ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ മുസ്ലിംസംഘടനകള്‍ പലതട്ടില്‍ ; ലീഗിനോട് അയിത്തം കല്‍പ്പിച്ച് സംഘടനകള്‍

ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ ഒറ്റയ്ക്ക് നീങ്ങാനാണ് കഴിഞ്ഞദിവസം കോഴിക്കോട് നടന്ന മുസ്ലിംലീഗ് സെക്രട്ടറിയേറ്റിലുണ്ടായ തീരുമാനം

ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ മുസ്ലിംസംഘടനകള്‍ പലതട്ടില്‍ ; ലീഗിനോട് അയിത്തം കല്‍പ്പിച്ച് സംഘടനകള്‍

കോഴിക്കോട്: ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ കൂട്ടായ തീരുമാനമെടുക്കാനാവാതെ മുസ്ലിം സംഘടനകള്‍ പലതട്ടില്‍. ഇതോടെ വെട്ടിലായിരിക്കുന്നത് മുസ്ലിംലീഗാണ്. ഇ കെ സമസ്ത ഉള്‍പ്പെടെ മുസ്ലിംലീഗിനോട് അയിത്തം കല്‍പ്പിച്ച് മാറി നില്‍ക്കുകയാണ്. മുജാഹിദ് വിഭാഗങ്ങളോടുള്ള ലീഗിന്റെ അടുപ്പമാണ് സമസ്തയെ ചൊടിപ്പിച്ചത്. ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ ഒറ്റയ്ക്ക് നീങ്ങാനാണ് കഴിഞ്ഞദിവസം കോഴിക്കോട് നടന്ന മുസ്ലിംലീഗ് സെക്രട്ടറിയേറ്റിലുണ്ടായ തീരുമാനം.


ജമാഅത്തെ ഇസ്ലാമി ഒഴികെ മറ്റെല്ലാ മുസ്ലിം സംഘടനകളും ഏകീകൃത സിവില്‍ കോഡിനെ ശക്തമായി എതിര്‍ക്കുന്നവരാണ്. ഏകീകൃത സിവില്‍കോഡിനെ പൂര്‍ണ്ണമായും തള്ളേണ്ടതില്ലെന്ന് ജമാഅത്തെ ഇസ്ലാമി നേതാവും മാധ്യമം എഡിറ്ററുമായ ഒ അബ്ദുറഹ്മാന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഏകീകൃത സിവില്‍കോഡിനെ ശക്തമായ പിന്തുണയ്‌ക്കേണ്ടതില്ലെന്നുമാണ് ജമാഅത്തിന്റെ നിലപാട്.

മുത്തലാഖിനെതിരെ മുജാഹിദ് മടവൂര്‍ വിഭാഗവും രംഗത്ത് വന്നതും ചര്‍ച്ചയായിരിക്കുകയാണ്. സ്ത്രീകളുടെ ജീവിതം മുത്തലാഖില്‍ അവസാനിപ്പിക്കേണ്ടതല്ലെന്ന് മുജാഹിദ് മടവൂര്‍ വിഭാഗം നേതാവ് ഹുസൈന്‍ മടവൂര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുത്തലാഖ്, ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന മുജാഹിദിന്റെ നിലപാട് മാറ്റവും ആശങ്കയിലാക്കിയിരിക്കുന്നത് ലീഗിനെയാണ്.

ഏകീകൃത സിവില്‍ കോഡ് വേണ്ടെന്ന് പറയുമ്പോഴും മുത്തലാഖ് വിഷയത്തില്‍ കൃത്യമായ നിലപാട് എടുക്കാനാവാതെ മിക്ക സംഘടനകളിലും ആശയക്കുഴപ്പത്തിലാണ്. മുസ്ലിം ജമാഅത്തെ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കേരളഘടകം ഈ വിഷയത്തില്‍ യഥാസമയം ചേരാത്തതിന് പിന്നിലും ഈ സ്വരച്ചേര്‍ച്ചയില്ലായ്മയാണ്. എന്നാല്‍, ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ ഏറെക്കുറെ മുസ്ലിം സംഘടനകളെല്ലാം ഒരേ നിലപാടിലാണെങ്കിലും പലതട്ടില്‍ നിന്നുകൊണ്ടാണ് അഭിപ്രായം രേഖപ്പെടുത്തുന്നത്. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിയും.

ഏകീകൃത സിവില്‍കോഡിനെതിരെ മുസ്ലിം ജമാഅത്തെ കോര്‍ഡിനേഷന്‍ കേന്ദ്രകമ്മിറ്റി കഴിഞ്ഞദിവസം ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് നിലപാട് വ്യക്തമാക്കിയെങ്കിലും കേരളഘടകത്തിലാണ് ഇപ്പോഴും ആശയക്കുഴപ്പം. സംഘടനകളുടെ കൂട്ടായ്മ രൂപപ്പെടുത്താനാവുന്നില്ലെങ്കില്‍ ഒറ്റക്ക് മുന്നോട്ടുപോകാനാണ് മുസ്ലിം ലീഗ് തീരുമാനം.

സംഘടനകള്‍ യോജിച്ച് മുഖ്യമന്ത്രിയെ കണ്ട് ആശങ്ക അറിയിക്കാന്‍ മുസ്ലിംലീഗ് തീരുമാനിച്ചിരുന്നു. എന്നാല്‍, ഒരുമിച്ച് മുഖ്യമന്ത്രിയെ കാണേണ്ട സാഹചര്യമില്ലെന്ന് ഇകെ സമസ്ത നേതൃത്വം ലീഗിനെ അറിയിച്ചു. ലീഗിനൊപ്പം നീങ്ങാന്‍ കാന്തപുരവും ഈ സാഹചര്യത്തില്‍ തയ്യാറാകില്ല. ജമാഅത്തെ ഇസ്ലാമിയുടെ നിലപാടും ആടിക്കളിക്കുന്ന സാഹചര്യത്തില്‍ മുസ്ലിംലീഗ് മുന്നോട്ടുവെയ്ക്കുന്ന കൂട്ടായ്മ എത്രത്തോളം ഫലപ്രദമാകുമെന്നതാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

Read More >>