ഭയങ്കര കാമുകനായി ദുല്‍ക്കര്‍: ലാല്‍ ജോസിനൊപ്പം ഉണ്ണി.ആര്‍ ആദ്യമായി

ദുല്‍ഖര്‍- ഉണ്ണി ആര്‍- ലാല്‍ ജോസ് ആദ്യമായി ഒന്നിക്കുന്നു; ഒരു ഭയങ്കര കാമുകന്‍- ടോട്ടല്‍ എന്റര്‍ടൈനര്‍ പ്രതീക്ഷിക്കാമെന്ന് ഉണ്ണി. ആര്‍ നാരദയോട്. എന്നാല്‍ അതേപേരിലുള്ള തന്റെ കഥയുമായി യാതൊരു ബന്ധവുമില്ലെന്നും ഉണ്ണി.

ഭയങ്കര കാമുകനായി ദുല്‍ക്കര്‍: ലാല്‍ ജോസിനൊപ്പം ഉണ്ണി.ആര്‍ ആദ്യമായി

കൊച്ചി: ഉണ്ണി ആറും ലാല്‍ ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നു. ഒരു ഭയങ്കര കാമുകന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ഉണ്ണി ആറാണ്. ലാല്‍ ജോസ് ഫേസ്ബുക്കിലൂടെയാണ് സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്. അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്ന് ഉണ്ണി ആര്‍ നാരദ ന്യൂസിനോട് പറഞ്ഞു. ഒരു ടോട്ടല്‍ എന്റര്‍ടൈനര്‍ രീതിയിലാണ് ചിത്രം ട്രീറ്റ് ചെയ്യുന്നത്. കോമഡിയും പ്രണയവും എല്ലാമുണ്ടാകും. പേരില്‍ തന്നെ പറയേണ്ട കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്ന് ഉണ്ണി ആര്‍ പറഞ്ഞു.


ദുല്‍ഖറുമൊത്ത് മൂന്നാമത്തെ ചിത്രമാണ്. 'കുള്ളന്റെ ഭാര്യ', രണ്ടാമത് 'ചാര്‍ളി'. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുന്നത് സന്തോഷകരമായ കാര്യമാണ്. ലാലുവിന്റെ ഒപ്പം ആദ്യത്തെ വര്‍ക്കാണിത്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഇഷ്ടമാണെങ്കിലും കൂടുതല്‍ ഇഷ്ടം മീശമാധവനാണ്. സമകാലിക പശ്ചാത്തലത്തിലുള്ള ചിത്രം കേരളത്തിന്റെ മൂന്ന് നഗരങ്ങളിലും വടക്കേ ഇന്ത്യയിലും വിദേശത്തുമായാണ് ഷൂട്ട് ചെയ്യുന്നത്. തിരക്കഥ രചന നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ വഴിയെ അറിയിക്കാമെന്നും ഉണ്ണി ആര്‍ കൂട്ടിച്ചേര്‍ത്തു.

14681844_1250720508312078_4715486044739819088_nമുല്ല,പുളളിപ്പുലികളും ആട്ടിന്‍കുട്ടിയും, ചാര്‍ലി എന്നീ സിനിമകളുടെ നിര്‍മ്മാതാവായ ഷെബിന്‍ ബക്കര്‍ ,ഷെബിന്‍ ബക്കര്‍ ഫിലിംസിന്റെ ബാനറില്‍ ഈ സിനിമ നിര്‍മ്മിക്കുന്നു. ഉണ്ണി ആറിന്റെ രചനയില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ളി വന്‍വിജയം നേടിയിരുന്നു. സത്യന്‍ അന്തിക്കാട് ചിത്രം 'ജോമോന്റെ സുവിശേഷ'മാണ് ദുല്‍ഖര്‍ സല്‍മാന്റേതായി ഇറങ്ങാനിരിക്കുന്ന ചിത്രം. 'ഒരു ഭയങ്കര കാമുകന്‍' എന്ന പേരില്‍ ഉണ്ണി ആറിന്റെ ഒമ്പത് കഥകള്‍ സമാഹാരമായി ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഭയങ്കര കാമുകന്‍ എന്ന കഥയുമായി ചിത്രത്തിന് നേരിട്ട് ബന്ധമൊന്നുമില്ലെന്ന് ഉണ്ണി നാരദയോട് പറഞ്ഞു.