വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകുന്ന സംഘം കണ്ണൂരിൽ പിടിയിൽ; അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും

ഇവരിൽ നിന്നും എംബിഎ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ കരസ്ഥമാക്കിയ പലരും ജോലിയും ഉദ്യോഗക്കയറ്റവും നേടിയതായ സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകുന്ന സംഘം കണ്ണൂരിൽ പിടിയിൽ;  അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും

കണ്ണൂർ: പതിമൂന്നോളം യൂണിവേഴ്സിറ്റിയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകുന്ന സംഘത്തെ പോലീസ് പിടികൂടി. തലശേരി ലോഗൻസ് കോളേജിൽ 'അമൃത കോളേജ്' എന്ന സ്ഥാപനം നടത്തി വരുന്ന തലശ്ശേരി സ്വദേശി അജയൻ, തിരുവനന്തപുരം സ്വദേശി ടിന്റു ബി ഷാജി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. നേരത്തെ ഈ സ്ഥാപനത്തെ കുറിച്ച് സംശയങ്ങൾ ഉയർന്നിരുന്നുവെങ്കിലും പരാതികൾ ഇല്ലാത്തതിനാൽ പോലീസ് നടപടി എടുത്തിരുന്നില്ല
ഇവരുടെ ഓഫീസിലും വീട്ടിലും നടത്തിയ പരിശോധനയിൽ നിരവധി രേഖകളും സീലുകളും ഹോളോഗ്രാം മുദ്രകളും കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ നിന്നും എംബിഎ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ കരസ്ഥമാക്കിയ പലരും ജോലിയും ഉദ്യോഗക്കയറ്റവും നേടിയതായ സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് വ്യാജ സ്ഥാപനമാണെന്ന് അറിയാതെ എത്തിയവരിൽ നിന്നും പരീക്ഷ പോലും നടത്തിയാണത്രെ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുള്ളത്. ഇവർ നൽകിയ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ബാങ്കിൽ ജോലി ലഭിച്ച ഒരു വ്യക്തി അജയന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് എഴുതിയ കത്തും പൊലീസിന് ലഭിച്ചു.

ഒറിജിനലിനെ വെല്ലുന്ന വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിക്കുന്നതിൽ പ്രഗത്ഭനാണ് അജയൻ. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുക വഴി അജയനും ടിന്റുവും കോടികള്‍ സമ്പാദിച്ചിട്ടുണ്ട്.  ഇരുവരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നീക്കമുണ്ട്. വ്യക്തികൾക്ക് മാത്രമല്ല, അംഗീകാരം ഇല്ലാതെ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങൾക്കും ഇവർ വ്യാജ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി നൽകിയതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ് തീരുമാനിച്ചു.
തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശിയായ ടിന്റുെ എം ബി എ ബിരുദം നേടാനാണ് തലശ്ശേരിയിലെ അജയന്റെ സ്ഥാപനത്തില്‍ എത്തിയത്. ബിരുദം നേടിയ ടിന്റു അജയന്റെ സ്ഥാപനത്തിലെ പാര്‍ട്ണറുമായി മാറുകയായിരുന്നുവത്രെ. ടിന്റുവിന്റെ സഹോദരിയെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള അജയനെയും ടിന്റു ബി ഷാജിയെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാണ് തുടര്‍ നടപടികള്‍ ആരംഭിക്കുക. ഇരുവരെയും വിട്ടുകിട്ടാനായി തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹരജി നല്‍കുമെന്ന് അന്വേഷണസംഘം അറിയിച്ചു.

Read More >>