എത്തിക്‌സ് കമ്മിറ്റി ക്ലിയറന്‍സ് നല്‍കുന്നതില്‍ അനാസ്ഥ; കേരള യൂണിവേഴ്‌സിറ്റിയിലെ 23 ഗവേഷക വിദ്യാര്‍ത്ഥികളുടെ പഠനം അവതാളത്തില്‍

ഗവേഷകര്‍ വിവരങ്ങള്‍ ശേഖരിക്കുന്ന വേളയില്‍ എത്തിക്‌സിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് എത്തിക്സ് കമ്മിറ്റിയാണ് പരിശോധിക്കുക. നാര്‍ക്കോട്ടിക് സ്വഭാവമുള്ള മരുന്നുകള്‍ കുത്തിവെച്ചാണോ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും മറ്റുമാണ് സമതി പ്രധാനമായും പരിശോധിക്കുക. നരവംശ ശാസ്ത്ര വിഷയമായതിനാല്‍ ഗവേഷകരുടെ പ്രവര്‍ത്തനവും നൈതികതയും ഉറപ്പുവരുത്താനുമാണ് എത്തിക്‌സ് കമ്മിറ്റിക്ക് രൂപം നല്‍കിയത്. ജീവശാസ്ത്ര വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് എത്തിക്‌സ് കമ്മിറ്റി ക്ലിയറന്‍സ് മുന്‍കാലങ്ങളില്‍ അനിവാര്യമായിരുന്നു.

എത്തിക്‌സ് കമ്മിറ്റി ക്ലിയറന്‍സ് നല്‍കുന്നതില്‍ അനാസ്ഥ; കേരള യൂണിവേഴ്‌സിറ്റിയിലെ 23 ഗവേഷക വിദ്യാര്‍ത്ഥികളുടെ പഠനം അവതാളത്തില്‍

കോഴിക്കോട്: അനാവശ്യമായ ഫീസ് വര്‍ധനയ്ക്ക് പിന്നാലെ എത്തിക്‌സ് കമ്മിറ്റി ക്ലിയറന്‍സ് നല്‍കാതെയും കേരള യൂണിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ത്ഥികളെ വേട്ടയാടുന്നു. കേരള യൂണിവേഴ്‌സിറ്റിയുടെ അനാസ്ഥയും പിടിപ്പുകേടും കാരണം 23 വിദ്യാര്‍ത്ഥികളുടെ പിഎച്ച്ഡി മോഹമാണ് ത്രിശങ്കുവിലായിരിക്കുന്നത്. ഇതില്‍ 18 പേര്‍ സൈക്കോളജി വിഭാഗത്തിലും അഞ്ചുപേര്‍ സുവോളജിയിലുമാണ് ഗവേഷണം നടത്തുന്നത്.

പ്രവേശനം നേടി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഇവരുടെ ഗവേഷണം എവിടെയുമെത്താതെ കിടക്കുകയാണ്. ഇതില്‍ ദളിത് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്നുപേരെ ഗൈഡ് ചെയ്യുന്ന അദ്ധ്യാപകന്‍ അടുത്ത വര്‍ഷം വിരമിക്കുമെന്നിരിക്കെ ഇവരുടെ തുടര്‍പഠനവും വഴിമുട്ടിയേക്കും. അഞ്ചു വര്‍ഷമാണ് ഗവേഷണ കാലവധിയെങ്കിലും രണ്ടുവര്‍ഷം ഇതിനകം നഷ്ടപ്പെട്ടുകഴിഞ്ഞു.


ഗവേഷകര്‍ വിവരങ്ങള്‍ ശേഖരിക്കുന്ന വേളയില്‍ എത്തിക്‌സിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് എത്തിക്സ് കമ്മിറ്റിയാണ് പരിശോധിക്കുക. നാര്‍ക്കോട്ടിക് സ്വഭാവമുള്ള മരുന്നുകള്‍ കുത്തിവെച്ചാണോ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും മറ്റുമാണ് സമതി പ്രധാനമായും പരിശോധിക്കുക. നരവംശ ശാസ്ത്ര വിഷയമായതിനാല്‍ ഗവേഷകരുടെ പ്രവര്‍ത്തനവും നൈതികതയും ഉറപ്പുവരുത്താനുമാണ് എത്തിക്‌സ് കമ്മിറ്റിക്ക് രൂപം നല്‍കിയത്. ജീവശാസ്ത്ര വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് എത്തിക്‌സ് കമ്മിറ്റി ക്ലിയറന്‍സ് മുന്‍കാലങ്ങളില്‍ അനിവാര്യമായിരുന്നു.

