അനധികൃത സ്വത്ത് സമ്പാദന കേസിൽ ടോം ജോസിനെതിരെ കേസെടുത്തു; ഫ്ലാറ്റുകളിൽ വിജിലൻസ് റെയ്ഡ്

തന്നെ മനപ്പൂർവം അപമാനിക്കാനാണ് റെയ്ഡ് നടത്തുന്നതെന്ന് ടോം ജോസ് പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തള്ളിയ കേസാണ്. റെയ്ഡിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും ടോം ജോസ് പറഞ്ഞു

അനധികൃത സ്വത്ത് സമ്പാദന കേസിൽ ടോം ജോസിനെതിരെ കേസെടുത്തു; ഫ്ലാറ്റുകളിൽ വിജിലൻസ് റെയ്ഡ്

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഐഎഎസ് ഒദ്യോഗസ്ഥന്‍ ടോം ജോസിന്റെ  വീടുകളിൽ റെയ്ഡ്. തിരുവന്തപുരത്തെ വെള്ളയമ്പലത്തുള്ള ഫ്‌ളാറ്റിലും കൊച്ചി കലൂരിലുമുള്ള ഫ്‌ളാറ്റിലുമാണ് പരിശോധന നടക്കുന്നത്. സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പരിശോധന. സ്വത്ത് സമ്പാദന വിഷയത്തിൽ ടോം ജോസിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. വിജിലൻസിന്റെ എറണാകുളം വിജിലന്‍സ് സെല്ലിനാണ് അന്വേഷണ ചുമതല.


അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് പ്രാഥമിക പരിശോധന നടത്തി   മുവാറ്റുപുഴ കോടതിയില്‍ വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു.

ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിൽ റെയ്ഡ് നടത്തുന്നതിനാൽ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഐഎഎസ് ഉദ്യോഗസ്ഥര്‍ പരാതിയുമായി സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിനിടെയാണ് ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ടോം ജോസിന്റെ വീട്ടില്‍ റെയ്ഡ് നടത്താന്‍ വിജിലന്‍സ് തീരുമാനമെടുത്തത്.

ചവറയിലെ കെഎംഎംഎല്‍ ഇടപാടുമായി ബന്ധപ്പെട്ട് ടോം ജോസിനെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മഗ്‌നീഷ്യം വാങ്ങിയ വകയില്‍ വന്‍തിരിമറി നടന്നതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ടണ്ണിന് 1,83,000 രൂപയ്ക്ക് വാങ്ങേണ്ടിടത്ത് 3,42,000 രൂപ നല്‍കിയാണ് മഗ്‌നീഷ്യം വാങ്ങിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അഞ്ചുലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് ഇ ടെന്‍ഡര്‍ വേണമെന്ന നിയമവും ടോം ജോസ് എം ഡിയായിരിക്കെ കെഎംഎംഎല്‍ ലംഘിച്ചുവെന്നും ആരോപണമുയര്‍ന്നിരുന്നു. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് വിവാദമായിരിക്കെയാണ് മറ്റൊരു അഡിഷണൽ ചീഫ് സെക്രട്ടറിയായ ടോം ജോസും റെയ്ഡ് നേരിടുന്നത്.

വിജിലന്‍സിന്റെ എഫ്‌ഐആര്‍ പ്രകാരം ടോമിന്റെ വരുമാനത്തില്‍ 65 ശതമാനവും അനധികൃത സ്വത്താണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചെന്ന് കാണിച്ച് ടോം ജോസിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി ലഭിച്ചിരുന്നു. രണ്ടുമാസത്തോളം അന്വേഷണം നടത്തിയതിനുശേഷമാണ് ടോമിനെതിരെ വിജിലന്‍സ് കേസെടുത്തത്. അന്വേഷണത്തില്‍ മഹാരാഷ്ട്രയില്‍ 1.6 കോടിയുടെ ഭൂസ്വത്ത് ഉണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ തന്നെ മനപ്പൂർവം അപമാനിക്കാനാണ് റെയ്ഡ് നടത്തുന്നതെന്ന് ടോം ജോസ് പറഞ്ഞു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തള്ളിയ കേസാണ്. റെയ്ഡിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും ടോം ജോസ് പറഞ്ഞു.

Story by
Read More >>