തെറ്റ് തിരുത്താനൊരുങ്ങി ശിവസേന ; ഗോവയിലെ തെരഞ്ഞടുപ്പില്‍ ഇനി ബിജെപിയോടൊപ്പം ശിവസേനയും

''വോട്ടു ചെയ്തു വിജയിപ്പിച്ച ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ ബിജെപി പരാജയപ്പെട്ടു''

തെറ്റ് തിരുത്താനൊരുങ്ങി ശിവസേന ; ഗോവയിലെ തെരഞ്ഞടുപ്പില്‍ ഇനി ബിജെപിയോടൊപ്പം ശിവസേനയും

ഗോവയില്‍ ശിവസേനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താതിരുന്നത് അബദ്ധമായിപ്പോയെന്നു ശിവസേന തലവന്‍ ഉദ്ധവ് താക്കറേ. ഗോവന്‍ രാഷ്ട്രീയത്തിലെ ശിവസേനയുടെ പുതിയ കാല്‍വെയ്പ്പുകളെക്കുറിച്ച്  ഇന്ത്യന്‍ എക്സ്പ്രസ്സിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എന്തുകൊണ്ട് ഇതുവരെ ഗോവയില്‍ ശിവസേന സജീവമായില്ല എന്ന ചോദ്യത്തിന് അവിടുത്തെ പ്രമുഖ രാഷ്ട്രീയകക്ഷികളായ ബിജെപിയും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും ആശയപരമായി തങ്ങളോടു സമാനരാണെന്നും അതുകൊണ്ടു തന്നെ അവരുടെ വോട്ടുകള്‍ ഭിന്നിപ്പിക്കാതിരിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ ഗോവന്‍ രാഷ്ട്രീയത്തില്‍ സജീവമാകാതിരുന്നതെന്നും ഉദ്ധവ് താക്കറെ പറയുകയുണ്ടായി. എന്നാല്‍, ഈ തീരുമാനത്തില്‍ തങ്ങള്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. തങ്ങളുടെയും ബിജെപിയുടെയും ആശയങ്ങള്‍ ഇപ്പോള്‍ തീര്‍ത്തും വ്യത്യസ്തമായതിനാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെയാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.


വോട്ടു ചെയ്തു വിജയിപ്പിച്ച ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ ബിജെപി പരാജയപ്പെട്ടുവെന്നും ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടു. ബിജെപിക്ക് ഗോവയില്‍ ലഭിച്ച സ്വീകാര്യത ശിവസേനയ്ക്ക് ലഭിക്കുമോ എന്ന ആശങ്ക തങ്ങള്‍ക്കില്ലെന്നും ബിജെപിക്ക് മുന്‍പ് തന്നെ ഗോവയില്‍ തങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചതാണെന്ന് അദ്ദേഹംവ്യക്തമാക്കി. ഗോവയൊട്ടാകെ തങ്ങള്‍ക്കു ശാഖകള്‍ ഉണ്ടെന്നും ഈ ശാഖകളിലൂടെ ശിവസേനയെ ഗോവയില്‍ വേരുറപ്പിക്കാന്‍ സാധിക്കുമെന്ന് തങ്ങള്‍ക്കു വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More >>