തൃശൂരില്‍ ക്രിസ്ത്യന്‍ പ്രാർത്ഥനാലയത്തിന് എതിരെ 'വിഎച്ച്പി - സിപിഐ ഭായിഭായി'

ഹിന്ദുഭൂരിപക്ഷ പ്രദേശത്ത് പാസ്റ്ററും കുടുംബവും താമസിക്കുന്നതിനോടും പ്രാര്‍ത്ഥിക്കുന്നതിനോടും എതിര്‍പ്പ്. തങ്ങള്‍ക്കൊപ്പം സിപിഐയും ഉണ്ടെന്ന് വിഎച്ച്പി താലൂക്ക് സെക്രട്ടറി. സിപിഐ എതിര്‍പ്പ് മൂലം വീടിന് നമ്പരിടാനും കഴിയുന്നില്ല.

തൃശൂരില്‍ ക്രിസ്ത്യന്‍ പ്രാർത്ഥനാലയത്തിന് എതിരെ

കൊച്ചി: തൃശൂര്‍ ഇരിങ്ങാലക്കുട എട്ടുമുറിയില്‍ പെന്തക്കോസ്ത് പ്രാര്‍ത്ഥനാലയത്തിനെതിരെ വിഎച്ച്പി - സിപിഐ സഖ്യം ഒന്നിച്ചിറങ്ങി. ആറു വര്‍ഷമായി എട്ടുമുറിയില്‍ താമസിക്കുന്ന തന്നെയും കുടുംബത്തേയും കുടിയൊഴിപ്പിക്കാന്‍ റെസിഡന്‍സ് അസോസിയേഷനെ ഉപയോഗിച്ച് വിഎച്ച്പിയും സിപിഐയും ശ്രമിക്കുന്നുവെന്ന് പാസ്റ്റര്‍ എബ്രഹാം തോമസ് നാരദാ ന്യൂസിനോട് പറഞ്ഞു. പോസ്റ്ററുകളും ഫ്‌ളക്‌സുകളും സ്ഥാപിച്ച് നാട്ടുകാരെ തനിക്കെതിരെ തിരിക്കുകയും അപവാദ പ്രചരണങ്ങള്‍ അഴിച്ചുവിടുകയും തന്റെ വിശ്വാസ രീതിയെ 'കൈയ്യടിച്ചാന്‍ പാട്ടെന്ന്' പരിഹസിക്കുകയം ചെയ്തുവെന്നും എബ്രഹാം തോമസ് പറഞ്ഞു.


posterസംഭവത്തെക്കുറിച്ച് പാസ്റ്റര്‍ എബ്രഹാം തോമസ് പറയുന്നതിങ്ങനെ: '2010 ല്‍ ആണ് ആറന്മുള സ്വദേശിയായ ഞാന്‍ ഇവിടെ എട്ടുമുറിയില്‍ വന്നു താമസമാക്കിയത്. നാല് വര്‍ഷത്തോളം വാടകയ്ക്കാണ് താമസിച്ചത്. അവിടെ ഞായറാഴ്ചകളില്‍ പതിനഞ്ചോളം വരുന്ന വിശ്വസികള്‍ കൂട്ട പ്രാര്‍ത്ഥന നടത്തിയിരുന്നു. കുമ്പനാട് ആസ്ഥാനമാക്കിയ ഇന്ത്യന്‍ പെന്തക്കോസ്ത് ചര്‍ച്ച് ഓഫ് ഗോഡിന്റെ പ്രവര്‍ത്തകനായ ഞാന്‍ ഒരു സഭയുടെ അധ്യക്ഷനാണ്. 2014 ല്‍ 20 സെന്റ് സ്ഥലം വാങ്ങി വീട് പണിതു. വീടിന്റെ ഒരു ഭാഗം പ്രാര്‍ഥനയ്ക്കും മീറ്റിങ്ങുകള്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ ഹാള്‍ പോലെയാണ് നിര്‍മിച്ചത്. മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥരും എഞ്ചിനീയറും അനുമതി തന്നതിനെ തുടര്‍ന്നാണ് കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചത്. കെട്ടിടം പണി പൂര്‍ത്തിയായ ശേഷം മുന്‍സിപ്പാലിറ്റി അധികൃതര്‍ വീട് നമ്പര്‍ തന്നില്ല. സമീപപ്രദേശത്തുള്ളവര്‍ എതിര്‍പ്പ് പ്രകടപ്പിച്ചതിനാല്‍ കെട്ടിട നമ്പര്‍ അനുവദിക്കാനാവില്ലെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്.

