ഉമ്മന്‍ചാണ്ടിയുടെ രാജി പരോക്ഷമായി ആവശ്യപ്പെട്ട് വിടി ബല്‍റാം

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി ശിക്ഷിക്കപ്പെട്ടതോടെ വി. ടി ബല്‍റാമിനാണ് കിടക്കപ്പൊറുതിയില്ലാതായത്. ഫസ്റ്റ് വിക്കറ്റ് വീണോ എന്ന സ്റ്റാറ്റസ് തിരിച്ചു കടിച്ചതാണ്. രാഷ്ട്രീയ സംശുദ്ധിക്ക് ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണെമെന്ന ആവശ്യമുയരുന്നതിനിടയില്‍ പരോക്ഷമായി രാജി ആവശ്യപ്പെട്ട് ബല്‍റാം ഒടുവില്‍ ഇതാ പോസ്റ്റിട്ടിരിക്കുന്നു

ഉമ്മന്‍ചാണ്ടിയുടെ രാജി പരോക്ഷമായി ആവശ്യപ്പെട്ട്  വിടി ബല്‍റാം

ജയരാജന്റെ വിക്കറ്റ് വീഴ്ത്താന്‍ സ്റ്റാറ്റസിട്ട വി.ടി ബല്‍റാമിന് അതേ ട്രോള്‍ ബൂമറാങ്ങായി തിരിച്ചടിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ രാജി പരോക്ഷമായി ആവശ്യപ്പെടേണ്ടി വന്നു. അഥവ ട്രോളര്‍മാര്‍ ബല്‍റാമിനെ മൂക്കു കുത്തിച്ചു.

സോളാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടത് ഉമ്മന്‍ ചാണ്ടിയായിരുന്നുവെങ്കിലും ട്രോളര്‍മാര്‍ കയറി നിരങ്ങിയത് ബല്‍റാമിനെയാണ്. ഫസ്റ്റ് വിക്കറ്റ് വീണോ- എന്ന ഒറ്റച്ചോദ്യത്തിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു നേരെ ഉണ്ടായ അഴിമതി ആരോപണങ്ങളെ മായ്ക്കാന്‍ ബല്‍റാം ശ്രമിച്ചത് സൈബര്‍ മലയാളി ക്ഷമിച്ചില്ല. അതേ ചോദ്യം, ഫസ്റ്റ് വിക്കറ്റ് വീണോയെന്ന് ആയിരങ്ങളാണ് ബല്‍റാമിനോട് തിരിച്ചു ചോദിച്ചത്.


മണിക്കൂറുകള്‍ അനങ്ങാതിരുന്ന ശേഷം പൊതുരംഗം സംശുദ്ധമാകാന്‍ എംഎല്‍എ സ്ഥാനം ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണം എന്ന ആവശ്യത്തോട് പരോക്ഷമായി ഇങ്ങനെ പ്രതികരിച്ചു:
വിക്കറ്റ് വീഴ്ചകളേക്കുറിച്ചുള്ള ക്രിയാത്മകവും ഏകപക്ഷീയമല്ലാത്തതുമായ എല്ലാ ചര്‍ച്ചകളേയും സ്വാഗതം ചെയ്യുന്നു. നമ്മുടെ പൊതുരംഗം കൂടുതല്‍ സംശുദ്ധമാവട്ടെ.

അതായത് ഉമ്മന്‍ചാണ്ടി രാജിവെച്ച് സംശുദ്ധമാക്കണം എന്നത് ഒളിപ്പിച്ചു വെച്ച സ്റ്റാറ്റസ്. ജയരാജിനു വെച്ചത് ഉമ്മന്‍ചാണ്ടിയുടെ രാജി പരോക്ഷമായി ആവശ്യപ്പെടേണ്ട ഗതികേടിലേയ്ക്ക് ബല്‍റാമിനെ എത്തിച്ചെന്നു പറഞ്ഞാല്‍ മതിയല്ലോ.

