എൻഡോയെയുടെ മാജിക്കിൽ പുനെയ്ക്ക് ജയം; രണ്ടാം പരാജയത്തോടെ ഗോവ അവസാന സ്ഥാനത്ത്

ആതിഥേയരായ പുനെയ്ക്ക് വേണ്ടി അരാറ്റ ഇസുമിയാണ് 25-ആം മിനുറ്റിൽ ആദ്യം ഗോൾ നേടിയത്.

എൻഡോയെയുടെ മാജിക്കിൽ പുനെയ്ക്ക് ജയം; രണ്ടാം പരാജയത്തോടെ ഗോവ അവസാന സ്ഥാനത്ത്

നിരഞ്ജൻ

പനാജി: ഫട്ടോർഡ സ്‌റ്റേഡിയത്തിലെ സ്വന്തം കാണികൾക്ക് മുൻപിൽ സീക്കോയുടെ ഗോവയ്ക്ക് അടിപതറി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പൂനെ സിറ്റിയോട് പരാജയപ്പെട്ട നിലവിലെ റണ്ണറപ്പുകൾക്ക് കളി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെയാണ് അടിതെറ്റിയത്.
ആതിഥേയരായ പുനെയ്ക്ക് വേണ്ടി അരാറ്റ ഇസുമിയാണ് 25-ആം മിനുറ്റിൽ ആദ്യം ഗോൾ നേടിയത്. 33-ആം മിനുറ്റിൽ റഫേൽ കൗയ്‌ലോയിലൂടെ ഗോവ തിരിച്ചടിച്ചെങ്കിലും പകരക്കാരനായി ഇറങ്ങിയ സെനഗലിന്റെ മൊമർ എൻഡോയെയുടെ 90-ആം മിനുറ്റിലെ മാജിക്കാണ് പുനെയ്ക്ക് വിജയം സമ്മാനിച്ചത്.

4-4-2 ഫോർമേഷനിലാണ് പൂനെയ്‌ക്കെതിരെ ഗോവയെ കോച്ച് സീക്കോ ഒരുക്കിയത്. എന്നാൽ അന്റോണിയോ ഹബാസ് 3-5-2 ശൈലിയിലാണ് പുനെയെ കളത്തിലിറക്കിയത്. ഗോവയ്ക്ക് ആറാം മിനുറ്റിൽ തന്നെ ഒരവസരം കിട്ടി. പെനാൽറ്റി ബോക്‌സിന്റെ എഡ്ജിന് സമീപം വച്ച് കിട്ടിയ ഫ്രീകിക്ക് റഫേൽ എടുത്തെങ്കിലും ഗൗർമാംഗി സിംഗ് ക്ലിയർ ചെയ്തു.
ഇതിനുശേഷം 25-ആം മിനുറ്റിലാണ് കളിയിലെ ആദ്യ ഗോൾ വീണത്. 30 വാര അകലെ നിന്നും ബ്രസീലുകാരനായ പുനെ മിഡ്ഫീൽഡർ ജൊനാഥൻ ലൂക്കയുടെ ഷോട്ട് ഗോളി ലക്ഷ്മികാന്ത് കട്ടിമണി തടയുന്നതിനിടെ കൈപ്പിടിയിലാക്കാനായില്ല. ഗോളിയുടെ കൈകളിൽ തട്ടി തിരികെ പോയ പന്ത് അരാറ്റ ഇസുമി വീണ്ടും വലയ്ക്കുള്ളിലാക്കിയതോടെ ആതിഥേയർ മുന്നിൽ.
പിന്നീട് 33-ആം മിനുറ്റിൽ ഗോവ തിരിച്ചടിച്ചു. റഫേൽ കൗയ്‌ലോയാണ് സമനില ഗോൾ കണ്ടെത്തിയത്. രണ്ടാം പകുതിയിൽ സീക്കോ കേളീശൈലിയിൽ മാറ്റം വരുത്തി. പിന്നീട് 3-5-2 എന്ന ശൈലിയിലായിരുന്നു ഗോവ കളിച്ചത്. 51-ആം മിനുറ്റിൽ കൗയ്‌ലോക്ക് ഒരു ചാൻസ് കിട്ടിയെങ്കിലും മുതലാക്കാനായില്ല. പിന്നീട് ഒട്ടേറെ ആക്രമണ പ്രത്യാക്രമണങ്ങൾ നടന്നെങ്കിലും ഗോൾവല മാത്രം കുലുങ്ങിയില്ല. 69-ആം മിനുറ്റിൽ റോമെറോയുടെ അത്യുഗ്രൻ ക്രോസ് ഉജ്വലമായ ഒരു സേവിലൂടെ പുനെ ഗോളി എഡൽ രക്ഷപ്പെടുത്തിയില്ലെങ്കിൽ കളിയുടെ ഗതി മറ്റൊന്നാകുമായിരുന്നു.
90-ആം മിനുറ്റിൽ മുൻ ബ്രസീൽ ക്യാപ്റ്റനും ഗോവയുടെ മാർക്വി താരവുമായ ലൂസിയോയെ വെട്ടിച്ച് സെനഗൽ യുവതാരം എൻഡോയെ ബോക്‌സ് ലൈനിന് സമീപം വച്ച് തൊടുത്ത പന്ത് ഗോളി കട്ടിമണിക്ക് മുകളിലൂടെ വലയ്ക്കുള്ളിലെത്തിയതോടെ 19003 ഓളം വരുന്ന ആരാധകർ എഴുന്നേറ്റു. വിശ്വസിക്കാനാകാതെ ഗോവൻ കാണികൾ നിരാശയോടെ സ്റ്റേഡിയത്തിൽ നിന്നും മടങ്ങി. റാങ്ക് പട്ടികയിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനും താഴെ എട്ടാമതാണ് ഇപ്പോൾ ഗോവ. കേരളം പട്ടികയിൽ ഏഴാം സ്ഥാനക്കാരാണ്.

Read More >>