ഈ സമയം റെസിഡന്‍സ് അസോസിയേഷന്‍ കേന്ദ്രീകരിച്ച് എനിക്കെതിരെ പ്രചരണം നടക്കുന്നുണ്ടായിരുന്നു. മതപരിവര്‍ത്തനം നടത്തുന്നുവെന്നായിരുന്നു ആരോപണം. ഈ ദിവസങ്ങളില്‍ അയല്‍വീടുകളിലൊന്നില്‍ ഒരു കുടുംബ വഴക്ക് നടന്നു. അവിടുത്തെ മൂത്തമകളേയും ഭര്‍ത്താവിനേയും കുഞ്ഞുങ്ങളെയും വീട്ടില്‍ നിന്നു ഇറക്കിവിട്ടു. പൊടിക്കുഞ്ഞുങ്ങളടക്കമുള്ള കുടുംബം ഒരു രാത്രി മുഴുവന്‍ തന്റെ വീടിന് മുമ്പിലുള്ള റോഡില്‍ കഴിച്ചു കൂട്ടാന്‍ തീരുമാനിച്ചു. എന്നാല്‍ താന്‍ ഇടപെട്ട് കുഞ്ഞുങ്ങളെ തന്റെ വീട്ടിനുള്ളില്‍ കിടത്തിക്കോളാന്‍ പറഞ്ഞു. അതനുസരിച്ചു അവര്‍ രണ്ടു കുഞ്ഞുങ്ങളെ തന്റെ വീട്ടില്‍ കിടത്തി. ഭാര്യയും ഭര്‍ത്താവും റോഡില്‍ തന്നെ രാത്രി കഴിച്ചുകൂട്ടി. രാവിലെ തന്നെ അവര്‍ കുഞ്ഞുങ്ങളെയും കൂട്ടി കണ്ണൂര്‍ക്ക് പോയി. ഇതോടെ പ്രചരണത്തിന് ശക്തി കൂടി. താന്‍ അവരെ മതം മാറ്റിയെന്നും ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് ഇങ്ങനെയൊരു കുടുംബത്തെ താമസിപ്പിക്കാന്‍ പറ്റില്ലെന്നുമായി. ഇവര്‍ പിന്നീട് തിരിച്ചുവന്നു എട്ടുമുറിയില്‍ തന്നെ താമസിക്കുന്നുണ്ട്. അവരിപ്പോഴും ഹിന്ദു മതത്തില്‍ തന്നെയാണ് വിശ്വസിക്കുന്നത്.

[caption id="attachment_51222" align="aligncenter" width="604"]പാസ്റ്ററുടെ വീട്ടിലേക്ക് നടത്തിയ മാർച്ച് പാസ്റ്ററുടെ വീട്ടിലേക്ക് നടത്തിയ മാർച്ച്[/caption]

വീട് ആരാധാനാലയമാക്കി ശബ്ദമലീനികരണമുണ്ടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് മുന്‍സിപ്പാലിറ്റി കെട്ടിട നമ്പര്‍ നിഷേധിച്ചത്. പ്രശ്‌ന പരിഹാരത്തിനായി വിഷയം കളക്ടറുടെ അടുത്തെത്തി. അദ്ദേഹം എഡിഎമ്മിനോട് സ്ഥലം സന്ദര്‍ശിച്ച് ചര്‍ച്ച നടത്താന്‍ നിര്‍ദേശിച്ചു. എഡിഎം വന്ന ദിവസമാണ് ഇവിടെ ഫ്ളക്സ് ബോര്‍ഡുകള്‍ തൂക്കിയത്. ഏഡിഎമ്മിന്റെ സന്ദര്‍ശന സമയത്ത് പ്രദേശവാസികളെന്ന പേരില്‍ റെസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറിയായ പിആര്‍ കണ്ണന്റെ ( ഇദ്ദേഹം സിപിഐ മണ്ഡലം സെക്രട്ടറിയാണ്) നേതൃത്വത്തില്‍ കുറച്ചാളുകള്‍ മാര്‍ച്ച് സംഘടിപ്പിച്ചു. വിശ്വഹിന്ദു പരിഷത്ത് താലൂക്ക് സെക്രട്ടറി വിആര്‍ മധു, സിപിഐ പാര്‍ട്ടി അംഗവും ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സില്‍ മെമ്പര്‍ രമണന്‍ എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. 'നിങ്ങളുടെ കൈയ്യടിച്ചാം പാട്ടും ഹല്ലേലൂയ വിളിയും മൂലം ഞങ്ങടെ കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുന്നില്ലെ'ന്ന് അഡ്വ. പി.ആര്‍ കണ്ണന്‍ ചര്‍ച്ചയില്‍ പറഞ്ഞു. എനിക്ക് മൂന്ന് മക്കളാണ് മൂത്തമകള്‍ ഡിഗ്രിക്കാണ് പഠിക്കുന്നത് ഇളയ രണ്ടുകുട്ടികള്‍ സ്‌കൂളിലും. 24 മണിക്കൂറും പ്രാര്‍ഥനയല്ല ഞങ്ങളുടെ വഴിയെന്നും ഞായറാഴ്ചകളില്‍ മൂന്ന് മണിക്കൂര്‍ പ്രാര്‍ഥന നടത്താന്‍ അനുവാദം തരണമെന്നും ഞാന്‍ ചര്‍ച്ചയില്‍ പറഞ്ഞു.

