ഷെയര്‍ ചെയ്യുന്നു; സഖാവ് പ്രഭാകരന്റെ (93) ധീരകഥ!!

സഖാവ് പ്രഭാകരന്റെ ഇന്‍ക്വിലാബിന് വൈറല്‍സലാം!!- വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ജനയുഗം ഫോട്ടോഗ്രാഫര്‍ വി.എന്‍ കൃഷ്ണപ്രകാശ് പകര്‍ത്തിയ സഖാവ് ബി.വിപ്രഭാകരന്റെ (93) ഇന്‍ക്വിലാബ് മുഴക്കത്തെ വൈറലാക്കി സോഷ്യല്‍ മീഡിയയുടെ പ്രത്യഭിവാദ്യം!! വാരിക്കുന്തവുമേന്തി വയലാറില്‍ പട്ടാളത്തോട്‌പോരാടിയ പ്രഭാകരന്‍. സിപിഐഎമ്മിന്റെ വയലാര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന കഥകളേറെയുള്ള പ്രഭാകരന്‍. കൃഷ്ണപ്രകാശ് പകര്‍ത്തിയ കൂടുതല്‍ ചിത്രങ്ങളും കാണാം:

ഷെയര്‍ ചെയ്യുന്നു; സഖാവ് പ്രഭാകരന്റെ (93) ധീരകഥ!!

എട്ടുവര്‍ഷമായി വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ ഒക്ടോബര്‍ 27ന് വി.എന്‍ കൃഷ്ണപ്രകാശ് എത്തും. അപ്പോഴെല്ലാം കിട്ടണമെന്ന് മനസില്‍ കൊതിച്ചിരുന്ന ഒരു ചിത്രമുണ്ട്. രക്തസാക്ഷികള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നതിന്റെ വീറുള്ള ഒരു ചിത്രം. പക്ഷെ ആ ഓഫ്ബീറ്റ് ചിത്രം കൃഷ്ണപ്രകാശിന്റെ ക്യാമറയില്‍ പതിഞ്ഞില്ല. കൃഷ്ണപ്രകാശിന്റെ മാത്രമല്ല വയലാറില്‍ അന്നെത്തുന്ന ഓരോ ഫോട്ടോഗ്രാഫറുടേയും ആഗ്രഹമാണ് ആ ഫോട്ടോ - ഇത്തവണ ആ നിമിഷം കൃഷ്ണപ്രകാശിന്റെ ക്യാമറയില്‍ പതിഞ്ഞു. രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ മുറുക്കിപ്പിടിച്ച മുദ്രാവാക്യ മുഷ്ടി വാനിലേയ്ക്കുയര്‍ത്തി... കരച്ചില്‍ പോലൊരു ഇന്‍ക്വിലാബ്. അല്ല, അത് കരച്ചിലല്ല സഖാവ് എന്ന വാക്കിന്റെ അര്‍ത്ഥമായി ആ ചിത്രം!


03

ആ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. പ്രത്യഭിവാദ്യമായി ഓരോ ലൈക്കും ഷെയറും കൊണ്ടാ ചിത്രത്തെ വൈറലാക്കി. ആരാണ് ഈ പ്രഭാകരന്‍: വേലുവിന്റേയും ജാനകിയമ്മയുടേയും മകന്‍. 23 വയസില്‍ വയലാറിനടുത്തുള്ള കുണ്ടശ്ശേരി ക്യാമ്പില്‍ അംഗമായി. ചേര്‍ത്തലയിലെ താലൂക്ക് ആസ്ഥാനം പിടിച്ചടക്കുകയായിരുന്നു പോരാളികളുടെ ലക്ഷ്യം.

