ഒന്നാംക്ലാസിലെ ആൺകുട്ടിയെ പത്താംക്ലാസിലെ പെൺകുട്ടിയുടെ യൂണിഫോം ധരിപ്പിക്കാനൊക്കുമോ?

മതങ്ങളെ പരിഗണിക്കാതെ രൂപീകരിച്ചുവെന്ന് നാം വിശ്വസിക്കുന്ന നിയമങ്ങള്‍ എല്ലാം ഏതെങ്കിലും മതസമൂഹത്തിന്റേതില്‍ നിന്ന് കടം കൊണ്ടതാണ്. ഇനി പുതിയ ഒരു സിവില്‍ നിയമം ഉണ്ടാക്കാന്‍ ശ്രമിച്ചാലും ഏതെങ്കിലും ഒരു വിഭാഗത്തിന്റെ നിയമങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്ന ശൈലി മാത്രമായിരിക്കും.

ഒന്നാംക്ലാസിലെ ആൺകുട്ടിയെ പത്താംക്ലാസിലെ പെൺകുട്ടിയുടെ യൂണിഫോം ധരിപ്പിക്കാനൊക്കുമോ?

സി.പി ജമാലുദ്ദീന്‍

ഒന്നു മുതല്‍ പത്ത് വരെയുള്ള, ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്ന ഒരു സ്‌കൂളില്‍ എല്ലാവരും ഒരേ രൂപത്തിലുള്ള, ഒരേ അളവിലുള്ള ഡ്രസ്സ് കോഡ് ധരിക്കണം എന്ന വാദം പ്രായോഗികമാണോ? ആ സ്‌കൂളിലെ ഒന്നാം ക്ലാസിലെ കുട്ടികളെയും പത്താം ക്ലാസിലെ കുട്ടികളെയും ഒരേ അളവിലുള്ള ഡ്രസ്സ് ധരിപ്പിക്കാന്‍ സാധ്യമാണോ? ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലുള്ള ഡ്രസ്സ് ധരിക്കണം എന്ന് നിര്‍ബന്ധം പറഞ്ഞാല്‍ ചുരിദാര്‍ ധരിക്കാന്‍ തയ്യാറുള്ള ആണ്‍കുട്ടികളും, ആണ്‍കുട്ടികളെ പോലെ പാന്റ്‌സും ഷര്‍ട്ടും ധരിക്കാന്‍ തയ്യാറുള്ള പെണ്‍കുട്ടികളും ഉണ്ടോ? ചുരുക്കത്തില്‍ യൂണിഫോം എന്നാല്‍ എല്ലാവര്‍ക്കും ഒന്ന് എന്നല്ല. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സാധ്യമായ ഏകീകൃത രൂപം എന്നാണ്.


ബിജെപി സര്‍ക്കാര്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന ഏകീകൃത സിവില്‍ കോഡ് എല്ലാവര്‍ക്കും ഒന്ന് എന്നാണ്. അത് ഒരിക്കലും സാധ്യമല്ല. രാജ്യത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് സാധ്യമായ ഏകീകൃത സിവില്‍ കോഡ് നിലവില്‍ വന്നുകഴിഞ്ഞിട്ടുണ്ട്. സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് 1956 വന്നതോടുകൂടി ഇന്ത്യന്‍ സിവില്‍ നിയമങ്ങള്‍ക്ക് ഏകീകൃത രൂപം വന്നുകഴിഞ്ഞു. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന സമയത്ത് (1950) ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വെവ്വേറെ വ്യക്തിനിയമങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ, ഹിന്ദുക്കള്‍ക്കും മതമില്ലാത്തവര്‍ക്കും വ്യക്തിനിയമം ഇല്ലായിരുന്നു. ആ അടിസ്ഥാനത്തില്‍ അന്ന് ഭരണഘടന ആര്‍ട്ടിക്കിള്‍ 44 ല്‍ രാജ്യത്താകമാനം ബാധകമായ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരണം എന്ന് ചേര്‍ത്തതില്‍ ഭരണഘടനാ ശില്‍പികള്‍ അങ്ങേയറ്റത്തെ അഭിനന്ദനം അര്‍ഹിക്കുന്നു.

സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റും ഹിന്ദു കോഡ് ബില്ലും പാസ്സായതോടെ ഏകീകൃത സിവില്‍ കോഡ് ഇന്ത്യയില്‍ നടപ്പായിക്കഴിഞ്ഞു. അതായത് മതമുള്ളവര്‍ക്കും മതമില്ലാത്തവര്‍ക്കും സിവില്‍ നിയമം ഇന്ന് ഇന്ത്യയില്‍ ഉണ്ട് എന്നര്‍ഥം. വ്യത്യസ്ത മതത്തിലുള്ളവര്‍ക്ക് സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് വഴി വിവാഹം കഴിക്കാമല്ലോ. നിലവിലുള്ള നിയമങ്ങള്‍ മെച്ചപ്പെടുത്താന്‍ നോക്കുക എന്നല്ലാതെ, ഒന്നാം ക്ലാസിലെ ആണ്‍കുട്ടിയെ പത്താം ക്ലാസിലെ പെണ്‍കുട്ടിയുടെ യൂണിഫോം ധരിപ്പിക്കാനുള്ള ബുദ്ധിശൂന്യമായ ശ്രമം ഒഴിവാക്കുന്നതാണ് ഇന്ത്യയുടെ ഭാവിക്ക് അഭികാമ്യം.

വരാനിരിക്കുന്ന ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് വലിയ പ്രതീക്ഷകളൊന്നും വയ്ക്കുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല. അത് ടാഗോര്‍ പറഞ്ഞുവെച്ച നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ ആദര്‍ശത്തിന് യോജിക്കാത്തതാണ്. കാരണം ഇതുവരെ ഇന്ത്യയില്‍ രൂപപ്പെട്ട നിയമങ്ങള്‍ പോലെ തന്നെയായിരിക്കും ഇനിയും ഉണ്ടാകാന്‍ പോകുന്നവയും. ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന, മതങ്ങള്‍ക്ക് പരിഗണനയില്ലാത്ത, ബ്രിട്ടീഷ് നിര്‍മ്മിത നിയമങ്ങള്‍, സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയാല്‍ വ്യക്തമാകുന്ന വസ്തുത, അന്ന് ഇന്ത്യയില്‍ ക്രോഡീകരിക്കപ്പെട്ട നിയമ സംഹിതകള്‍ അപ്പാടെ എടുത്ത്, അല്‍പം പാശ്ചാത്യ ആശയങ്ങള്‍ കൂടി ചേര്‍ത്ത്, നിര്‍മ്മിക്കപ്പെട്ടവയാണ് എന്നാണ്.

ഇന്ത്യയില്‍ എഴുതപ്പെട്ട വ്യക്തമായ നിയമസംഹിതകള്‍ ഉണ്ടായിരിക്കെ വെറും നാട്ടുനടപ്പുകളില്‍ (custom) അധിഷ്ഠിതമായ ഇംഗ്ലീഷ് സാമാന്യ നിയമം (English common law) ഇന്ത്യയില്‍ നടപ്പാക്കുക ഒരിക്കലും പ്രായോഗികമായിരുന്നില്ല. 1828 വരെയും ഇംഗ്ലണ്ടില്‍ ഒരു പോലീസ് സംവിധാനം പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ആ നിയമ ചരിത്രത്തോട്, ഇന്ത്യയില്‍ 1200 കള്‍ മുതല്‍ മുസ്ലിം ഭരണത്തിന്‍ കീഴില്‍ സുശക്തമായ പോലീസ് സംവിധാനവും ക്രിമിനല്‍ കോടതികളും നിലവിലുണ്ടായിരുന്നു എന്ന ചരിത്രം കൂട്ടി വായിക്കേണ്ടതാണ്. മുസ്ലിംകള്‍ക്കിടയില്‍ അവരുടെ നിയമപ്രകാരം തീര്‍പ്പു കല്‍പിക്കുന്നതിന് മുസ്ലിം നിയമങ്ങള്‍ പഠിക്കുകയല്ലാതെ ബ്രിട്ടീഷുകാര്‍ക്ക് മറ്റ് നിവൃത്തിയുണ്ടായിരുന്നില്ല. ഇസ്ലാമിക നിയമ ഗ്രന്ഥങ്ങള്‍ എല്ലാം അറബി ഭാഷയിലായിരുന്നതിനാല്‍ അവ പഠിക്കാന്‍ നിര്‍വാഹമില്ലാതെ വന്നതാണ് ബ്രിട്ടീഷ് നിയമജ്ഞര്‍ ആദ്യകാലത്ത് നേരിട്ട പ്രധാന പ്രതിസന്ധി.

