സ്വാശ്രയ പ്രശ്‌നത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം

പ്രതിപക്ഷ ബഹളത്തെ തുടർന്ന് നടപടികൾ വെട്ടിച്ചുരുക്കി നിയമസഭ പിരിഞ്ഞു. പൂജാ അവധിക്കു ശേഷം നിയമസഭ ഈ മാസം 17ന് സമ്മേളിക്കും.

സ്വാശ്രയ പ്രശ്‌നത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: സ്വാശ്രയ ഫീസ് വര്‍ധനയ്ക്ക് എതിരെ നടത്തുന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. സഭാ നടപടികള്‍ ആരംഭിച്ച ഉടന്‍ തന്നെ പ്രതിപക്ഷം പ്ലക്കാര്‍ഡുകളും ബാനറുകളുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു. സ്പീക്കറുടെ ഡയസിനു ചുറ്റം അണിനിരന്ന പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. തുടര്‍ന്ന് ചോദ്യോത്തരവേള നിര്‍ത്തിവച്ചു.

ഒരേ വിഷയത്തില്‍ സഭ തുടര്‍ച്ചയായി തടസപ്പെടുത്തുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു. അടിയന്തര പ്രാധാന്യമുള്ള പല വിഷയങ്ങളും ചര്‍ച്ച ചെയ്യാനുണ്ടെന്നും ലോകം മുഴവന്‍ തത്സമയം കണ്ടു കൊണ്ടിരിക്കുകയാണെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്ന സാഹചര്യത്തില്‍ ചോദ്യോത്തരവേള നിര്‍ത്തിവച്ചതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.


മുഖ്യമന്ത്രിയുടെ കടുപിടുത്തമാണ് പ്രശ്‌നഹരിഹാരത്തിന് തടസമായി നില്‍ക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഷയത്തില്‍ തീരുമാനമാകും വരെ സര്‍ക്കാരുമായി സഹകരിക്കേണ്ടെന്ന് യുഡിഎഫ് യോഗം തീരുമാനിച്ചിരുന്നു. സഭയ്ക്കകത്തും പുറത്തും സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാളെ യുഡിഎഫ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും.

പ്രതിപക്ഷ ബഹളത്തെ തുടർന്ന് നടപടികൾ വെട്ടിച്ചുരുക്കി നിയമസഭ പിരിഞ്ഞു. പൂജ അവധിക്കു ശേഷം നിയമസഭ ഈ മാസം 17ന് സമ്മേളിക്കും.

Read More >>