BAL

വടി തിരിഞ്ഞു പാമ്പാവുക എന്നത് ബല്‍റാമിനെ സംബന്ധിച്ച് ഇതാദ്യമല്ല. സോഷ്യല്‍ മീഡിയ അത്ര സജീവമല്ലാതിരുന്ന കാലത്ത് ഇടുക്കി ബിഷപ്പ് ആനിക്കുഴിക്കാട്ടിലിനെ നികൃഷ്ടജീവി എന്നു വിളിച്ചായിരുന്നു തുടക്കം. സ്വന്തം തട്ടകമായ ഫേസ്ബുക്കില്‍ തന്നെയായിരുന്നു ചീത്തവിളി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ഇടുക്കിയില്‍ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയായി. കാണാന്‍ ചെന്ന ഡീനിനോട് ബിഷപ്പ് തികച്ചും അപമര്യാദയായി പെരുമാറി. ബിഷപ്പിന്റെ സ്ഥാനാര്‍ത്ഥി ഇടതു പിന്തുണയോടെ ഡീനിനെതിരെ മത്സരിക്കുമ്പോഴാണ് സംഭവം.

ബല്‍റാം അപ്പോഴാണ് നികൃഷ്ടജീവി എന്നു ബിഷപ്പിനെതിരെ സ്റ്റാറ്റസ് ഇട്ടത്. ഡീനിന്റെ തോല്‍വിക്ക് ആ വിളി ചെറുതായൊന്നുമല്ല 'സഹായിച്ചത്'. തിരഞ്ഞെടുപ്പ് സമയത്ത് അത്തരത്തില്‍ ഒരാക്രമണം നടത്തിയത് ഡീനിനെ സഹായിക്കാനല്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകാന്‍ കഴിയാതിരുന്നതിന്റെ ചൊരുക്കാണെന്നും പ്രചരിപ്പിക്കപ്പെട്ടു. ജൂനിയര്‍ എംഎല്‍എയുടെ പ്രയോഗത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം മറുപടി പറഞ്ഞു. തള്ളിപ്പറഞ്ഞു. ഒടുക്കം മാപ്പ് പറഞ്ഞ് ബല്‍റാം പതിവുപോലെ തലയൂരി.

balram 1

അങ്ങനെയിരിക്കെ ദേ വരുന്നു അടുത്തത്. ഇത്തവണ ബിജെപി നേതാവ് കെ. സുരേന്ദ്രനെതിരെയായിരുന്നു. എവിടെ അച്ഛാദിന്‍ എന്നു ചോദിച്ച പരിഹാസ പോസ്റ്റില്‍ കൈരേഖാ സുരേന്ദ്രനെന്നടക്കം പരിഹാസങ്ങള്‍ നിറച്ചു. ബല്‍റാം തങ്ങളുടെ കോണ്‍ഗ്രസിലെ സഖാവാണ് എന്ന് അന്നു കരുതിയിരുന്ന സൈബര്‍ സഖാക്കള്‍ സംഭവമങ്ങ് ലൈക്കടിച്ച് പെരുക്കി. അപ്പോഴുണ്ട്, സൈബര്‍ മീഡിയ ബല്‍റാമിനെ ഓഡിറ്റു ചെയ്യാന്‍ തുടങ്ങി. പണ്ട് ലോകോളേജില്‍ വെച്ച് എബിവിപിയുമായി രഹസ്യ ധാരണയുണ്ടാക്കിയ ''സതീശന്‍ കഞ്ഞിക്കുഴി''യാണ് ടിയാനെന്നായി സോഷ്യല്‍ മീഡിയ. ആര്‍എസ്എസിനെ മാത്രം എതിര്‍ക്കുകയും മുസ്ലിം തീവ്രവാദികളെ പ്രീണിപ്പിക്കുകയും ചെയ്യുന്ന കപടമതേതരനാണെന്നും വാദങ്ങളുയര്‍ന്നു. തൃത്താലയിലെ മുസ്ലിം വോട്ട് മാത്രമാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന ആരോപണം ഉയര്‍ന്നു. ആര്‍എസ്എസ് വേദിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളടക്കം കുത്തിപ്പൊക്കി.

