"ജേക്കബ് തോമസിന്റേത് സമചിത്തത നഷ്ടപ്പെട്ട പ്രവൃത്തി; വരാൻ പോകുന്നത് ഭരണസ്തംഭനം"

ഉദ്യോഗസ്ഥരുടെ ധാർമ്മിക വീര്യം ചോർത്തുന്ന നടപടിയാണിത്. ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറാക്കുക വഴി എൽഡിഎഫ് സർക്കാർ പുലിവാലു പിടിച്ചിരിക്കുകയാണെന്നും ഹരിയാന മുൻ ഡിജിപി ഡോ. ജോൺ വി ജോർജ്

"ജേക്കബ് തോമസിന്റേത് സമചിത്തത നഷ്ടപ്പെട്ട പ്രവൃത്തി; വരാൻ പോകുന്നത് ഭരണസ്തംഭനം"

അധികാരം ദുർവിനിയോഗം ചെയ്ത് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഐപിഎസ് നടത്തുന്ന പക വീട്ടലുകൾ സർക്കാർ വകവെച്ചു കൊടുക്കാൻ പാടില്ലെന്ന് ഹരിയാന മുൻ ഡിജിപി ഡോ. ജോൺ വി ജോർജ്. ധനസെക്രട്ടറി കെ എം എബ്രഹാമിന്റെ വീടു റെയിഡു ചെയ്തത് അസാധാരണ നടപടിയെന്നും അദ്ദേഹം നാരദാ ന്യൂസിനോടു പറഞ്ഞു. പോലീസ് ഏജൻസികളുടെ തലപ്പത്ത് സമചിത്തതയുളളവരെ നിയമിക്കേണ്ടതിന്റെ അനിവാര്യതയാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥരുടെ ധാർമ്മിക വീര്യം ചോർത്തുന്ന നടപടിയാണിത്. ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറാക്കുക വഴി എൽഡിഎഫ് സർക്കാർ പുലിവാലു പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


ഔദ്യോഗിക സ്ഥാനമുപയോഗിച്ച് വ്യക്തിവിരോധം തീർക്കുകയാണ് ജേക്കബ് തോമസ്. ഇതും അഴിമതിയുടെ മറ്റൊരു രൂപമാണ്. അധികാരദുരുപയോഗമാണിത്. ഇല്ലാത്ത അധികാരമാണ് ഉപയോഗിക്കുന്നതും.

ഇത്തരം അന്വേഷണങ്ങൾ സർക്കാർ അറിഞ്ഞു മാത്രമേ ചെയ്യാൻ പാടുളളൂ. ആർക്കും ആർക്കെതിരെ വേണമെങ്കിലും പരാതി കൊടുക്കാം. അതിന് പ്രൊഫഷണൽ പരാതിക്കാർ വരെ നമ്മുടെ നാട്ടിലുണ്ട്. അങ്ങനെ പരാതി കിട്ടിയെന്നു വെച്ച് വെറുതേ വീടു റെയിഡു നൽകാൻ അധികാരമില്ല.

പ്രാഥമിക അന്വേഷണമെന്ന പേരിൽ ആരുടെയെങ്കിലും വീടു റെയിഡു ചെയ്യുന്നത് നിയമപരമല്ല. മുതിർന്ന ഉദ്യോഗസ്ഥന്മാർക്കെതിരെ അന്വേഷണം നടത്തുന്നതും കേസ് രജിസ്റ്റർ ചെയ്യുന്നതും സർക്കാരിന്റെ അറിവോടു കൂടി മാത്രമേ ആകാവൂ. അല്ലെങ്കിൽ ഒരുദ്യോഗസ്ഥനും ഒന്നും ചെയ്യാതെയാവും - ജോൺ വി ജോർജ് പറഞ്ഞു.

1975 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഡോ. ജോൺ വി ജോർജ് 2007ലാണ് ഹരിയാന ഡിജിപിയായത്.

അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പരാതിയില്‍ ബുധനാഴ്ച വൈകിട്ടാണ് കെ എം ഏബ്രഹാമിന്റെ ജഗതിയിലെ ഫ്‌ളാറ്റിലും കൊല്ലത്തെ വസതിയിലും വിജിലന്‍സ് പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനയില്‍ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. വിജിലന്‍സ് സംഘം മടങ്ങിയതിന് പിന്നാലെ സംഭവം വിവാദമാകുകയായിരുന്നു. തുടര്‍ന്ന് നടന്നത് റെയ്ഡ് അല്ലെന്ന വിശദീകരണവുമായി വിജിലന്‍സ് രംഗത്തെത്തുകയും ചെയ്തു.

ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പരാതിയില്‍ ത്വരിത പരിശോധന നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഫ്‌ളാറ്റിന്റെ അളവ് എടുക്കുകയാണ് ചെയ്തതെന്നും ഇതിനായി പിഡബ്യൂഡി എഞ്ചിനീയറും ഒപ്പമുണ്ടായിരുന്നുവെന്നും വിജിലന്‍സ് വിശദീകരിച്ചു. റെയ്ഡ് നടത്തണമെങ്കില്‍ ഒപ്പം പോലീസും വാറന്റും ആവശ്യമാണെന്നും വിജിലന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Read More >>