ചീകിമിനുക്കിയ വാരിക്കുന്തവും കൂര്‍പ്പിച്ച മനസുമായി വയലാറിലേയ്ക്ക് പോരാളികളുടെ മാര്‍ച്ച് നീങ്ങി. പട്ടാളമതാ മുന്നില്‍. മണ്ണിനോട് ചേര്‍ന്ന് കിടന്ന്... ഇഴഞ്ഞു ചെല്ലണം. തോക്കിനെക്കാള്‍ നീളമുള്ള വാരിക്കുന്തത്തിന് പട്ടാളക്കാരെ കുത്തി മലര്‍ത്തണം. വെടിവെയ്പ്പില്‍ പോരാളികള്‍ ചിതറി. സഹപ്രവര്‍ത്തകര്‍ വെടിയേറ്റു വീണു. പ്രഭാകരന്‍ പരിശീലനം കിട്ടിയ മുറ തെറ്റിക്കാതെ മണ്ണില്‍ അമര്‍ന്ന് കിടന്ന് ഇഴഞ്ഞു. തൊട്ടടുത്തുള്ള കായലായിരുന്നു ലക്ഷ്യം. ഇഴഞ്ഞു പോകുന്നതിനിടയില്‍ വെടിയേറ്റ് മുറിവു പറ്റിയ മറ്റൊരു സഖാവിനെ കണ്ടു. വേദനയിലും ചോരയിലും കുളിച്ചുകിടക്കുന്നയാള്‍. അപ്പോള്‍ അയാളെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ ജീവന്‍ പോകുമെന്നുറപ്പ്. അക്കരെ പള്ളിപ്പുറത്തു പോയി വള്ളവുമായി വരാമെന്ന് ഉറപ്പു കൊടുത്ത് പ്രഭാകരന്‍ കായലിലെത്തി.

അപ്പോഴേയ്ക്കും പട്ടാളം വയലാര്‍ കീഴടക്കി കഴിഞ്ഞിരുന്നു. മനുഷ്യനും മൃഗങ്ങളും വെടിയേറ്റ് വിറങ്ങലിച്ചു- തിരുവതാംകൂറിന്റെ മോചനത്തിനായുള്ള സ്വാതന്ത്ര്യ പോരാട്ടത്തെ ദിവാന്‍ സര്‍സിപി രക്തത്തില്‍ മുക്കി. പ്രഭാകരന്‍ വാക്ക് തെറ്റിച്ചില്ല. കളവങ്കോടത്ത് ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠനടത്താന്‍ വന്നടുത്ത കടവില്‍ നിന്ന് ഒരു വള്ളം അഴിച്ചെടുത്ത് പടിക്കേച്ചിറ കൃഷ്ണനെന്ന മറ്റൊരു സഖാവുമൊത്ത് സഖാക്കള്‍ വെടിയേറ്റ് ചിതറിയ വയലാറിലെത്തി. മുറിവേറ്റ് രക്തം വാര്‍ന്നു കിടക്കുന്ന സഖാവിനെ കണ്ടെത്തി. വേദനയില്‍ കരയുകയാണയാള്‍. എടുത്തപ്പോള്‍ അതുകൂടുതല്‍ ഉറക്കെയായി. പ്രഭാകരനും കൃഷ്ണനും അപകടത്തിലാകുന്ന അവസ്ഥ. പരുക്കേറ്റയാളുടെ വായ പൊത്തി വള്ളത്തില്‍ കയറ്റി. ഏതുനിമിഷവും പിന്നില്‍ നിന്നൊരു വെടിച്ചീള് തലച്ചോറ് തകര്‍ത്തേക്കാമെന്ന ഭയമില്ലാതെ...

[caption id="" align="alignright" width="373"] വി.എന്‍ കൃഷ്ണപ്രകാശ്[/caption]