balram 2

ബല്‍റാമിന് സ്ഥിരം ലൈക്കടിക്കുന്ന സൈബര്‍ സഖാക്കള്‍ക്ക് ഇടിത്തീയായി പിണറായിയേയും തോമസ് ഐസക്കിനേയും ബല്‍റാം പോസ്റ്റിലൂടെ തോണ്ടിയപ്പോള്‍ ഐസക്ക് നേരിട്ടു തന്നെ മറുപടിയുമായെത്തി. പിന്നാലെ സ്വരാജും എത്തി. പിതൃശൂന്യനെന്നതടക്കമുള്ള പരാമര്‍ശങ്ങളിലൂടെ നാക്കിന് വെട്ടുന്ന എം. സ്വരാജുമായി നടത്തിയ കത്തെഴുത്തു മത്സരത്തിന്റെ ഫലം പ്രത്യേകം പറയേണ്ടല്ലോ. അഴിമതി വിരുദ്ധനായ ബല്‍റാം അഴിമതിയില്‍ മുങ്ങിക്കുളിച്ച കക്ഷിയിലെ എംഎല്‍എയാണെന്ന് നിരന്തരം ഓര്‍മ്മിക്കപ്പെടുന്നുണ്ടായിരുന്നു.

balram 3

ആദ്യകാലത്തുണ്ടാക്കാന്‍ ശ്രമിച്ച സൈബര്‍ സ്വീകാര്യത കക്ഷിക്ക് ദിനേന കുറഞ്ഞു വരുന്നതിനിടയില്‍ ഭരണവും പോയി. അങ്ങിനെയിരിക്കെയാണ് ഇ.പി ജയരാജന്‍ രാജിവെക്കും എന്നുറപ്പായ ദിവസം, ഫസ്റ്റ് വിക്കറ്റ് വീണോ- എന്ന് ബല്‍റാമിന്റെ ചോദ്യം. ആ ഒറ്റച്ചോദ്യത്തിന് ആയിരിക്കണക്കിനു ട്രോളുകളിലൂടെ ചുട്ടമറുപടി നല്‍കിയാണ് സൈബര്‍ലോകം രാഷ്ട്രീയ ഭേദമില്ലാതെ പ്രതികരിച്ചത്.

balram 6

ഇന്നലെയും ഇന്നുമായി ബന്ധുനിയമന വിവാദത്തില്‍ ജയരാജന്‍ വാങ്ങിയതിലും ട്രോളുവാങ്ങിക്കൂട്ടി ബല്‍റാം. ആരോപണം വന്നപ്പോള്‍ ജയരാജനെ സംരക്ഷിക്കാന്‍ പാര്‍ട്ടിയോ മുഖ്യമന്ത്രിയോ തയ്യാറാകാതിരുന്നിട്ടും ട്രോളി നല്ല പുള്ളയാകാന്‍ ശ്രമിച്ച സംഭവം ആരും മറന്നിരുന്നില്ല. ഉമ്മന്‍ ചാണ്ടി ആദ്യ സോളാര്‍ ശിക്ഷ വാങ്ങിയപ്പോള്‍, സോളാറില്‍ ഫസ്റ്റ് വിക്കറ്റ് വീണതു സംബന്ധിച്ച് പരിഹാസം കിട്ടിയതു മുഴുവന്‍ ബല്‍റാമിന്. ചിത്രങ്ങളായും കമന്റുകളായും ബല്‍റാമിന്റെ വിക്കറ്റ് സ്റ്റാറ്റസില്‍ പൊങ്കാലയിടുകയാണ് സൈബര്‍ മലയാളി. അതില്‍ നിന്നു രക്ഷപെടാനാണ് ഉമ്മന്‍ചാണ്ടിയെ തന്നെ തള്ളിപ്പറഞ്ഞ് രക്ഷപെടാന്‍ പുതിയ സ്റ്റാറ്റസുമായി ബല്‍റാം ഇറങ്ങിയിരിക്കുന്നതെന്ന വിമര്‍ശനങ്ങളും ഉയരും.

oc 4

Read More >>