മുസ്ലിംകള്‍ക്കിടയില്‍ ഹനഫി സബ് സ്‌കൂള്‍ ഏറ്റവും ആധികാരികമായി അംഗീകരിച്ച് പോരുന്ന നിയമ ഗ്രന്ഥമായ 'അല്‍ഹിദായ' ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നതിനായി 1774 ല്‍ ഗവര്‍ണര്‍ ജനറല്‍ വാറന്‍ ഹേസ്റ്റിംഗ് പ്രഭു പ്രത്യേക താല്‍പര്യമെടുത്ത് ചാള്‍സ് ഹാമില്‍ട്ടണ്‍ എന്ന ഒരു പ്രശസ്ത നിയമജ്ഞനുകീഴില്‍ ഒരു കാര്യാലയം തന്നെ രൂപീകരിക്കുകയുണ്ടായി. ഹാമില്‍ട്ടന്റെയും സഹപ്രര്‍ത്തകരുടെയും നാലു വര്‍ഷക്കാലത്തെ ശ്രമഫലമായാണ് 'അല്‍ഹിദായ' ആദ്യം അറബിയില്‍നിന്ന് പേര്‍ഷ്യന്‍ ഭാഷയിലേക്കും തുടര്‍ന്ന് പേര്‍ഷ്യന്‍ ഭാഷയില്‍നിന്ന് ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്ത് നാല് ബൃഹത് വാള്യങ്ങളിലായി പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷ് നിയമജ്ഞര്‍ 'അല്‍ ഹിദായ' എന്ന ഗ്രന്ഥത്തെ നിയമ ഗ്രന്ഥങ്ങളിലെ അത്ഭുതം (miracle) എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

1858 ലെ വിളംബരത്തോടെ ഇന്ത്യയുടെ ഭരണം പൂര്‍ണമായും ബ്രിട്ടന്‍ ഏറ്റെടുത്ത ശേഷം മുഴുവന്‍ ജനങ്ങള്‍ക്കും ബാധകമാകുന്ന പൊതുവായ നിയമസംഹിതകള്‍ ക്രോഡീകരിച്ച് ഘട്ടംഘട്ടമായി നടപ്പാക്കി എന്നതാണ് പത്തൊൻപതാം  നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബ്രിട്ടീഷ് നിയമജ്ഞര്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്ക് നല്‍കിയ പ്രധാന സംഭാവന. 1860ലെ ഇന്ത്യന്‍ ശിക്ഷാ നിയമം (IPC), 1872 ലെ ഇന്ത്യന്‍ തെളിവ് നിയമം (Evidence Act), 1872 ലെ ഇന്ത്യന്‍ കരാര്‍ നിയമം (Contract Act), 1882ലെ വസ്തു കൈമാറ്റ നിയമം (Transfer of property Act) എന്നിവ ഉദാഹരണങ്ങളാണ്.

നിയമങ്ങള്‍ ക്രോഡീകരിച്ചപ്പോള്‍ അവ മുസ്ലിം നിയമങ്ങള്‍ അടിസ്ഥാനമാക്കിയോ അല്ലെങ്കില്‍ മുസ്ലിം നിയമങ്ങള്‍ക്ക് വിരുദ്ധമാകാത്ത വിധത്തിലോ ആണ് ക്രോഡീകരിച്ചത് എന്നതിനാല്‍ ഇക്കാര്യത്തില്‍ മുസ്ലിംകള്‍ക്കിടയില്‍നിന്നും എതിര്‍പ്പുകള്‍ ഉണ്ടായില്ല. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ശിക്ഷയുടെ കാര്യത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ കൂടിയും ഇസ്ലാമില്‍ കുറ്റകരമായ ഏതാണ്ട് എല്ലാ കുറ്റങ്ങളും ഉള്‍പ്പെടുത്തി എന്നതും കുറ്റം സംബന്ധിച്ച മുസ്ലിം നിയമത്തിലെ അടിസ്ഥാന തത്വങ്ങള്‍ അതേപടി ക്രോഡീകരിച്ച് നിയമമാക്കി എന്നതും ഉദാഹരണമാണ്.