കളവങ്കോടത്തു തന്നെയുള്ള കായിപ്പള്ളി വീടിന്റെ മച്ചില്‍ പരുക്കേറ്റ സഖാവുമായി ഒളിച്ചിരുന്നു. പറ്റാവുന്ന ശുശ്രൂഷകള്‍ ചെയ്തു. പിറ്റേന്ന് പുലര്‍ന്നപ്പോള്‍ പട്ടാളം ക്യാമ്പ് ലക്ഷ്യമാക്കി മാര്‍ച്ച് ചെയ്യുന്നത് ആ വീടിന്റെ മുന്നില്‍ കൂടി. കരച്ചിലോ അനക്കമോ കേട്ടാല്‍ വീട് ചാമ്പലാക്കും. പച്ചയ്ക്ക് ചുട്ടുകൊല്ലും. കരച്ചില്‍ പിടിച്ചമര്‍ത്തുമ്പോള്‍, വിറച്ചു പിടയുകയാണയാള്‍. പട്ടാളം ഭജനമഠമടക്കം ചാമ്പലാക്കി മുന്നേറി. അന്ന് രക്ഷപെട്ട പ്രഭാകരന്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ പട്ടാളത്തിന്റെ പിടിയിലായി. കളവങ്കോടം ക്ഷേത്രമുറ്റത്തു വെച്ചാണ് പിടിയിലായത്. യാതൊരു ദാക്ഷണ്യവുമില്ലാത്ത മര്‍ദ്ദനം. ശ്വാസം നിലച്ചുവെന്നു തോന്നിയപ്പോള്‍ ജീവനുണ്ടോ എന്നറിയാന്‍ കുളത്തില്‍ മുക്കി. മകനെ മര്‍ദ്ദിച്ചു കൊല്ലുന്നത് തടയാന്‍ ചെന്ന അച്ഛന്‍ വേലുവിനെ ലാത്തിക്ക് വയറ്റത്ത് കുത്തി. പരുക്കേറ്റ വേലുവിന് പിന്നീട് ശസ്ത്രക്രിയ വേണ്ടിവന്നു.

ചേര്‍ത്തല ജയിലിലായിരുന്നു ആദ്യം പാര്‍പ്പിച്ചിരുന്നത്. തടവില്‍ കിടക്കുമ്പോള്‍ കമ്യൂണിസ്റ്റ് വിരുദ്ധനായ പോലീസുകാരന്‍ കഞ്ഞിയില്‍ മണ്ണിട്ട് കൊടുക്കുമായിരുന്നു. വിശപ്പല്ലേ ആ മണ്ണും കഞ്ഞിയും കുടിക്കും. ഒന്നര വര്‍ഷം ജയില്‍ ശിക്ഷയേറ്റു വാങ്ങി, സഖാവ് പ്രഭാകരന്‍ വയലാറില്‍ മടങ്ങിയെത്തി. കറതീര്‍ന്ന കമ്യൂണിസ്റ്റായി. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഗൗരിയമ്മയ്ക്കും വി.എസ് അച്യുതാനന്ദനുമൊപ്പം സിപിഎമ്മിലായി പ്രഭാകരന്‍. പത്ത് സെന്റ് സമരം നടക്കുമ്പോള്‍ വയലാര്‍ എല്‍സി സെക്രട്ടറി പ്രഭാകരനാണ്. അപ്പോഴും പോലീസ് മര്‍ദ്ദനവും ജയില്‍വാസവും അനുഭവിച്ചു.

കയര്‍ഫാക്ടറി തൊഴിലാളിയായി ജീവിതമാര്‍ഗ്ഗം കണ്ടെത്തി. കയര്‍ഫാക്ടറി തൊഴിലാളി യൂണിയന്റെ താലൂക്ക് സെക്രട്ടറിയായി തൊഴിലാളികളെ സംഘടിപ്പിച്ചു.

പ്രഭാകരന് ഏഴുമക്കളാണ്. അതിലൊരാള്‍ എഴുത്തുകാരനായ വൈശാഖ് പട്ടണക്കാടാണ്. പ്രഭാകരനടക്കം കഥാപാത്രങ്ങളായി അദ്ദേഹം 'കഥയില്‍ ഉണ്ടായിരുന്നവര്‍' എന്ന നോവല്‍ രചിച്ചിട്ടുണ്ട്. പ്രഭാകരന്റെ തലമുറയുടെ ജീവിതവും പോരാട്ടവുമാണ് നോവലിന്റെ വിഷയം. അച്ഛന്‍ പറഞ്ഞും കേട്ടുമുള്ള കഥകള്‍.
'അച്ഛന്‍ എങ്ങനെയോ പാചകം പഠിച്ചിരുന്നു. നല്ല രുചികരമായ പാചകം. അന്നൊക്കെ പാര്‍ട്ടിപ്രവര്‍ത്തകരൊക്കെ പാവങ്ങളല്ലേ. ആ വീടുകളില്‍ പെണ്‍മക്കളുടെ കല്യാണം വരുമ്പോള്‍ അച്ഛന്‍ സൗജന്യമായി പാചകം ചെയ്തു കൊടുക്കുമായിരുന്നു'- വൈശാഖ് പറയുന്നു.

