേരിക്കയിലെ പ്രമുഖ ഓട്ടോമൊബൈൽ കമ്പനിയുടെ തലവനായിരുന്ന ഹെന്റ്രി ഫോർഡ് അഭിപ്രായപ്പെട്ടതു പോലെ എന്നെങ്കിലും ജനങ്ങൾ ബാങ്കുകളെ കുറിച്ചും മോണിട്ടറി സിസ്റ്റത്തെ കുറിച്ചും മനസ്സിലാക്കിയിരുന്നെങ്കിൽ നാളത്തെ പുലരിയ്ക്ക് മുന്‍പ് വിപ്ലവം പൊട്ടിപുറപ്പെടുമായിരുന്നു . അത്രവലിയ ചൂഷണവും ചതിയുമാണ് സ്വാർത്ഥ സ്ഥാപിത താല്പര്യങ്ങളുള്ള ബാങ്കുകൾ നടത്തിയത്.

വെറും കടലാസ് കറൻസികളുടെ ബലത്തിൽ മാത്രം ലോകത്തെ നിയന്ത്രിച്ചിരുന്ന അമേരിക്കയ്ക്ക് തങ്ങളുടെ സമ്പദ് ഘടന ശരിയാക്കിയെടുക്കാൻ ഏറെ പണിപ്പെടേണ്ടി വന്നു. മൂല്യമില്ലാത്ത കറൻസി കൊണ്ട് രാജ്യത്തിന്റെ കടം അടച്ചു തീർക്കുക അസാധ്യമായിരുന്നു. സ്വർണ്ണ നിക്ഷേപം കൊണ്ട് അടച്ചു തീർക്കുക എന്നൊരു മാര്‍ഗ്ഗം മാത്രമേ അവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഡോളർ മൂല്യത്തിനു തുല്യമായ സ്വർണ്ണ നിക്ഷേപം സൂക്ഷിക്കാത്തതിനാൽ ആ മാര്‍ഗ്ഗം അടഞ്ഞു. ഡോളറിനു പുതിയ മാർക്കറ്റ് കണ്ടെത്തേണ്ടി വരുന്നത് ആ സാഹചര്യത്തിലാണ്.

സ്വർണ്ണത്തിന്റെ കാര്യത്തിൽ ഇനിയാരും തങ്ങളെ വിശ്വസിക്കാൻ പോവുന്നില്ലെന്ന് അമേരിക്കയ്ക്ക് ദയനീയമായി ബോധ്യപ്പെട്ട സാഹചര്യമായിരുന്നുവത്. വെറും കടലാസുകൾ അടിച്ചിറക്കിയാൽ ഇനിയുള്ള കാലം മുന്നോട്ടു പോവാൻ കഴിയില്ലെന്നും പ്രകൃതി വിഭവങ്ങൾ തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാതെ ഇനിയൊരു ഭാവിയില്ലെന്നും അമേരിക്കൻ രാഷ്ട്രീയം തിരിച്ചറിഞ്ഞു. സ്വർണ്ണത്തിനു പകരം 'പെട്രോ ഡോളർ' എന്ന ലേബൽ ചാർത്തി മുഖം മിനുക്കി കറൻസിയെ അവതരിപ്പിക്കാൻ നീക്കം ആരംഭിച്ചു. വിദഗ്ദമായി മെനഞ്ഞെടുത്ത ഈ ചതിയിലാണ് എണ്ണ ഉത്പാദക രാജ്യങ്ങൾ വീണു പോയത്.

വൈകിയാണെങ്കിലും ഈ ചതി തിരിച്ചറിഞ്ഞ സദ്ദാമിനെ നിഷ്കാസനം ചെയ്തു കൊണ്ട് ലോകത്തെ ഏറ്റവും കൂടുതൽ എണ്ണയുള്ള രണ്ടാമത്തെ രാജ്യമായ ഇറാഖ് അമേരിക്ക കൈപ്പിടിയിലാക്കി. ലിബിയയുടെ നിലപാട് ഒന്നുകൂടി ശക്തമായിരുന്നു. തങ്ങളുടെ മൂല്യാധിഷ്ടിത കറൻസിയായ ഗോൾഡ്‌ ദിനാറിനെ വിനിമയ നാണയമാക്കി കണക്കാക്കി മാത്രമേ എണ്ണ വിൽക്കൂ എന്ന് ഗദ്ദാഫി തുറന്നു പ്രഖ്യാപിച്ചു. എണ്ണയ്ക്ക് പകരം ഡോളർ എന്ന അമേരിക്കൻ പദ്ധതിയ്ക്ക് വിരുദ്ധമായിരുന്നു അത്.