ഇന്ത്യന്‍ തെളിവ് നിയമം മുസ്ലീം തെളിവ് നിയമങ്ങളുടെ പരിഷ്‌കരിച്ച ക്രോഡീകൃത രൂപം മാത്രമാണ്. ഇന്ത്യന്‍ കരാര്‍ നിയമം, മുസ്ലിം കരാര്‍ നിയമത്തിലെ അടിസ്ഥാന തത്വമായ 'ഇജാബ്', 'ഖബൂല്‍' എന്നിവയുടെ ഇംഗ്ലീഷ് രൂപമായ offer, acceptance എന്നിവ തന്നെ അടിസ്ഥാനമാക്കിയുള്ളതും മുസ്ലിം കരാര്‍ നിയമത്തോട് പൂര്‍ണമായും നീതി പുലര്‍ത്തുന്നതുമാണ്. വസ്തു കൈമാറ്റ നിയമത്തിലെ (Transfer of property Act) മുസ്ലിം നിയമത്തിന് വിരുദ്ധമായ ഇഷ്ടദാനം സംബന്ധിച്ച അധ്യായത്തിലെ വ്യവസ്ഥകളാകട്ടെ മുസ്ലിംകള്‍ക്ക് ബാധകമായിരിക്കില്ലെന്ന് ആ നിയമത്തിലെ 129ാം വകുപ്പില്‍ പ്രത്യേകം വ്യവസ്ഥ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ചുരുക്കത്തില്‍ മതങ്ങളെ പരിഗണിക്കാതെ രൂപീകരിച്ചുവെന്ന് നാം വിശ്വസിക്കുന്ന നിയമങ്ങള്‍ എല്ലാം ഏതെങ്കിലും മതസമൂഹത്തിന്റേതില്‍ നിന്ന് കടം കൊണ്ടതാണ്. ഇനി പുതിയ ഒരു സിവില്‍ നിയമം ഉണ്ടാക്കാന്‍ ശ്രമിച്ചാലും ഏതെങ്കിലും ഒരു വിഭാഗത്തിന്റെ  നിയമങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്ന ശൈലി മാത്രമായിരിക്കും.

മുസ്ലിം വ്യക്തി നിയമം വന്ന വഴി

നിയമ ക്രോഡീകരണത്തിന്റെ അവസാനഘട്ടം എന്ന നിലയില്‍ വിവാഹം, അനന്തരാവകാശം ഉള്‍പ്പെടെയുള്ള വ്യക്തി നിയമങ്ങള്‍ ഏകീകരിക്കാനും ക്രോഡീകരിക്കാനും ബ്രിട്ടീഷ് സര്‍ക്കാര്‍ ശ്രമം നടത്തുകയും അതിനായി ഒരു റോയല്‍ കമ്മീഷനെ നിയമിക്കുകയും ചെയ്തെങ്കിലും ഇക്കാര്യത്തില്‍ എടുക്കുന്ന നടപടികള്‍ മുസ്ലിംകളുടെയും ഹിന്ദുക്കളുടെയും മതകാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നതാകയാല്‍ അതില്‍നിന്ന് പിന്‍മാറി മുസ്ലിംകള്‍ അവരുടെ 'ശരീഅ' നിയമം അനുസരിച്ചും ഹിന്ദുക്കള്‍ അവരുടെ 'ധര്‍മശാസ്ത്ര' പ്രകാരവും എന്ന് നിര്‍ദേശിച്ച് റിപ്പോര്‍ട്ട് കൊടുക്കുകയാണുണ്ടായത്. ക്രോഡീകരിക്കപ്പെടാത്ത നിയമങ്ങളുടെ കാര്യത്തില്‍ നാട്ടുനടപ്പ് (custom) എന്താണോ അതനുസരിച്ച് വിധി നല്‍കുക എന്ന ഇംഗ്ലീഷ് പൊതുനിയമം (English common law) നടപ്പാക്കുകയായിരുന്നു ബ്രിട്ടീഷ് ഭരണത്തിലെ അവസാന കാലഘട്ടത്തിലെ കോടതികളുടെ നിലപാട്. ഈ സാഹചര്യത്തിലാണ് 1930കളില്‍ ഒരു കോടതി വിധി ഇന്ത്യയിലെ മുസ്ലിം പണ്ഡിതര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായത്.

