വിഴിഞ്ഞം: അദാനിയുമായുള്ള കരാര്‍ വെള്ളത്തിലാക്കി സിഎജി റിപ്പോര്‍ട്ട്

അദാനി ഗ്രൂപ്പുമായുണ്ടാക്കിയ 7525 കോടി രൂപയുടെ പദ്ധതി കേരളത്തിനു സാമ്പത്തികമായി നഷ്ടമുണ്ടാക്കുന്നതാണെന്നും സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ വേണ്ട വിധത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്നും കുറ്റപ്പെടുത്തുന്നതാണ് സിഎജി റിപ്പോര്‍ട്ട്.

വിഴിഞ്ഞം: അദാനിയുമായുള്ള കരാര്‍ വെള്ളത്തിലാക്കി സിഎജി റിപ്പോര്‍ട്ട്

കൊച്ചി:  വിഴിഞ്ഞം കരാർ സംസ്ഥാനത്തിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതാണെന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പുമായി വിഴിഞ്ഞം പദ്ധതി സംബന്ധിച്ചുണ്ടാക്കിയ കരാറിനെ വെള്ളത്തിലാക്കുന്നതാണ്.  വിഴിഞ്ഞം കണ്ടെയ്നര്‍ പ്രോജക്റ്റ് കേരളത്തിന്റെ സ്വപ്ന പദ്ധതിയെന്നാണ് ഇതു വരെ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. അദാനി ഗ്രൂപ്പുമായുണ്ടാക്കിയ 7525 കോടി രൂപയുടെ പദ്ധതി കേരളത്തിനു സാമ്പത്തികമായി നഷ്ടമുണ്ടാക്കുന്നതാണെന്നും സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ വേണ്ട വിധത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്നും കുറ്റപ്പെടുത്തുന്നതാണ് സിഎജി റിപ്പോര്‍ട്ട്. ഇതുസംബന്ധമായി നേരത്തേ ഉയര്‍ന്നുവന്നിരുന്ന പല ആശങ്കകളെയും ശരിവയ്ക്കുന്നതാണ് റിപ്പോർട്ടിലെ പരാമർശങ്ങൾ.


ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പ് സിഎജി ചോദിച്ച സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുവാന്‍ പോലും മുന്‍ സംസ്ഥാന സര്‍ക്കാരിനോ തുറുമുഖ കമ്പനിക്ക് കഴിഞ്ഞില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. വിഴിഞ്ഞം പദ്ധതിച്ചെലവിന്റെ 67 ശതമാനവും മുടക്കുന്ന കേരളത്തിന് കിട്ടുന്ന ലാഭം 13,948 കോടി രൂപ മാത്രമാണെന്നും എന്നാല്‍ 33 ശതമാനം മുടക്കുന്ന അദാനി ഗ്രൂപ്പിന് ലാഭം 1.5 ലക്ഷം കോടി രൂപ വരുമെന്നും സിഎജി റിപ്പോര്‍ട്ട് പറയുന്നു. ക്രമക്കേടുകളും പാഴ്‌ചെലവുകളും പദ്ധതിയുടെ നടത്തിപ്പില്‍ ഉണ്ടായിട്ടുണ്ട്. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതില്‍ ഉള്‍പ്പെടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമായ പരാമര്‍ശമുണ്ട്.

