കെഎം എബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയത് താനറിയാതെയാണെന്ന് ജേക്കബ് തോമസ്

ഒരു കസേരയിലും താന്‍ അള്ളിപ്പിടിച്ചിരിക്കില്ല. അക്കാര്യമാണ് താന്‍ കത്തിലൂടെ വ്യക്തമാക്കിയത്. സര്‍ക്കാരിന് തന്റെ പേരില്‍ കുറച്ചെങ്കിലും സംശയം ഉണ്ടെങ്കില്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎം എബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയത് താനറിയാതെയാണെന്ന് ജേക്കബ് തോമസ്

സെര്‍ച്ച് വാറണ്ടില്ലാതെയും ചട്ടങ്ങള്‍ പാലിക്കാതെയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ വീട്ടില്‍ നടത്തിയ റെയ്ഡ് ഗൗരവമുളളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് രംഗത്ത്. കെഎം എബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയത് താനറിയാതെയാണെന്നും എബ്രഹാം തന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമാണെന്നും ജേക്കബ് തോമസ് പറഞ്ഞു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വെയിലാണ് നിലപാട് വ്യക്തമാക്കി ജേക്കബ് തോമസ് രംഗത്തെത്തിയത്.

ഈ വിഷയത്തില്‍ ഉണ്ടായ തെറ്റിദ്ധാരണ നീക്കുമെന്നും എന്നാല്‍ ടീം ലീഡര്‍ എന്ന നിലയില്‍ ഇതിന്റെ ഉത്തരവാദിത്വം ഏല്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെയുളള ആരോപണങ്ങളില്‍ ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും ജേക്കബ് തോമസ് പറഞ്ഞു. അന്വേഷണത്തെ സംബന്ധിച്ച് ഒരു ഭയവുമില്ലെന്നും മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു കസേരയിലും താന്‍ അള്ളിപ്പിടിച്ചിരിക്കില്ല. അക്കാര്യമാണ് താന്‍ കത്തിലൂടെ വ്യക്തമാക്കിയത്. സര്‍ക്കാരിന് തന്റെ പേരില്‍ കുറച്ചെങ്കിലും സംശയം ഉണ്ടെങ്കില്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎം എബ്രഹാമിന്റെ വീട്ടില്‍ നടന്ന റെയ്ഡിന് പിന്നാലെ വിജിലന്‍സ് എസ്പിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ സൂപ്രണ്ട് കെ. രാജേന്ദ്രനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. മുകളില്‍ നിന്നുളള ഉത്തരവ് പ്രകാരമാണ് റെയ്ഡ് നടത്തിയതെന്ന എസ്പിയുടെ അനാവശ്യ പരാമര്‍ശത്തിന് ഇടയാക്കിയ സാഹചര്യം വിശദീകരിക്കണമെന്നും ജേക്കബ് തോമസ് നോട്ടീസിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More >>