വകുപ്പുതലവന്‍ ചെയര്‍മാനായ ഡോക്ടേഴ്‌സ് കമ്മിറ്റി 2014ല്‍ ചേര്‍ന്ന ശേഷമാണ് ഗവേഷണം തുടരുന്നതിന് മുമ്പ് എത്തിക്‌സ് കമ്മിറ്റിയുടെ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയത്. ഇക്കാര്യത്തില്‍ സമ്മതമാണെന്ന് കാണിച്ച് ഗവേഷക വിദ്യാര്‍ഥികള്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

ആലപ്പുഴ മെഡിക്കല്‍ കോളജിലെ റേഡിയോ ഡൈഗ്നോസിസ് വിഭാഗം തലവനായ ഡോ. ഹരികുമാരന്‍ നായര്‍ ചെയര്‍മാനായ എത്തിക്‌സ് കമ്മിറ്റി ഈ മാസം ഒന്നിന് ചേര്‍ന്നെങ്കിലും ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് എത്തിക്‌സ് കമ്മിറ്റി ക്ലിയറന്‍സ് നല്‍കുന്നത് സംബന്ധിച്ചുള്ള യാതൊരു തീരുമാനവും ആയിട്ടില്ല.

ഗവേഷക വിദ്യാര്‍ഥികള്‍ മതിയായ ഡോക്യുമെന്റ്‌സുകള്‍ സമര്‍പ്പിക്കാത്തതാണ് എത്തിക്‌സ് കമ്മിറ്റി ക്ലിയറന്‍സ് വൈകാന്‍ കാരണമെന്ന് ചെയര്‍മാന്‍ ഡോ.ഹരികുമാരന്‍ നായര്‍ 'നാരദ ന്യൂസി'നോട് പറഞ്ഞു. ഗവേഷകര്‍ 24  ഡോക്യുമെന്റ്‌സ് നല്‍കേണ്ടതുണ്ട്. അത് പലരും നല്‍കിയിട്ടില്ല. അത് ലഭിക്കുന്ന മുറയ്‌ക്കേ ക്ലിയറന്‍സ് നല്‍കാനാവുകയുള്ളു.

വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ട രണ്ടു വര്‍ഷം നീട്ടികൊടുക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം എടുക്കേണ്ടത് യൂണിവേഴ്‌സിറ്റിയാണെന്നും എത്തിക്‌സ് കമ്മിറ്റിയല്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

പ്രബന്ധം സമര്‍പ്പിക്കുന്നതിന്റെ മൂന്ന് മാസം മുമ്പ് പ്രീസബ്മിഷന്‍ നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഗവേഷണം തുടങ്ങുമ്പോഴത്തേക്കും പ്രീസബ്മിഷന്‍ വേണമെന്ന എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്റെ നടപടിയോട് യോജിക്കാന്‍ കഴിയില്ലെന്ന് സെനറ്റംഗം മനേഷ് പി 'നാരദ ന്യൂസി'നോട് പറഞ്ഞു. സാധാരണനിലയില്‍ അത്തരത്തിലൊരു കീഴ്‌വഴക്കം മറ്റെവിടെയും കാണാനാകില്ലെന്നും ചെയര്‍മാന്റെ ദുര്‍വാശിയാണിതിന് പിന്നിലെന്നും അദേഹം ആരോപിച്ചു.

കേരള യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു മാനദണ്ഡം നിര്‍ബന്ധമാക്കിയത്. അതാണിപ്പോള്‍ ഗവേഷക വിദ്യാര്‍ഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലായിക്കിയിരിക്കുന്നത്. തുടക്കമായതിനാല്‍ ഏതെല്ലാം രേഖകള്‍ ഹാജരാക്കണമെന്നുള്ള കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കടുത്ത ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

നിലവില്‍ കേരള യൂണിവേഴ്‌സിറ്റിക്ക് കേരള കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അംഗീകാരമില്ലെന്നിരിക്കെ സ്ഥിരമായ എത്തിക്‌സ് കമ്മിറ്റി ക്ലിയറന്‍സ് നല്‍കാനും സാങ്കേതിക തടസ്സമുണ്ട്.

ഗവേഷണം തുടരാനാവാതെ പെരുവഴിയിലായ വിദ്യാര്‍ത്ഥികളിൽ പലരും നിര്‍ധന കുടുംബത്തില്‍ നിന്നുള്ളവരാണ്. മൂന്നു വര്‍ഷംകൊണ്ട് ഗവേഷണം പൂര്‍ത്തിയാക്കി പിഎച്ച്ഡി ലഭിക്കുമോയെന്ന കാര്യത്തില്‍ ആശങ്കയിലാണിവര്‍. കേരള യൂണിവേഴ്‌സിറ്റി അധികൃതരുടെ അനാസ്ഥയും നിഷ്‌ക്രിയത്വവും അതിരു കടക്കുമ്പോഴാണ് പിഎച്ച്ഡി എന്ന മോഹത്തിന് അരികിലെത്താനാവാതെ വിദ്യാര്‍ത്ഥികള്‍ വിഷമ വൃത്തത്തിലായിരിക്കുന്നത്.

രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഗവേഷണം എവിടെയും എത്താത്ത സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്നറിയില്ലെന്ന് സൈക്കോളജി വിഭാഗത്തില്‍ ഗവേഷണം നടത്തുന്ന ദളിത് വിദ്യാര്‍ത്ഥിയായ ശരത് ബാബു 'നാരദ ന്യൂസി'നോട് പറഞ്ഞു.

Read More >>