ഹൈന്ദവ ആചാരങ്ങള്‍ ഭാഗികമായി പിന്തുടര്‍ന്ന് വന്നിരുന്ന ഇന്ത്യയിലെ ചില മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഹിന്ദുക്കളിലേതു പോലെ സ്ത്രീകള്‍ക്ക് പിതൃസ്വത്തില്‍ അവകാശം കൊടുത്തിരുന്നില്ല. അപ്രകാരം അനന്തരാവകാശം നിഷേധിക്കപ്പെട്ട ഒരു മുസ്ലിം സ്ത്രീ തന്റെ പിതാവിന്റെ സ്വത്ത് മുഴുവന്‍ സഹോദരന്‍ കൈവശപ്പെടുത്തിയെന്നും മുസ്ലിം നിയമപ്രകാരം തനിക്ക് ലഭിക്കേണ്ട അനന്തരാവകാശം സഹോദരന്‍ തട്ടിയെടുത്തത് സഹോദരനില്‍നിന്ന് വാങ്ങി തരണമെന്നും ആവശ്യപ്പെട്ട് ബ്രിട്ടീഷ് ഇന്ത്യന്‍ കോടതിയെ സമീപിച്ചപ്പോള്‍ കക്ഷികള്‍ക്കിടയില്‍ നിലവിലുള്ള ആചാര പ്രകാരം സ്ത്രീകള്‍ക്ക് പിതൃസ്വത്തില്‍ അനന്തരാവകാശമില്ലെന്നും വിധി നല്‍കാന്‍ നിവൃത്തിയില്ലെന്നും കോടതി വിധിച്ചു. ഖുര്‍ആന്‍ സ്ത്രീകള്‍ക്ക് നല്‍കിയ സ്വത്തവകാശം നിഷേധിച്ച ബ്രിട്ടീഷ് ഇന്ത്യന്‍ കോടതി വിധി ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും മുസ്ളീങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കി. മുസ്ലിം പണ്ഡിതന്മാര്‍ വ്യാപകമായി പ്രതിഷേധവുമായി രംഗത്ത് വരികയും അവരുടെയെല്ലാം ക്രിയാത്മകമായ നീക്കങ്ങളുടെ ഭാഗമായി 1937ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് മുസ്ലിം വ്യക്തി നിയമ (ശരീഅത്ത്) ആപ്ലിക്കേഷന്‍ നിയമം പാസാക്കുകയും ചെയ്തു. ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക് ശരീഅ നിയമം എത്രമാത്രം ബാധകമാണ് എന്ന് വ്യവസ്ഥ ചെയ്തിരിക്കുന്ന നിയമമാണ് ചുരുക്കത്തില്‍ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് എന്നറിയപ്പെടുന്ന Muslim Personal Law (Shariat) Application Act 1937. ആറ് വകുപ്പുകള്‍ മാത്രമുള്ള ഈ നിയമത്തിലെ പ്രധാന വകുപ്പെന്ന് പറയാവുന്ന രണ്ടാം വകുപ്പ് താഴെ പറയും പ്രകാരമാണ്:
വ്യത്യസ്തമായ എന്തെല്ലാം കീഴ്‌വഴക്കങ്ങള്‍ ഉണ്ടെന്നിരിക്കിലും (കൃഷിഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഒഴികെ) അനന്തരാവകാശം, വ്യക്തിഗത അനന്തര സ്വത്ത്, ഇഷ്ടദാനം, കരാറും മറ്റ് വ്യക്തി നിയമ വ്യവസ്ഥകളും ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ പ്രത്യേക സ്വത്തവകാശം, വിവാഹം-തലാഖ്, ഈലാഅ്, ളിഹാര്‍, ലിആന്‍, ഖുല്‍അ്, മുബാറഅത്ത് ഉള്‍പ്പെടെയുള്ള വിവാഹമോചനങ്ങള്‍, ജീവനാംശം, മഹ്ര്‍, രക്ഷാകര്‍തൃത്വം, ഇഷ്ടദാനം ട്രസ്റ്റും ട്രസ്റ്റ് സ്വത്തുക്കളും, ധര്‍മ സ്ഥാപനങ്ങളും മതപരമായ ധര്‍മദാനങ്ങളും ഒഴികെയുള്ള വഖ്‌ ഫ്‌ എന്നീ വിഷയങ്ങളിലെല്ലാം കക്ഷികള്‍ മുസ്‌ലിംകളാണെങ്കില്‍ തീര്‍പ്പ് കല്‍പിക്കേണ്ട നിയമം മുസ്‌ലിം വ്യക്തി നിയമം (ശരീഅത്ത്) ആയിരിക്കും.''

ഈ നിയമപ്രകാരം മേല്‍വിവരിച്ച വിഷയങ്ങളില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കിടയില ആചാരങ്ങള്‍ക്കപ്പുറം ശരീഅ നിയമം ഉറപ്പാക്കപ്പെട്ടു.

(കോഴിക്കോട് കാരന്തൂർ മർക്കസ് ലോ കോളജിൽ നിയമവിദ്യാർത്ഥിയാണു ലേഖകൻ)

The views and opinions expressed herein are those of the author and do not necessarily reflect the editorial stand point of Narada News.