pastorഎട്ടുമുറിയില്‍ നിര്‍മിക്കുന്നത് പെന്തക്കോസ്ത് ചര്‍ച്ചാണെന്നും അവിടെ പുറത്തുനിന്നുള്ള ഒരുപാട് ആളുകള്‍ സന്ദര്‍ശനം നടത്തുന്നത് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടാവുമെന്നും ഭാവിയില്‍ ഈ സ്ഥലത്ത് ശവമടക്ക് നടത്തുമെന്നും അവര്‍ വാദിച്ചു. പെന്തക്കോസ്ത് പള്ളിയല്ല നിര്‍മിച്ചത്, ബിഷപ്പ് ഹൗസ് (സഭാ അധ്യക്ഷന്‍ താമസിക്കുന്ന ഭവനം) എന്ന നിലയിലാണ് അനുമതിക്ക് അപേക്ഷിച്ചതെന്നു പറഞ്ഞിട്ടും അനുമതി ലഭിച്ചില്ല. എഡിഎമ്മിന്റെ സന്ദര്‍ശനത്തിന് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ഞായറാഴ്ച പ്രാര്‍ത്ഥന നിര്‍ത്തിയിരുന്നു. പ്രാര്‍ത്ഥന നടക്കുന്ന ഹാള്‍ സൗണ്ട് പ്രൂഫ് ചെയ്ത് ഉപോഗിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ കൊടുത്തിരുന്നു. എന്നാല്‍ ഇതുവരെ തനിക്ക് കെട്ടിട നമ്പര്‍ ലഭിച്ചിട്ടില്ല.'

എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ അഡ്വ. പി. ആര്‍. കണ്ണന്‍ തയ്യാറായില്ല. റസിഡന്‍സ് അസോസിയേഷന്‍ സമീപിച്ചതുകൊണ്ടാണ് വിഷയത്തില്‍ ഇടപെട്ടതെന്ന് വിശ്വഹിന്ദു പരിഷത്ത് താലൂക്ക് സെക്രട്ടറി വി.ആര്‍. മധു പറഞ്ഞു. ഇപ്പോള്‍ റസിഡന്‍സ് അസോസിയേഷനാണ് വിഷയത്തില്‍ ഇടപെട്ടത്. പാസ്റ്ററും കുടുംബവും ശബ്ദമലീനകരണം ഉണ്ടാക്കുകയും മറ്റുള്ള വീടുകളില്‍ കയറി ഇറങ്ങി മതം പ്രചരിപ്പിക്കുകയും പരിവര്‍ത്തനത്തിന് ശ്രമിക്കുകയും ചെയ്തു. ഇതു അനുവദിക്കാനാവില്ല. റെസിഡന്‍സ് അസോസിയേഷന് പറ്റില്ലെങ്കില്‍ വിശ്വഹിന്ദു പരിഷത്ത് വിഷയം ഏറ്റെടുക്കും. ഞങ്ങള്‍ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്തുണ ഉണ്ട്. സിപിഐക്കാരുണ്ട്, സിപിഎമ്മുകാരുണ്ട്, കോണ്‍ഗ്രസുകാരും ഉണ്ട്. ഹിന്ദു വീടുകളില്‍ കയറി മതപരിവര്‍ത്തനത്തിന് ശ്രമിച്ചാല്‍ കൈയും കെട്ടി നോക്കിനില്‍ക്കില്ലെന്നും മധു പറഞ്ഞു.

[caption id="attachment_51225" align="aligncenter" width="640"]പാസ്റ്റർ എബ്രഹാം തോമസിന്‍റെ വീട് പാസ്റ്റർ എബ്രഹാം തോമസിന്‍റെ വീട്[/caption]

എഡിഎം വന്ന ദിവസം ഒരു സിപിഐ നേതാവ് വിളിച്ചതുകൊണ്ടാണ് റെസിഡന്‍സ് അസോസിയേഷന് വേണ്ടി മാര്‍ച്ചിന് പങ്കെടുത്തതെന്ന് സിപിഐ പ്രാദേശിക നേതാവും ചേലൂര്‍ക്കാവ് കൗണ്‍സില്‍ മെമ്പറുമായ എംസി രമണന്‍ നാരദാ ന്യൂസിനോട് പറഞ്ഞു. ജനങ്ങളെ വാഗ്ദാനങ്ങളും പ്രലോഭനങ്ങളും നല്‍കി ആ വിഭാഗം മതപരിവര്‍ത്തനം നടത്തുന്നൊരവസ്ഥയുണ്ട്. അത് കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ലാത്തതുകൊണ്ടാണ് റെസിഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച മാര്‍ച്ചിന് താന്‍ പോയത്. പെന്തക്കോസ്ത് വിഭാഗവുമായി ബന്ധപ്പെട്ട ആളുകള്‍ ഇല്ലാത്ത ഒരു പ്രദേശത്ത് ഐപിസി പെനിയല്‍ ചര്‍ച്ച് വരുന്നതിനോട് യോജിക്കാനാവില്ല. മതസ്വാതന്ത്ര്യങ്ങളൊക്കെ നിലനില്‍ക്കുമ്പോള്‍ തന്നെ വളഞ്ഞ മാര്‍ഗങ്ങളിലൂടെ മതംമാറ്റുന്നതിനെ അനുവദിക്കാനാവില്ലെന്നും എംസി രമണന്‍ പറഞ്ഞു.

Read More >>