രാഷ്ട്രീയ ലക്ഷ്യത്തിനായി തട്ടിക്കൂട്ടിയ കരാര്‍ എന്ന രീതിയിലാണ് റിപ്പോര്‍ട്ടിലെ പരമാര്‍ശങ്ങള്‍. 40 വര്‍ഷത്തെ കരാരില്‍ സംസ്ഥാനത്തിന് ലഭിക്കുന്നത് തുച്ഛമായ തുക മാത്രമാണ്. അദാനി ഗ്രൂപ്പുമായി ഒപ്പിട്ട കരാറില്‍ മാറ്റം വരുത്താനാവില്ലെന്നിരിക്കെ സര്‍ക്കാര്‍ ഭാവിയില്‍ നടപ്പാക്കുന്ന പദ്ധതികളുടെ കരാറുകളില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ വേണ്ടത്ര സംരക്ഷിക്കപ്പെട്ടില്ലെന്ന് കുറ്റപ്പെടുത്തുന്ന റിപോര്‍ട്ട് ധനവിനിയോഗത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കരാര്‍ ഉണ്ടാക്കിയതെന്നും ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിലും ക്രമക്കേടുകളും പാഴ്‌ച്ചെലവുകളും ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ നടപ്പാക്കിവരുന്ന പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ ഒട്ടുമിക്കതും സ്വകാര്യ കുത്തകകള്‍ പൊതുഖജനാവ് ചോര്‍ത്തുന്ന കഴുത്തറുപ്പന്‍ ഇടപാടുകളാണെന്ന ആരോപണത്തിനാണ് സിഎജി റിപ്പോര്‍ട്ടിലൂടെ സാധൂകരണം ലഭിക്കുന്നത്. തുറമുഖ നിര്‍മാണ കരാറും പ്രാരംഭപ്രവര്‍ത്തനച്ചെലവും സി.എ.ജി വിശദമായി പരിശോധിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയോടും തുറമുഖ വകുപ്പിനോടും വിവിധഘട്ടങ്ങളില്‍ വിശദീകരണവും തേടി. സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ പലതും തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ (ഓഡിറ്റ്) അമര്‍ പട്‌നായികിന്റെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ട് ഉടന്‍ നിയമസഭയില്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.

1995ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് വിഴിഞ്ഞം തുറമുഖം വികസിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ പദ്ധതി പാരിസ്ഥിതിക സന്തുലനം അപകടപ്പെടുത്തുമെന്നും കടലിലെ മല്‍സ്യസമ്പത്ത് ഇല്ലാതാക്കുമെന്നും  വാദിച്ച് തദ്ദേശീയര്‍ രംഗത്തുവന്നതോടെ സര്‍ക്കാര്‍ പിറകോട്ടു പോവുകയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരാണ് 2013ല്‍ പിപിപി അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാനുള്ള കേന്ദ്രാനുമതി നേടുന്നതും അദാനി ഗ്രൂപ്പുമായി കരാര്‍ ഒപ്പിടുന്നതും. അദാനി ഗ്രൂപ്പുമായി ഉണ്ടാക്കിയ കരാറിനെക്കുറിച്ച് അന്നുതന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതേസമയം, പുറത്തുവന്നത് കരട് റിപ്പോര്‍ട്ടാണെന്നാണ് മനസ്സിലാക്കുന്നതെന്ന് മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. റിപ്പോര്‍ട്ട് കണ്ടശേഷമേ പ്രതികരിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം കണ്ടെയ്നര്‍ പ്രോജക്റ്റ്  ലാഭകരമാകില്ല എന്ന നിസ്സഹായാവസ്ഥ സ്വയം സൃഷ്ടിച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിഴിഞ്ഞം അദാനിക്കു കാഴ്ച വയ്ക്കുകയായിരുന്നുവെന്ന് എപ്രില്‍ 2015 ലെ വിഴിഞ്ഞം പ്രൊജക്റ്റ് ഫീസിബിലിടി റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. വിഴിഞ്ഞം പദ്ധതിക്ക് സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ആകെയുളള ചെലവ് 7525 കോടി രൂപയാണെന്നും അതില്‍ സംസ്ഥാന സര്‍ക്കാര്‍ മൂലധനം, കേന്ദ്രസര്‍ക്കാര്‍ വിജിപി ഫണ്ട് അടക്കം 5071 കോടിരൂപയാണ് ചെലവഴിക്കുന്നതെന്നും അദാനി ഗ്രൂപ്പ് ചെലവഴിക്കുന്നത് 2468 കോടി രൂപ മാത്രമാണെന്നും എപ്രില്‍ 2015 ലെ വിഴിഞ്ഞം പ്രൊജക്റ്റ് ഫീസിബിലിടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Read More >>