രക്തസാക്ഷി വാരാചരണത്തില്‍ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി അഭിവാദ്യം അര്‍പ്പിക്കുന്നത് ഇന്നേവരെ മുടക്കിയിട്ടില്ല. ആ രക്തസാക്ഷി മണ്ഡപത്തില്‍ ജ്വലിക്കുന്നവരെ പ്രഭാകരനറിയാം... പലരേയും പേരെടുത്തു തന്നെ.

01ഫോട്ടോഗ്രാഫര്‍ കൃഷ്ണപ്രകാശ് ദീപശിഖാ പ്രയാണം വരുന്നതിനായി കാത്തു നില്‍ക്കുകയായിരുന്നു. മന്ത്രി പി. തിലോത്തമനോട് വര്‍ത്തമാനം പറഞ്ഞ് നില്‍ക്കുമ്പോഴാണ് ഒരു കാറില്‍ പ്രഭാകരന്‍ വന്നിറങ്ങിയത്. ഒരു റെഡ് വാളന്റിയറുടേയും മകള്‍ സിനിയുടേയും കൈപിടിച്ച് ഏറെ നേരമെടുത്ത് കഷ്ടപ്പെട്ട് നടന്നടുക്കുന്ന പ്രഭാകരന്‍. ഒരു ഫോട്ടോയുടെ സാധ്യത പെട്ടെന്ന് മനസില്‍ മിന്നി. കൃഷ്ണപ്രകാശാണ് പൂക്കളെടുത്ത് കൊടുത്തത്... മണ്ഡപത്തില്‍ പുഷ്പമര്‍പ്പിച്ച് പ്രഭാകരന്‍ ഇന്‍ക്വിലാബ് മുഴക്കി.
'സഖാവ് കരയുകയായിരുന്നു... മണ്ഡപത്തില്‍ തന്നെ കുറേ നേരം നോക്കി നിന്ന ശേഷം വല്ലാത്തൊരു ഭാവത്തോടെ അദ്ദേഹം ഇന്‍ക്വിലാബ് മുഴക്കി. ക്യാമറയ്ക്കുള്ളിലൂടെയാണ് കാണുന്നതെങ്കിലും കോരിത്തരിച്ച നിമിഷം... ക്ലിക്ക് ചെയ്യാന്‍ കൈവിറച്ച നിമഷം'- കൃഷ്ണപ്രകാശ് പറയുന്നു.

ജനയുഗത്തിന്റെ കൊച്ചിയിലെ ഫോട്ടോഗ്രാഫറാണ് കൃഷ്ണപ്രകാശ്. പ്രഭാകരനും അദ്ദേഹത്തിന്റെ ഇന്‍ക്വിലാബ് മുഴക്കവും ഏറ്റെടുത്ത സോഷ്യല്‍ മീഡിയ ചങ്കില്‍ നിന്നാണ് ഓരോ ലൈക്കും കൊടുക്കുന്നത്. അതില്‍ പാര്‍ട്ടി വ്യത്യാസമില്ല... പ്രഭാകരന്‍ പങ്കുവച്ച വികാരം പോരാട്ടത്തിന്റേതാണ്.

(ജനയുഗത്തോട് പ്രത്യേക അനുവാദം വാങ്ങി സ്റ്റാഫ് ഫോട്ടാഗ്രാഫറായ വി.എന്‍ കൃഷ്ണപ്രകാശ് പകര്‍ത്തിയ ബി.വി പ്രഭാകരന്റെ ചിത്രങ്ങള്‍ ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു)

Read More >>