ബാബുവിനെ കാത്ത് വിജിലന്‍സിന്റെ 100 ചോദ്യങ്ങള്‍

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ ബാബുവിന് എതിരെ മതിയായ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

ബാബുവിനെ കാത്ത് വിജിലന്‍സിന്റെ 100 ചോദ്യങ്ങള്‍

കൊച്ചി: മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനെ കാത്ത്  വിജിലന്‍സിന്റെ 100 ചോദ്യങ്ങള്‍. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് ബാബുവിനെ ഇന്ന്  കൊച്ചി ഓഫീസില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്യും. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ ബാബുവിന് എതിരെ മതിയായ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

100 ചോദ്യങ്ങളാണ് ചോദ്യാവലിയില്‍ ഉള്ളത്. കെ ബാബുവിന്റെ മക്കളുടെ വിവാഹച്ചെലവ് സംബന്ധിച്ചും ചോദ്യം ചെയ്യും. ബാര്‍ കോഴക്കേസിലും വിജിലന്‍സ് കഴിഞ്ഞദിവസം ബാബുവിനെ ചോദ്യം ചെയ്തിരുന്നു. ബാബുറാം, മോഹന്‍ എന്നിവരുടെ പേരില്‍ ബാബു ബിനാമി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ ഏറ്റവും പുതിയ കണ്ടെത്തല്‍.

ബാബു, ബാബുറാം, മോഹന്‍ എന്നിവരുടെ ഫോണ്‍ വിശദാംശങ്ങള്‍ വിജിലന്‍സ് നേരത്തെ ശേഖരിച്ചിരുന്നു. ഇവയെല്ലാം വിശദമായി വിലയിരുത്തിയശേഷമാണ് അനധികൃത സ്വത്തുകേസില്‍ ബാബുവിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചിരിക്കുന്നത്.