അമേരിക്ക അടങ്ങിയിരിക്കുമോ? തങ്ങളുടെ കറൻസിയെ നശിപ്പിക്കാനൊരുങ്ങിയ ഗദ്ദാഫിയെ ഇല്ലാതാക്കി ലിബിയയിൽ സ്വകാര്യ ബാങ്കിംഗ് സ്ഥാപിച്ചു. എണ്ണയ്ക്ക് പകരം ഡോളർ എന്ന 'പെട്രോ ഡോളർ ' പദ്ധതി ലിബിയയിലും നടപ്പാക്കി കഴിഞ്ഞു. ഈ ചൂഷണത്തെ അംഗീകരിക്കാത്ത ആർക്കും നില നില്പ്പില്ല എന്ന സന്ദേശമാണ് സദ്ദാമിന്റെയും ഗദ്ടാഫിയുടെയും വീഴ്ചയിലൂടെ ലോകത്തിനു നല്കുന്നത്. അമേരിക്കയുടെ ഈ 'ഡോളറിഫികേഷൻ' പദ്ധതിയുടെ ടാര്‍ഗറ്റ് രാജ്യങ്ങളാണ് ഇന്ന് യുദ്ധങ്ങൾ നേരിടുകയും യുദ്ധ ഭീഷണി നേരിടുകയും ചെയ്യുന്ന രാജ്യങ്ങൾ.

അണിയറയിൽ കരുക്കൾ നീക്കുന്നതാവട്ടെ ബാങ്കുകളും. അമേരിക്കയ്ക്ക് ബാങ്കുകളുടെ നിയന്ത്രണത്തിൽ നിന്ന് മുക്തമാവാൻ സാധിക്കാത്ത കാലത്തോളം ഈ യുദ്ധ നാടകങ്ങൾ തുടർന്ന് കൊണ്ടേയിരിക്കും. കഴിഞ്ഞ രണ്ടു മൂന്നു നൂറ്റാണ്ട് അമേരിക്കയെയും അതുവഴി ലോകത്തെയും നിയന്ത്രിക്കുന്ന ബാങ്കുകളിൽ നിന്ന് ഒരു മോചനം പ്രതീക്ഷിക്കാമോ എന്നതാണ് നമുക്ക് മുന്‍പിലെ ചോദ്യം.

സമ്പത്തിനു വേണ്ടിയുള്ള ഈ യുദ്ധങ്ങളിൽ എത്ര കോടി മനുഷ്യരെ ഇനിയും കുരുതി കൊടുക്കേണ്ടി വരും? ആരുടെയൊക്കെയോ സ്വാർത്ഥ താല്പര്യങ്ങൾക്ക് സംരക്ഷിക്കാൻ വേണ്ടി ജീവൻ വെടിയെണ്ടി വരുന്ന ഹതഭാഗ്യരായ മനുഷ്യരുടെ കൂടി കഥകളാണ് യുദ്ധങ്ങളുടെ ചരിത്രങ്ങൾ. ഓരോ യുദ്ധവും ആകസ്മികമായി പൊട്ടി പുറപ്പെടുന്നതല്ല, അതിനു പുറകിൽ വലിയ കച്ചവട താത്‌പര്യങ്ങൾ ഉണ്ടെന്നു നാം അറിയാതെ ഉപരിപ്ലവമായ കാര്യങ്ങൾ മാത്രം വായിച്ചും മനസ്സിലാക്കിയും കഥയറിയാതെ ആട്ടം കാണുന്നു.

Read More >>